Monday, November 10, 2008

ഒണ്ടന്മാരുടെ കഥ

അന്ന് ഞാന്‍ മദ്രസയില്‍ പോയില്ല, വേറൊന്നും കൊണ്ടല്ല, സഹോദരസ്നേഹം തന്നെ. “ഇന്നേം മടീനേം എരട്ട പെറ്റതാ” (യൂ ആന്‍ഡ് ലേസിനെസ് ആര്‍ ട്വിന്‍സ്) എന്നാണ് അന്നും ഇന്നും എന്നെ പറ്റി ഉമ്മ പറയാറ്.

രാവിലെ വിശാലമായി ടയര്‍പത്തിലും മുരിങ്ങയിലക്കറിയും കഴിച്ചങ്ങനെ ഇരുന്നു. പിന്നെയും കുറച്ച് നേരം കഴിഞ്ഞ് വീടിന്റെ പുറകുവശത്തിരുന്ന്, അക്കരെ കെട്ടിയിരിക്കുന്ന മാമീച്ചായുടെ പശു സൈബുവേട്ടന്റെ പറമ്പിലെ വാഴയില കടിച്ചു പറിക്കുന്നതും നോക്കിക്കൊണ്ട് ഉമ്മാമയുടെ കൂടെ “മരണബിസ്കറ്റും” “മയ്യത്ത് കെയ്ക്കും“ കഴിക്കുമ്പോഴാണ് പെങ്ങള്‍ മദ്രസയില്‍ നിന്ന് തിരിച്ചുവന്നത് (മരണ ബിസ്കറ്റ് = ആരോറൂട്ട് ബിസ്കറ്റ്, എല്ലാ മരിച്ച വീടുകളിലും ചായയുടെ കൂടെ തരുന്ന ബിസ്കറ്റ്. മയ്യത്ത് കെയ്ക്ക് = നീണ്ട ക്യൂബ് കെയ്ക്ക്, ബട്ടര്‍ പേപ്പര്‍ കൊണ്ട് മയ്യത്തിനെ പൊതിയുന്നതുപോലെ ചുറ്റിയിരിക്കും). ബാഗും പുസ്തകവും മറ്റും പിന്നാമ്പുറത്ത് വച്ച് ചായകുടിക്കാന്‍ ഞങ്ങളുടെ കൂടെ കൂടുമ്പോള്‍ അവള്‍ ഉമ്മാമയെ കാര്യം അറിയിച്ചു: “ഉമ്മാമാ, കോവുപ്പുറത്ത് ഒണ്ടന്മാര്‍ ബന്ന്ക്ക്ണ്ട്”

“ലാ ഹൌലവലാ... ഇനി പഹേന്മാറക്കൊണ്ട് ആകെ ഫിത്തിന ആവ്വേല്ലോ...” ഉമ്മാമ തലയില്‍ കൈവച്ചുപോയി.

പുഴക്കരയില്‍ പശുക്കളെ മേയാന്‍ വിടുന്ന കുറച്ച് പുല്‍മേടുണ്ട്, അതാണീ കോവുപ്പുറം എന്നറിയപ്പെടുന്നത്. അവിടെ നാടോടികളായ തമിഴന്മാര്‍ വന്ന് താമസമാക്കിയിരിക്കുന്നു. അടുപ്പിച്ചടുപ്പിച്ച്, പഴയ സാരികൊണ്ടും തുണികള്‍ കൊണ്ടും അവര്‍ കുറേ തമ്പുകള്‍ പണിതിരിക്കുന്നു. അവിടെയുള്ള ഒരു മരത്തിന്റെ കൊമ്പുകളില്‍ തൊട്ടിലുകല്‍ കെട്ടി കുട്ടികളെ അതിലിട്ട് ഉറക്കുന്നു. പുഴയില്‍ മീന്‍ പിടിച്ച് വിറ്റും, പുഴയോരത്ത് നിന്ന് ആമയെ പിടിച്ച് പൊരിച്ചടിച്ചും, കുട്ട നെയ്തും, ആക്രി പെറുക്കിയും മറ്റുമാണ് അവരുടെ ജീവിതം. ആ സംഘത്തില്‍ പത്തുമുപ്പത് പേരുണ്ട്, പല വയസുകാര്‍. യുവാക്കള്‍, യുവതികള്‍, മലര്‍ന്ന് കിടക്കുന്നവര്‍, കമിഴ്ന്ന് കിടക്കുന്നവര്‍, മുട്ടിലിഴയുന്നവര്‍, മൂക്കൊലിപ്പിച്ച് നടക്കുന്നവര്‍, മൂക്കില്‍ പഞ്ഞി വെക്കാറാ‍യവര്‍ എന്നുവേണ്ട എല്ലാവരും.

ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ ഒണ്ടന്മാര്‍ വലിയ പ്രശ്നക്കാരാണ്. ആബാലവൃദ്ധം ജനങ്ങള്‍ക്കും ന്യൂയിസെന്‍സ്...

ഉമ്മാമയെ സംബന്ധിച്ചിടത്തോളം ഒണ്ടന്മാര്‍ ചെയ്യും എന്ന് പറയപ്പെടുന്ന മോഷണങ്ങളാണ് വലിയ തലവേദന. പഴയ സാധനങ്ങള്‍ പെറുക്കാന്‍ എന്ന വ്യാജേന വന്ന് മുറ്റത്തു വച്ചിരിക്കുന്ന കിണ്ടി, പുറകുവശത്തുള്ള പാത്രങ്ങള്‍, ഇറയത്ത് ചാക്കില്‍ കെട്ടി വച്ചിരിക്കുന്ന അടക്ക, കുരുമുളക് തുടങ്ങിയ മലഞ്ചരക്ക് സാധനങ്ങള്‍ എന്നുവേണ്ട അഴിച്ചുവച്ചിരിക്കുന്ന ചെരുപ്പുവരെ അവര്‍ അടിച്ചുമാറ്റും എന്നാണ് ആരോപണം.

രാവിലെ പ്രാതല്‍ കഴിക്കുമ്പോള്‍, ഉച്ചക്ക് ഊണിന്റെ സമയത്ത്, ഇതിന്റെ രണ്ടിന്റെയും ഇടയ്ക്കുള്ള “ഇടച്ചായ” സമയത്ത്, വൈകുന്നേരത്തെ കട്ടന്‍ചായ സമയത്ത് എന്നുവേണ്ട, പറ്റുമെങ്കില്‍ രാത്രിഭക്ഷണത്തിന്റെ സമയത്തുപോലും മൂക്കൊലിപ്പിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും കുട്ടിയെയും അരയില്‍ അറ്റാച്ച് ചെയ്ത് അടുക്കളമുറ്റത്ത് വരുന്ന ഒണ്ടത്തിമാരാണ് ഉമ്മയുടെ പ്രശ്നം. ചിലപ്പോള്‍ വീട്ടുകാര്‍ക്ക് കൊടുക്കാന്‍ വെച്ച ഭക്ഷണം വരെ ഇവര്‍ക്ക് കൊടുക്കേണ്ടി വന്നേക്കും. ഉമ്മയുടെ അടുക്കളബജറ്റ് വരെ താളം തെറ്റും.

ഉപ്പയ്ക്കാണെങ്കില്‍ പുഴയോട് തൊട്ടുകിടക്കുന്ന പറമ്പിന്റെ അറ്റം പുഴയെടുക്കും എന്ന ടെന്‍ഷന്‍. പറമ്പിന്റെ അറ്റത്തേക്ക് ഓടി വന്ന്, വായുവില്‍ തലകുത്തിമറിഞ്ഞ്, പുഴയിലേക്ക് വലിയ ശബ്ദത്തോടെ ചാടുന്ന ഒണ്ടന്‍ കുട്ടികള്‍ പറമ്പ് പുഴയെടുക്കാന്‍ മുഖ്യകാരണമാവുന്നുണ്ട് എന്നാണ് ഉപ്പ കരുതുന്നത്. ഡസന്‍ കണക്കിന് കരുമാടിക്കുട്ടന്മാര്‍ ചാടിമറിയുമ്പോള്‍ ആര്‍ക്കും ആ സംശയം വന്നുപോകും.

ഇവര്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഉപ്പയുടെ മറ്റൊരു കണ്‍സേണ്‍... കപ്പക്കൂട്ടങ്ങളുടെ “മെരട്” (മൂട്) അവര്‍ കക്കൂസാക്കി മാറ്റും. ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്ന ഉപ്പയ്ക്ക് ഇത് വല്ലാതെ ഫീല്‍ ചെയ്യും. കപ്പ പറിക്കാന്‍ വരുമ്പോള്‍ അതില്‍ ചവുട്ടിപ്പോവുന്ന പണിക്കാര്‍ക്കുപോലും അത്രക്ക് ഫീല്‍ ചെയ്യില്ല.

എനിക്കാണെങ്കില്‍ ഒണ്ടന്മാര്‍ കാരണം കുറേയേറെ പ്രശ്നങ്ങളുണ്ട്. തനിമയുള്ള “കുറ്റ്യാടിലോക്കല്‍” ഇനമായ എന്റെ അധികാര പരിധിയില്‍ വരുന്ന മാവുകളില്‍ വരത്തന്മാരായ ഒണ്ടന്‍ കുട്ടികള്‍ കല്ലെടുത്തെറിയുന്നു. ഇതെനിക്ക് ക്ഷമിക്കാന്‍ പറ്റ്വോ? മാത്രമല്ല, പേഴ്സണല്‍ ഹൈജീനില്‍ “ജയനായ“ എന്റെ സ്നാനത്തിന് ഇവര്‍ തടസം സൃഷ്ടിക്കുന്നു.

“പോത്തുപോലെ പൊയക്കല്‍ പോയി കെടന്നിറ്റ് വെര്ന്നത പഹയന്‍” എന്നാണ് പൊതുവെ എന്റെ കുളിയെ പറ്റിയുള്ള അഭിപ്രായമെങ്കിലും ഞാനത് സമ്മതിക്കില്ല; ആവശ്യത്തിന് സമയമെടുത്ത്, സോപ്പൊന്നും തേക്കാതെ തന്നെ വെറും പുഴവെള്ളത്തില്‍ എന്റെ ദേഹത്തെ ചേറ് കഴുകിക്കളയാനാണ് ഞാന്‍ പുഴയില്‍ കിടക്കുന്നത്. പക്ഷെ ആ സമയം നോക്കി ഒണ്ടന്‍ കുട്ടികള്‍ ഞാന്‍ കുളിക്കുന്ന കടവിന്റെ തൊട്ടുമുകളിലായി കുളിച്ചാല്‍ ഞാനെന്ത് ചെയ്യും? മാമീച്ചായുടെ പശുവിനെ കുളിപ്പിച്ച വെള്ളത്തില്‍ വേണമെങ്കില്‍ ഞാന്‍ കുളിക്കും, പക്ഷെ ഇവന്മാര് കുളിച്ച വെള്ളത്തില്‍... ങേ ഹേ...

എന്തായാലും വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നാണല്ലോ? എത്രയെത്ര ട്രെയിനുകള്‍ ലേറ്റാവുന്നു, ഏതെങ്കിലും വരാതിരുന്നിട്ടുണ്ടോ? അതാണ്. അതുകൊണ്ട് ബുദ്ധിമുട്ടുകള്‍ സഹിച്ചും ജീവിക്കുക തന്നെ.

ഒണ്ടന്മാരുമായി ഒരു എന്‍‌കൌണ്ടറിന് എനിക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല, എന്നിട്ടും...

ഒരിക്കല്‍ ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് സ്കൂളിലേക്ക് തിരിച്ച് പോവാന്‍ അല്‍പ്പം വൈകി. വൈകല്‍ എനിക്കൊരു പ്രശ്നമായിരുന്നില്ലെങ്കിലും പെങ്ങള്‍ക്ക് അത് ആയിരുന്നു. അതുകൊണ്ട് ഞങ്ങള്‍ ഷോര്‍ട്ട്കട്ടായ പുഴയിറമ്പിലൂടെയുള്ള വഴി സ്വീകരിച്ചു. അംഗീകൃത വഴിയല്ലാത്തതിനാല്‍ പോകുന്ന വഴിയില്‍ ചിലപ്പോല്‍ വഴുതി പുഴയിലേക്ക് വീഴാം, എന്നാലും സ്കൂളിലേക്ക് ഒരു 5 മിനിറ്റെങ്കിലും നേരത്തെ എത്താന്‍ കഴിയും. പക്ഷെ ഒരു പ്രശ്നം, ആ വഴിയുടെ അവസാനം നേരത്തെ പറഞ്ഞ കോവുപ്പുറത്താണ്. ഒണ്ടന്മാര്‍ തമ്പടിച്ചിരിക്കുന്ന അതേ കോവുപ്പുറത്ത്. പക്ഷെ ലേറ്റാവാതെ സ്കൂളിലെത്താന്‍ വേറെ വഴിയൊന്നുമില്ലാത്തതുകൊണ്ട് ആ വഴിതന്നെ ഞങ്ങള്‍ സ്വീകരിച്ചു.

മട്ടി മരത്തിനെ വടി കയ്യിലേന്തി, അതുകൊണ്ട് വഴിയരികിലെ സകല കമ്മ്യൂണിസ്റ്റ് പച്ചകളുടെയും തലയരിഞ്ഞ് ബാലരമയിലെ സേനാനായകനായി സ്വയം അവരോധിച്ച് ഞാന്‍ നടന്നു. എന്റെയും അവളുടെയും സ്ലേറ്റും പുസ്തകങ്ങളുമേന്തി സഹോദരി എന്റെ മുന്നിലും. വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ ഞങ്ങള്‍ കോവുപ്പുറത്തെത്തി. ഉച്ചയായതിനാല്‍ അധികം ഒണ്ടന്മാരൊന്നും അവിടെയില്ല. ഒന്ന് രണ്ട് ഒണ്ടത്തിമാര്‍ എന്തോ ഭക്ഷണമുണ്ടാക്കുന്നുണ്ട്. കുറെ വയസന്മാരും വയസത്തിമാരും തമ്പിനകത്ത് കിടന്നുറങ്ങുന്നു. അല്‍പ്പം ദൂരെ കെട്ടിയിരിക്കുന്ന രണ്ടു മൂന്ന് തൊട്ടിലുകളില്‍ കുട്ടികള്‍ ഉറങ്ങുന്നുണ്ട്, മൊത്തത്തില്‍ ശാന്തത.

കോവുപ്പുറം ഏതാണ്ട് കടന്നുകിട്ടി എന്ന ആശ്വാസത്തില്‍, മുന്‍പില്‍ പെങ്ങളും പുറകില്‍ ഞാനും നടന്നുപോയപ്പോള്‍ അപ്രതീക്ഷിതമായി അത് സംഭവിച്ചു. തൊട്ടില്‍ കെട്ടിയിരിക്കുന്ന മരത്തിന്റെ താഴെ കിടന്നുറങ്ങിയിരുന്ന ഒണ്ടന്മാരുടെ നായ നല്ല സ്റ്റൈലന്‍ തമിഴ്കുരകളോടെ ഞങ്ങളുടെ നേരെ ചാടിവീണു. മരത്തിന്റെ പുറകിലായിരുന്നതിനാല്‍ ആ ജന്തു പെങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. പേടിച്ചരണ്ടുപോയ അവള്‍ വരമ്പില്‍ നിന്ന് വഴുതിവീണു. പുസ്തകവും സ്ലേറ്റും എല്ലാം നാലുപാടും ചിതറി. അല്‍പ്പം പുറകിലായിരുന്നതിനാല്‍ എനിക്ക് ഓടിമാറാന്‍ പറ്റി. കുരകേട്ട് ഒണ്ടത്തിമാര്‍ ഓടിയെത്തിയത്കൊണ്ട് നായ അവളെ അറ്റാക് ചെയ്തില്ല എന്ന് മാത്രം.

പുസ്തകം മുഴുവന്‍ ചെളിയില്‍ പുതഞ്ഞിരിക്കുന്നു. എന്റെ സ്ലേറ്റ് കഷണങ്ങളായി ചിതറിപ്പോയി. അവളുടെ യൂനിഫോമില്‍ മുഴുവന്‍ ചെളി. മുട്ട് ഉരഞ്ഞ് പൊട്ടിയിരിക്കുന്നു.

ചെറിയവനായ ഞാന്‍ എന്തുപറഞ്ഞ് അവളെ ആശ്വസിപ്പിക്കും?

എനിക്ക് വല്ലാത്ത സങ്കടം വന്നു. ആശ്വാസവാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിക്കിടന്നു. ഞാനും അവളുടെ കൂടെ കുറേയേറെ കരഞ്ഞു.

തിരിച്ച് വീട്ടിലേക്ക് ചെന്നാല്‍ സെന്റിമെന്റ്സിന് പകരം തല്ല് കിട്ടിയെന്ന് വരാം, അതുകൊണ്ട് പുസ്തകമെല്ലാം പെറുക്കിയെടുത്ത് ഞങ്ങള്‍ സ്കൂളിലേക്ക് തന്നെ വിട്ടു.

എന്റെ “ആങ്ങള”മനസിനെ ആ സംഭവം വല്ലാതെ അലട്ടി. നാലുവയസിന് ഇളയതാണെങ്കിലും ഒരാപത്തില്‍ നിന്ന് സഹോദരിയെ രക്ഷിക്കാന്‍ കഴിയാത്ത ഞാന്‍ എങ്ങനെ ആ സഹോദര പദവിക്ക് അര്‍ഹനാകും? എന്റെ മനസില്‍ സങ്കടവും ദേഷ്യവുമെല്ലാം നുരഞ്ഞു. പാത്തുട്ടീച്ചറുടെ മലയാളം പിരീഡും, കണാരന്മാഷുടെ ഡ്രില്ലും അശോകന്‍ മാഷുടെ സാമൂഹ്യപാഠവുമെല്ലാം അന്നെനിക്ക് ഒരു പോലെ തന്നെ തോന്നി. എന്തുവിധത്തിലും ഇതിന് പ്രതികാരം ചെയ്യണമെന്ന് എന്റെ മനസ് പറഞ്ഞു. പക്ഷെ ഇത്തിരിപ്പോന്ന, വെറും മൂന്നാം ക്ലാസ് പയ്യനായ ഞാന്‍ എന്ത് ചെയ്യാന്‍?

കൂട്ടുകാരനായ ഗുണ്ടേഷുമായി ഞാന്‍ ഗൂഢാലോചന നടത്തി, എന്റെ സഹോദരിയെ പേടിപ്പിച്ച ആ നായ വധശിക്ഷയല്ലാതെ ഒന്നും അര്‍ഹിക്കുന്നില്ല എന്ന് ഞങ്ങള്‍ തീരുമാനിച്ചു. നായയെ വധിക്കാനുള്ള പദ്ധതികള്‍ ഞങ്ങള്‍ ആസൂത്രണം ചെയ്തു.

വിഷം കൊടുത്ത് കൊല്ലല്‍, കഴുത്തില്‍ കുടുക്കിട്ട് കൊല്ലല്‍, എറിഞ്ഞുകൊല്ലല്‍ തുടങ്ങി പല പദ്ധതികളും ഞങ്ങള്‍ ആലോചിച്ചുനോക്കി. എല്ലാത്തിനും അതിന്റെതായ റിസ്കുണ്ടെങ്കിലും വിഷം കൊടുത്ത് കൊല്ലുന്നത് മാത്രമാണ് ഒരു പോംവഴി.

സ്കൂള്‍ വിട്ട് വരുമ്പോള്‍ കുഞ്ഞേറ്റിക്കാന്റെ പീടികയില്‍ കയറി ഞാന്‍ വളരെ സ്റ്റ്രെയ്റ്റ് ഫോര്‍വേഡായി കാര്യം ചോദിച്ചു” “ഇബ്ഡ നായിനെ കൊല്ല്ന്ന വെഷണ്ടോ?”

“എലീനെ കൊല്ല്ന്നെത്ണ്ട്, നായിനെ കൊല്ല്ന്നെ വെഷം.... അഞ്ചാതി ഒരു സാധനം ഇതുവരെ എറങ്ങീക്കില്ല മോനേ, എനി ഏടേങ്കിലും കിട്ടുന്നാങ്കില് ഞാന്‍ ഇന്റെ ഉപ്പാന്റെട്ത്ത് കൊടുത്ത് വിടാ..”

“മാണ്ട, ഇങ്ങള് ഇത് ഉപ്പാനോട് പറയേ മാണ്ട” ഇങ്ങനെ ഒരു സംഭവത്തിന്റെ ആവശ്യകതയെ പറ്റി ഉപ്പ അറിഞ്ഞാല്‍ പിന്നെ പ്രശ്നമാവും. ഞാന്‍ ഐഡിയ മാറ്റാന്‍ തീരുമാനിച്ചു.

ഗുണ്ടേഷും ഞാനും വീണ്ടും ഗൂഢാലോചന തുടങ്ങി. വിഷത്തിനു പകരം ഒരു ചോറുളയുടെ ഉള്ളില്‍ കുപ്പിക്കഷണം ഒളിപ്പിച്ച് വച്ച് അത് നായയെകൊണ്ട് കഴിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

ഒരു ഞായറാഴ്ച്ച. അന്ന് ഉച്ചയൂണിന് ഏതോ വിരുന്നുകാരനുണ്ടായിരുന്നു. ഇറച്ചിക്കറിയും മറ്റും കൂട്ടി ചോറുണ്ട ശേഷം വീടിനു പുറകുവശത്തെ കുപ്പയില്‍ നിന്ന് കിട്ടിയ ഒരു പൊട്ടിയ ഗ്ലാസിന്റെ കഷണത്തിനു ചുറ്റും അല്പം ചോറും ഇറച്ചിയും ഞാന്‍ പിടിപ്പിച്ചു. ഒറ്റയ്ക്ക് ഞാന്‍ കോവുപ്പുറത്തേക്കിറങ്ങി.

രണ്ടു ദിവസം മുന്‍പത്തെ സെയിം സിറ്റ്വേഷന്‍. ഉള്ളധൈര്യം എല്ലാം സംഭരിച്ച് ഞാന്‍ മരത്തിന്റെ ചുവട്ടിലേക്ക് നടന്നു. മരത്തിന്റെ താഴെ നായ കിടക്കുന്നു. അല്‍പ്പം മാറിനിന്ന് ഞാന്‍ ആ ചോറുരുള നായയുടെ മുന്നിലേക്കിട്ടുകൊടുത്തു.

അതില്‍ ചെറിയൊരു പിശക്. എറിഞ്ഞുകൊടുക്കുന്നതിനിടയില്‍ ഉരുള പൊട്ടിപ്പോയി. കുപ്പിക്കഷണം ആദ്യം താഴെ വീണു. ഇറച്ചിക്കഷണം അല്‍പ്പം കൂടെ ദൂരെ, അതിലും ദൂരെയായി കുറേ ചോറ്മണികള്‍.

നായയുടെ മുഖത്ത് പുച്ഛം! അത് രൌദ്രഭാവമായി മാറുന്നതിനിടെ ഞാന്‍ സ്ഥലം കാലിയാക്കി. ഓടുന്നതിനിടയില്‍ ഞാന്‍ കണ്ടു, അരയില്‍ ഒരു ചെളിപിടിച്ച ചരട് കെട്ടിയ, മൂക്കള ഒലിപ്പിച്ചുകൊണ്ട് മുട്ടിലിഴഞ്ഞു നടക്കുന്ന ഒരു ഒണ്ടന്‍‌കുഞ്ഞ് ആ വീണുപോയ ഇറച്ചി എടുത്ത് കഴിക്കുന്നു...

കോവുപ്പുറത്ത് നിന്ന് പുഴയിലേക്ക് ഓടിയിറങ്ങി തിരിഞ്ഞുനോക്കുമ്പോള്‍ നായ പുറകിലില്ല. രക്ഷപ്പെട്ട ആശ്വാസത്തില്‍ പുഴയരികിലിരിക്കുമ്പോള്‍ മനസില്‍ പുതിയൊരു ഫീലിംഗ് ഉരുണ്ടുകൂടാന്‍ തുടങ്ങി.

വീട്ടില്‍ സഹോദരിയുമായുണ്ടാവാറുള്ള റുട്ടീന്‍ ഫൈറ്റുകളില്‍ അവള്‍ തോല്‍ക്കുമ്പോള്‍ പറയാറുണ്ട്, ഞാന്‍ എന്റെ ഉപ്പയുടെയും ഉമ്മയുടെയും കുട്ടിയല്ലെന്ന്, ഏതോ ഒരു മഴക്കാലത്ത് പുഴയിലൂടെ ഒലിച്ചു വന്ന ഒരു ഒണ്ടന്‍ കുട്ടിയായിരുന്നു ഞാനെന്ന്. ഏതങ്കം ജയിച്ചുനില്‍ക്കുന്നതാണെങ്കിലും എന്റെ സന്തോഷങ്ങളെ മുഴുവന്‍ തകര്‍ത്തുകളയുന്ന വാക്കുകളായിരുന്നു അവ, ഞാന്‍ അത് കഠിനമായി അവിശ്വസിക്കുമെങ്കിലും.

ഇന്ന് ഞാന്‍ നായയെ കൊല്ലാനിട്ടുകൊടുത്ത ആ ചോറുരുളയില്‍ ഒട്ടിനിന്നിരുന്ന ഇറച്ചിക്കഷണം മുട്ടിലിഴഞ്ഞെടുത്തു കഴിച്ചത് അതുപോലൊരു കുട്ടിയല്ലായിരുന്നോ? കോവുപ്പുറത്ത് കഴിയേണ്ടി വന്നതുകൊണ്ടല്ലേ അവന്‍ ആ ഇറച്ചിക്കഷണം എടുത്ത് കഴിച്ചത്? എന്റെ വീട്ടിലേതു പോലെ അല്‍പ്പം കൂടി സൌകര്യങ്ങളുണ്ടായിരുന്ന ഒരു വീട്ടിലായിരുന്നു അവനെങ്കില്‍ നിലത്തുവീണ ഇറച്ചിക്കഷണം എടുത്തുകഴിക്കാന്‍ അവന്റെ അമ്മയും അച്ഛനും അവനെ അനുവദിക്കുമായിരുന്നോ? നല്ല വീടും നല്ല ഭക്ഷണവുമില്ലാതെ അവന്‍ വളരേണ്ടി വന്നത് ആര് കാരണമാണ്? വേലിയേറ്റത്തിന് പുഴ മുഴുവന്‍ നിറഞ്ഞുകിടക്കുന്ന ആ ഇളം ചൂടുള്ള വെള്ളത്തില്‍ കിടന്ന് നട്ടുച്ചക്ക് എന്റെ തല ഞാന്‍ ആവുന്നത്ര ചൂടാക്കി.

സാധാരണ വൈകുന്നേരങ്ങളില്‍ ഉമ്മ വിളിക്കുന്നത് വരെ വെള്ളത്തില്‍ മുങ്ങിക്കിടക്കാറുള്ളതു പോലുള്ള മാനസികാവസ്ഥയായിരുന്നില്ല എനിക്കന്ന്. തലതോര്‍ത്താന്‍ നില്‍ക്കാതെ ഞാന്‍ വീട്ടിലേക്ക് നടന്നു. ആ വരവ് കണ്ട് ഉമ്മ എന്നെ ശാസിച്ചു.

“തലേല് വെള്ളം കുടിപ്പിക്കണ്ട” എന്നും പറഞ്ഞ് ഉമ്മ വിഗറസ്സായി എന്റെ തല തോര്‍ത്തിത്തന്നു. “ഉമ്മ തോര്‍ത്തിങ്ങ് താ, ഞാന്‍ തന്നെ തോര്‍ത്താം” എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാറുള്ള ഞാന്‍ അന്നാദ്യമായി തലതോര്‍ത്തലിന്റെ സ്നേഹനൊമ്പരം ആസ്വദിച്ചു. തോര്‍ത്തിന്റെ അറ്റം വിരലില്‍ ചേര്‍ത്ത് പിടിച്ച് ചെവിയുടെ അകം ഉമ്മ വൃത്തിയാക്കിത്തന്നപ്പോള്‍ അന്ന് ഞാന്‍ കുതറിമാറിയില്ല.

മഗ്‌രിബ് നമസ്കാരത്തിന് ബാങ്ക് കൊടുക്കുന്നതിന് മുന്‍പ് തന്നെ അന്ന് ഞാന്‍ തയ്യാറായിനിന്നു. നമസ്കാരം കഴിഞ്ഞ് പ്രാര്‍ത്ഥിക്കുമ്പോള്‍ “പടച്ചോനേ, കണാരന്മാഷിന്റെ അടി എന്നെ കൊള്ളിക്കല്ലേ... പൊരപ്പണി വേഗം തീര്‍ക്കാന്‍ ഉപ്പാക്ക് കൊറേ പൈശ കൊട്ക്കണേ” എന്ന് മാത്രം പ്രാര്‍ത്ഥിക്കാറുള്ള ഞാന്‍ അന്ന് ഒണ്ടന്മാര്‍ക്കും ഒരു വീട് കൊടുക്കേണ്ട കാര്യം പരമകാരുണികനോട് പറഞ്ഞു. നിസ്കാരപ്പായയില്‍ ആദ്യമായെന്റെ കണ്ണീര് വീണു.

അന്ന് രാത്രി അങ്ങാടിയില്‍ നിന്ന് കൊണ്ടുവന്ന കടലവറുത്തത് ഞങ്ങള്‍ക്ക് തരുന്നതിനിടയില്‍ ഉപ്പ ഉമ്മയോട് പറഞ്ഞു: “കോവുപ്പുറത്തുനിന്ന് ഒണ്ടന്മാരെ മുഴുവന്‍ പോലീസ് ഒഴിപ്പിച്ചു“ അവരിലെ ആരോ ഒരാള്‍ മോഷണക്കേസില്‍ പിടിക്കപ്പെട്ടുപോലും. നാട്ടുകാരുടെ പരാതി പ്രകാരം വൈകുന്നേരം തന്നെ ഒണ്ടന്മാരെ മുഴുവന്‍ പോലീസുകാര്‍ ഒഴിപ്പിച്ചു.

-ഒണ്ടന്മാരുടെ കഥ ഇവിടെ തീര്‍ന്നു-



രാവിലെ ജോലിക്കുപോകാന്‍ ഒരുങ്ങുമ്പോള്‍ ഗള്‍ഫ്ന്യൂസില്‍ കണ്ട ചിത്രമാണിത്. യുദ്ധപ്രഭുക്കള്‍ അരങ്ങുവാഴുന്ന കോംഗോ റിപ്പബ്ലിക്കില്‍ ഇളയവനെ ചുമലിലേറ്റിക്കൊണ്ടുപോകുകയാണ് Protegee എന്ന പെണ്‍കുട്ടി, അവരുടെ അച്ഛനെയും അമ്മയെയും തിരഞ്ഞ്. ഇവന്റെ കരയുന്ന മുഖം ഇന്ന് എന്റെ ഹൃദയത്തില്‍ അലിവ് കൊണ്ടുവന്നു. മനസിനടിയില്‍ കിടക്കുന്ന അഹങ്കാരത്തെ അല്‍പ്പം ശമിപ്പിച്ചു. ഇവന്റെ മുഖവും പണ്ട് കണ്ട ആ നാടോടിക്കുട്ടിയുടെ മുഖവും തമ്മില്‍ എന്തെങ്കിലും സാദൃശ്യമുണ്ടായിരുന്നോ എന്നെനിക്കറിയില്ല. പക്ഷെ അന്ന് എന്റെ മനസില്‍ തോന്നിയ വികാരത്തിന്റെ ഒരു മുതിര്‍ന്ന രൂപം ഇത് കാണുമ്പോള്‍ എന്റെ മനസിലുണ്ട്.