Tuesday, September 15, 2009

കൂട്ട്

ജനുവരി ഇരുപത്തിആറിന്റെ പ്രത്യേകത എന്താണ്?

എന്റെ ഓ.പിയിലെ സെക്യൂരിറ്റി അന്ന് യൂനിഫോമൊക്കെ അലക്കിത്തേച്ചാണ് വന്നിരിക്കുന്നത്. ഹോസ്പിറ്റലിലെ അറ്റന്റര്‍മാരും അതെ. എല്ലാവര്‍ക്കും ആകെയൊരു ആഘോഷത്തിമിര്‍പ്പ്..

“ഇന്ന് റിപ്പബ്ലിക്ക് ഡേ അല്ലേ? പ്രസിഡന്റ് പതാക ഉയര്‍ത്താന്‍ വരുന്നുണ്ട്”

എന്റുമ്മോ... പ്രസിഡന്റ്, ഞാന്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ വന്ന് പതാക ഉയര്‍ത്തുകയോ? അപ്പൊപ്പിന്നെ ചെങ്കോട്ടയില്‍ ആരുയര്‍ത്തും??

“പ്രസിഡന്റ് എന്നുവച്ചാല്‍ മിസ്റ്റര്‍ ഷെട്ടി, പ്രെസിഡന്റ് ഓഫ് അവര്‍ കമ്പനി...“

“ഓ... അങ്ങനെ...”

കാഷ്വാലിറ്റിയുടെ മുറ്റത്ത് താല്‍ക്കാലികമായി ഒരു പന്തല്‍, മുന്‍പില്‍ ഒരു കുറ്റി. കുറ്റിയില്‍ ഒരു മൂന്ന് നാലടി ഉയരത്തില്‍ പൂക്കള്‍ നിറച്ച് ദേശീയ പതാക ചുരുട്ടിക്കെട്ടിയിരിക്കുന്നു.

പ്രസിഡന്റ്, മൂപ്പരുടെ മകളായ മെഡിക്കല്‍ ഡിറക്റ്റര്‍, മകളുടെ ഭര്‍ത്താവ് അസി.മെഡിക്കല്‍ ഡിറക്റ്റര്‍, പിന്നെ വേറെ കുറേ സില്‍ബന്ധികള്‍, ഇവരെല്ലാം പന്തലില്‍ ഹാജര്‍.

കുറച്ചകലെ നിന്ന് മാര്‍ച്ച് ചെയ്തുവന്ന സെക്യൂരിറ്റി സംഘം പ്രസിഡന്റിന് സല്യൂട്ട് സമര്‍പ്പിച്ചു. പ്രസിഡന്റ് പതാക ഉയര്‍ത്തി. പിന്നീടെല്ലാവരും കൂടെ പതാകക്ക് സല്യൂട്ട് സമര്‍പ്പിച്ചു. അതിനുശേഷം കയ്യില്‍ കൊണ്ടുവന്ന കടലാസില്‍ നോക്കി പ്രസിഡന്റ് സ്പീച്ചി:

“എല്ലാ വര്‍ഷവു, ഇപ്പത്താറു ജനുവരി, നാവു ഇന്‍ഡിപ്പെന്റന്‍സ് ഡേ ആകി സെലിബ്രേറ്റ് മാട്ത്താരേ, ഹാകെ, ഈവര്‍ഷവു, നാവു ഈ ദിന ഇന്‍ഡിപ്പെന്റന്‍സ് ഡേ സെലിബ്രേറ്റ് മാടുത്താരേ...”

എന്നുവച്ചാല്‍, എല്ലാവര്‍ഷവും ജനുവരി ഇരുപത്തിആറ് നമ്മള്‍ സ്വാതന്ത്ര്യദിനമായി ആഘോഷിക്കാറുണ്ട്. അതേ പോലെ ഈ വര്‍ഷവും നമ്മള്‍ ഈ ദിവസം സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നു, എന്ന്... എന്തൊരു വിവരം. “പ്രസിഡന്റേ, ആഗസ്ത് പതിനഞ്ചാണ് സ്വാതന്ത്ര്യദിനം, ഇത് റിപ്പബ്ലിക്ക് ഡേ,, എന്നുവച്ചാല്‍ “ഗണരാജ്യോത്സവ ദിവസ”...”
മനസില്‍ പറഞ്ഞതേ ഉള്ളൂ..

ആ റിപ്പബ്ലിക് ഡേ കഴിഞ്ഞ് പിന്നീട് ഒരു സംഭവബഹുലമായ റിപ്പബ്ലിക്ക് വന്നത് വീണ്ടും മൂന്ന് വര്‍ഷം കഴിഞ്ഞാണ്. കഴിഞ്ഞ ജനുവരി 26ന്.. അവധിക്ക് വീട്ടിലെത്തിയപ്പോള്‍.

ഞാന്‍ പെണ്ണുകാണാന്‍ പോയി!

അതുതന്നെ.

രാവിലെ തന്നെ കുളിച്ച് കുട്ടപ്പനായി സ്പ്രേയുമടിച്ച് ഒരു പത്ത് പതിനൊന്ന് മണിയായപ്പോള്‍ സുഹൃത്തിനെയും കൂട്ടി ഞാന്‍ ഉപ്പയുടെ സുഹൃത്തിന്റെ മകളെ പെണ്ണുകാണാന്‍ പോയി. ജീവിതത്തിലെ ആദ്യ പെണ്ണുകാണല്‍. വഴിയൊക്കെ ഉപ്പ ആദ്യമേ പറഞ്ഞു തന്നിരുന്നു.

കുറ്റ്യാടിയില്‍ നിന്ന് പോകുന്നവഴിക്ക് വലതുവശത്ത് ഏതാണ്ട് ആറേഴ് പള്ളികള്‍ കഴിഞ്ഞാല്‍ പിന്നീടുള്ള പള്ളിയുടെ വലതു വശത്തുകൂടെയുള്ള റോഡിലൂടെ... അങ്ങനെയങ്ങനെ...

അങ്ങനെ സ്ഥലമെത്താറായി. വഴിയരികിലെ സ്കൂളില്‍ കുട്ടികള്‍ റിപ്പബ്ലിക്ക് ദിന അസംബ്ലിക്ക് റെഡിയായിരിക്കുന്നുണ്ട്.

മൈക്കിലൂടെ മുരുകന്‍ കാട്ടാക്കടയുടെ കവിതയാണ് പാടിക്കൊണ്ടിരിക്കുന്നത്...

“എല്ലാവര്‍ക്കും തിമിരം.. നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം...” ഏത് മാഷാണാവോ ഇന്ന് ഈ കാസറ്റ് തന്നെ പാടിക്കാന്‍ ഇട്ടത്...

“രക്തം ചിതറിയ ചുവരുകള്‍ കാണാം...” കവിത പാടിക്കൊണ്ടിരിക്കുന്നു...

അതില്പിന്നെ വണ്ടി പറ്റാവുന്നത്ര സ്പീഡ് കുറച്ച് മാത്രം ഓടിച്ചു.

അറിയാവുന്ന വഴി അവിടെ തീര്‍ന്നു, അവളുടെ വീടെവിടെയാണെന്ന് അത്രക്ക് പിടിയുമില്ല. വഴിയില്‍ കണ്ട കുട്ടികളോട് അവളുടെ ഉപ്പയുടെ പേര്ചോദിച്ചന്വേഷിച്ചു.

“ഓറെ പൊരപ്പേര് എന്ത്ന്നാ?”

“ആരിക്കറിയാ...”

കുട്ടികള്‍ക്കും അറിയില്ല.

എന്തായാലും പിന്നെയും മുന്നോട്ട് പോയി. ഒരു വീട് കണ്ടപ്പോള്‍ കൂട്ടുകാരന്‍ ഇറങ്ങി അന്വേഷിക്കാമെന്ന് പറഞ്ഞു.

അന്വേഷിക്കേണ്ടി വന്നില്ല, വീട്ടിന്റെ ഉമ്മറത്തുനിന്ന് അവളുടെ ഉപ്പ വിളിച്ചു പറഞ്ഞു: “ഇത് തന്ന്യാ വീട്, വന്നോളീ...”

പോയി.

അവര്‍ സ്വീകരിച്ചിരുത്തി. ജ്യൂസ് കുടിച്ചു.

വരാന്തയിലെ ടീപ്പോയില്‍ “സ്ട്രാറ്റജിക് മാനേജ്മെന്റിന്റെ“ തടിച്ച പുസ്തകം.

പണ്ട് വീട്ടില്‍ വിരുന്നുകാര്‍ ആരെങ്കിലും വരുന്ന സമയം നോക്കി ഞാന്‍ പവര്‍ ഇലക്ട്രോണിക്സിന്റെയും ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട്സിന്റെയും ലൈബ്രറിയില്‍ നിന്നെടുത്ത ടെക്സ്റ്റുകള്‍ എടുത്തുവയ്ക്കാറുണ്ടായിരുന്നു. ടെക്സ്റ്റ് സെലക്റ്റ് ചെയ്യാനുള്ള മാനദണ്ഡം അവയുടെ തടി മാത്രം. വിരുന്നുകാര്‍ക്ക് ഒരു ഇമ്പ്രഷന്‍ ഇരിക്കട്ടേന്നു കരുതി. ഇതും അങ്ങനെയാണോ?

എടുത്തുവായിക്കാന്‍ നോക്കിയപ്പോള്‍ സുഹൃത്ത് പറഞ്ഞു. “എടങ്ങാറാവണ്ട, അവിടെത്തന്നെ വെച്ചേക്ക്..”

ആയിക്കോട്ടെ.
വെച്ചു.

കൂടെ വന്നവന് എന്നേക്കാള്‍ നാണം. ഒരക്ഷരം മിണ്ടുന്നില്ല. “ആരെങ്കിലും എന്തെങ്കിലും സംസാരിക്കൂ... എല്ലെങ്കില്‍ എന്റെ ഹൃദയമിടിപ്പ് അകത്തിരിക്കുന്ന പെണ്‍കുട്ടി കേള്‍ക്കും.“

“എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കില്‍... അകത്തേക്ക് ചെന്നോളൂ...”

അകത്ത് മുറിയില്‍ ചുരിദാറും തട്ടവുമിട്ട് അവള്‍ നില്‍ക്കുന്നു.

ഒരുവട്ടമേ നോക്കിയുള്ളൂ, നാണം കൊണ്ട് അവള്‍ ചുവരിനു നേരെ തല ചെരിച്ചു.

എന്താ പറയണ്ടേ?

ഒന്നും പറയാന്‍ തോന്നുന്നില്ല. അവളുടെ നാണം എനിക്കും പകര്‍ന്നിരിക്കുന്നു.

അവള്‍ ഒരിക്കല്‍ കൂടെ തലയുയര്‍ത്തി നോക്കി. പുഞ്ചിരിച്ചു. വീണ്ടും തലതിരിച്ചു...

രണ്ടുമൂന്ന് മിനിറ്റ് മൌനമായി കടന്നുപോയി.

ഒടുവില്‍ അവള്‍ തന്നെ മുഖമുയര്‍ത്തി.

“ഇങ്ങക്ക് ഇഷ്ടായോ?”

“ഉം... ഇനിക്കോ?”

നാണം കലര്‍ന്ന പുഞ്ചിരി, അതിലൊരിത്തിരി തിളക്കം...

“എന്നാപ്പിന്നെ... പൊയ്ക്കോളൂ...”

ഇങ്ങോട്ട് വരുമ്പോള്‍ ചോദ്യങ്ങളുടെ ലിസ്റ്റ് മൂന്ന് നാല് പേജ് കവിയുന്ന രീതിയിലായിരുന്നു. അതൊക്കെ എവിടെപ്പോയോ ആവോ...

ചായ കുടിച്ചു, സലാം പറഞ്ഞ് ഇറങ്ങി.

ഇറങ്ങുമ്പോള്‍ ഒന്നുകൂടെ തിരിഞ്ഞുനോക്കി. പക്ഷെ അവളെ കണ്ടില്ല...

പോട്ടെ, സാരമില്ല. ഇനിയും കാണാല്ലോ, എനിക്കിവള്‍ മതി, ഇതങ്ങ് ഉറപ്പിക്കാം.

ഞാന്‍ സമ്മതം മൂളി, ഉപ്പ സമ്മതം മൂളി, ഉമ്മ സമ്മതം മൂളി, ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഏതോ ഒരു കൊതുക് മൂളി, എന്റെ പുറത്തുനിന്ന് കുറേ ചോര കുടിച്ചു, ഞാന്‍ അതിനെ കൊന്നില്ല...

ആ പെണ്‍കുട്ടിയെ ഞാന്‍ ഈ സപ്തംബര്‍ 28ന് കല്യാണം കഴിക്കുകയാണ്, ഇന്‍ശാ അല്ലാ.

കുറ്റ്യാടി, അടുക്കത്തുള്ള എന്റെ വീട്ടില്‍‌വച്ച് തിങ്കളാഴ്ച്ച രാവിലെ ഒരു പതിനൊന്ന്-പതിനൊന്നര-പന്ത്രണ്ട് മണിയാവുമ്പൊ... ഏ... ബാക്കി ജബജബ....

ഇതുവരെ തെരുവത്ത് അമ്മോട്ടീന്റെയും കിളയില്‍ സുലേഖാന്റെയും മോനും, അസീലിന്റെയും ഇക്കാക്കേം, സുഹാനയുടെ അനിയനും ആയിരുന്ന ഞാന്‍ ഇനി താഹിറാന്റെ പുതിയാപ്ല കൂടി ആവാന്‍ പോവുന്നു.

"നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ തങ്ങളുടെ ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവരാണ്'' എന്നാണ് പ്രവാചകവചനം. ഞാന്‍ ഉത്തമനാകാന്‍ ട്രൈ ചെയ്യും.

നിങ്ങളുടെ പ്രാര്‍ത്ഥനകളും പ്രാതിനിധ്യവും എന്റെ വിവാഹവേളയില്‍ ഞാന്‍ പ്രതീക്ഷിക്കുന്നു.

സ്നേഹപൂര്‍വം...

സുഹൈര്‍