Thursday, May 8, 2008

“പൊറോട്ടയടിക്കാന്‍ ആളെ ആവശ്യമുണ്ട്...“

12 മണിക്ക് ചക്കപ്പുഴുക്കും ചായയും കഴിച്ച്, ഒന്നരയ്ക്ക് ചെമ്മീന്‍ കറിയും ചോറും കഴിച്ച്,
ഇനിയിപ്പോള്‍ എന്ത് കഴിക്കും എന്നോര്‍ത്തിരിക്കുമ്പോള്‍ ഉമ്മ പ്രഖ്യാപിച്ചു; ഇനി ഇന്ന് 5മണിക്കുള്ള ചായയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടെന്ന്. അത്രയും സമയം എന്തു ചെയ്യും? ഒരു യാത്രപോയാലോ?

കക്കയം ഡാം ഇതുവരെ സന്ദര്‍ശിച്ചിട്ടില്ല. കസിന്‍ ജസ്മലിനെ വിളിച്ചപ്പോള്‍ അവന്‍ റെഡി. അങ്ങനെ ഞങ്ങള്‍ കക്കയം ഡാമിലേക്ക് പുറപ്പെട്ടു.

കുറ്റ്യാടിയില്‍ നിന്ന് ഏതാണ്ട് 50 കിലോമീറ്റര്‍ ദൂരമുണ്ട് കക്കയത്തേക്ക്. ജാനകിക്കാട് കടന്ന് ഞങ്ങള്‍ പെരുവണ്ണാമൂഴിഡാം സൈറ്റിലെത്തി. ഇത് ഞങ്ങളുടെ സ്ഥിരം വിനോദസഞ്ചാര കേന്ദ്രമായതിനാലും, ഇതിലും നല്ലത് അങ്ങ് കക്കയത്ത് കാണാനിരിക്കുന്നുണ്ടെന്ന് ജസ്മല്‍ പറഞ്ഞതിനാലും അവിടെ നിര്‍ത്താതെ വണ്ടി മുന്നോട്ട് നീങ്ങി.

പോകുന്നവഴിക്ക് റെഗുലര്‍ വഴിയില്‍നിന്ന് അല്‍പ്പം ഡൈവേര്‍ട്ട് ചെയ്യാന്‍ ജസ്മല്‍ നിര്‍ദ്ദേശിച്ചു. കരിയാത്തുംപാറ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ കണ്ട ചില കാഴ്ച്ചകള്‍ നോക്കൂ...
ഈ സ്ഥലത്തിന് ഞാനടക്കമുള്ള ലോക്കല്‍ പിള്ളേര്‍സ് വിളിക്കുന്ന പേരെന്താന്നറിയോ? നാടന്‍ സ്വിറ്റ്സര്‍ലാന്റ്. ആ വിളി കുറച്ച് കൂടിപ്പോയി എന്നാര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ വേറെന്തെങ്കിലും വിളിച്ചോളൂ...


സ്വിറ്റ്സര്‍ലാന്റില്‍ മാന്‍പേടകള്‍ (സോറി, ജേഴ്സിപ്പശുക്കള്‍) മേയുന്നത് കണ്ടോ?


ഇതും “സ്വിറ്റ്സര്‍ലന്റിന്റെ“ ഭാഗം.

എവിടെ നിന്നാണ് ഇത്രയും “വെള്ളങ്ങള്‍” എന്നാണോ?

ഇത് നേരത്തെ പറഞ്ഞ പെരുവണ്ണാമൂഴി റിസര്‍വോയറിന്റെ ഭാഗമാണ്. ഈ കൂരാച്ചുണ്ട് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം പെരുവണ്ണാമൂഴി ഡാം അങ്ങനെ നിറഞ്ഞു നില്‍ക്കുകയാണ്, മനോഹര ദൃശ്യങ്ങളും ഒരുക്കിക്കൊണ്ട്.

പെരുവണ്ണാമൂഴി ഡാമിന്റെ ഔദ്യോഗികനാമം കുറ്റ്യാടി ഇറിഗേഷന്‍ പ്രൊജെക്റ്റ് എന്നാണ്. കക്കയത്തിന്റേത് കുറ്റ്യാടി ഹൈഡ്രോഇലക്ട്രിക് പ്രൊജെക്റ്റ് എന്നും...

കുറച്ചുനേരം ആ പ്രകൃതിഭംഗി ആസ്വദിച്ചു ഞങ്ങള്‍ നിന്നു. എന്നിട്ട് വീണ്ടും കക്കയം വഴിക്ക് പ്രയാണം തുടര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ റോഡ് സൈഡില്‍ കക്കയത്തേക്ക് സ്വാഗതം ചെയ്യുന്ന ബോര്‍ഡ്.

“കക്കയം; മലബാറിന്റെ ഊട്ടി“.

കക്കയം ടൌണില്‍ നിന്ന് ഒരു ചെറിയ ചുരം കയറി വേണം ഡാം സൈറ്റില്‍ എത്താന്‍. ആ വഴിയുടെ ഒരു പടം...


അല്‍പ്പനേരം ആ ചുരത്തില്‍ നിര്‍ത്തി. എവിടെത്തിരിഞ്ഞു നോക്കിയാലും, അവിടെല്ലാം മനോഹരദൃശ്യങ്ങള്‍...


ഈ ചിത്രത്തില്‍‍ കാണുന്നത് നമ്മള്‍ നേരത്തെ പറഞ്ഞ പെരുവണ്ണാമൂഴി ഡാമിന്റെ ഭാഗങ്ങളാണ്.


വീണ്ടും ഒരു പടം.


ഒന്നു കൂടെ...

കുറേ നേരത്തെ യാത്രക്ക് ശേഷം ഞങ്ങള്‍ ഡാം സൈറ്റില്‍ എത്തി. ആ യാത്രയില്‍ ഒരു വാഹനം പോലും ഞങ്ങളുടെ എതിരെ വന്നില്ല, ഒന്നു പോലും ഞങ്ങളെ കടന്നുപോയുമില്ല. മലബാറിന്റെ ഊട്ടിയായിട്ടുപോലും കക്കയം അധികമാരും സന്ദര്‍ശിക്കുന്നില്ല എന്നു തോന്നുന്നു.

വൈകുന്നേരം 4 മണിയായിട്ടേയുള്ളൂവെങ്കിലും ആ വഴി മുഴുവന്‍ ഇരുള്‍ മൂടിയിരുന്നു. പശ്ചാത്തല സംഗീതമായി ചീവീടുകളുടെയും, കിളികളുടെയും ശബ്ദം മാത്രം. ഒരിക്കലും മറക്കാന്‍ കഴിയാത്ത യാത്ര.

ഡാമില്‍ അധികം വെള്ളമില്ല. എങ്ങനെ വെള്ളമുണ്ടാവും? അവിടെ എത്തുന്ന വെള്ളം മുഴുവന്‍ പെന്‍സ്റ്റോക്ക് വഴി താഴെ പവര്‍ ഹൌസിലേക്ക് കൊണ്ടുപോവുകയല്ലേ കെഎസ്ഇബിക്കാര്‍?


അതുകൊണ്ടുതന്നെ ഡാം കാണാന്‍ വലിയ ഭംഗിയില്ല.

ഇനി ഈ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് പെയ്യുന്ന മഴയെങ്ങാനും കുറഞ്ഞ് ഡാമിലെ വെള്ളം കുറഞ്ഞുപോയാല്‍ അത് വൈദ്യുതോദ്പാദനത്തെ ബാധിക്കാതിരിക്കാന്‍ വയനാട്ടിലെ ബാണാസുര സാഗറില്‍ നിന്നും തുരങ്കം വഴി വെള്ളം കൊണ്ടുവരുന്നുണ്ടത്രേ കക്കയത്തേക്ക്...

ഡാമിന്റെ സൈഡിലൂടെ ഒരു വഴിയുണ്ട്, കാട്ടിലേക്ക്. ആ വഴി കുറച്ചു മുന്നോട്ട് പോയി.
നല്ല വിശപ്പുണ്ട്. രണ്ട് മൂന്ന് പേരക്ക പറിച്ചു തിന്നു. കുറച്ചു മുന്നോട്ട് പോയപ്പോള്‍ ആനപ്പിണ്ടം. ഓ, ഇത് ഡാമിന്റെ പണിക്കുവേണ്ടി കൊണ്ടുവന്ന വല്ല ആനയും മറന്നു വച്ചതായിരിക്കും എന്നുകരുതി മുന്നോട്ട് പോയപ്പോള്‍ നല്ല ഫ്രെഷ് സാധനം വേറെയും. കാട്ടില്‍ ബോറടിച്ചിരിക്കുന്ന ആനകള്‍ക്ക് ഞങ്ങളായിട്ട് വെറുതെ പണിയുണ്ടാക്കണ്ട എന്നു കരുതി ആ വഴി ഒഴിവാക്കി വേറെ വഴിക്ക് പിടിച്ചു.


ഒരു കൊച്ചു കുളം കണ്ടോ?


ഈ കുളത്തില്‍ നാളത്തെ ഭാരതത്തിന്റെ പ്രതീക്ഷകളായ കുറച്ച് മീനുകള്‍....

ഇവിടെ ഉരക്കുഴി എന്ന ഒരു വെള്ളച്ചാട്ടമുണ്ടെന്ന് കേട്ടിട്ടുണ്ട്. അത് അന്വേഷിച്ചുള്ള യാത്രയായിരുന്നു പിന്നെ. കുറച്ച് ബുദ്ധിമുട്ടി അല്‍പ്പദൂരം നടന്നപ്പോള്‍ സംഗതി കണ്ടുപിടിച്ചു.

പാറകള്‍ക്ക് മുകളിലൂടെ ഒരു കൊച്ചരുവി താഴോട്ടൊഴുകുന്നു. വെള്ളം കുറവാണ്. പണ്ട് വെള്ളമുണ്ടായിരുന്ന സ്ഥലം ഉണങ്ങിയിരിക്കുന്നു. അപ്പുറത്തെ പാറക്കൂട്ടത്തിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ ജസ്മല്‍ ഒന്ന് വഴുതി വീണു. ഒരു പാറ ചാടിക്കടന്ന്, അടുത്ത പാറയിലേക്ക് ചാടാന്‍ തയ്യാറെടുത്തിരുന്ന ഞാന്‍ ആ വീഴ്ച്ച കണ്ടതോടെ മുട്ടുവിറച്ച്, നിന്ന നിലയില്‍ നില്‍പ്പായി.

ഭാഗ്യം, അവനൊന്നും പറ്റിയില്ല. എണീറ്റ് വന്ന്, ആ സന്ദിഗ്ധ എന്നെ അവന്‍ കൈ തന്ന് സഹായിച്ചു. അങ്ങനെ ഞങ്ങള്‍ വെള്ളച്ചാട്ടത്തിന്റെ അരികിലെത്തി.


ജസ്മലിന്റെ ഫോട്ടോ കണ്ടോ? അവന്‍ വെള്ളച്ചാട്ടത്തിന്റെ നേരെ മുകളിലാണ് നില്‍ക്കുന്നത്.

ആ പാറയുടെ താഴേക്ക് ഏതാണ്ട് പത്തെണ്‍പത് മീറ്റര്‍ താഴ്ച്ചയുണ്ടെന്ന് തോന്നുന്നു. (കറക്റ്റായി മെഷര്‍ ചെയ്യാന്‍ സാധിച്ചില്ല. അവിടെ നിന്ന് താഴോട്ട് നോക്കിയപ്പോള്‍ ഫീല്‍ ചെയ്ത ആ ഇക്കിളി, ഇത് ടൈപ്പ് ചെയ്യുമ്പോഴും എന്റെ കാലിന്റെ തള്ള വിരല് വഴി, സുഷുംനാ നാഡി വഴി, വയറ്റില്‍ ഒരു പൂമ്പാറ്റയെ പറത്തിക്കൊണ്ട് തലച്ചോറിലെത്തി നില്‍ക്കുന്നു.)


രണ്ട് വലിയ പാറകള്‍ക്കിടയിലൂടെ അധികം വലുപ്പമൊന്നുമില്ലാത്ത ഒരരുവി താഴേക്ക് പതിക്കുന്നു..

വേനല്‍ക്കാലം ആയതു കൊണ്ടാവാം വെള്ളം കുറഞ്ഞുപോയത്. പക്ഷേ ഈ വെള്ളച്ചാട്ടത്തിന്റെ ഭംഗി താഴേക്ക് പതിക്കുന്ന വെള്ളത്തിലല്ല, ആ ഉയരത്തിലും അതിന്റെ പശ്ചാത്തലത്തിലുമാണെന്ന് എനിക്ക് തോന്നുന്നു.


ഒരു ഫോട്ടോ കൂടെ....

വെയില്‍ താണുതുടങ്ങിയപ്പോള്‍ ഞങ്ങള്‍ തിരിച്ചു പോയി. ഗ്രാമസന്ധ്യയുടെ ഭംഗി നുകര്‍ന്നു കൊണ്ടുള്ള മടക്കയാത്ര.

ചുരമിറങ്ങി താഴെ കക്കയം അങ്ങാടിയില്‍ എത്തിയപ്പോഴേക്കും കഠിനമായ വിശപ്പിന് ഒരു സമാധാനം നല്‍കാനായി ഒരു ചായക്കടയില്‍ കയറി.

അധികമാരുമില്ലാത്ത ചായക്കട. അപ്പുറത്ത് മറ്റൊരു നാട്ടുകാരന്‍ പൊറോട്ടയും ബീഫും തട്ടി വിടുന്നു. അങ്ങേര്‍ക്ക് പൊറോട്ട അത്രക്ക് പിടിച്ചമട്ടില്ല. തന്റെ ഇഷ്ടക്കേട് പ്രകടിപ്പിച്ചുകൊണ്ട് കടക്കാരനോട് ആദ്ദേഹത്തിന്റെ ചോദ്യം: “അല്ല, ഇബ്ഡ ഇപ്പം ആരാ പൊറാട്ട അടിക്ക്ന്നത്? ആദ്യത്തെ ആള് പോയോ? ബല്ലാത്ത കട്ടിയാന്നല്ലൊ മോനേ”

ചായകുടിക്കാനായി മാത്രം തുറന്നിരുന്ന എന്റെ വായ പോലും കടക്കാരന്‍ പറഞ്ഞ ഉത്തരം കേട്ട് അടഞ്ഞുപോയി..

“ഒര് കാര്യം ചെയ്തോളീ, നാള മുതല് ഇങ്ങള് ബന്ന് പൊറാട്ട അടിച്ചോളീ, ഇരുന്നൂറ് ഉറുപ്പ്യ തെരാ, ചെലവും തെരാ, എന്താ പറ്റ്വോ?”

ഡാമിന്റെ ചുറ്റുവട്ടത്തെങ്ങാനുമായിരുന്നു ആ ചായക്കടയെങ്കില്‍ ഈ ഞാന്‍ വന്ന് പൊറോട്ടയടിച്ചേനേ, ആ പ്രകൃതിഭംഗി നുകരാന്‍ വേണ്ടി മാത്രം..