Wednesday, September 17, 2008

നോമ്പിന്റെ നാമ്പുകള്‍

നോമ്പിന്റെ സായന്തനത്തിലെ ചെറിയ മയക്കത്തിലായിരുന്നു ഞാന്‍. ഫോണ്‍ റിംഗ് ചെയ്തു. സഹോദരിയുടെ കോള്‍. അറ്റന്റ് ചെയ്തപ്പോള്‍ അപ്പുറത്ത് അവളുടെ മകള്‍, ആറുവയസുകാരി റിദ.

“മോള്‍ക്ക് ഇന്ന് ശെരിക്കും നോമ്പാണ് ട്ടോ..”

“അതെയോ? മോള്‍ക്ക് ക്ഷീണണ്ടോ?”

“ക്ഷീണൊന്നുഇല്ല, പശ്ശേ, ചെറ്ങ്ങനെ വെശക്ക്ന്ന്ണ്ട്”

“അത് കൊഴപ്പമില്ല, നോമ്പ് തീര്‍ക്കണംട്ടോ?”

“ഉം.. ഉമ്മാക്ക് കൊട്ക്കാ” അവള്‍ ഫോണ്‍ കൈമാറി.

പെങ്ങള്‍ പറഞ്ഞു, അവള്‍ സുബ്‌ഹിക്ക് എഴുന്നേറ്റ് നോമ്പിന് തയ്യാറെടുപ്പ് തുടങ്ങിയിരുന്നവത്രേ. ഇന്ന് “ശരിക്കും“ നോമ്പാണെന്ന് എന്നെ അറിയിക്കാനാണത്രെ അവള്‍ വിളിച്ചത്. അവളുടെ ആദ്യത്തെ നോമ്പ്.

“സുയൂ..”

ഫോണില്‍ അവളുടെ സഹോദരന്‍, മിന്നു. റിദയേക്കാളും മൂന്ന് വയസിന് ഇളയത്.

“എന്താ മോനേ”

“മിന്നൂക്ക് ഇന്ന് കൊറേ കൊറേ ചെറ്യേ നോമ്പ്ണ്ട് ട്ടോ..”

“ആഹാ, കൊറേ കൊറേ നോമ്പോ? ഇന്ന് എത്ര നോമ്പെട്‌ത്തൂ?”

“രാവിലെ വണ്‍ നോമ്പെടുത്തു, ചായ കുടിച്ചപ്പോ തൊറന്നു, പിന്നെ വണ്‍ നോമ്പെടുത്തു, ചോറ് വെയ്ച്ചപ്പൊ തൊറന്നു, ഇപ്പൊ പിന്നേം വണ്‍ നോമ്പുണ്ട്”

“ഇനി നാളെ എല്ലംകൂടെ ഒറ്റ നോമ്പെടുക്ക്വോ?“

“ഓ..ശരി, ഓക്കേ... ബബായ്”

അവന്റെ വാക്കുകളില്‍ ആത്മവിശ്വാസം സ്ഫുരിക്കുന്നു!

റിദ ഫോണ്‍ വാങ്ങിച്ചു എനിക്ക് വിശദീകരിച്ചു തന്നു. മിന്നു അങ്ങനെ ചെറിയ ചെറിയ നോമ്പുകള്‍ എടുത്തിട്ട് കാര്യമില്ലത്രേ. എടുക്കുകയാണെങ്കില്‍ ദിവസം മുഴുവനും നോമ്പെടുക്കണം, അവളെ പോലെ.


“ഓന്‍ ചെറിയ മോനല്ലേ, മോളുടെ അത്രേം വലുതാവുമ്പോള്‍ മുഴുവനും എടുക്കും, കേട്ടോ?”

ഞാന്‍ അവളെ സമാധാനിപ്പിച്ചു.

ഞങ്ങള്‍ കുട്ടികള്‍ക്ക് നോമ്പെടുക്കുക എന്നത് ഒരു അഭിമാനപ്രശ്നമായിരുന്നു. റമദാനില്‍ മദ്രസ ഒഴിവാണ്. ചെറിയ പെരുന്നാളും കഴിഞ്ഞ് തിരിച്ചുചെല്ലുമ്പോള്‍ ക്ലാസ്സിലെ മറ്റു കുട്ടികളേക്കാളും നോമ്പ് കൂടുതല്‍ എടുത്തു എന്ന് പറയുമ്പോള്‍ ഉണ്ടായിരുന്ന ആ അഭിമാനം, അതൊന്ന് വേറെ തന്നെ. ആറേഴു വയസുള്ളവര്‍ക്ക് അന്ന് ദൈവചിന്തയോളം തന്നെ വലുതായിരുന്നല്ലോ അഭിമാനവും.

നോമ്പെടുക്കാന്‍ മെയിന്‍ കാരണങ്ങളില്‍ ഒന്ന് ഈ കിട്ടുന്ന റെകഗ്നിഷന്‍ തന്നെയായിരുന്നു, മറ്റൊന്ന് അന്നൊക്കെ വീട്ടില്‍ ഗ്രാന്‍ഡായി നടന്നിരുന്ന നോമ്പുതുറകളും. കോഴിയട, സമൂസ, പഴം പൊരി, പഴം നിറച്ചത്, കട്ട്‌ലെറ്റ്, മുട്ടമാല, കുഞ്ഞിപ്പത്തില്, വലിയപത്തില്, ഇറച്ചിപ്പത്തില്‍, മീന്‍പത്തില്‍, കോഴിക്കറി, ഈത്തപ്പഴം പൊരിച്ചത്, ഉന്നക്കായ, ഉള്ളിവട, ബ്രെഡ്പൊരിച്ചത്, അട, കല്ലുമ്മക്കായനിറച്ചത്, പലതരം പഴങ്ങള്‍ തുടങ്ങി എന്തൊക്കെ വിഭവങ്ങളായിരുന്നു. പക്ഷെ വീട്ടിലെ അംഗ സംഖ്യ കുറഞ്ഞപ്പോള്‍ വിഭവങ്ങളുടെ എണ്ണവും കുറഞ്ഞു, ഇതൊക്കെ റമദാനില്‍ ഒരിക്കല്‍ മാത്രം കുടുംബക്കാരെയും സുഹൃത്തുക്കളെയും വിളിച്ച് നോമ്പ് തുറപ്പിക്കുമ്പോള്‍ മാത്രം കാണാന്‍ കിട്ടാന്‍ തുടങ്ങി. ഇന്നെന്റെ നോമ്പുതുറകള്‍ ഏതെങ്കിലും ഹോട്ടല്‍ ഭക്ഷണത്തില്‍ ഒതുങ്ങിയിരിക്കുന്നു.

ആത്മ നിയന്ത്രണം കൈവരിക്കാനുള്ള ആരാധനയാണ് വ്രതം. കൂടുതല്‍ കൂടുതല്‍ നന്മകള്‍ ചെയ്യാനും കഴിവതും തിന്മകളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനും നോമ്പെടുക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്. ശരീരവും മനസും ദൈവത്തിന്റെ മാര്‍ഗത്തില്‍ ശുദ്ധീകരിക്കാനുള്ള അവസരം.


“നോമ്പുകാരന്‍ കുട്ടിക്ക്” ഉമ്മയും ഉപ്പയും ഒരിത്തിരി കൂടുതലായി നല്‍കിയിരുന്ന ആ സ്നേഹം, സുബ്‌ഹിക്കെഴുന്നേല്‍പ്പിച്ച് മുഖം കഴുകിച്ച് അത്താഴമൂട്ടിത്തന്നത്‍... ആ നനുത്ത ഓര്‍മകളുടെ മധുരം ഹൃദയത്തില്‍ എന്നും തങ്ങിനില്‍ക്കുന്നു. മഗ്‌രിബ് ബാങ്ക് കൊടുത്താല്‍ അരികിലിരുത്തി നോമ്പ് തുറപ്പിച്ചു തരുമ്പോള്‍ അവരുടെ നോമ്പ് തുറക്കുന്നതിനെ പറ്റി പലപ്പോഴും അവര്‍ മറന്നുപോകുമായിരുന്നു ...

ആ ഓര്‍മ്മകള്‍ക്കൊപ്പം വ്രതത്തിന്റെ വിശുദ്ധിയെ പറ്റി അന്ന് കിട്ടിയിരുന്ന ഉപദേശങ്ങളും ഇന്നും മനസില്‍ നിലാവ് പെയ്യിക്കുന്നു. വിശപ്പിന്റെ വിഷമങ്ങളെയും ഭക്ഷണത്തിന്റെ വിലയെയും പറ്റിയുള്ള വലിയ പാഠങ്ങളായിരുന്നു അവ. ഭക്ഷണം കിട്ടാത്തവരുടെ അവസ്ഥയെപറ്റി അന്നല്ലെങ്കിലും പിന്നീട് നോമ്പുകാലം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു, ഇപ്പോഴും ഓര്‍മ്മിപ്പിക്കുന്നു.

നോമ്പുതുറക്കാന്‍ വിഭവങ്ങള്‍ മുന്നില്‍ നിറയുമ്പോഴും ഒരു നേരം പോലും കഴിക്കാന്‍ ഭക്ഷണമില്ലാത്തവരുടെ ഓര്‍മ്മകള്‍ അമിതമായി ഭക്ഷിക്കുന്നതിനെ തീര്‍ച്ചയായും തടയും. ഭക്ഷണം നല്‍കിയ ദൈവത്തെ സ്തുതിക്കാന്‍ മനസ് എന്നും ഓര്‍ക്കും.

നോമ്പിന്റെ അവസാനമണിക്കൂറുകള്‍ കഴിഞ്ഞുകിട്ടാന്‍ തുടക്കക്കാര്‍ക്ക് പാടുതന്നെയാണ്. രാത്രി ഞാന്‍ റിദയെ വിളിച്ചു. നോമ്പ് കമ്പ്ലീറ്റ് ചെയ്തോ എന്നറിയണമല്ലോ..

“ഉം.. മോള് നോമ്പ് തീര്‍ത്ത് നൊയറ്റ്ക്ക്”

നോമ്പ് മുഴുവനാക്കാന്‍ പറ്റിയതിന്റെ അഭിമാനം അവളുടെ വാക്കുകളില്‍ നിറഞ്ഞു നിന്നിരുന്നു.

വലിയ ബുദ്ധിമുട്ടായിരുന്നു എന്ന് അവളുടെ ഉമ്മ പറഞ്ഞു. “നോമ്പ് മുറിച്ചാലോ...“ എന്ന് പലപ്പോഴും അവള്‍ ചോദിച്ചിരുന്നത്രേ. ജ്യൂസടിക്കുമ്പോള്‍ “മധുരം ഞാന്‍ നോക്കാം” എന്ന ഓഫര്‍ പലപ്പോഴും അവള്‍ മുന്നോട്ട് വച്ചിരുന്നു. അവസാനം അവളുടെ പരവേശം തീര്‍ക്കാനായി നല്‍കിയ ആപ്പിള്‍ പലപ്പോഴും അവള്‍ വായിലേക്ക് കൊണ്ടുപോയി. കടിച്ചു.. കടിച്ചില്ല എന്ന നിലയില്‍ പിന്‍‌വലിക്കുകയായിരുന്നു എന്ന്...

ഒരു വിധത്തില്‍ അവള്‍ നോമ്പ് മുഴുമിപ്പിച്ചു.

“നാളേം മോള് നോമ്പെടുക്ക്വോ?”

“ഇല്ല” ഒന്നു ചിന്തിക്കേണ്ട ആവശ്യം പോലും അവള്‍ക്കുണ്ടായിരുന്നില്ല.

പക്ഷേ എനിക്കറിയാം, നാളെ നോമ്പെടുത്തില്ലെങ്കിലും മറ്റന്നാള്‍ പുലര്‍ച്ച സുബ്‌ഹി ബാങ്കിനു മുന്‍പ് ആരും വിളിക്കാതെ തന്നെ അവള്‍ എഴുന്നേല്‍ക്കും. ഉപ്പയുടേയും ഉമ്മയുടേയും കൂടെ ഭക്ഷണം കഴിക്കും. എന്നിട്ട് വീണ്ടും അവള്‍ നോമ്പ് തീര്‍ക്കാന്‍ വേണ്ടി ശ്രമിക്കും.

നോമ്പിന്റെ രുചിയറിഞ്ഞാല്‍ പിന്നെ നോമ്പെടുക്കാതിരിക്കാനാവില്ല, തീര്‍ച്ച.ഇനിയും കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ പെരുന്നാള്‍. നോമ്പെടുത്തവരുടെ ആഘോഷം. ദാനത്തിന്റെ ദിനവും. ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന് നാഥന് നിര്‍ബന്ധമുണ്ട്. അത് നിറവേറ്റാന്‍ വിശ്വാസികള്‍ക്ക് ബാധ്യതയും.

എല്ലാ ബൂലോകര്‍ക്കും റംസാന്‍ - പെരുന്നാള്‍ ആശംസകള്‍.

ദൈവത്തിന്റെ രക്ഷയും സമാധാനവും നമ്മുടെ മേല്‍ എന്നുമുണ്ടാകട്ടെ...

Wednesday, September 3, 2008

വല്ലാത്ത വിഷമം വന്നപ്പോള്‍ എഴുതിപ്പോയത്

ഭ്രാന്തുപിടിച്ച ഈ നഗരത്തിന്റെ അന്തമില്ലാത്ത തിരക്ക് എന്നാണാവോ അവസാനിക്കുന്നത്...
നക്ഷത്രങ്ങളില്ലാത്ത ഈ നഗരത്തിന്റെ ആകാശം ജീവിതത്തിന്റെ തന്നെ ഭംഗി കെടുത്തിക്കളയുന്നു.
സുബ്‌ഹി നമസ്കാരത്തിന് ഉപ്പയുടെ കൂടെ പള്ളിയിലേക്ക് നടക്കുമ്പോള്‍ നാട്ടിലെ ആകാശം മുഴുവന്‍ നക്ഷത്രങ്ങളായിരുന്നു, അരികു പറ്റി അമ്പിളിയും....
ഇവിടെ ഏത് പാതിരാവിലും വെളിച്ചമുണ്ട്.
ഇരുട്ടിന്റെ ഭംഗി എനിക്ക് അന്യമാകുന്നു...
ചീവീടിന്റെ ശബ്ദമാണ് നഗരത്തിന്റെ ഇരമ്പലിനേക്കാളും എനിക്ക് പ്രിയം.
ചെളിപറ്റുമെങ്കിലും നാട്ടിലെ നടപ്പാത തന്നെയായിരുന്നു എനിക്കിഷ്ടം.
മേപ്പാട്ടെ ഇലഞ്ഞിമരത്തിന്റെ ചോട്ടില്‍ ജിന്നുണ്ടെങ്കിലും എനിക്ക് പുലര്‍ച്ചെ പോണം, ഇലഞ്ഞി പെറുക്കി മാലയുണ്ടാക്കണം.
പുഴക്കരയിലെ നാട്ടുമാവിന്റെ ചോട്ടില്‍നിന്ന് ഒരിക്കലെങ്കിലും ഒരു മാങ്ങ കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ എത്ര പ്രാര്‍ത്ഥിച്ചിരുന്നു...
ജാനുവേടത്തിയുടെ വീട്ടിലെ പട്ടിക്കിട്ട് ഒരു ഏറ് കൊടുക്കണം.
പുഴയില്‍ വേലിയേറ്റത്തിന് മുങ്ങിക്കുളിക്കണം, മഗ്‌രിബായിട്ടും തിരിച്ചു കേറാഞ്ഞതിന് ഉമ്മയുടെ ചീത്തകേള്‍ക്കണം.
പെങ്ങളോട് ഇനിയും വഴക്കിടണം.
അനിയനോട് ഇനിയും പിണങ്ങണം.
ഉപ്പയുടെ അടിയുടെ വേദന ഇനിയും നുകരണം.
ഉമ്മാമയെ ശുണ്ഠിപിടിപ്പിക്കണം.
എനിക്കെന്റെ ബാല്യം തിരികെ വേണം.
വളരേണ്ടായിരുന്നു...