Wednesday, January 7, 2009

ചോര പുരണ്ടുപോയ ഒരു കത്ത്..

ആദ്യമായിട്ട് ഞാനൊരു കത്തെഴുതിയത് ആര്‍ക്കാണെന്നറിയോ? എന്റെ സ്വന്തം ഫാദറിനു തന്നെ.

തീരെ ചെറുപ്പത്തിലായതു കൊണ്ട് ശാസ്ത്രീയമായ രീതിയില്‍ കത്തെഴുതുന്നതൊന്നും അന്നെനിക്കറിയില്ലായിരുന്നു. അതൊക്കെ മനസിലാക്കിയ ശേഷം എഴുതണമെന്നു തന്നെയായിരുന്നു മനസില്‍, പക്ഷെ അന്ന് അതിനൊന്നും സമയം കിട്ടിയില്ല.

അന്നൊക്കെ ഉമ്മയുടെ വീട്ടില്‍ താമസിക്കാന്‍ പോകുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു. വെള്ളിയാഴ്ച്ച മദ്രസയും സ്കൂളുമില്ലാത്തതിനാല്‍ വ്യാഴാഴ്ച്ച രാത്രി ഞാന്‍ “ഉമ്മാമാന്റെ പൊരേല് പാര്‍ക്കാന്‍ പോകും”.

അങ്ങനെയൊരു വ്യാഴാഴ്ച്ച വൈകുന്നേരം. സ്കൂള്‍ വിട്ടു വന്നപ്പോള്‍ തന്നെ ഞാന്‍ ഉമ്മയോട് ഉമ്മാമയുടെ വീട്ടില്‍ പോകാന്‍ പെര്‍മിഷന്‍ ചോദിച്ചു. ഒറ്റക്ക് പോകാന്‍ പറ്റുമെങ്കില്‍ പോയിക്കോളാന്‍ പറഞ്ഞു.

ഒറ്റക്ക് പോകാന്‍ പേടിയുണ്ടായിട്ടല്ല, പക്ഷെ ഒരു പ്രശ്നമുണ്ട്. പോകുന്ന വഴിക്ക് മേപ്പാട്ടെ പറമ്പിനരികിലൂടെ നടക്കണം. അവിടെ ഇലഞ്ഞി മരമുണ്ട്. അതുകൊണ്ടുതന്നെ ആ മരത്തിന്റെ ചോട്ടില്‍ ജിന്ന്/പ്രേതം/യക്ഷി/കുട്ടിച്ചാത്തന്മാരുടെ ഒരു കോളനി തന്നെയുണ്ടെന്നാണ് നാട്ടുവര്‍ത്തമാനം. എങ്ങനെയെങ്കിലും ആ പറമ്പൊന്ന് കടന്നുകിട്ടിയാലും പ്രശ്നമുണ്ട്. കുറേക്കൂടി നടന്നുകഴിഞ്ഞാല്‍ പള്ളിപ്പറമ്പു ചുറ്റിയാണ് വഴി. എത്രയെത്ര മരിച്ചുപോയവരാണ് അവിടെ ഉറങ്ങിക്കിടക്കുന്നത്. “മരിച്ച് പോയോല് ഞമ്മളെ പരിചയക്കാറ് ആരെങ്കിലും ഇണ്ടെങ്കില് ഞമ്മളെ മേത്ത് കയരും” എന്നാണ് മറ്റൊരറിവ്. മരിച്ചു പോയവര്‍ ദേഹത്ത് കയറിയാലും ഇല്ലെങ്കിലും ആ വഴി ഒറ്റയ്ക്ക് പോയിക്കഴിഞ്ഞാല്‍ പിന്നെ രാത്രി ഞാന്‍ അവരെയൊക്കെ സ്വപ്നത്തില്‍ കണ്ട് പേടിക്കും. ഉമ്മാമാന്റെ വീട്ടില്‍ പോയില്ലെങ്കില്‍ പോയില്ല എന്നേയുള്ളൂ, പക്ഷെ ഉറക്കത്ത് ഞെട്ടിയെണീക്കുക അല്പം ബുദ്ധിമുട്ടുതന്നെയാണ്. എന്റെയുള്ളില്‍ ഒരിത്തിരിപോലും ധൈര്യമില്ലെന്ന നഗ്നസത്യം പുറത്താകും, ചിലപ്പോള്‍ ഉള്ളില്‍ നിന്ന് ദ്രാവക രൂപത്തിലും ചിലത് പുറത്താകും. പിറ്റേ ദിവസം ഉമ്മാമയ്ക്ക് വിരിപ്പ് കഴുകിയിടല്‍ എന്ന പണികൂടി കൂടും.

അതുകൊണ്ട് ഞാന്‍ അന്ന് ആ പരിപാടി ഉപേക്ഷിച്ചു, കളിക്കാന്‍ പോയി, പിന്നെ പുഴയില്‍ പോയി ഒന്നു തകര്‍ത്തു കുളിച്ച് കയറി വന്നപ്പോഴേക്ക് മഗ്‌രിബ് ബാങ്ക് കൊടുത്തു.

“മയിമ്പ് വരെ പൊയേല്‍ പോയിരിക്കരുത്ന്ന് ഇന്നോട് ഞാന്‍ എത്തിര പ്രാവശ്യം പറഞ്ഞതാ ചെറിയോനെ?”

ഉമ്മയുടെ ക്വൊസ്റ്റ്യനിങ്ങ് സെഷന്‍ സ്റ്റാര്‍ട്ട് ചെയ്തു. രാത്രിയാവുന്നതുവരെ പുഴയില് ‍കിടന്നതിനുള്ള ശകാരം; പതിവുള്ളതാണ്.

സത്യം പറഞ്ഞാല്‍ ഉമ്മാമയുടെ വീട്ടില്‍ പോകാന്‍ എനിക്ക് ടെന്റന്‍സി വരാനുള്ള മെയിന്‍ കാരണങ്ങളില്‍ ഒന്ന് ഇതാണ്. ഉമ്മാമയുടെവീട്ടില്‍ യാതൊരു വിധത്തിലുള്ള ശകാരങ്ങളുമില്ല. മാത്രമല്ല, ഒരു ദിവസമെങ്കില്‍ ഒരു ദിവസം രാത്രിയുള്ള പഠിത്തം ഒഴിവായിക്കിട്ടും. പിന്നെ പലഹാരങ്ങള്‍, ഉമ്മാമയുടെ സ്പെഷല്‍ സ്നേഹം... അങ്ങനെയങ്ങനെ...

അങ്ങനെ അന്ന് മഗ്‌രിബ് നിസ്കാരം കഴിഞ്ഞ് ഇരിക്കുമ്പോളാണ് എന്റെ കാരണോന്‍ (അമ്മാവന്‍) ടൌണില്‍ നിന്ന് വന്നത്. മൂപ്പര്‍ വീട്ടിലേക്കുള്ള വഴിയാണ്. അതുകൊണ്ട് ഉമ്മാമയുടെ വീട്ടിലേക്ക് പോകാന്‍ ആളായി. വീണ്ടും സെയിം ക്വസ്റ്റ്യന്‍: “ഞാന്‍ ഉമ്മാമാന്റ്യാട പാര്‍ക്കാന്‍ പോയിക്കോട്ടേ?”

“എന്നോട് ചോയിച്ചിറ്റ് പോണ്ട, ഉപ്പാനോട് ചോയിച്ചിറ്റ് പോയ്ക്കോ..”

അത് ഡിപ്ലോമാറ്റിക്കായ ഒരു ഉത്തരമാണ്, അതേ സമയം ഐഡിയപരവും. ഉപ്പ ടൌണില്‍ നിന്ന് വരാന്‍ ലേറ്റാവും. അപ്പൊഴേക്ക് കാരണോന്‍ വിടും. ഞാന്‍ വീട്ടില്‍ തന്നെ...

അതിഭയങ്കരമായ ആ ഐഡിയ എന്റെ തലയില്‍ വന്നത് അപ്പോഴാണ്. ഉപ്പാക്ക് ഒരു കത്തെഴുതി വച്ചിട്ട് പോകുക. മലയാളം നോട്ടുബുക്കിന്റെ നടുവിലെ പേജ് കീറിക്കൊണ്ട് ഞാന്‍ പരിപാടി ആരംഭിച്ചു.

“ബിസ്മില്ലാഹി റഹ്മാനി റഹീം..”

ബഹുമാനപ്പെട്ട ഉപ്പ വായിച്ചറിയുവാന്‍ മകന്‍ സുഹൈര്‍ വക എഴുത്ത്...

അസ്സലാമുഅലൈക്കും.

എനിക്ക് ഉമ്മാമവീട്ടില്‍ പോകാന്‍ ആഗ്രഹം തോന്നുന്നു. പക്കേ ഉമ്മാന്റെ സമ്മതം ഇല്ല. ഉപ്പയോട് സമ്മതം ചോദിച്ചതിനു ശേഷം പോകാന്‍ പറയുന്നു. അതുകൊണ്ട് ഞാന്‍ ചോദിക്കുന്നു, ഞാന്‍ പോട്ടേ?”

മുഖദാവില്‍ കാണുന്നതുവരെ അസ്സലാമു അലൈക്കും...

എഴുതിക്കഴിഞ്ഞ് ഇതൊന്ന് വായിച്ചുകഴിഞ്ഞപ്പോഴേക്ക് ഞാനാകെ അഭിമാനവിജൃംഭിതനായിപ്പോയി. “മകന്‍ വക എഴുത്ത്” എന്ന സ്റ്റൈല്‍ ഞാന്‍ ഉപ്പായുടെ ഏതോ മരുമകന്‍ അയച്ച കത്തില്‍ കണ്ടതാണ്. “മുഖദാവില്‍” എന്നത് ഉപ്പയ്ക്ക് ഏതോ മീറ്റിംഗില്‍ പങ്കെടുക്കാന്‍ വേണ്ടി വന്ന പോസ്റ്റ് കാര്‍ഡിലെ വാചകവും. അര്‍ത്ഥം എന്താണെന്നറിയില്ലെങ്കിലും ഞാനതങ്ങെടുത്ത് ഉപയോഗിച്ചു. എന്നിട്ട് ആ കത്ത് ഉപ്പയുടെ കയ്യില്‍ കൊടുക്കുവാന്‍ ഉമ്മയെ ഏല്‍പ്പിച്ച് ഞാന്‍ ഉമ്മാമയുടെ വീടിലേക്ക് യാത്രയായി.

ചെമ്മണ്ണ് പാതയിലെ വലിയ കയറ്റം കയറിവേണം വീട്ടിലെത്താന്‍. ഉമ്മാമയുടെ വീട്ടുമുറ്റത്തേക്കുള്ള പത്തുമുപ്പത്തഞ്ച് ചെങ്കല്ല്പടികള്‍ അന്നൊന്നും ഒരിക്കലും ഞാന്‍ നടന്നുകയറിയിട്ടില്ല. ഉമ്മാമയുടെ വീടടുക്കുന്തോറും മനസില്‍ പൊട്ടിച്ചിതറാന്‍ കാത്തിരിക്കുന്ന സന്തോഷം എന്നെ പടികള്‍ ഓടിച്ചുകയറ്റും. ചുമന്ന കാവിയിട്ട വാതില്‍ക്കല്‍ ഉപ്പാപ്പ കസേരയില്‍ ഇരിക്കുന്നുണ്ടാവും, മരത്തിന്റെ തൂണും ചാരി, കറുത്ത കാവിയിട്ട ചേതി(മെയിന്‍ വരാന്തയുടെ ഒരു എക്സ്റ്റെന്‍ഷന്‍ പോലെ കിടക്കുന്ന കുഞ്ഞുവരാന്ത) യിലേക്ക് കാലും നീട്ടി ഉമ്മാമ ഇരിക്കും. ഉപ്പാപ്പയുടെ കറുത്ത, വെറും പ്ലാവിലക്കട്ടിയുള്ള, ചവിട്ടാന്‍ ഒരു സുഖവുമില്ലാത്ത ചെരുപ്പ്, അതിനു തൊട്ടടുത്ത് ഉമ്മാമയുടെ സ്വര്‍ണക്കളറുള്ള, ബാറ്റയുടെ സോഫിയ എന്ന മോഡല്‍ ചെരുപ്പ്. ഇവര്‍ രണ്ടുപേരും വേറൊരു ചെരുപ്പ് ചവിട്ടുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. പണ്ട്, ഈ പേര് വായില്‍കൊള്ളാത്ത പ്രായത്തില്‍, ചെരുപ്പ് കടയില്‍ പോയി “ഉമ്മാമാന്റെ ചെരുപ്പ്“ എന്ന ഒറ്റ സ്പെസിഫിക്കേഷന്‍ പറഞ്ഞ് ഞാന്‍ ചെരുപ്പ് വാങ്ങിച്ചിട്ടുണ്ട്. കടക്കാരന് മോഡല്‍ ഹൃദിസ്ഥമാണ്. (എന്റെ നാട്ടിലെ എല്ലാ ഉമ്മാമമാരും ഇതേ ടൈപ്പ് ചെരുപ്പാണോ ധരിക്കുന്നത് എന്ന ഒരു ഡൌട്ട് എനിക്കില്ലാതില്ല.)

--------------------------------------------

ഈ പോസ്റ്റ് ഇത്രയും എഴുതിവച്ചിട്ട് ഒരാഴ്ച്ചയില്‍ കൂടുതലായി. ബാക്കി എഴുതണം എന്ന് വിചാരിച്ച് ലാപ്ടോപ്പ് എടുത്തു വയ്ക്കും. സ്ഥിരം പരിപാടിയായ ന്യൂസ് വെബ്സൈറ്റുകള്‍ ബ്രൌസ് ചെയ്ത് കഴിയുമ്പോള്‍ എനിക്കിത് തീര്‍ക്കാന്‍ പറ്റുന്നില്ല. താഴെ കിടക്കുന്ന കുഞ്ഞിന്റെതു പോലുള്ള ചിത്രങ്ങളില്ലാതെ ഇവിടെ ഒരു ലോക്കല്‍ ന്യൂസ്പേപ്പറും ഇറങ്ങുന്നില്ല.അവന്റെ നെഞ്ചിന്റെ താഴെയുള്ള ദ്വാരത്തിലൂടെ കയറിയ ഷെല്ലിന്റെ കഷണം എന്റെ മനസിനകത്താണ് പൊട്ടിത്തെറിക്കുന്നത്. ഇങ്ങനെ മരിക്കാന്‍ ഇവനെന്ത് തെറ്റാണ് ചെയ്തത്? ഫലസ്തീനിനെ പറ്റിയോ ഇസ്രയേലിനെ പറ്റിയോ ഇസ്ലാമിനെ പറ്റിയോ യഹൂദികളെ പറ്റിയോ ഒന്നുമറിയാത്ത ഇതു പോലത്തെ പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കിയാല്‍ വാഗ്ദത്തഭൂമി കിട്ടുമെന്ന് ഒരു ദൈവവും പറയില്ലെന്നെനിക്ക് ഉറപ്പാണ്.

യുദ്ധമില്ലാത്ത, മനുഷ്യന്മാരെല്ലാരും പരസ്പരം സ്നേഹിക്കുന്ന ഒരു ഭൂമിയെ പറ്റി ആഗ്രഹിക്കാന്‍ മാത്രം ഭ്രാന്ത് എനിക്കില്ല. എങ്കിലും ഈ കുഞ്ഞുങ്ങളെയെങ്കിലും വെറുതെവിട്ടുകൂടേ?

ഈ കുഞ്ഞുശവപ്പെട്ടികള്‍ കൊണ്ട് വെട്ടിപ്പിടിച്ച ഭൂമിയില്‍ നിങ്ങളെങ്ങനെ ജീവിക്കും?

ഗാസയില്‍, തലക്കുമുകളിലൂടെ മിസൈലുകളും പോര്‍വിമാനങ്ങളും ചീറിപ്പറക്കുമ്പോഴും, കൂസലില്ലാതെ ബ്ലോഗെഴുതുതുന്ന പെണ്‍കുട്ടികള്‍ ഉള്ള ഈ ബ്ലോഗോസ്ഫിയറില്‍ വെറും തമാശക്കഥകള്‍ എഴുതിവിടാന്‍ എനിക്ക് പറ്റില്ല. ഏറ്റവും കുറഞ്ഞത് നരനായാട്ട് തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ സമയത്തെങ്കിലും.

സോറി...