Saturday, August 2, 2008

“ഞാനിനി തൊപ്പിക്കല്ല്മ്മെല് പാത്തൂലാ...”

“ഇല്ലെഡോ... കുട്ടിച്ചാത്തനൊന്നും കണിയാങ്കണ്ടീല് ഉണ്ടാവൂല... അദെല്ലം ആള്‍ക്കാറ് ബെറ്തെ പറേന്നതല്ലേ...”

“പറഞ്ഞൂട മോനേ... ചെലപ്പം ഇള്ളതാന്നെങ്കിലോ?”

“എനക്ക് നല്ല ദൈര്യണ്ട്... ഇന്ന് ഞാന്‍ പോവും, ഇഞ്ഞ് ബെര്വോ എന്റോടെ”?

“നോക്കാ,,, ഇനിക്ക് നിര്‍ബന്ധാന്നെങ്കില് ഞാന്‍ ബെരാ..” കൂട്ടുകാരന്‍ സമ്മതിച്ചു.

അങ്ങനെ അന്ന് മദ്രസ വിട്ടതിന് ശേഷം, കുഞ്ഞാമിച്ചാന്റ്റെ വീട്ടിലെ നേര്‍ച്ചക്കഞ്ഞിയും കുടിച്ചതിനു ശേഷം കണിയാങ്കണ്ടി കാണാന്‍ പോവാം എന്ന് തീരുമാനമായി.

കണിയാങ്കണ്ടിയെ കുറിച്ച് കുറേയേറെ ഐതിഹ്യങ്ങളുണ്ട്. പണ്ട് അവിടെ ഏതോ നമ്പൂതിരിയുടെ ഇല്ലമായിരുന്നു പോലും. കുറേയേറെ ആളുകളും നിലങ്ങളും പൊന്നും പണവും അധികാരവും ഉണ്ടായിരുന്ന നമ്പൂതിരി ഇല്ലം. താവഴിയില്‍ പെട്ട ഏതോ തിരുമേനിയുടെ മനസിന്റെ വലുപ്പം കൊണ്ടായിരുന്നോ അതോ കൈയിലിരിപ്പുകൊണ്ടായിരുന്നോ എന്നറിയില്ല, ഇല്ലം മുടിഞ്ഞു. കാലത്തിന്റെ ഒഴുക്കില്‍ ഇല്ലവും നമ്പൂതിരിമാരും ഒക്കെ മണ്ണിനടിയിലായി.അവിടത്തെ അളവില്ലാത്ത സ്വര്‍ണവും, വെള്ളിയും, ആടയും, ആമാടപ്പെട്ടിയും, എന്തിന് അടുക്കളയിലെ ചെമ്പുരുളിയും ഉറിയും കിണ്ടിയും കോളാമ്പിയുമടക്കം മണ്ണടിഞ്ഞു പോയി. ഒന്നു പോലും ആര്‍ക്കും എടുക്കാന്‍ പറ്റാതെ...

ഇന്ന് കണിയാങ്കണ്ടി നട്ടുച്ചനേരത്തു പോലും ആരും ഒന്നു തിരിഞ്ഞുനോക്കാതെ മുഴുവന്‍ കാടുപിടിച്ചു കിടക്കുന്നു. മനുഷ്യന്‍മാര്‍ പോട്ടെ, മൃഗങ്ങള്‍ പോലും കണിയാങ്കണ്ടിയില്‍ കയറില്ല എന്നാണ് പറയപ്പെടുന്നത്. ഒരിക്കല്‍ ആമിനത്താത്തയുടെ, കഴുത്തില്‍ കിങ്ങിണിയുള്ള കറുത്ത ആട് കണിയാങ്കണ്ടിയില്‍ പോയതിനു ശേഷം പിന്നെ അതിനെ കണ്ടിട്ടേയില്ല. ആമിനത്താത്തയുടെ കാലക്കേടിന് അന്ന് ആടിനെ കെട്ടിയിരുന്നത് കണിയാങ്കണ്ടി പറമ്പിനെ മൂലയിലായിരുന്നു. തെങ്ങ്കയറ്റക്കാരന്‍ കണ്ണേട്ടന്‍ തൊട്ടടുത്ത ഒന്തത്തെ പറമ്പിലെ തെങ്ങില്‍ കയറുമ്പോള്‍ അഴിഞ്ഞ കയറുമായി ആട് കണിയാങ്കണ്ടിയിലേക്ക് കയറുന്നത് കണ്ടിട്ടുണ്ട്... പിന്നെ ആടിന്റെ കാര്യം “ഇതി വാര്‍ത്താഹ:”

കണിയാങ്കണ്ടിക്ക് ഈ ഭീകരാന്തരീക്ഷം ഉണ്ടാക്കിത്തീര്‍ത്തതിന് കാരണം “വരവ്” ആണ്. പ്രദേശത്തിന്റെ അക്ഷാംശ-രേഖാംശങ്ങള്‍ കൃത്യമായി അറിയുന്ന, നാട്ടിലെ ഏക ജിയോളജിസ്റ്റ് കം അണ്ടര്‍ഗ്രൌണ്ട് വാട്ടര്‍ ഫൈന്റര്‍ മി. ചാത്തുവാശാരിയാണ് ഈ കണ്ടുപിടിത്തം നടത്തിയത്. ഞങ്ങളുടെ നാട്ടില്‍ നിന്ന് മാറി തെക്കോട്ടുള്ള ഏതോ പുരാതനക്ഷേത്രത്തിന്റെ നടയും ഇപ്പോഴത്തെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ നടയും തമ്മില്‍ ഒരു നേര്‍‌രേഖ വരച്ചാല്‍ ആ രേഖയുടെ മധ്യഭാഗം കൃത്യമായി കണിയാങ്കണ്ടിയിലാണത്രേ. ഈ രണ്ട് ക്ഷേത്രങ്ങളിലെയും പ്രതിഷ്ടകള്‍ തമ്മിലുള്ള ഒരു കമ്യൂണിക്കേഷന്‍ മെത്തേഡാണ് “വരവ്” എന്നറിയപ്പെടുന്നത്. കണിയാങ്കണ്ടിയില്‍ ആരെങ്കിലും വരവിന്റെ സമയത്ത് കയറി തടസമുണ്ടാകാതിരിക്കാന്‍ ചാത്തന്മാരും ഉണ്ട്. അവര്‍ കാരണമാണ് അവിടെ പല അനിഷ്ടസംഭവങ്ങളും നടക്കുന്നത്. വെറുതെ എന്തിന് വരവിനെ എടങ്ങാറാക്കണം എന്ന് കരുതി ഇപ്പോള്‍ ആരും അങ്ങോട്ട് കയറാറില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും കുട്ടികളെ സംബന്ധിച്ചിടത്തോളം കണിയാങ്കണ്ടിയുടെ പരിസരപ്രദേശങ്ങള്‍ എന്നും ഒരു സ്വപ്നഭൂമിയായിരുന്നു. അവിടെയുള്ള പൂക്കളും കായ്കളും നാട്ടില്‍ വേറെങ്ങുമില്ല. അരിപ്പൂവ് മുതല്‍ ആമ്പല്‍ പൂവ് വരെ, തെച്ചി മുതല്‍ താമരവരെ എല്ലാം അവിടെ ലഭ്യം. നാട്ടുമാങ്ങ, കണ്ണിമാങ്ങ,കുറുക്കന്‍ മാങ്ങ, ഒളോര്‍മാങ്ങ മുതലായ എല്ലാതരം മാങ്ങകളുമുണ്ട്. ചാമ്പക്ക, പുളി, ബിലുമ്പി എന്ന ഇരുമ്പന്‍ പുളി, ചതുരനെല്ലിക്ക, സാദാനെല്ലിക്ക, മള്‍ബെറി, പേരക്ക മുതലായ പലവക സാധനങ്ങള്‍ വേറെയും. രാവിലെ മദ്രസ വിട്ട് സ്കൂളിലെത്തുന്നതിനിടയിലെ അല്‍പ്പനേരം കൊണ്ട് ധൈര്യവാന്മാരും സാഹസികരുമായ കുട്ടികളെല്ലാം കണിയാങ്കണ്ടിയുടെ ചുറ്റുപാടുകളില്‍ നിന്ന് ഇത്തരം നാട്ടുവിഭവങ്ങള്‍ ശേഖരിച്ചിരുന്നു.

കണിയാങ്കണ്ടിയിലെ കുളത്തിന്റെ നടുവില്‍ അതിശയിപ്പിക്കുന്ന വര്‍ണങ്ങളുള്ള ഒരു പ്രത്യേകതരം ആമ്പല്‍പൂവ് ഉണ്ട് പോലും. ഹാരിസാണ് ഈ വിവരം ഞങ്ങള്‍ക്ക് കൈമാറിയത്. പക്ഷെ അവന്റെ കയ്യില്‍ അതിനുള്ള തെളിവൊന്നുമില്ല. കാരണം അവനും അത് കണ്ടിട്ടില്ല. തൊപ്പിക്കല്ല് എന്നറിയപ്പെടുന്ന ഒരു പ്രത്യേകതരം കല്ലും കണിയാങ്കണിയിലുണ്ട്. ആ കല്ലില്‍ സൂക്ഷിച്ചുനോക്കിയാല്‍ തൊപ്പിവച്ചിരിക്കുന്ന ഏതോ ഒരു ഔലിയായെ കാണാമത്രെ. (ഔലിയ - വിശുദ്ധന്‍). “അയിന് നമ്പൂര്യേള് ഇന്തുക്കളല്ലേ? ഓലെ ഇല്ലത്ത് എങ്ങനെയാ ഔലിയയുടെ കല്ലുണ്ടാവുക? ഔലിയ മാപ്പിളയെല്ലേ?” എന്ന ചോദ്യത്തിന് പക്ഷെ പ്രസക്തിയില്ലായിരുന്നു. ഈ വിവരം ഐ.എസ്.ഒ സര്‍ട്ടിഫൈഡാണ്. കാരണം ഇത് പറഞ്ഞത് ഉമ്മാമ്മയാണ്. സംശയിക്കേണ്ട കാര്യമില്ല!

മറ്റാരും കാണുന്നതിനു മുന്‍പ് ആ ആമ്പല്‍ കാണുക, പറ്റുമെങ്കില്‍ ഒരെണ്ണം പറിച്ചെടുക്കുക. പിന്നെ പഴയ കാവിനകത്തെ തൊപ്പിക്കല്ല് ഒന്ന് കാണുക. ഇത്രയുമായിരുന്നു ഞങ്ങളുടെ കണിയാങ്കണ്ടി മിഷന്റെ ഉദ്ദേശ്യം.

അങ്ങനെ മദ്രസ കഴിഞ്ഞ്, കുഞ്ഞാമിച്ചാന്റെ വീട്ടില്‍ നിന്ന് ചക്കരക്കഞ്ഞിയും കുടിച്ച് ഞങ്ങള്‍ കണിയാങ്കണ്ടിയിലേക്ക് യാത്രയായി.

ഒന്തത്തെ പറമ്പിലെത്തിയപ്പോള്‍ ഒരു ചെറിയ പ്രശ്നം. കമ്പോണ്ടര്‍ രാജേട്ടന്‍ തെങ്ങിന് തടം കോരുന്നു. കൂടെ വേറെ പണിക്കാരുമുണ്ട്. അവര്‍ കണ്ടാല്‍പിന്നെ കണിയാങ്കണ്ടിയിലേക്ക് കയറാന്‍ സമ്മതിക്കില്ല. അതുകൊണ്ട് അല്‍പ്പം മാറിയുള്ള തെയ്യമ്പാടിയിലെ ഇടവഴിയിലൂടെ ഞങ്ങള്‍ നടന്നു. ഒടുവില്‍ കൈതച്ചക്കകൊണ്ട് അതിരിട്ട തെയ്യമ്പാടിപ്പറമ്പ് ചാടിക്കടന്ന് കണിയാങ്കണ്ടിയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. കൈതയില്‍ ചാടിക്കയറിയപ്പോള്‍ മുള്ളുകൊണ്ട് കാലുമുഴുവന്‍ മുറിഞ്ഞെങ്കിലും ആമ്പലിനെ ഓര്‍ത്തപ്പോള്‍ ആ വേദനയെല്ലാം എങ്ങോ മറഞ്ഞു.

കൈതയില്‍ നിന്ന് ആദ്യം പുറത്തുചാടിയത് കൂട്ടുകാരനായിരുന്നു. “ഹെന്റുമ്മോ........ പാമ്പ്” എന്ന് നിലവിളിച്ചുകൊണ്ട് കൂട്ടുകാരന്‍ അതിലും വേഗത്തില്‍ തിരിച്ച് ചാടിയെത്തി. നേര് തന്നെ, നല്ല ഘടാഘടിയനൊരു ചേര. പക്ഷേ അത് ചേരയാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടും, ഞങ്ങളെകണ്ട് പേടിച്ച് ചേര ഉടന്‍ തന്നെ സ്ഥലം കാലിയാക്കിയതുകൊണ്ടും ഞങ്ങള്‍ വീണ്ടും മുന്നോട്ട് നീങ്ങി.

പക്ഷേ ആ ഒരൊറ്റ സംഭവം കൊണ്ട് തന്നെ എന്റെ മനസിലുണ്ടായിരുന്ന നല്ലൊരു ഭാഗം ധൈര്യവും ചോര്‍ന്നുപോയിരുന്നു. കുട്ടിച്ചാത്തന്മാര്‍ അവിടെയെങ്ങാനും ഉണ്ടായാലോ?ഇപ്പൊഴെങ്ങാനും “വരവ്” വന്നാലോ? ഇനി ഞങ്ങളെ പേടിപ്പിക്കാന്‍ കുട്ടിച്ചാത്തന്മാരാണോ ആ പാമ്പിനെ അയച്ചത്? അത് ചേരതന്നെയായിരുന്നോ? ശംഘുവരയനല്ലായിരുന്നോ?സംശയങ്ങള്‍ എന്റെ മനസിലേക്ക് പാഞ്ഞുവരാന്‍ തുടങ്ങി. കയ്യും കാലും ഞാനറിയാതെ തന്നെ വിറക്കാന്‍ തുടങ്ങി.

പക്ഷേ കൂട്ടുകാരന്റെ മുന്‍പില്‍ പേടിയാണെന്ന് സമ്മതിക്കാന്‍ ഒരു മടി. അതുകൊണ്ട് മാത്രം ഞാന്‍ ആമ്പല്‍ തേടി മുന്നോട്ട് നടന്നുതുടങ്ങി.

തെച്ചിയുണ്ട്, ചെമ്പരത്തിയുണ്ട്, കാക്കപ്പൂവുണ്ട്, അരിപ്പൂവുണ്ട്, പിന്നെ പേരറിയാത്ത പലപൂക്കളുമുണ്ട്. കുളത്തില്‍ താമരയും ആമ്പലുമുണ്ട്. പക്ഷെ അത് വെറും സാധാരണ ആമ്പല്‍. പലനിറത്തിലുള്ള ആമ്പല്‍ എന്തായാലും അവിടെ കണ്ടില്ല. ഹാരിസ് പറ്റിച്ചതാണോ?

കല്ലുമുണ്ട് പല തരത്തില്‍, പക്ഷേ ഒന്നിന്റെ മേലും ഔലിയ പോയിട്ട് ഒരു മൊയ്ലാര് കുട്ടിയുടെ പോലും ചിത്രം കാണുന്നില്ല.

അധികനേരം അവിടെ നില്‍ക്കാനുള്ള ഒരു മാനസികാവസ്ഥ അല്ലാത്തതിനാല്‍ എന്തായാലും തിരിച്ചുപോയേക്കാം എന്നുതന്നെ തീരുമാനിച്ചു.

“എനക്ക് മൂത്രൊയിക്കണം” കൂട്ടുകാരന്‍.

“എന്നാ പിന്ന ഞാനും ഒയിക്കാ...” അവന് ഞാന്‍ കമ്പനി നല്‍കി. വെറുതേ..

അങ്ങനെ ഞങ്ങള്‍ രണ്ടും കരയില്‍ നിന്ന് കുളത്തിലേക്ക് സംഗതി പാസാക്കി.

“കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കരുത്” രാവിലെ മദ്രസയില്‍ പഠിപ്പിച്ചത് പെട്ടെന്നെനിക്ക് ഓര്‍മ്മ വന്നു. പടച്ചോനേ, ഇതിപ്പൊ ഒഴിച്ചു തുടങ്ങിയല്ലോ. നില്‍പ്പിക്കാനും പറ്റുന്നില്ല. ഇനിയെന്ത് ചെയ്യും?

ഞാന്‍ നോക്കിനില്‍ക്കെ മൂത്രം ഒഴുകിയൊഴുകി കുളത്തിലേക്കിറങ്ങാന്‍ തുടങ്ങി. കുളത്തിന്റെ കരയിലിരിക്കുന്ന കല്ലിനെ ഞാന്‍ അപ്പോഴാണ് ശ്രദ്ധിച്ചത്.‍ കല്ലിന്റെ മേലെ അതാ ഒരു ഔലിയയുടെ ചിത്രം. അത് തൊപ്പിക്കല്ല് തന്നെ. മൂത്രം ഒലിച്ചൊലിച്ച് തൊപ്പിക്കല്ലിന്റെ മേലെ തൊട്ടതും....

മൂത്രം ഒരു മലവെള്ളപ്പാച്ചിലായി മാറി. ഞാന്‍ ആ ഒഴുക്കില്‍‌പെട്ട് കുതിക്കുകയാണ്. വെള്ളത്തില്‍ ഞാന്‍ മുങ്ങിപ്പോകുന്നു. നിലം മുഴുവന്‍ സ്വര്‍ണം, സ്വര്‍ണ മത്സ്യങ്ങള്‍, സ്വര്‍ണത്തിന്റെ ആമ്പല്‍പ്പൂവ്, സ്വര്‍ണം കൊണ്ടുണ്ടാക്കിയ ഉരുളി, ഉറി, കോളാമ്പി... പുഴയുടെ അടിയില്‍ മുങ്ങാംകുഴിയിട്ടു കളിക്കുന്ന കുട്ടിച്ചാത്തന്മാര്‍. അവര്‍ എന്റെ കാലുപിടിച്ച് മുക്കാന്‍ ശ്രമിക്കുന്നു....

ഒഴുക്കില്‍ ഒരു വിധത്തില്‍ തലപൊക്കി നോക്കുമ്പോള്‍, ദൈവമേ.... ഞാന്‍ എങ്ങോട്ടാണീ ഒഴുകുന്നത്? മുക്കണ്ണാം കുഴിയിലേക്കോ?

മൂന്ന് ആനകള്‍ മുങ്ങിച്ചത്ത കയം, കുറ്റ്യാടിപ്പുഴയിലെ മുക്കണ്ണാം കുഴി. എന്നെ ചുഴികള്‍ അതിലേക്ക് മുക്കാന്‍ തുടങ്ങുന്നു. വായിലും മൂക്കിലും ആകെ വെള്ളം കയറി. എനിക്ക് ശ്വാസം മുട്ടി. എന്റെ നെഞ്ചിന് മുകളില്‍ ആരാണീ ഭാരമെല്ലാം കൊണ്ടുവച്ചത്?ശ്വാസമെടുക്കാന്‍ പറ്റുന്നില്ല...

കയത്തില്‍ ഞാന്‍ മുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അതാ അമ്മദ് മുസല്യാര്‍... നെരിയാണിക്ക് മുകളില്‍ വച്ചുടുത്ത മുണ്ട്, വെളുത്ത ജുബ്ബ, തലയില്‍ ഒറുമാല്‍, കയ്യില്‍ വടി. “ഇഞ്ഞ് ഞാന്‍ ഇന്ന് പഠിപ്പിച്ച ഫിക്‍ഹ് പാഠം മറന്നോ?”

“ഇല്ല മൊയ്‌ല്യാരേ... ഞാനെനി ഒരിക്കലും വെള്ളത്തില് മൂത്രൊയിക്കൂലാ.... എന്നെ രെശ്ശിക്കീന്‍...”

അമ്മദ് മൊയ്‌ല്യാര്‍ സഹായിച്ചില്ല.... അദ്ദേഹം അപ്രത്യക്ഷനായി.

പിന്നീട് ഒരു ഔലിയ.... “മോനെന്തിനാ എന്റെ തൊപ്പിക്കല്ല്മ്മെല് പാത്ത്യേ?”

“ഞാനെനി ഒരിക്കലും തൊപ്പിക്കല്ലുമ്മല് പാത്തൂലാ... ഞാനെനി തൊപ്പിക്കല്ല്മ്മല് മൂത്രൊയ്ക്കൂലാ... എന്ന മുക്കിക്കൊല്ലല്ല്യോ.... എനക്ക് ഉപ്പാനെ കാണണം...
ഉമ്മാനെ കാണണം... എന്നെ രശ്ശിക്കൂ.... ഉമ്മാ...”

ഔലിയയും എങ്ങോ മറഞ്ഞു.

ഞാന്‍ മുക്കണ്ണാം കുഴിയുടെ അഗാധതയില്‍ മുങ്ങിപ്പോവുന്നു...

എന്റെ ബോധം മറഞ്ഞു.

എത്രനേരം ഞാന്‍ വെള്ളത്തില്‍ മുങ്ങിയോ ആവോ... ഒടുവില്‍ ഞാന്‍ കണ്ണുതുറന്നു.

കട്ടിലിനു ചുറ്റും ആളുകള്‍. കണ്ണീര് വറ്റിയ കണ്ണുകളുമായി ഉമ്മ. ഏങ്ങലടിച്ചുകൊണ്ട് ഉമ്മാമ... പെങ്ങള്‍ തട്ടം കൊണ്ട് മുഖം തുടക്കുന്നു. തീരെ ചെറിയവനായ അനിയന്‍ താഴെ നിലത്ത് കളിക്കുന്നു.

എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് ഉമ്മ കരഞ്ഞു. കണ്ണീര്‍ എന്റെ മുതികിലൂടെ ഒഴുകി. ഉമ്മാമ ഞങ്ങളെ രണ്ടുപേരെയും കെട്ടിപ്പിടിച്ചു.

“എന്റെ മോന്‍ എന്തിനാ കണിയാങ്കണ്ടീല് പോയത്? മോനോട് അങ്ങോട്ട് പോണ്ടാന്ന് ഞാന്‍ എത്തിര പ്രാവെശ്യം പറഞ്ഞതാ...” മുഖമുയര്‍ത്തി ഉമ്മ ചോദിച്ചു.

“ഇഞ്ഞ് ഇനി പറഞ്ഞ് പറഞ്ഞ് ഓനെ കരേപ്പിക്കണ്ട, ഓന് ഒന്ന് ഒറങ്ങിക്കോട്ടെ....” ഉമ്മാമ്മ മൊഴിഞ്ഞു.

“എനക്ക് ഒറങ്ങണ്ട, എനക്ക് ഇണീക്കണം”

എഴുന്നേറ്റപ്പോള്‍ വിരിപ്പില്‍ വിയര്‍പ്പ് എന്റെ ചിത്രം വരച്ചിരിക്കുന്നു.

പതുക്കെ ഞങ്ങളെല്ലാരും മുറിയില്‍ നിന്ന് പുറത്തുവന്നു. കൂട്ടുകാരന്‍ മുറ്റത്തുണ്ട്. കൂടെ കമ്പോണ്ടര്‍ രാജേട്ടനും പണിക്കാരും.

കണിയാങ്കണ്ടിയില്‍ ബോധം കെട്ട് വീണ എന്നെ അവരെല്ലാരുമാണ് വീട്ടിലെത്തിച്ചിരിക്കുന്നത്...

“എന്നാ ഞാള് പോട്ടെ ഉമ്മെയ്റ്റ്യാറേ... പണി ബാക്കിയാ പറമ്പില്”

“അതെന്ത് പോക്കാ രാജാ, ഒര് ചായ കുടിച്ചിറ്റ് പോകാ...“

“മാണ്ട, കൊറേ പണി ബാക്കിള്ളതല്ലേ, എന്തായാലും കുഞ്ഞനൊന്നും പറ്റീക്കില്ലാലോ, അത് മതി... ഞാള് പോന്നാ...” അവര്‍ പോയി.

ഞാന്‍ വീണ്ടും ഉമ്മാമയുടെ കരവലയത്തില്‍ ചുരുണ്ടുകൂടി...

“ഞാനെനി തൊപ്പിക്കല്ല്മ്മെല് പാത്തൂലാ...” എന്ന്‍ ഉറക്കെ കരഞ്ഞു കൊണ്ട് പിന്നീടെത്ര രാത്രികളില്‍ ഞാന്‍ ഞെട്ടിയെണീറ്റിരിക്കുന്നു...