Friday, June 6, 2008

പക്കര്‍ സമരം

ഒരു തനിനാടന്‍ മാപ്പിളയാണ് പക്കര്‍. പത്തറുപത് വയസുണ്ട്. നിലവില്‍ ഒരു ഭാര്യയുണ്ട്. ആകെ മൊത്തം 5 മക്കളുണ്ട്.

ഈ നിലവിലെ ഭാര്യ കുഞ്ഞിക്കദീശയെ മൂപ്പര്‍ മുമ്പൊരിക്കല്‍ കെട്ടി പിന്നീട് എന്തോ നിറ്റിഗ്രിറ്റി റീസണിന്റെ പുറത്ത് മൊഴിചൊല്ലിയതാണ്. അതിനു ശേഷം അദ്ദേഹം സ്ഥലത്തെ പ്രധാന മീന്‍ കച്ചവടക്കാരിയും, ഇറച്ചിവെട്ടുകാരന്‍ നെയ്യുള്ളതില്‍ “വെണ്ണെയ് മൂസ”യുടെ
എക്സ്-കെട്ടിയവളുമായിരുന്ന കുന്നിയുള്ളപുരയില്‍ ബീപാത്തുമ്മയെ നിക്കാഹ് കഴിച്ചു. പക്ഷേ എന്ത് അന്യായം കണ്ടാലും കമ്മീഷണറിലെ സുരേഷ്ഗോപിയെപ്പോലെ രണ്ട് A4 പേജ് തെറി ഒരുമിച്ചുപറയാനും, വേണമെങ്കില്‍ ഒന്നു കൈവെക്കാനും കപ്പാസിറ്റിയുള്ള ബീപാത്തുമ്മയെവിടെക്കിടക്കുന്നു, എത്ര ചീത്തവിളിച്ചാലും തല്ലിയാലും മിണ്ടാതിരിക്കുന്ന പാവം കുഞ്ഞിക്കദീശ എവിടെക്കിടക്കുന്നു. എന്തായാലും അധികകാലം പക്കര്‍Vsബീപാത്തുമ്മ അങ്കങ്ങള്‍ കാണാന്‍ അയല്‍‌വക്കക്കാര്‍ക്ക് വക നല്‍കാതെ പക്കര്‍ ബീപാത്തു ദമ്പതികള്‍ വഴിപിരിഞ്ഞു.

പിന്നീട് ഒരു തരിപോലും സ്ത്രീധനം വാങ്ങാതെ പക്കര്‍ സാഹിബ് കുഞ്ഞിക്കദീശയെ റീമാംഗല്യം ചെയ്തു. പ്രീ-ഡിവോഴ്സ് 2, പോസ്റ്റ്-ഡിവോഴ്സ്3 എന്ന കണക്കില്‍ മൊത്തം 5 കുസുമങ്ങള്‍ ആവരുടെ ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞുനിന്നു.

സ്ഥലത്തെ കര്‍ഷകപ്രമാണിയും, പൈസക്കാരനും, ഭൂവുടമയും, മലഞ്ചരക്ക് വ്യാപാരിയും, നാട്ടില്‍ അന്നുണ്ടായിരുന്ന അപൂര്‍വ്വം ഹാജിമാരില്‍ ഒരാളും, വിപ്ലവകാരികളാല്‍ പെറ്റിബൂര്‍ഷ്വാ എന്നു വിളിക്കപ്പെടുന്ന ആളുമായ അമ്മദാജിയുടെ തൊഴിലാളിയും, മന:സാക്ഷി സൂക്ഷിപ്പുകാരനും, അതിലുപരി റോയല്‍മെസ്സഞ്ചറുമാണ് പക്കര്‍ക്ക. റോയല്‍മെസ്സഞ്ചര്‍ എന്നുവച്ചാല്‍ അമ്മദാജിയുടെ രണ്ടാം കെട്ടായ വയനാട്ടിലെ കദിയ ഉമ്മയ്ക്ക് അങ്ങേര് കൊടുത്തുവിടുന്ന ഉരുപ്പടികള്‍, ഹലുവ, “മണ്ട“, വറുത്തകായ,
ചെലവിനുള്ള തുക തുടങ്ങി എന്തുതന്നെയായാലും വിശ്വസ്തതയോടെ കാല്‍നടയായി പത്തിരുപത്തഞ്ച് മൈല്‍ സഞ്ചരിച്ച് കൈമാറുക, അവിടെനിന്ന് തേങ്ങ അരച്ചിടാത്ത നല്ല മുതിരക്കറിയും, താന്‍ നേരത്തെ കൊണ്ടുവന്ന ഉണക്കമുള്ളന്‍ ചുട്ടതും കൂട്ടി പച്ചരിച്ചോറും തട്ടി തിരിച്ചുപോരുക എന്ന ഭാരിച്ച ഉത്തരവാദിത്വം കടുകിട തെറ്റാതെ ചെയ്യുന്ന ആളാണ് പക്കര്‍ക്ക. ഈ പണിയില്ലാത്ത നേരങ്ങളില്‍ അമ്മദാജിയുടെ തെങ്ങുകളുടെ തടം കോരിയും, വളമിട്ടും പറമ്പ്കിളച്ചും, മറ്റു ഫെലോനാട്ടുകാരുടെ കപ്പത്തണ്ട് നട്ടുകൊടുത്തും അന്നന്നത്തെ ആവശ്യങ്ങള്‍ക്കുള്ള വക അദ്ദേഹം കണ്ടെത്തി.

പക്കറിന്റെ താമസം, വിത്ത് ഫാമിലി, നമ്മുടെ അമ്മദാജിയുടെ വിശാലമായ തെങ്ങിന്‍‌തോപ്പിന്റെ ബാക്ക്‌യാര്‍ഡിലുള്ള കൊച്ചുകുടിലിലാണ്. കുടികിടപ്പ് എന്ന് വേണമെങ്കില്‍ പറയാം. എന്തായാലും പട്ടയം, ആധാരം തുടങ്ങി യാതൊരു സംഭവങ്ങളും ഇല്ല. ഇങ്ങനെയുള്ള അലമ്പ് സംഗതികള്‍ വേണമെന്ന് പക്കറിന് ഒരു നിര്‍ബന്ധവും ഇല്ല. പക്കറിന് ഇനി വല്ല കപ്പ, വാഴ തുടങ്ങി എന്തുതന്നെ വെക്കണമെന്നു തോന്നിയാലും തന്റെ സ്വന്തം പറമ്പില്‍ എവിടെ വേണമെങ്കിലും വെക്കാന്‍ അമ്മദാജിക്ക് പൂര്‍ണ സമ്മതം. അതിന്റെ പേരില്‍ പണ്ട് മലയപ്പുലയനോട് ജന്മി ചെയ്തതു പോലെയുള്ള ഒരു
തോന്ന്യാസവും അമ്മദാജി ചെയ്യില്ല എന്ന് രണ്ടുപേര്‍ക്കും അറിയാം...

പണിയില്ലാത്ത ദിവസങ്ങളില്‍ പൈസക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ പറമ്പിലെ തേങ്ങയോ മാങ്ങയോ എന്താണെന്നു വച്ചാല്‍ എടുത്ത് വിറ്റ് ചിലവ് ചെയ്യാം. എന്തിനധികം പറയാന്‍, പക്കര്‍ക്കയുടെ ആദ്യത്തെ രണ്ട് പെണ്‍കുട്ടികളുടെ കല്യാണവും ഹാജിയാരുടെ ചിലവിലല്ലേ കഴിഞ്ഞത്..

പക്ഷേ പക്കര്‍ക്കായെ കുറിച്ചുള്ള അമ്മദാജിയുടെയും, അമ്മദാജിയെക്കുറിച്ചുള്ള പക്കര്‍ക്കായുടെയും കാഴ്ച്ചപ്പാടുകളില്‍ വന്‍ മാറ്റങ്ങള്‍ വരുത്തിയ ഒരു സംഭവം നടന്നു.

പക്കര്‍ക്കായുടെ അഞ്ചാമത്തെ മകളുടെ കല്യാണാലോചനകള്‍ നടന്നുകൊണ്ടിരിക്കുന്നു. വരനായി കണ്ടുപിടിച്ചിരിക്കുന്നത് പുതുതായി ഗള്‍ഫില്‍പോയി വന്ന മൂസക്കായുടെ മകന്‍ സലാം. പെണ്ണിനെ ചെക്കന്‍ കണ്ടുബോധിച്ചെങ്കിലും സ്ത്രീധനത്തുകയുടെയുടെയും സ്വര്‍ണത്തിന്റെയും കണക്കുകളില്‍ പെട്ട് ആ കല്യാണം തെറ്റിപ്പോയി. അത് ആദ്യം തന്നെ പക്കര്‍ക്ക പ്രതീക്ഷിച്ചിരുന്നതായിരുന്നെങ്കിലും പറഞ്ഞുപിരിയുന്ന നേരത്ത് പയ്യന്റെ ബാപ്പ പറഞ്ഞ വാക്കുകള്‍ പക്കര്‍ക്കയുടെ നെഞ്ചില്‍ തറച്ചു. ഈ വീടിരിക്കുന്ന സ്ഥലം പോലും തന്റേതല്ലെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ പക്കര്‍ക്കയെ ചിന്താവിഷ്ടനാക്കി.

തനിക്ക് കുടികിടപ്പവകാശം കിട്ടണം. തന്റെ വീടിരിക്കുന്ന സ്ഥലം സ്വന്തം പേരില്‍ എഴുതിക്കണം. ഈ പ്രശ്നപരിഹാരത്തിന് വേണ്ടി പക്കര്‍ക്ക എത്തിപ്പെട്ടത് സ്ഥലത്തെ “ഞമ്മളെ പാര്‍ട്ടി“ നേതാവ് ആലിക്കയുടെ അടുത്താണ്. “ അയിന് ഇഞ്ഞ് മൂപ്പറോട് പ്രത്യേകിച്ച് പറയൊന്നും മാണ്ട പക്കറേ, ഇഞ്ഞ് ചോയിച്ചിക്കില്ലെങ്കിലും ഹാജ്യാര് ഇനിക്ക് ഒര് ഇരുപത് സെന്റെങ്കിലും തെരാണ്ടിരിക്കൂല... എന്നാലും ഞാന്‍ അമ്മദാജീനോട് ഒന്ന് സംസാരിക്കാ..“ എന്ന ആലീക്കയുടെ മറുപടി പക്കര്‍ക്കാക്ക് വലിയ ആശ്വാസം നല്‍കിയില്ല. മാത്രമല്ല, ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും ഈ കാര്യത്തില്‍ ഒരു പുരോഗമനവും ഉണ്ടാവാതിരുന്നത് പാര്‍ട്ടിയിലുണ്ടായിരുന്ന പക്കര്‍ക്കായുടെ വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്തു.

പിന്നീട് പക്കര്‍ക്ക നാട്ടില്‍ വിപ്ലവം ഹോള്‍സെയിലായി ഇം‌പോര്‍ട്ട് ചെയ്യാന്‍ പാര്‍ട്ടിയാല്‍ നിയോഗിക്കപ്പെട്ട “സഖാവ് ഹമീദിനെ” ചെന്ന് കണ്ട് തന്റെ സങ്കടം ബോധിപ്പിച്ചു. തനിക്ക് നാട്ടില്‍ എന്തെങ്കിലും നിലയും വിലയും ഉണ്ടാവാനും, നാടിനെ വിപ്ലവീകരിക്കാനും എന്തെങ്കിലും ഒരു കാരണം നോക്കി നടക്കുകയായിരുന്ന ഹമീദിന് പക്കര്‍ക്കാഇഷ്യൂ ഒരു ലോട്ടറിയായി മാറി. ഒഫീഷ്യലായിത്തന്നെ പക്കര്‍പ്രശ്നം ഹമീദ് ഏറ്റെടുത്തു. പാര്‍ട്ടി മേല്‍ഘടകത്തിന് അദ്ദേഹം കത്തെഴുതി. ഏത് രീതിയിലും സംഗതി നേടിയെടുക്കാനുള്ള സമരപരിപാടിയുമായി മുന്‍പോട്ടുപോകാനുള്ള അനുമതിയും കിട്ടി.

ഈ കാര്യങ്ങളെല്ലാം നാട്ടുകാരില്‍ നിന്ന് കേട്ടറിയേണ്ടിവന്ന അമ്മദാജിക്ക് ഇത് അത്ര ഇഷ്ടപ്പെട്ടില്ല. എന്നുമാത്രമല്ല, തന്നോട് കളിക്കാന്‍ മാത്രം പക്കര്‍ വളര്‍ന്നോ എന്ന ചിന്ത അമ്മദാജിയെ രോഷാകുലനാക്കി. എന്തുവന്നാലും ഈ പ്രശ്നം നേരിടാന്‍ തന്നെ അമ്മദാജി ഉറച്ചു.

നാടിനെ മൊത്തം ഇളക്കിമറിച്ച സംഭവപരമ്പരകളായിരുന്നു പിന്നെ അരങ്ങേറിയത്. അയല്‍‌പ്രദേശങ്ങളിലെ സഖാക്കളും സഖികളും കൊച്ചുസഖാക്കളുമെല്ലാം രംഗത്തെത്തി. പക്കറിനെ മുന്‍പില്‍ നിര്‍ത്തി അവര്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ജാഥകള്‍ നടന്നു. ജില്ലാ നേതൃത്വം വരെ ഇടപെട്ടു. ഒരു പാവപ്പെട്ട കര്‍ഷകത്തൊഴിലാളിയെ ഇത്രയും കാലം കഠിനമായി ജോലി ചെയ്യിപ്പിച്ചിട്ട് ഇപ്പോള്‍ കുടികിടപ്പവകാശം പോലും കൊടുക്കാത്ത അമ്മദാജിയെപറ്റി നാട്ടിലെങ്ങും വാള്‍പോസ്റ്ററുകള്‍ പതിഞ്ഞു. അമ്മദാജിയുടെ എല്ലാ ജോലികളും ബഹിഷ്കരിക്കപ്പെട്ടു. മൂപ്പരുടെ നോക്കെത്താദൂരം പരന്നു കിടക്കുന്ന തെങ്ങിന്‍ തോപ്പില്‍ തേങ്ങകള്‍ വരണ്ടുണങ്ങി വീഴാന്‍ തുടങ്ങി. നാലു ദിവസം മുന്‍പുവരെ അമ്മദാജിയുടെ അപദാനങ്ങള്‍ പാടിനടന്ന തെങ്ങുകയറ്റക്കാരന്‍ കണാരന്‍, മൊയ്തീനിക്കായുടെ ചായക്കടയില്‍ ഹാജ്യാരെപ്പറ്റി പുലഭ്യം പറയാന്‍ തുടങ്ങി. നാട്ടുമ്പുറത്തുനിന്ന് നഗരത്തിലേക്കുള്ള അമ്മദാജിയുടെ ബസ്സുകളുടെ ചില്ലുകള്‍ ഉടഞ്ഞു. ബസ് സര്‍വീസ് നിന്നു.

ദിവസങ്ങള്‍ ആഴ്ച്ചകളായിമാറി.

അമ്മദാജിക്ക് യാതൊരു കുലുക്കവുമില്ല. ഉണങ്ങിവീഴുന്ന തേങ്ങകള്‍ പെറുക്കിയെടുക്കാന്‍ കക്ഷി പുറത്തു നിന്ന് ആളെക്കൊണ്ടുവന്നു. തെങ്ങുകയറുന്ന യന്ത്രം വാങ്ങിച്ചു. പക്ഷേ അതുപയോഗിക്കാന്‍ പാര്‍ട്ടിക്കാര്‍ അദ്ദേഹത്തെ സമ്മതിച്ചില്ല. ആകെക്കൂടെ പ്രശ്നങ്ങളുടെ പെരുമഴ...

പക്ഷേ പക്കര്‍ക്കായുടെ സ്ഥിതിയോ?

സ്ഥിരവരുമാനമുണ്ടായിരുന്ന ജോലി ഏതായാലും നഷ്ടമായി. അമ്മദാജിയുടെ പണിചെയ്യുന്നത് പോയിട്ട്, ആ വീടിന്റെ മുറ്റത്തുപോലും കയറാന്‍ പറ്റാത്ത അവസ്ഥ. ഇനിയിപ്പൊ എവിടെയെങ്കിലും ജോലിയുണ്ടെങ്കില്‍ തന്നെ അത് ചെയ്യാന്‍ എവിടെസമയം? സഖാക്കള്‍ നയിക്കുന്ന സമരത്തിനു മുമ്പില്‍ ഒരക്ഷരം മിണ്ടാതെ, ഒരു ഇങ്കിലാബ് പോലും വിളിക്കാതെ മുന്നില്‍ നടക്കേണ്ട അവസ്ഥയിലായി ആ വൃദ്ധന്‍. പണ്ട് പണിയില്ലാത്ത ദിവസങ്ങളില്‍ ഹാജ്യാരുടെ പറമ്പിലെ തേങ്ങ പെറുക്കി വിറ്റ് അതുകൊണ്ട് കിട്ടുന്ന പൈസകൊണ്ട് ചിലവ് കഴിക്കാമായിരുന്നു. ഇപ്പോള്‍ അങ്ങനെയൊരു കാര്യം ചിന്തിക്കാന്‍ പോലും പറ്റില്ലല്ലോ? പക്കര്‍ക്കായുടെ ഭാര്യ കുഞ്ഞിക്കദീശ വീണ്ടും അയല്‍‌പക്കങ്ങളിലെ വീട്ടുജോലികള്‍ ചെയ്യാന്‍ തുടങ്ങി. കൂടെ മകളും. പട്ടിണിയില്ലാതെ ജീവിക്കണ്ടേ?

തനിക്കെന്താണ് പറ്റിയതെന്ന് പക്കര്‍ക്കാക്ക് തന്നെ സംശയം തോന്നി.. പ്രശ്നങ്ങള്‍ ഇങ്ങനെയൊക്കെയായി മാറുമെന്ന് ആ സാധു വിചാരിച്ചോ? ഇനി ഇതെങ്ങിനെ അവസാനിക്കും? പാര്‍ട്ടിക്കാരെ കാണുന്നതിനു മുമ്പ് അമ്മദാജിയോട് നേരിട്ട് ഈ കാര്യം ചോദിച്ചാല്‍ എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നോ? ഇതുവരെ താന്‍ ചോദിച്ചതൊന്നും തരാതിരുന്നയാളല്ലോ ഹാജ്യാര്‍. പക്ഷേ ഇനിയെന്തു ചെയ്യും?

സമരത്തിന്റെ ദിനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഹാജ്യാര്‍ക്ക് മുട്ടുമടക്കേണ്ട അവസ്ഥ വന്നു എന്ന് പറയാന്‍ പറ്റില്ല. പണ്ട് പൊക്രാനില്‍ അണുപരീക്ഷണം നടത്തിയപ്പോള്‍ അമേരിക്ക ഇന്ത്യക്ക് ഉപരോധം ഏര്‍പ്പെടുത്തിയ പോലൊരു ചെറിയ ബുദ്ധിമുട്ടേ ഹാജ്യാര്‍ക്ക് സമരത്തെ കുറിച്ച് തോന്നിയുള്ളൂ. മറുവശത്ത് സമരക്കാരുടെ ആവേശവും കുറഞ്ഞുകൊണ്ടിരുന്നു. പ്രവര്‍ത്തകരുടെ കുറവ് സമരത്തെ ബാധിച്ചുതുടങ്ങി.

അധികം നീട്ടാതെ ഈ സമരം ഒത്തുതീര്‍പ്പാക്കുക എന്നത് പാര്‍ട്ടിക്കാരുടെയും ഹാജ്യാരുടെയും ആവശ്യമായി മാറി. ഒരു ഒത്തുതീര്‍പ്പിന് മുഖാമുഖമിരിക്കാന്‍ രണ്ടുപേര്‍ക്കും മടി. അങ്ങനെ സമാധാനചര്‍ച്ചക്ക് നേതൃത്വം വഹിക്കാനുള്ള ആളെ പാര്‍ട്ടിക്കാര്‍ കണ്ടുപിടിച്ചു. ഞമ്മളെപാര്‍ട്ടി നേതാവ് ആലീക്കയുടെ മധ്യസ്ഥതയില്‍ പ്രശ്നം ഒത്തുതീര്‍പ്പായി.

ഒത്തുതീര്‍പ്പ് ഫോര്‍മുല ഇതായിരുന്നു; പക്കര്‍ക്കാക്ക് കുടികിടപ്പ് നല്‍കുക. സമരം വകയില്‍ പാര്‍ട്ടിക്കുണ്ടായ ചിലവ് ഹാജ്യാരും പക്കര്‍ക്കയും കൂടി വഹിക്കണം. ഈ തീരുമാനത്തോട് ഹാജ്യാര്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ സമരത്തിന്റെ ചിലവും പക്കര്‍ക്ക തനിച്ച് വഹിക്കേണ്ട സ്ഥിതിയായി. എങ്ങനെയെങ്കിലും പ്രശ്നം തീര്‍ക്കേണ്ടത് പക്കര്‍ക്കയുടെ ആവശ്യമായതിനാല്‍ കിട്ടിയ 9 സെന്റില്‍ ഒരു സെന്റിനു പകരം ഹാജ്യാര്‍ കൊടുത്ത പൈസ സമരക്കാര്‍ക്ക് കൊടുക്കാന്‍ പക്കര്‍ക്ക സമ്മതിച്ചു.

പ്രശ്നം പരിഹരിക്കപ്പെട്ടു. പത്തോ ഇരുപതോ സെന്റ് പാവം പക്കറിന് കൊടുക്കണം എന്ന് വിചാരിച്ച അമ്മദാജി ഒന്‍പത് സെന്റില്‍ പ്രശ്നം തീര്‍ത്തു. പക്ഷേ അതോടൊപ്പം തന്റെ വിശ്വസ്തനായ ഒരു കാര്യസ്ഥനെ അദ്ദേഹത്തിന് നഷ്ടമായി.

സഖാവ് ഹമീദ് പിന്നീട് നാട്ടിലെ പലപ്രശ്നങ്ങളിലും മധ്യസ്ഥം വഹിക്കാന്‍ തുടങ്ങി. പാര്‍ട്ടി വളര്‍ന്നു. അടുത്ത പ്രാവശ്യം തിരഞ്ഞെടുപ്പ് വന്നപ്പോള്‍ പഞ്ചായത്ത് മെമ്പറുമായി അദ്ദേഹം.

പക്കര്‍ക്കയ്ക്ക് എന്തുപറ്റി?

ചോദിക്കാതെ കിട്ടുമായിരുന്ന 20 സെന്റിനു പകരം ചോദിച്ചുവാങ്ങിയ 8 സെന്റുമായി ജീവിക്കേണ്ട സ്ഥിതിയായി അദ്ദേഹത്തിന്. ഹാജ്യാരുടെ കുടുംബത്തില്‍ നിന്ന് കിട്ടിയിരുന്ന സഹായവും അവസാനിച്ചു. ഇതൊന്നും പോരാഞ്ഞിട്ട് താന്‍ കൊടുത്ത ആ 8 സെന്റ് സ്ഥലത്ത് പക്കര്‍ക്കായുടെ വീടിന് രണ്ടടി അകലത്തില്‍ അമ്മദാജി ഒരു കല്‍മതില്‍ പണിയിച്ചു, ഒന്നര ആള്‍ പൊക്കത്തില്‍. ആ മതില്‍കെട്ടില്‍ പക്കര്‍ക്കായുടെ വീടിന് ശ്വാസം മുട്ടി. പക്കര്‍ക്കായുടെ വീട്ടിലെ ഏത് ജനല്‍ തുറന്നാലും ആ മതിലിനെ തൊട്ടുനില്‍ക്കും. വഴിക്ക് വേണ്ടി ഒരു ഒറ്റയടിപ്പാതയ്ക്കുള്ള സ്ഥലം ഹാജ്യാര്‍ പറമ്പില്‍ മാറ്റി വച്ചു, വെറും രണ്ട് മീറ്ററുള്ള ആ വഴി ചെന്ന് നില്‍ക്കുന്നത് പറമ്പിന്റെ തെക്കേ മൂലയില്‍ അതിരിനായി വെട്ടിയ ഇടവഴിയിലേക്ക്. ആ ഇടവഴിയില്‍ ചാടി പത്തിരുപത് ഏക്കര്‍ വലിപ്പമുള്ള ആ പറമ്പ് ചുറ്റി പക്കര്‍ക്ക എന്നും നടക്കും, ജോലിതേടി അങ്ങാടിയിലേക്ക്...