Sunday, June 14, 2009

ഉളി

അന്ന് വല്ലാത്തൊരു ദിവസമായിരുന്നു, വയറ്റില്‍ നിന്ന് ഒരു ജാതി “പെരള്യക്കേട്“, എന്നുവച്ചാല്‍ ഒരു ഇളക്കം.

അവസാനത്തെ പിരീഡ് ബീരാന്മാഷുടെ ക്ലാസാണ്. അന്ന് മൂപ്പരുടെ പറമ്പില്‍ തെങ്ങുമ്മല്‍ കയറാന്‍ ആള്‍ പോയിട്ടുണ്ടെന്ന് ക്ലാസില്‍ ആദ്യമേ ഒരു സംസാരമുണ്ടായിരുന്നു. അതുകൊണ്ട് സ്കൂള്‍ വിടുന്നതിനു മുന്‍പ് മാഷ് പോകും. അവസാന പിരീഡ് ക്ലാസ്സുണ്ടാവില്ല, ഒച്ച വച്ച് മറ്റുള്ള ക്ലാസുകാര്‍ക്ക് ശല്യമുണ്ടാവാതിരിക്കാന്‍ ക്ലാസ് നേരത്തെ വിടും. അങ്ങനെയാണെങ്കില്‍ എനിക്ക് വീടെത്തുന്നതു വരെ പിടിച്ചുനില്‍ക്കാം. ആ പ്രതീക്ഷയിലായിരുന്നു ഞാന്‍.

പക്ഷെ അത് പൊളിഞ്ഞു. കുഞ്ഞബ്ദുല്ല മാഷ് ഞങ്ങളുടെ ക്ലാസില്‍ വന്ന് മൂപ്പരുടെ പലചരക്ക് കടയിലെ വരവ് ചിലവ് കണക്കെഴുതാന്‍ തുടങ്ങി. ആര്‍ക്കും ഒന്നും മിണ്ടാന്‍ പറ്റില്ല. മാഷും ഒന്നും മിണ്ടില്ല. ഇതിലും നല്ലത് ബീരാന്മാഷിന്റെ ക്ലാസ് തന്നെയായിരുന്നു!

അങ്ങനെ മണിയടിച്ചു. ദേശീയഗാനം ചൊല്ലാന്‍ തുടങ്ങി. ബാഗും പുസ്തകവും ഡെസ്കിന്റെ മേല്‍ എടുത്ത് വച്ച് എല്ലാവരും എഴുന്നേറ്റുനിന്നു.

“...ജയ ജയ ജയ ജയഹേ...” തീരുന്നതിനു മുന്‍പ് തന്നെ രണ്ടുമൂന്ന് പേര്‍ പുറത്ത് ചാടിയിരുന്നു.

“അവിടെ നിക്കെടാ...”

കുഞ്ഞബ്ദുല്ല മാഷ് ഗര്‍ജ്ജിച്ചു.

ക്ലാസിന്റെ പുറത്തേക്ക് കാല്‍ വച്ചുപോയവര്‍പോലും സ്റ്റില്‍!

“അവസാനത്തെ ജയ വരുന്നതിനു മുന്നേ ക്ലാസ്സില്‍ നിന്നിറങ്ങിയവരെല്ലാം ഇങ്ങോട്ട് വന്നേ”
അവര്‍ക്കെല്ലാം കണക്കിനു കിട്ടി. സ്കൂള്‍ സമയം തീരുന്നതിനു മുന്‍പ് പുറത്തിറങ്ങാന്‍ പാടില്ലെന്ന് മൂപ്പര്‍ അടിച്ചോര്‍മ്മിപ്പിച്ചു.

ഓടാന്‍ പോയിട്ട്, നന്നായി ഒന്ന് കുലുങ്ങി നടക്കാന്‍ പോലും പറ്റാത്ത കണ്ടീഷനിലായിരുന്നു എന്റെ വയര്‍ എന്നതു കൊണ്ട് മാത്രം ഞാന്‍ ക്ലാസ്സില്‍ നിന്ന് ചാടിയിരുന്നില്ല. അതുകൊണ്ട് എന്റെ തടി സലാമത്തായി. (കയിച്ചിലായി, രക്ഷപ്പെട്ടു എന്നും വേണമെങ്കില്‍ പറയാം).

വയറിനുമേല്‍ നമുക്കുള്ള കണ്ട്രോള്‍ പൂര്‍ണമായി നഷ്ടപ്പെട്ടുപോയിട്ടുള്ള ഇത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു ഒറ്റമൂലിയുണ്ട്. ഭാരമുള്ള രണ്ട് കല്ലുകള്‍ പോക്കറ്റിലിടുക! വയറിനെ സംബന്ധിച്ച ഏതൊരു പ്രശ്നവും അതോടെ നില്‍ക്കുമെന്നാണ് വിശ്വാസം. കല്ലിന്റെ വലുപ്പം വയറിന്റെ പ്രശ്നത്തിന്റെ കാഠിന്യത്തിനനുസരിച്ചായിരിക്കണം.

കല്ല് രണ്ടെണ്ണം തപ്പിയെടുത്തപ്പോഴാണ് അതിഭയങ്കരമായ ആ സത്യം ഞാന്‍ മനസിലാക്കിയത്. പോക്കറ്റിന് വളരെ വലിയ ഒരു ഓട്ട. ഇതിനു മുന്‍പ് ഇങ്ങനത്തെ ഒരു സന്ദര്‍ഭത്തില്‍ ഇട്ടിരുന്ന കല്ലുകള്‍ വീട്ടിലെത്തിയിട്ടും എടുത്തുമാറ്റാന്‍ ഞാന്‍ മറന്നുപോയി. ഉമ്മ പാന്റ്സ് അലക്കി. കീശ കീറുകയും ചെയ്തു.

ആ അടവ് ചീറ്റിപ്പോയതുകൊണ്ട് ഒടുവില്‍ മടിയോടെയാണെങ്കിലും അടുത്തുള്ള ഒരു വീട്ടില്‍ പോയി കാര്യം സാധിച്ച് കഴിയുമ്പോഴേക്കും ലേറ്റായി. കൂട്ടുകാരൊക്കെ പോയ്ക്കഴിഞ്ഞു.

ഒറ്റയ്ക്ക് ഇടവഴിയിലൂടെ നടന്നുപോകുമ്പോഴാണ് ആ ഉളി എനിക്ക് കിട്ടിയത്. ഉളിതന്നെ, നല്ല സുന്ദരന്‍ ഉളി. ചെറുതാണ്; കാര്യമായ മൂര്‍ച്ചയൊന്നുമില്ല. മൂര്‍ച്ച വരുത്തിക്കഴിഞ്ഞാല്‍ ഉപയോഗിക്കാം. പക്ഷെ അതുമായി വീട്ടില്‍ പോയാല്‍ പ്രശ്നമാണ്. എവിടുന്നു കിട്ടി, എങ്ങനെ കിട്ടി തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കല്‍ ഒരു വലിയ എടങ്ങാറാണ്. അതുകൊണ്ട് ഞാന്‍ ഉളി പള്ളിയിലെ നേര്‍ച്ചപ്പെട്ടിയുടെ താഴെയുള്ള കല്ലിടുക്കില്‍ വച്ചു, തിരിച്ച് സ്കൂളിലേക്ക് പോകുമ്പോള്‍ എടുക്കാം..

പക്ഷെ ആ ഉളി അവിടെ വിട്ടു പോന്നതുകൊണ്ട് ആകെ ഒരു സമാധാനക്കേട്. ആരെങ്കിലും എടുത്തുകളയുമോ എന്നൊരു പേടി. എന്തായാലും പുലരും വരെ കാക്കാതെ രക്ഷയില്ലല്ലോ.

അവിടെ നിന്ന് ഉളി എടുത്തുകൊണ്ടുപോവണമെന്നുണ്ട്, പക്ഷെ കൈയിലെടുത്ത് കൊണ്ടുപോയാല്‍ കൂട്ടുകാരെല്ലാവരും കാണും. ബാഗിലിട്ടാല്‍ ബാഗ് കീറിപ്പോകും, കീശയിലും ഇടാന്‍ പറ്റില്ല. കൂടുതല്‍ ശക്തനായ ആരെങ്കിലും അത് പിടിച്ചുവാങ്ങാനും മതി. ഇനി അവരെല്ലാം പോയിക്കഴിഞ്ഞ് കൊണ്ടു പോകാം എന്നുവച്ചാല്‍, ഒറ്റയ്ക്ക് പോകേണ്ടിവരും. പേടിയാവും. ആകെക്കൂടെ പട്ടിക്ക് മുഴുത്തേങ്ങ കിട്ടിയ അതേ അവസ്ഥ!

എങ്കില്‍ പിന്നെ കൂട്ടുകാരില്‍ വിശ്വസ്തനായ ഏതെങ്കിലും ഒരുത്തനെ മാത്രം അറിയിച്ച്, ബാക്കിയുള്ളവരെല്ലാം പോയിക്കഴിഞ്ഞതിനു ശേഷം അവനെ കമ്പനി കൂട്ടി അതും എടുത്ത് സ്ഥലം വിടാമെന്ന് തീരുമാനിച്ചു.
സംഗതി ഓക്കെയായി. ഉളി കയ്യില്‍ കിട്ടി. ആളു കൂടെയുണ്ടായിരുന്നതു കൊണ്ട് ധൈര്യവുമുണ്ടായിരുന്നു. പക്ഷെ ഉളി കണ്ടപ്പോള്‍ കൂട്ടുകാരനും അതിനോടൊരു താല്പര്യം, കിട്ടിയാല്‍ കൊള്ളാമെന്നൊരു ചിന്ത. അവനാണെങ്കില്‍ ഉളി കൊണ്ട് വളരെയേറെ ഉപയോഗമുണ്ട്. ക്രിക്കറ്റ് ബാറ്റുണ്ടാക്കാനുണ്ട്, അവന്റെ കോഴിക്കൂടിന് വളരെയേറെ അറ്റകുറ്റപ്പണികളുണ്ട്, പിന്നെ ഈയടുത്ത് കയ്യില്‍ കിട്ടിയ ഒരു പഴയ തക്കാളിപ്പെട്ടി പൊളിച്ച്, അതു കൊണ്ട് വണ്ടി ഉണ്ടാക്കണം... ചുരുക്കിപ്പറഞ്ഞാല്‍ അവന്‍ ഒരു ഉളി വാങ്ങാന്‍ അന്വേഷിച്ചു നടക്കുകയായിരുന്നു. തേടിയ വള്ളി ചുറ്റി, അവന്റെ കാലില്‍ .

എനിക്കാണെങ്കില്‍ അതുകൊണ്ട് എന്താവശ്യം? എനിക്ക് ക്രിക്കറ്റ് ബാറ്റുണ്ടാക്കാനറിയില്ല. എനിക്ക് കോഴിക്കൂടില്ല. തക്കാളിപ്പെട്ടി ഉണ്ടാക്കുന്നതു പോയിട്ട് ഒന്നു തല്ലിപ്പൊളിക്കാന്‍ പോലും അറിയില്ല. അതുകൊണ്ട് എനിക്ക് ഉളി കിട്ടിയിട്ട് ഒരു കാര്യവുമില്ല - കൂട്ടുകാരന്‍ എന്നെ കാര്യം പറഞ്ഞു മനസിലാക്കിത്തന്നു. പള്ളിപ്പറമ്പില്‍ നിന്ന് വീട്ടിലേക്കെത്താനെടുത്ത പത്തു മിനിറ്റിനുള്ളില്‍ അവനെന്റെ ബ്രെയ്ന്‍ വാഷ് ചെയ്തു. ഉളി അവനു നല്‍കാന്‍ ഞാന്‍ സമ്മതിച്ചു. പകരമായി അവനെനിക്ക് രണ്ടു രൂപ തന്നു. അവന്‍ ഉണ്ടാക്കുന്ന ക്രിക്കറ്റ് ബാറ്റില്‍ പാതി അവകാശവും. അവന്‍ ഹാപ്പി, ഞാനും ഹാപ്പി.

വീട്ടിലെത്തിയപ്പോള്‍ പക്ഷെ എനിക്കൊരു വീണ്ടുവിചാരം. രണ്ടുരൂപക്ക് ഉളി വിറ്റത് മണ്ടത്തരമായിപ്പോയില്ലേ? അല്ലെങ്കിലും ക്രിക്കറ്റ് ബാറ്റില്‍ ഷെയര്‍ കിട്ടിയിട്ട് എനിക്കെന്തു ഗുണം? ആകെ കണ്‍ഫ്യൂഷന്‍.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവന്‍ ബാറ്റ് റെഡിയാക്കി. പക്ഷെ അതില്‍ എന്റെ അവകാശം അവന്‍ പ്രഖ്യാപിച്ചില്ല! മാത്രവുമല്ല, “എന്റെ പുതിയ ബാറ്റ് കണ്ടോ? എന്റെ പുതിയ ബാറ്റ് കണ്ടോ” എന്നും പറഞ്ഞ് അവന്‍ എല്ലാര്‍ക്കും ബാറ്റ് കാണിച്ചു കൊടുത്തു. കൂട്ടത്തില്‍ എനിക്കും കാണിച്ചുതന്നു. ദേഷ്യം കൊണ്ടെന്റെ കണ്ണുചുവന്നു; അവനെന്നെ പറ്റിച്ചിരിക്കുന്നു. പക്ഷെ എന്തു ചെയ്യാന്‍, ഉളി വിറ്റു തുലച്ചില്ലേ ഞാന്‍. എന്നാലും അവന്‍ അങ്ങനെ സന്തോഷിക്കാന്‍ പാടില്ല.

“കെ. എം” അതെ, “കെ. എം”... ഇതില്‍ പിടിച്ചാണ് ഇനിയുള്ള കളി.

കെ. എം എന്നുവച്ചാല്‍ കുഞ്ഞുമുഹമ്മദ്. ഞങ്ങളുടെ കുഞ്ഞമ്മദ്ക്ക. എന്നെ സംബന്ധിച്ചിടത്തോളം കുറ്റ്യാടി വരെ ഓട്ടോറിക്ഷയില്‍ ഫ്രീയായി വിട്ടുതരുന്ന റഹീംക്കയുടെ ഉപ്പ. ഞങ്ങളുടെ പശുവിനെ കറക്കാന്‍ വരുന്ന കദിയേച്ചയുടെ ഭര്‍ത്താവ്, ഉപ്പാക്ക് വീട്ടിലെ അല്ലറചില്ലറ പണികള്‍ ചെയ്തു തരാന്‍ വരുന്ന കുഞ്ഞമ്മദ്ക്ക, സ്നേഹമുള്ള അയല്‍ക്കാരന്‍.

ആ ഉളിയുടെ പിടിയില്‍ കെ എം എന്ന് കൊത്തിയിട്ടുണ്ടായിരുന്നു. കുഞ്ഞുമുഹമ്മദ് എന്നതിന്റെ ഷോര്‍ട്ട്ഫോം. ആയിടക്ക് ഏതോ മരണം നടന്ന വീട്ടില്‍ ചെന്നപ്പോള്‍, മയ്യത്തിന്റെ മേലെ മണ്ണ് വീഴാതിരിക്കാന്‍ വേണ്ടി കബറില്‍ വെക്കുന്ന പലകക്കഷണങ്ങള്‍ അളവു വെച്ച് മുറിക്കാന്‍ വേണ്ടി കുഞ്ഞമ്മദ്ക്ക ആ ഉളി ഉപയോഗിക്കുന്നത് കണ്ട കാര്യം എനിക്കോര്‍മ്മ വന്നു. ഇതു വച്ച് അവനെ പിടിക്കാം!

പിറ്റേന്ന് മദ്രസവിട്ടു വരുന്ന വഴിക്ക് ഞാന്‍ വളരെ നാടകീയമായി കൂട്ടുകാരനോട് ഒരു കള്ളം പറഞ്ഞു. തന്റെ നഷ്ടപ്പെട്ട ഉളി അന്വേഷിച്ച് കുഞ്ഞമ്മദ്ക്ക നടക്കുന്ന കാര്യം. ഇന്നലെ എന്റെ വീട്ടില്‍ അന്വേഷിച്ചു വന്നിരുന്നു. മിക്കവാറും ഇന്ന് അവന്റെ വീട്ടിലും വരും. അവന്‍ പുതിയ ബാറ്റുണ്ടാക്കിയതും മറ്റും മൂപ്പര്‍ അറിഞ്ഞിട്ടുണ്ടെങ്കില്‍ പിന്നെ അതൊരു പ്രശ്നമായി മാറാനും മതി. അതുകൊണ്ട് ഉളി തിരിച്ചുകൊടുക്കുന്നതാണ് ബുദ്ധി എന്ന എന്റെ ഉപദേശം മനസില്ലാമനസോടെ അവന്‍ സ്വീകരിച്ചു. അവന്‍ തന്ന രണ്ടു രൂപയില്‍ അവനടക്കം പുട്ടടിച്ച ഒരു രൂപ കഴിച്ച് ബാക്കി ഞാന്‍ തിരിച്ചു കൊടുത്തു.

ഉളി ഞാന്‍ തിരിച്ചുവാങ്ങിച്ചു.

പിറ്റേന്ന് രാവിലെ തന്നെ ഞാന്‍ കുഞ്ഞമ്മദ്ക്കയുടെ വീട്ടിലെത്തി. സത്യസന്ധതയുടെ പര്യായമായ ഞാന്‍ കുഞ്ഞമ്മദ്ക്കയുടെ നഷ്ടപ്പെട്ട ഉളി തിരിച്ചു കൊടുത്തു. തന്റെ നഷ്ടപ്പെട്ട മഴു തിരിച്ചുതന്ന ജലദേവതയോട് മരംവെട്ടുകാരന് തോന്നിയ അതേ സ്നേഹവും കൃതജ്ഞതയുമല്ലേ കുഞ്ഞമ്മദ്ക്കായുടെ മുഖത്തുണ്ടായിരുന്നത് എന്ന് ഞാന്‍ അന്നാലോചിച്ചിരുന്നു എന്നിപ്പൊ ഞാനോര്‍ക്കുന്നു!

കാലം കുറേയേറെ കഴിഞ്ഞു. സ്കൂളും മദ്രസയുമൊക്കെ വിട്ട് കോളേജും കഴിഞ്ഞ് ഞാന്‍ നാടുവിട്ടു. ഗള്‍ഫുകാരനായി രണ്ടു വര്‍ഷവും കഴിഞ്ഞു.

കഴിഞ്ഞ അവധിക്ക് നാട്ടിലെത്തിയ അന്ന് ഉമ്മ കുഞ്ഞമ്മദ്ക്കയുടെ അസുഖത്തിന്റെ കാര്യം പറഞ്ഞു. വിട്ടുമാറാത്ത ഒരു ചുമയായിട്ടായിരുന്നു തുടക്കം. പിന്നീട് തൊണ്ടയില്‍ വേദന തുടങ്ങി. ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ട്. അടുത്തുള്ള ഡോക്ടര്‍മാരുടെ മരുന്നുകളെല്ലാം കഴിച്ചിട്ടും മാറാതായപ്പോള്‍ മെഡിക്കല്‍ കോളേജില്‍ കാണിച്ചു. അവര്‍ രോഗം തീര്‍ച്ചപ്പെടുത്തി. തൊണ്ടയില്‍ കാന്‍സര്‍. അതാണ് രോഗമെന്ന് കുഞ്ഞമ്മദ്ക്കയോട് പക്ഷേ ആരും പറഞ്ഞിട്ടില്ല.

ഉമ്മയുടെ കൂടെ ഞാനും കുഞ്ഞമ്മദ്ക്കയെ കാണാന്‍ പോയി. മകന്‍ പുതിയതായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വീട്ടിലാണിപ്പോള്‍ അദ്ദേഹം. “മനേ, എന്റെതൊന്നും ഒരു സൂക്കേടല്ല, കോയിക്കോട് കോളേജില് ബെര്ന്ന ഓരോ രോഗികള കാണണ്ടേ... തൊണ്ടേല് കൊയല് ഇട്ട്യോല്, ലൈറ്റടിക്കേന്‍ വന്നോല്... കണ്ടാല് സങ്കടാവും, പടച്ചോന്‍ സഹായിച്ചിറ്റ് എനക്ക് അത്തിര എടങ്ങാറില്ല“ മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ വാര്‍ഡില്‍ കിടന്ന ദിവസങ്ങളെ പറ്റി കുഞ്ഞമ്മദ്ക്ക ഓര്‍ത്തു. റേഡിയേഷനും കീമോത്തെറാപ്പിക്കും വന്ന രോഗികളെ കുറിച്ച് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിട്ടും അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു.

പാലിയേറ്റീവ് കെയര്‍ മാത്രം മതിയെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചിരുന്നു. മോര്‍ഫിന്‍ കുഞ്ഞമ്മദ്ക്കയുടെ ശരീരത്തിലെ വേദനകളെ കൊല്ലുന്നുണ്ട്. “ ഇപ്പൊ പണ്ടേത്തെപ്പോലെ വേദനയൊന്നും ഇല്ല, നല്ല സമാധാനണ്ട്..”

“ചായ കുടിച്ചിറ്റ് പോയാ മതി. കദിയേ.. ഇവല്ക്ക് ചായ കൊണ്ട്വോട്ക്ക്..” ഉമ്മയോട് സംസാരിച്ചുകൊണ്ടിരുന്ന കദിയേച്ചായോട് കുഞ്ഞമ്മദ്ക്ക നിര്‍ബന്ധം പിടിച്ചു. എന്റെ ജോലിക്കാര്യത്തെ പറ്റിയും, മക്കളുടെ ഗള്‍ഫ് ജീവിതത്തെ പറ്റിയും, പേരക്കിടാവിന്റെ വികൃതികളെ പറ്റിയും കുഞ്ഞമ്മദ്ക്ക ഏറെ സംസാരിച്ചു.

ഒരാഴ്ച കഴിഞ്ഞ് ടൌണില്‍ പോയി തിരിച്ചു വരുമ്പോള്‍ ഞങ്ങളുടെ പഞ്ചായത്ത് റോഡില്‍ കുറേയേറെ ആണുങ്ങളും പെണ്ണുങ്ങളും നടന്നുനീങ്ങുന്നതു കണ്ടു. വീട്ടിലെത്തിയപ്പോള്‍ ഉമ്മയും ഉപ്പയും ഇറങ്ങാന്‍ തയ്യാറായി നില്‍ക്കുന്നു.

“കുഞ്ഞമ്മദ്ക്ക.... പോയി..” ഉപ്പ പറഞ്ഞു.

“ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍...” മനുഷ്യന്‍ ദൈവത്തില്‍ നിന്നുള്ളതാണ്, അവന്‍ ദൈവത്തിലേക്കുതന്നെ മടക്കപ്പെടുന്നവനാണ്...

വളരെ പെട്ടന്നായിരുന്നു എല്ലാം. രോഗം നിര്‍ണയിച്ച് ഏതാണ്ടൊരു മാസത്തിനുള്ളില്‍ എല്ലാം കഴിഞ്ഞു. ഒരു നല്ല മനുഷ്യന്‍ കൂടി യാത്രയായി.

മയ്യത്ത് ഖബറടക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. അയല്‍‌വാസികളും നാട്ടുകാരും, എല്ലാവരുമുണ്ട്. ഖബറില്‍ വെക്കാനുള്ള പലകകള്‍ കുഞ്ഞമ്മദ്ക്കയുടെ അനുജന്‍ അളവനുസരിച്ച് മുറിച്ചെടുക്കുന്നു. സഹായിക്കാന്‍ എന്നെ ആരോ ഏല്‍പ്പിച്ചു. ഇടക്ക് ഒഴിവുകിട്ടിയപ്പോള്‍ അദ്ദേഹം താഴെവച്ച ഉളി ഞാന്‍ എടുത്തുനോക്കി. അതിന്റെ പിടിയില്‍ കെ എം എന്ന് എഴുതിയിട്ടുണ്ടായിരുന്നു.

നമ്മുടെ ആയുസ്സിന്റെ അരിക് ചെത്തിയെടുക്കാനുള്ള ഉളിയും എവിടെയോ മൂര്‍ച്ചകൂട്ടി ഇരിക്കുന്നുണ്ടാവും...