Friday, October 17, 2008

തേങ്ങാക്കൊല - The Bunch Of Coconut

“ധും... പ്ദും... പ്ഠും... പ്ഡും.... ഹ്ശ്‌ശ്‌ശ്‌പ്ലും.....“

ഉറക്കത്തിലും എനിക്ക് കത്തി, സംഭവം അതു തന്നെ; കണാരേട്ടന്‍ തെങ്ങുമ്മല്‍കേറാന്‍ എത്തിയിരിക്കുന്നു. എത്തിയിരിക്കുന്നു എന്നുമാത്രമല്ല, മൂപ്പര്‍ പണിയും തുടങ്ങിയിരിക്കുന്നു, എനിക്ക് പണി തരാനും...

ഇനിയിപ്പോള്‍ എന്തൊക്കെയാണ് സംഭവിക്കുക എന്നുവച്ചാല്‍...

അടുക്കളയില്‍ ദോശ ഉണ്ടാക്കുന്നതിന്റെ തിരക്കിനിടയിലും ഉമ്മ എന്റെ മുറിയിലെത്തും. എന്നിട്ട് എന്നെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങും: “നോക്ക്... ഇഞ്ഞ് ഇണീക്ക്... കണാരനതാ തെങ്ങ്മ്മല് കയര്വേന്‍ ബന്ന്ക്ക്... ഇണീക്ക് ചെറിയോനേ... ഇണി‌ഇണി....”

“മ്... ഓറ് തേങ്ങ പറിച്ച് തീരട്ടെ... എന്നിറ്റ് ഇണീക്കാ ഉമ്മാ... ഞാന്‍ കൊറച്ചുംകൂടി ഒറങ്ങട്ടെ...”

വെള്ളിയാഴ്ച്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും രാവിലെ 8 മണിയാവുമ്പോഴേക്ക് മദ്രസയില്‍ എത്തണം. ആകെക്കൂടെ ആഴ്ച്ചയില്‍ ഒരിക്കല്‍ അല്‍പ്പം ഉറങ്ങാന്‍ സമയം കിട്ടുന്ന ഈ ദിവസം കണക്കാക്കിയാണ് കണാരേട്ടന്‍ തെങ്ങുമ്മല്‍കേറാന്‍ വന്നിരിക്കുന്നത്.

“ഇഞ്ഞ് ഇണീക്ക്, ഉപ്പ ഇപ്പം വെരും.. ഉപ്പാനെ വെറ്പ്പ് പിടിപ്പിക്കാണ്ട് വന്ന് തേങ്ങ പെറുക്കിയിട്ട് കൊടുക്ക്... ചെല്ല്... ചെല്ല്....” ഉമ്മ എന്നെ എഴുന്നേല്‍പ്പിക്കാനുള്ള അനുപല്ലവി തുടങ്ങും, പക്ഷെ അത് മുഴുവനാക്കാന്‍ ഉമ്മയ്ക്ക് മിക്കവാറും പറ്റാറില്ല, അപ്പോഴേക്കും അടുക്കളയില്‍ ഏതെങ്കിലും കുരുത്തംകെട്ട പൂച്ച എന്തെങ്കിലും അക്രമം കാണിച്ചിരിക്കും, അല്ലെങ്കില്‍ ദോശകരിയാന്‍ തുടങ്ങിയിരിക്കും... എന്നെ വിട്ട് ഉമ്മ സ്വന്തം കാര്യം നോക്കിപ്പോവും.

പക്ഷെ അധികനേരം കഴിയും മുന്‍പുതന്നെ ജനാലയ്ക്ക് മുട്ടാന്‍ തുടങ്ങും ഉപ്പ. മുട്ടുക എന്ന് പറഞ്ഞാല്‍ അതൊരു കുറച്ചിലാണ്. സത്യത്തില്‍ ജനലിന്റെ ഫ്രെയിം ഇരൂള്‍ മരം കൊണ്ട് ഉണ്ടാക്കിയതായത് കൊണ്ട് പൊട്ടിപ്പോവുന്നില്ല എന്നേയുള്ളൂ... ആ ജാതി തട്ടലാണ്. വീടിന്റെ ഡിസൈനില്‍ മക്കളുടെ ശീലങ്ങള്‍ക്കും പങ്കുണ്ട് എന്ന കാര്യം അദ്ദേഹത്തിന് പണ്ടേ അറിയാമായിരുന്നു.

ഇനിയും എഴുന്നേല്‍ക്കാതിരിക്കണമെങ്കില്‍ ചെവിക്ക് വല്ല പ്രശ്നവുമുണ്ടാവണം. ഒരു വിധപ്പെട്ട ഉറക്കമെല്ലാം ആ ഒച്ചകേള്‍ക്കുന്നതോടെ പോകും.

ഈ മേലെ ഉദ്ധരിച്ച ശബ്ദങ്ങള്‍ ഞാന്‍ വിശദീകരിക്കാം. ധും എന്നത് വളരെ നാച്ചുറലായ ശബ്ദമാണ്. കണാരേട്ടന്‍ തെങ്ങിന്റെ തലയില്‍ കയറി തന്റെ മൂര്‍ച്ചയേറിയ വാക്കത്തികൊണ്ട് വീശുമ്പോള്‍ ഒറ്റയായി വീഴുന്ന തേങ്ങകള്‍ മഴയും മഞ്ഞും കൊണ്ട് നനഞ്ഞ മണ്ണില്‍ തങ്ങളുടെ അറൈവല്‍ അക്ക്നോളജ്മെന്റായി പുറപ്പെടുവിക്കുന്ന ശബ്ദമാണത്; ധും!

കണാരേട്ടന്‍ ഏതെങ്കിലും തെങ്ങിന്റെ മുകളില്‍ കയറിയാല്‍ അതിന്റെ തൊട്ടുതാഴെ തന്നെ നിന്ന്, മൂപ്പര്‍ തേങ്ങ പറിച്ച് തീര്‍ക്കുന്നതിനു മുന്‍പ് തന്നെ ഇതൊക്കെയൊന്ന് പെറുക്കിയിട്ട് തീര്‍ത്തുകളഞ്ഞാല്‍ കളിക്കാന്‍ പോവാല്ലോ എന്നോര്‍ത്ത് തലയും ചൊറിഞ്ഞ്, അല്ലെങ്കില്‍ ചിലപ്പോള്‍ കൈലി/ട്രൌസറ് കയറ്റി കാലും ചൊറിഞ്ഞ് (പറമ്പില്‍ ആവശ്യത്തിന് തൂവ/ചൊറിയണംസ് ഉണ്ടേ...) ഇരിക്കുമ്പോഴാണ് മുകളിലിരുന്ന് കണാരേട്ടന്‍ താഴെ മാറി നില്‍ക്കുന്ന ഉപ്പ വഴി എന്നെ ചീത്ത പറയുന്നത്: “ആടന്നങ്ങോട്ട് മാറി നിന്നൊ ചെറിയോനേ... തേങ്ങ തലേല് വീണിറ്റ് ഇന്ന വെലിച്ച്പായ്യേന്‍ ഇബ്ഡ ആരിക്കും ആവ്വൂല...”

തേങ്ങ എടുത്തിട്ട് കൊടുത്താലും പോര, “വായിക്കേടും“ (കുറ്റ്യാടി നിഘണ്ടു പ്രകാരം വായിക്കേട് = ചീത്തവിളി. വഴക്ക് എന്ന ഒറിജിനല്‍ വാക്കില്‍ നിന്ന് വന്നതായിരിക്കാം) കേള്‍ക്കണം. എന്തൊരു ഗതികേട്...

സോറി, റൂട്ട് മാറിപ്പോയി, ഇനി അടുത്ത സ്വരത്തെ ഡിഫൈന്‍ ചെയ്യാം.

പ്ഠും എന്ന ശബ്ദത്തിന്റെ സ്വരസ്ഥാനം അല്‍പ്പം മാറിയാണ് കിടക്കുന്നത്. കൃത്യമായി പറയുകയാണെങ്കില്‍ അടുക്കളമുറ്റത്ത് നിന്ന് അല്‍പ്പം മാറി, തേങ്ങാക്കൂടയുടെ മേല്‍ക്കൂരയില്‍. അവിടെ തേങ്ങവീണ് ഓട് പൊട്ടിയ ശബ്ദമാണത്. മിക്കവാറും ഇതിന് ഒരു അറ്റാച്ച്മെന്റായി ഉമ്മാമയുടെ വക ഒരു ദീനരോദനവും കേള്‍ക്കാം; “ഹത, പടച്ചോനേ... പഹയന്‍ ഓടിന്റെ മോള്ള്ത്തെന്നെ തേങ്ങ പറിച്ചിട്ട്... കണാരാ, ശൈത്താനെ, ഇഞ്ഞ് കയിഞ്ഞകുറി തെങ്ങ്മ്മെ കയരിയ നേരവും നാല് ഓട് പൊട്ടിച്ചതാ... എന്തായാലും ഇത് ഇഞ്ഞ് തന്നെ മാറ്റി ഇട്ട് തന്നിക്കില്ലേങ്കില് ചായേന്റെ ബെള്ളം തെരുവേല ഞാന്... ങാ...”

അവിടേം പണി എനിക്ക് തന്നെ, കണാരേട്ടന്‍ തെങ്ങ്കയറിത്തീരുന്നതിനു മുന്‍പ് പുതിയ ഓട് വാങ്ങിക്കൊണ്ടുവരണം; അങ്ങാടിയില്‍ പോയായാലും അടുത്ത വീട്ടില്‍ നിന്നായാലും.

അടുത്ത ശബ്ദം; പ്ഡും. ഇതും ഉമ്മാമ്മയുടെ നെഞ്ചിടിപ്പുകൂട്ടുന്ന ഒരു സ്വരമാണ്. ഇവിടെ തേങ്ങ വീണിരിക്കുന്നത് ഓടിന്റെ പുറത്തല്ല, “ബയ്യാപ്പൊറത്ത്” (പുറകുവശം/അടുക്കളമുറ്റം)കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ഏതോ കുടുക്ക/ചട്ടിയുടെ മൂര്‍ത്തിയിലാണ് (ഏയ്.. ആ മൂര്‍ത്തിയല്ല, “ഞമ്മളെ“ വീടുകളില്‍ മൂര്‍ത്തികള്‍ ഇല്ല; മൂര്‍ത്തി എന്നുവച്ചാല്‍ മൂര്‍ദ്ധാവ് എന്ന്). സാധാരണഗതിയില്‍ കണാരേട്ടന്‍ തന്റെ ഓപ്പറേഷന്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ ഉമ്മാമ ഒരുവിധപ്പെട്ട ഫ്രാജെല്‍ മെറ്റീരിയത്സ് എല്ലാംതന്നെ ബയ്യാപ്പൊറത്തുനിന്ന് മാറ്റിവെക്കാറുള്ളതാണ്. പാവം ഉമ്മാമ, അന്ന് ആ വക സാധനങ്ങളില്‍ ഏതോ ഒന്ന് മാറ്റിവയ്ക്കാന്‍ മറന്നു, കണാരേട്ടന്‍ ഹിറ്റ് ദ ടാര്‍ഗെറ്റ് വിത്തൌട്ട് ഫെയില്‍. ഉമ്മാമയുടെ സമ്പാദ്യത്തില്‍ നിന്ന് ഒരു കുടുക്ക കൂടെ നഷ്ടമായി. കണാരേട്ടന്റെ അക്കൌണ്ടിലേക്ക് ഉമ്മാമ വക പഴിപറച്ചിലിന്റെ ക്രെഡിറ്റ് ഒന്ന്കൂടി. എനിക്കും പണി കൂടി. അങ്ങാടിയിലേക്ക് അടുത്ത പാച്ചില്‍. ഈ പ്രാവശ്യത്തെ ആവശ്യം കുടുക്ക.

ഹ്ശ്ശ്ശ്ശ്ശ്പ്ലും എന്ന ശബ്ദം ഉണ്ടാക്കിയത് ഒരു കോറസാണ്. കുലയിലെ തേങ്ങകളെല്ലാം മൂത്തതാണെങ്കില്‍ കണാരേട്ടന്‍ എല്ലാത്തിനെയും കൂടെ ഒരുമിച്ച് ഭൂമിയിലേക്ക് പറഞ്ഞയക്കും. അതുകാരണമാണ് കാറ്റിന്റെ ശബ്ദം പൈലറ്റായി വരുന്നത്. ഇത് മൊത്തം താഴെ ചെളിയില്‍ വീണ് ആ വെള്ളം ചുമരിന്മേല്‍ തെറിക്കും. അതിനും ഉമ്മാമ കണാരേട്ടനെ സ്നേഹപൂര്‍വം ശാസിക്കും.

ഇതിലൊന്നും പെടാത്ത ഒരു ശബ്ദം ഒരിക്കല്‍ കേട്ടു.അബ്ദുസ്സമദ് ഏലിയാസ് സമദ് ഏലിയാസ് ചന്ദ് ഏലിയാസ് ചന്ദ്ക്ക ഏലിയാസ് ചന്ദ്ക്കാള ഏലിയാസ് കാള എന്ന എന്റെ കൊച്ചുകസിനാണ് കഥാനായകന്‍. അന്ന് ചന്ദിന്റെ പ്രായം വെറും തുച്ഛം. എങ്ങിനെ വന്നാലും അഞ്ചില്‍ കൂടില്ല. പക്ഷെ ഡയലോഗുകള്‍ക്ക് ഒരു പഞ്ഞവുമില്ല, കുരുത്തക്കേടുകള്‍ക്കും.

ആ കുഞ്ഞുപ്രായത്തിലും അവന് മലയാളഭാഷയില്‍ നല്ല പ്രാവീണ്യമുണ്ടായിരുന്നു. സിനിമാഗാനങ്ങള്‍ പോലും ലഘു - ഗുരു തിരിച്ച് വൃത്തം മനസിലാക്കി മാത്രമേ അവന്‍ ചൊല്ലാറുള്ളൂ. “രാമായണക്കാറ്റേ.. എന്‍ നീലാംബരിക്കാറ്റേ..” എന്ന ഗാനം അവന്‍ പാടിയിരുന്നത് ഇങ്ങനെയായിരുന്നു:

”രാമായെ... എണക്കാറ്റേ....
എന്‍നീലാമ്പേ... എരിക്കാറ്റേ...”

ഈ ചന്ദിന് ഒരു ചെറിയ അസുഖമുണ്ട്, ഈ കവിതയുടെ അസുഖേ... ഇടക്കിടക്ക് അവന്‍ കവിതകള്‍ ചൊല്ലും. തന്റെ ജീവിത സാഹചര്യങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന കല്‍പ്പനകളില്‍ അഭിരമിക്കുന്ന അവന്റെ ഹൃദയസ്പൃക്കായ വരികള്‍ കേട്ട് ഞാന്‍ പലപ്പോഴും ഖിന്നനായിപ്പോയിട്ടുണ്ട്!

കുടുംബത്തിലെ ആരുടെയോ കല്യാണദിവസം. വീട്ടില്‍ പെണ്ണുങ്ങളെല്ലാം കല്യാണത്തിന് ഇറങ്ങാനുള്ള ഒരുക്കങ്ങളില്‍. “എടവലത്തെ“ (അയല്‍‌വക്കത്തെ) “ബമ്പത്തി“ക്കോഴിയും “ബഡ്കൂസ്“കോഴിയും മുറ്റത്ത് ചിക്കിച്ചികയുന്നു. മുറ്റത്ത് സൈക്കിളില്‍ ചാരി‌ ഞാനിരിക്കുന്നു. എന്ത് കുരുത്തക്കേടൊപ്പിക്കണം എന്ന് ചിന്തിച്ച് തെങ്ങില്‍ കയ്യും കൊടുത്ത് ചന്ദ് നില്‍ക്കുന്നു. പുതുതായി മനസില്‍ വന്ന ഒരു കവിതയും അവന്‍ ചൊല്ലുന്നുണ്ട്.

“ചേരട്ട ബന്ന്....
പണിക്കാറ് ബന്ന്...

ചേരട്ടേനെ കണ്ട്...
ബടി കൊണ്ട് തോ‍ണ്ടീ...

കണ്ടത്തില് ചാടീ....”

കോലായില്‍ കണ്ട തേരട്ടയെ ഏതോ പണിക്കാരന്‍ തോണ്ടിയെടുത്ത് പറമ്പിലേക്ക് കളഞ്ഞുവത്രേ... പാവം തേരട്ട...

പെട്ടെന്നൊരു ശബ്ദം!

തേങ്ങവീണ ശബ്ദം തന്നെ, പക്ഷെ ഒരു സൈലന്‍സര്‍ പിടിപ്പിച്ച എഫക്റ്റുണ്ട് ശബ്ദത്തിന്. തിരിഞ്ഞുനോക്കുമ്പോള്‍ ബമ്പത്തിക്കോഴിയുടെയും ബഡ്ക്കൂസ് കോഴിയുടെയും തൂവല്പോലും കാണാനില്ല. ചന്ദ് തെങ്ങും ചാരി കവിതചൊല്ലിക്കൊണ്ട് നില്‍ക്കുകയല്ല, ഇരിക്കുകയാണ് തെങ്ങിന്റെ ചോട്ടില്‍, തെങ്ങിന് കൊടുത്തിരുന്ന കൈ അങ്ങനെത്തന്നെ വച്ചിട്ടുണ്ട്. അവന്റെ മുഖത്ത് ഒരു തരം “എറിഞ്ഞോനെ തിരിയാത്ത” ഭാവം. തൊട്ടപ്പുറത്ത് കുറ്റ്യാടിത്തേങ്ങകളുടെ സൈസിന് മകുടോദാഹരണമായി ഒരു കൊയ്യായിത്തേങ്ങ കിടക്കുന്നു.

“സുവേര്‍ക്കാ, എന്ത്ന്നാ ഒരു കൂറ്റ് കേട്ടേ... എനക്കൊന്നും തിരീന്നില്ലാലോ? ഈ തേങ്ങ എപ്പാ ഇബ്‌ഡ വീണേ?”

അവനാകെ ഒരു “ബ്ലിങ്കസ്യ“ ലുക്ക്. മുഖത്ത് വലിയൊരു ക്വസ്റ്റ്യന്‍ മാര്‍ക്ക്!

എനിക്ക് ചിരിപൊട്ടി. തലയില്‍ തേങ്ങ വീണിട്ടും അവന് സംഗതി മനസിലായിട്ടില്ല. ഈ ബ്രേക്കിംഗ് ന്യൂസ് ഉടന്‍ തന്നെ ഞാന്‍ അകത്തെത്തിച്ചു.

നെഞ്ചത്തടിച്ചു നിലവിളിച്ചുകൊണ്ട് അവന്റെ ഉമ്മ മുറ്റത്തേക്ക് വന്നു. അവരുടെ ഒക്കത്തിരുന്ന ചന്ദിന്റെ അനിയത്തിയും സൌണ്ട്ബോക്സ് ഫുള്‍ വോള്യത്തില്‍ ഓണ്‍ ചെയ്തു. പുറകെ എന്റെ ഉമ്മ, മറ്റുള്ളവര്‍. വണ്‍ ബൈ വണ്ണായി എല്ലാവരും അവരുടെ വക കരച്ചില്‍ തുടങ്ങി.

അതുവരെ വാ പൊളിച്ചു നിന്നിരുന്ന ചന്ദും ഇതു കണ്ട് ദര്‍ബാര്‍ രാഗത്തില്‍ കരയാന്‍ തുടങ്ങി. മൊത്തം ബഹളം. ഒരു റിയാലിറ്റിഷോയിലെ എലിമിനേഷന്‍ റൌണ്ടിന്റെ സെറ്റപ്പ്!

“ഇനിക്കെന്തെങ്കിലും പറ്റ്യോ മോനേ?”

“എനക്കറിഞ്ഞൂടാ..”

“വേദനണ്ടോ?”

“തിരീന്നില്ല”

“ഡോട്ടറ്യേര്ത്ത് പോണോ”

"മാണ്ടാ.... എന്ന ലോട്ടറ്യേര്ത്ത് കൊണ്ട്വോണ്ടാ.... എന്ന പിന്നേം മാര്‍ക്കം ചെയ്യണ്ടാ... എനക്ക് ലോട്ടറ്യേര്ത്ത് പോണ്ടാ”

അതുവരെയുണ്ടായിരുന്ന സകല ശബ്ദങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട് അവന്‍ വലിയ വായില്‍ കരഞ്ഞു. ഈ സംഭവത്തിന് അല്‍പ്പം മുന്‍പാണ് അവന്റെ സുന്നത്ത് ചെയ്തത്. ബാക്കിയുള്ളതും സുന്നത്ത് ചെയ്തുകളയുമോ എന്ന ടെന്‍ഷനിലാണവന്‍ ആര്‍ത്തുകരയുന്നത്.

അവന്റെ തലയില്‍ മുഴയൊന്നും വന്നില്ലെങ്കിലും, വേദന ഒട്ടുമുണ്ടായിരുന്നില്ലെങ്കിലും തെങ്ങിന്റെ ഉയരവും തേങ്ങയുടെ വലിപ്പവും പരിഗണിച്ച് എന്തായാലും ഡോക്ടറെ കാണിക്കാന്‍ തീരുമാനമായി. നിമിഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ അങ്ങാടിയില്‍ നിന്ന് ഓട്ടോറിക്ഷയുമായെത്തി. ഉമ്മര്‍ഡോക്റ്ററുടെ ക്ലിനിക്കിലേക്ക് ഞങ്ങളെയും വഹിച്ച് ആ ചെറിയവാഹനം ചീറിപ്പാഞ്ഞു.

കുഴപ്പമൊന്നുമില്ല, ഛര്‍ദ്ദിക്കുകയോമറ്റോ ചെയ്താല്‍ മാത്രം കൊണ്ടുവന്നാല്‍ മതി എന്ന് പറഞ്ഞ് ഡോക്ടര്‍ അവന്റെ കേസ്ഫയല്‍ മടക്കി.

തിരിച്ചുവരുമ്പോള്‍ ഞങ്ങള്‍ ടൌണിലെ അണ്ണാച്ചിയുടെ കടയുടെ മുന്നിലെത്തി. ആഗോളവല്‍ക്കരണമൊന്നും കുറ്റ്യാടിയില്‍ കാല്‍കുത്തിയിട്ടില്ലാത്ത സമയമാണ്. അങ്ങാടിയില്‍ സകലമാന “കുടിശത്തൊഴില്‍“ മിഠായികളും വില്‍ക്കുന്ന ഹോള്‍സെയില്‍ ഡീലറാണീ അണ്ണാച്ചി. അന്നൊക്കെ മരുന്നുകഴിക്കാന്‍ മടികാണിക്കുന്ന കുറ്റ്യാടിയിലെ കുട്ടികള്‍ക്ക് വയറിളക്കാനുള്ള മരുന്നെഴുതുന്നതിന് പകരം ഡോക്ടര്‍മാര്‍ പ്രിസ്ക്രൈബ് ചെയ്തിരുന്നത് “അണ്ണാച്ചിപ്പീട്യേലെ മൂട്ടായി” ആയിരുന്നു.

“അണ്ണാച്ചിപ്പീട്യ” കണ്ടപ്പോള്‍ ചന്ദ് അവന്റെ തനിക്കൊണം പുറത്തുകൊണ്ടുവന്നു:

“എനക്ക് തേന്മൂട്ടായി മാണം............”

“എന്ത് ചെറിയോനേ?” അവന്റെ ഉമ്മ.

“അല്ല, എനക്ക് പുളിയച്ചാറ് മാണം”

“ഹേ...”

“അല്ലേങ്കില് അരുള്‍ ജ്യോതി മാണം”

“അതും മാണ്ട, എനക്ക് കുറുക്കന്‍ തീട്ടം മാണം” (തെറ്റിദ്ധരിക്കാതീങ്കെ, ഇത് അന്ത സാധനമല്ലൈ! ഏതാണ്ട് ഒരു നായിക്കാട്ടം ഷെയിപ്പിലുള്ള അണ്ണാച്ചി മിഠായി. ഒരു പകുതിയിക്ക് മഞ്ഞ നിറം, മറ്റേപ്പകുതിക്ക് പച്ച നിറം. കടിച്ചാല്‍ പല്ലിന്മേല്‍ പറ്റുന്ന ഒരു തരം ഞെക്കിത്തുറുത്തിച്ച മധുരമുള്ള “മുട്ടായി”. ചന്ദിന്റെ ഫേവറിറ്റ്.)

ഇതും പറഞ്ഞ് അവന്‍ ഒരൊറ്റക്കരച്ചില്‍. അവന് മാത്രമായി വാങ്ങിക്കൊടുക്കുന്നതെങ്ങിനെ? അതുകൊണ്ട് എനിക്കും കിട്ടി, ഒരു കുറുക്കന്‍ തീട്ടം!

പിന്നീട് കല്യാണത്തിന്റെ തിരക്കായതിനാല്‍ പൈസക്കണക്ക് ചോദിക്കാനും പറയാനും ആര്‍ക്കും സമയം കിട്ടിയില്ല. അതുകൊണ്ട് അന്നത്തെ ഓട്ടോറിക്ഷച്ചിലവ് കഴിച്ച് ബാക്കിയുള്ള പൈസ എന്റെ കീശയിലായി. ആ പൈസകൊണ്ട് ഞാനും മറ്റു ഫ്രണ്ട്സും കല്യാണം അടിച്ചുപൊളിച്ചു.

ഇത്രേം നേരം കിടന്നാലോചിച്ചിട്ടും ഉമ്മ വന്ന് എന്നെ വിളിക്കുന്നില്ല, എന്തു പറ്റിയോ ആവോ? എന്തായാലും കുറച്ചുനേരം കൂടെ ഉറങ്ങാം, ഉപ്പ വന്ന് വിളിക്കുമ്പോള്‍ എഴുന്നേല്‍ക്കാം എന്ന് കരുതി.

കുറേ നേരം കഴിഞ്ഞിട്ടും വിളിയൊന്നും വരാത്തതിനാല്‍ ഞാന്‍ എഴുന്നേറ്റു.

ഷിറ്റ്! ഫോക്സ് ഷിറ്റ്!.... ഇത്രേം നേരം കിടന്നാലോചിച്ചത് വേസ്റ്റായി. ഞാന്‍ കിടന്നുറങ്ങിയത് നാട്ടില്‍ വീടിനകത്തല്ല, ദുബായിലെ ഫ്ലാറ്റില്‍...... ഛെ!

ബാല്‍ക്കണിയില്‍ ചെന്നുനോക്കുമ്പോള്‍ അപ്പുറത്ത് കണ്‍സ്ട്രക്ഷന്‍ തുടരുന്ന ബില്‍ഡിങിനു വേണ്ടി ലോറിയില്‍ നിന്ന് കമ്പിയും കട്ടയും മറ്റും ഇറക്കുന്നു. പഹയന്മാരുടെ ഈ പണി കാരണം കുറേ നാളായി രാവിലെ ഉറങ്ങാന്‍ പറ്റാറില്ല. ആ ശബ്ദം കേട്ട് തെറ്റിദ്ധരിച്ചാണ് ഞാന്‍ ഇത്രയും നേരം അനാവശ്യമായി ബ്രെയ്ന്‍ വര്‍ക്ക് ചെയ്യിപ്പിച്ചത്.

പിന്നേ... ആഴ്ച്ചയില്‍ ആകെ കിട്ടുന്ന ഒരു ഓഫ്ഡേയില്‍ രാവിലെ തന്നെ എണീക്കാന്‍ എനിക്ക് നട്ടപ്പെരാന്തല്ലേ, മുറിയിലേക്ക് വെളിച്ച വരാനുള്ള എല്ലാ പഴുതുമടച്ച്, ഏസിയുടെ തണുപ്പ് അല്‍പ്പം കൂടി കൂട്ടിവച്ച് പുതപ്പ് തലവഴി പുതച്ച് ഞാന്‍ പിന്നേം കിടന്നുറങ്ങി.

“ങുര്‍.. ങുര്‍...”