Wednesday, September 3, 2008

വല്ലാത്ത വിഷമം വന്നപ്പോള്‍ എഴുതിപ്പോയത്

ഭ്രാന്തുപിടിച്ച ഈ നഗരത്തിന്റെ അന്തമില്ലാത്ത തിരക്ക് എന്നാണാവോ അവസാനിക്കുന്നത്...
നക്ഷത്രങ്ങളില്ലാത്ത ഈ നഗരത്തിന്റെ ആകാശം ജീവിതത്തിന്റെ തന്നെ ഭംഗി കെടുത്തിക്കളയുന്നു.
സുബ്‌ഹി നമസ്കാരത്തിന് ഉപ്പയുടെ കൂടെ പള്ളിയിലേക്ക് നടക്കുമ്പോള്‍ നാട്ടിലെ ആകാശം മുഴുവന്‍ നക്ഷത്രങ്ങളായിരുന്നു, അരികു പറ്റി അമ്പിളിയും....
ഇവിടെ ഏത് പാതിരാവിലും വെളിച്ചമുണ്ട്.
ഇരുട്ടിന്റെ ഭംഗി എനിക്ക് അന്യമാകുന്നു...
ചീവീടിന്റെ ശബ്ദമാണ് നഗരത്തിന്റെ ഇരമ്പലിനേക്കാളും എനിക്ക് പ്രിയം.
ചെളിപറ്റുമെങ്കിലും നാട്ടിലെ നടപ്പാത തന്നെയായിരുന്നു എനിക്കിഷ്ടം.
മേപ്പാട്ടെ ഇലഞ്ഞിമരത്തിന്റെ ചോട്ടില്‍ ജിന്നുണ്ടെങ്കിലും എനിക്ക് പുലര്‍ച്ചെ പോണം, ഇലഞ്ഞി പെറുക്കി മാലയുണ്ടാക്കണം.
പുഴക്കരയിലെ നാട്ടുമാവിന്റെ ചോട്ടില്‍നിന്ന് ഒരിക്കലെങ്കിലും ഒരു മാങ്ങ കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ എത്ര പ്രാര്‍ത്ഥിച്ചിരുന്നു...
ജാനുവേടത്തിയുടെ വീട്ടിലെ പട്ടിക്കിട്ട് ഒരു ഏറ് കൊടുക്കണം.
പുഴയില്‍ വേലിയേറ്റത്തിന് മുങ്ങിക്കുളിക്കണം, മഗ്‌രിബായിട്ടും തിരിച്ചു കേറാഞ്ഞതിന് ഉമ്മയുടെ ചീത്തകേള്‍ക്കണം.
പെങ്ങളോട് ഇനിയും വഴക്കിടണം.
അനിയനോട് ഇനിയും പിണങ്ങണം.
ഉപ്പയുടെ അടിയുടെ വേദന ഇനിയും നുകരണം.
ഉമ്മാമയെ ശുണ്ഠിപിടിപ്പിക്കണം.
എനിക്കെന്റെ ബാല്യം തിരികെ വേണം.
വളരേണ്ടായിരുന്നു...

40 അഭിപ്രായങ്ങള്‍:

 1. കുറ്റ്യാടിക്കാരന്‍ said...

  പ്രവാസിയുടെ കേട്ടുമടുത്ത വിഷമങ്ങളില്‍പെടുത്തി തള്ളിക്കളയാവുന്ന ഒരു പോസ്റ്റ്.

 2. Sharu.... said...

  എല്ലാവര്‍ക്കുമുണ്ട് കുട്ടിക്കാലത്തേയ്ക്ക് തിരിച്ചു പോകാനുള്ള ഒരിക്കലും നടക്കാത്ത ആഗ്രഹം. കുട്ടിക്കാലത്തു കാണുന്ന കാഴ്ചകള്‍ക്ക് നിറപ്പകിട്ടേറെയാണ്. കഴിക്കുന്ന ഭക്ഷണത്തിന് സ്വാദ് കൂടുതലാകും. അങ്ങനെ അങ്ങനെ കുട്ടിക്കാലത്തുള്ളതിനൊക്കെ ഒരൂ പ്രത്യേക സുഖമുണ്ട്. പക്ഷെ വളര്‍ന്ന് കഴിയുമ്പോഴേ ഈ സുഖങ്ങള്‍ എന്തായിരുന്നു; എത്ര ആയിരുന്നു എന്ന് മനസ്സിലാകൂ. ആ നഷ്ടം വലുതാണെന്നും. പിന്നെയിങ്ങനെ ഒരിക്കലും നടക്കില്ലെന്നറിഞ്ഞിട്ടും ആഗ്രഹിക്കാം ഒരു നാളെങ്കിലും ഒരു വേളയെങ്കിലും കുട്ടിക്കാലം തിരികെ കിട്ടിയെങ്കില്‍ എന്ന്...

 3. സ്നേഹിതന്‍ | Shiju said...

  എല്ലാവര്‍ക്കും ഓര്‍ത്തിരിക്കാന്‍ ഇതുപോലെ ഒരു ബാല്യം ഉണ്ടായിരുന്നു.

  ഇനി ഒരിക്കല്‍ കൂടി ബാല്യം വരണമെങ്കില്‍ കാലനില്ലാത്ത കാലം വരണം.
  കുഞ്ചന്‍ നമ്പ്യാര്‍ ഇങ്ങനെ പാടിയിട്ടുണ്ട് “ മുത്തശ്ചന്‍ മുതുക്കന്റെ മുത്ത്ശ്ചന്‍ ഇരിക്കുന്നു
  മുത്തശ്ചന്‍ അവനുള്ള മുത്തശ്ചന്‍ മരിച്ചില്ല.
  500 വയസ്സുള്ള അപ്പൂപ്പന്മാരിപ്പോള്‍
  കുഞ്ഞായിട്ടിരിക്കുന്നോരപ്പൂപ്പന്‍ അവര്‍ക്കുണ്ട്”

  ഇനി വേണേല്‍ ഇതിനായി ഒന്നു പ്രാര്‍ത്ഥിച്ചോളൂ ......

 4. [Shaf] said...
  This comment has been removed by the author.
 5. [Shaf] said...

  മനസ്സിന്റെ വിഷമം വരികളില്‍ പ്രതിഫലിക്കുന്നു..പ്രവാസം നമുക്ക് നഷ്ട്പെടുത്തിയത് അനിര്‍വചനീയമാണ്,മനസ്സില്‍ തികട്ടിയ മറ്റോരു പ്രവാസം ഇവിടെ ..അവസാന വരികള്‍ കൂടീവായിച്ചപ്പോള്‍ പ്രിയപ്പെട്ട ജഗജിത് സിഗിന്റെ ഒരു ഗസല്‍ ഓര്‍മവന്നു ഇവിടെ ..അതിവിടെ ...:)

 6. Gopan (ഗോപന്‍) said...

  സുഹൈറെ,
  നല്ല കുറിപ്പ്..തിരികെ കിട്ടാത്ത ആ നല്ല ദിനങ്ങള്‍ ഓര്‍ത്തെങ്കിലും ആഗ്രഹം തീര്‍ക്കാമല്ലേ

 7. ശ്രീ said...

  എനിയ്ക്കും എന്റെ ബാല്യം തിരികേ വേണം...

  “സ്മൃതി നിലാവിലെ നിഴലുകള്‍ മാത്രമായ്
  പോയകാലത്തിന്റെ കാല്‍പ്പാടുകള്‍...”

 8. കാന്താരിക്കുട്ടി said...

  വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോളും
  വെറുതേ മോഹിക്കുവാന്‍ മോഹം !
  ബാല്യം ഒരിക്കലും തിരിച്ചു വരില്ലല്ലൊ.ഞാനും എപ്പോളും ചിന്തിക്കാറുണ്ട് പഴയ ആ ബാല്യം തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്നു.നടക്കാത്ത ആഗ്രഹം ആണെന്ന് മനസ്സിലാക്കി കൊണ്ടു തന്നെ.
  നല്ല പോസ്റ്റ് !

 9. ജിഹേഷ് said...

  വളരേണ്ടായിരുന്നു... ശരിക്കും.. :(

 10. smitha adharsh said...

  ഹൊ! ബാല്യം തിരിച്ചു വേണം എന്ന് ആഗ്രഹിക്കാത്ത ആരുണ്ട്‌?
  നല്ല പോസ്റ്റ്...ഒത്തിരിയൊത്തിരി ഇഷ്ടപ്പെട്ടു..

 11. ലതി said...

  ഇന്നത്തെ കുട്ടികള്‍ക്ക്
  വര്‍ഷങ്ങള്‍ കഴിയുമ്പോള്‍
  ഇങ്ങനെയൊരോര്‍മ്മ?
  അതുണ്ടാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍...!!!!

  കുറ്റിയാടിക്കാരാ.. നല്ല പോസ്റ്റ്.

 12. പാമരന്‍ said...

  സത്യം!

 13. ശിവ said...

  അതെ കുറ്റ്യാടിക്കാരാ ,

  ഞാനും പലപ്പോഴും ആഗ്രഹിക്കാറുണ്ട് വലുതാകരുതാ‍യിരുന്നു എന്ന്.

 14. സാബിത്ത്.കെ.പി said...

  കുറ്റിയാടിക്കാരാ...
  നഷ്ടപെട്ട ഒന്നിനെയും കുറിച്ചു വേവലാതി പെടരുത് ....
  നിങ്ങള്‍ ബാലനായിരുന്നപ്പോള്‍ വലുതാവാന്‍ ആഗ്രഹിച്ചു..
  വളര്‍ന്നപ്പോള്‍ ബാലനാവാനും...

  ബാല്യം അത് വളരെ വിലപ്പെട്ടതായിരുന്നു.
  നിങ്ങളുടെ ഈ സമയത്തെ പോലെ ...
  ഇന്നത്തെ നിലാവ് നിങ്ങള്ക്ക് വാര്‍ധക്യം വരുമ്പോള്‍ ഓര്‍ക്കും ...
  ബാലനായിരുന്നപ്പോള്‍ കണ്ട നിലാവ് ഓര്‍ത്ത പോലെ
  പക്ഷെ അപ്പഴേക്കും.....

 15. മാന്മിഴി.... said...

  ഒരു വട്ടം കൂടിയെന്നോര്‍മകള്‍ പുല്‍കിയ തിരുമുറ്റത്തെത്തുവാന്‍ മോഹം........എനിക്കും പറഞ്ഞുകഴിഞ്ഞതേ പറയാനുള്ളൂ....നന്നായിട്ടുണ്ട്....

 16. മാന്മിഴി.... said...

  നിങ്ങളുടെ ഈ സമയത്തെ പോലെ ...
  ഇന്നത്തെ നിലാവ് നിങ്ങള്ക്ക് വാര്‍ധക്യം വരുമ്പോള്‍ ഓര്‍ക്കും ...
  ബാലനായിരുന്നപ്പോള്‍ കണ്ട നിലാവ് ഓര്‍ത്ത പോലെ
  പക്ഷെ അപ്പഴേക്കും.....ഇതു point anu.....orthu vecholu....

 17. ജിവി said...

  വളരേണ്ടായിരുന്നുവെന്നും ബാല്യം തിരിച്ചുവേണമെന്നും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ഇനിയും ബാല്യമുണ്ടെന്ന് കരുതുന്നതുകൊണ്ടാവാം. എങ്കിലും അസ്സല്‍ ബാല്യത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്നതും അതിന്റെ കൌതുകങ്ങളുടെ സ്വാദ് വീണ്ടും നുകരുന്നതും എല്ലാവരെയും പോലെ എനിക്കും ഇഷ്ടമാണ്. ബാല്യം കേന്ദ്രബിന്ദുവായ ഒരു പോസ്റ്റ് ഞാനും ഇട്ടിട്ടുണ്ട് എറ്റവും പുതുതായി.

  അല്പം ശാസ്ത്രീയം കൂടി. രാത്രിയിലെ ഇരുട്ട് നഗരവാസിയായ മനുഷ്യന് നഷട്മാകുന്നുവെന്നും പലതരം സംഘര്‍ഷങ്ങള്‍ക്കും അതുവഴി രോഗങ്ങള്‍ക്കും ഇതു കാരണമാകുന്നുവെന്നും പുതീയ പഠന റിപ്പോര്‍ട്ടുകള്‍. പ്രകാശമലിനീകരണം നമ്മള്‍ ഗൌരവമായെടുക്കാത്ത ഗുരുതരമായ ഭവിഷ്യത്താണത്രെ.

 18. രസികന്‍ said...

  ബാല്യകാലം തിരിച്ചുകിട്ടാൻ ആ‍രാ കൊതിക്കാത്ഥത് ? കുറച്ചു സമയം ഞാനും ചിന്തിച്ചുപോയി കുട്ടിക്കാലങ്ങളിലെ റംസാൻ ദിനങ്ങളും അനിയത്തിയുമായി അടികൂടുന്നതും എല്ലാ‍ം

  സസ്നേഹം രസികൻ

 19. Anonymous said...

  മറ്റു പോസ്റ്റുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് ആ നിലവാരത്തിലേക്കു വന്നില്ലേ എന്നൊരു സംശയം. എങ്കിലും പോസ്റ്റ് വളരെ നന്നായി. ബാല്യകാലസ്മരണകളെ ഉണര്‍ത്തി എന്ന് പറയാതെ വയ്യ. ഇനിയും നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു.

 20. mysterious said...

  Really nostalgic one.. Being away from home land is always hurting...'ll miss lot of happenings and the warmth of our own land where we lived our beauitiful childhood. But one thing is sure, every on in our generation has almost same experiences to share in childhood, but next generation in our homeland may not be able to enjoy all those... Coz everything is globalized.. There wont b time for our younger generation to look into stary sky, or play in fields and riversides..!!

 21. മാറുന്ന മലയാളി said...

  ആരോടും പിണങ്ങാനും ദേഷ്യം മനസ്സില്‍ സൂക്ഷിക്കാനും അറിയാത്ത നിഷ്കളങ്കമായ ബാല്യം........അതിനെക്കാള്‍ മഹത്തരമായ മറ്റൊന്നുമില്ല ഈ ഭൂമിയില്‍

 22. നിരക്ഷരന്‍ said...

  ശരിയാണ് വളരേണ്ടായിരുന്നു. എനിക്ക് വളരെ ഇഷ്ടായി കുറ്റ്യാടീ ഈ പോസ്റ്റ്.

 23. Bindhu said...

  ഓര്‍മ്മിക്കാന്‍ നല്ലോരു കുട്ടിക്കാലമുള്ളതില്‍ സന്തോഷിക്കൂ. :-)

 24. കുറ്റ്യാടിക്കാരന്‍ said...

  ഷാരു,
  സ്നേഹിതന്‍|ഷിജു,
  ഷഫ്,
  ഗോപന്‍,
  ശ്രീ,
  കാന്താരിക്കുട്ടി,
  ജിഹേഷ്,
  സ്മിത,
  ലതി,
  പാമരന്‍,
  ശിവ,
  ജിവി,
  രസികന്‍,
  മിസ്റ്റീരിയസ്,
  മാറുന്ന മലയാളി,
  നിരക്ഷരന്‍,
  ബിന്ദു,

  പോസ്റ്റ് വായിച്ചതിനും അഭിപ്രായങ്ങള്‍ പങ്കുവച്ചതിനും വളരെയേറെ നന്ദി.

  സാബിത്ത്&മാന്മിഴി
  നഷ്ടപ്പെട്ടതിനെ പറ്റി വേവലാതിപ്പെടരുത് എന്ന് പറയാനെളുപ്പം, പക്ഷെ അത് പ്രാവര്‍ത്തികമാക്കല്‍ എളുപ്പമല്ല, എന്നെ സംബന്ധിച്ചിടത്തോളം.
  ബാല്യകാലം നഷ്ടപ്പെട്ടതിനെ പറ്റി ഒരിക്കലെങ്കിലും സങ്കടപ്പെടാത്തവര്‍ വിരളമായിരിക്കും. അത് തിരിച്ചുകിട്ടില്ലെന്നറിഞ്ഞുകൊണ്ട് വിഷമിക്കുന്നതില്‍ ഒരു സുഖമുണ്ട്. ചെറിയ നോവുള്ള ഒരു സുഖം.

  anonymous,
  ഇനിയും നന്നാക്കാന്‍ ശ്രമിക്കാം, വീണ്ടും വരിക.

 25. Kichu $ Chinnu | കിച്ചു $ ചിന്നു said...

  നഷ്‌ടപ്പെട്ട് കുട്ടിക്കാലം എല്ലാര്‍ക്കും വേദനയാണ് സുഹൃത്തെ.. :)
  നന്നായിരിക്കുന്നു

 26. കുറ്റ്യാടിക്കാരന്‍ said...

  കിച്ചു$ചിന്നു;
  നന്ദി

 27. Anonymous said...

  Strings of memory ,sweet or sorrowful goes into the making up of your personality.Reliving these thoughts are in fact a reality check.Rest of the things are all a fantasy. Brainy Man

 28. അനൂപ് തിരുവല്ല said...

  :)

 29. ദേവീ വിലാസം സ്ക്കൂള്‍ കുമാരനല്ലൂര്‍ said...

  ഞങ്ങളുടെ സ്ക്കൂളിലേക്ക് പോരുന്നോ?ബാല്യം തിരിച്ചു കിട്ടും,തീര്‍ച്ച.

 30. കുറ്റ്യാടിക്കാരന്‍ said...

  Anonymous;
  നന്ദി മാഷെ, ഇനി അടുത്ത പ്രാവശ്യം അനോണിയാവാതെ കമന്റിടൂ, ഒന്നുമില്ലെങ്കില്‍ നമുക്ക് പരിചയപ്പെടാല്ലോ..

  അനൂപ് തിരുവല്ല;
  :)
  നന്ദി

  ദേവീവിലാസം സ്കൂള്‍ കുട്ട്യോള്‍സ്;
  നിങ്ങടെ സ്കൂളില്‍ ഇനി എന്നെ ചേര്‍ക്ക്വോ? ഞാന്‍ വരാം.
  ബാല്യം ആഘോഷിക്കുന്ന ഭാഗ്യവാന്മാരേ.. നടക്കട്ടെ.. ഇവിടെ വന്നതിന് നന്ദി.

 31. നരിക്കുന്നൻ said...

  ചീവീടിന്റെ ശബ്ദമാണ് നഗരത്തിന്റെ ഇരമ്പലിനേക്കാളും എനിക്ക് പ്രിയം.
  ചെളിപറ്റുമെങ്കിലും നാട്ടിലെ നടപ്പാത തന്നെയായിരുന്നു എനിക്കിഷ്ടം.

  മാഷേ.. എനിക്കും തിരിച്ച് പോകണം..

 32. കുറ്റ്യാടിക്കാരന്‍ said...

  നരീ
  തിരിച്ചുപോയാലും ആ ബാല്യം തിരികെ ലഭിക്കില്ലല്ലോ...

 33. മാണിക്യം said...

  കുറ്റ്യാടിക്കാരാ: ഞാന്‍ ഇത്രയും നാള്‍ ഓര്‍ത്തു എനിക്ക് മാത്രമാണീ ചിന്താ പുറത്ത് പറഞ്ഞാല്‍ “നൊസ്സാ”ന്ന്
  മുദ്രകുത്തുമല്ലൊന്ന് അതുകൊണ്ട് , അതുകോണ്ട് മാത്രം മുണ്ടാഞ്ഞതാ ; ഇന്നിം ഞാനും ഒന്നു വിളിചു കൂവട്ടെ
  എനീക്കും മുറ്റത്ത് കളം വരച്ച് കക്കു കളിയ്ക്കണം ,
  മഴയത്തു ഒന്നു ഓടികളിയ്ക്കണം വാഴതേന്‍ നുകരണം
  മങ്ങാ പെറുക്കണം ഊഞ്ഞാലാടണം തോട്ടില്‍ ചാടണം ....അനിയത്തിയെ ഒന്നു കാണണം
  അച്ചന്റെ കൈയില്‍ തൂങ്ങി നടക്കണം ............

 34. കുറ്റ്യാടിക്കാരന്‍ said...

  മാണിക്യേച്ചീ,
  അപ്പൊ നൊസ്സാണല്ലേ?
  ;)

 35. Satheesh Haripad said...

  " വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും..
  വെറുതേ കമോഹിക്കുവാന്‍ മോഹം."
  (ഒ. എന്‍. വി.)
  എന്റെ ജീവതത്തില്‍ ഇത്രയും മനസ്സില്‍ തട്ടിയ മറ്റൊരു കവിതയില്ല.
  കുറ്റ്യാടിക്കാരന്റെ പോസ്റ്റ് വായിച്ചപ്പോള്‍ ഒന്നു കൂടി ഈ വരികള്‍‍ ഓര്‍‌ത്തു. വളരെ നന്നായി മാഷെ.

 36. കുറ്റ്യാടിക്കാരന്‍ said...

  Satheesh Haripad,
  നന്ദി..

 37. BS Madai said...

  “വെറുതെ ഈ മോഹങള്‍ ...... വെറുതെ മോഹിക്കുവാന്‍ മോഹം” - ഇതില്‍ എല്ലാം ഉണ്ട് അല്ലേ...? ഉണ്ട്....

 38. കുറ്റ്യാടിക്കാരന്‍ said...

  BS Madai,
  ശരിയാണ്.

 39. SAJI_sajil said...

  നഷ്‌ടപ്പെട്ട് കുട്ടിക്കാലം എല്ലാര്‍ക്കും വേദനയാണ് സുഹൃത്തെ.. :)
  നന്നായിരിക്കുന്നു

 40. Anonymous said...

  GUD LINES BAYYA...

Post Your Comment ( കമന്റ്‌ ഇവിടെയും ഇടാം)

കമന്‍റുകള്‍ കൂമ്പാരമാകുമ്പോള്‍ പോസ്റ്റുകള്‍ ഗംഭീരമാകുന്നു...
ഇവിടൊരു കമന്‍റിട്ടേക്ക്‌...