Monday, February 4, 2008

റാഗിംഗ്‌

പോളിയിലെ ആദ്യ വര്‍ഷത്തെ മെയിന്‍ അട്രാക്ഷനായ റാഗിംഗ്‌ എനിക്ക്‌ അധികം അനുഭവിക്കേണ്ടി വന്നിട്ടില്ല. (പത്രത്തില്‍ വരാന്‍ തക്കവണ്ണമുള്ള റാഗിംഗ്‌ ഒന്നും അവിടെ ഉണ്ടായിരുന്നില്ല കേട്ടോ, ഞങ്ങളുടെ പോളിയില്‍ റാഗിംഗ്‌ എന്നാല്‍ സീനിയേഴ്സുമായി (മാക്സിമം റെസ്‌പെക്റ്റോടു കൂടിയ) ഒരു പരിചയപ്പെടല്‍ മാത്രമാണ്‌. കൂടിവന്നാല്‍ ഒരു ദേശീയഗാനം. അത്‌ പാടാതെ മസിലുപിടിച്ചുനിന്നാല്‍ സീനിയേഴ്സിന്റെ വകയായുള്ള കൊച്ചുകൊച്ച്‌ ഉപദേശങ്ങള്‍, ചില തൊട്ടുനോട്ടങ്ങള്‍, ചില കൊടുക്കല്‍ വാങ്ങലുകള്‍.. അത്രമാത്രം.)

പക്ഷേ നമ്മളെ സീനിയേഴ്‌സ്‌ ആരും തന്നെ ഒന്നു തൊട്ടുനോക്കുക പോലും ചെയ്തിട്ടില്ല. കാരണം മറ്റൊന്നുമല്ല, അതിനുമാത്രമുള്ള ഒരു "ഇര" ആയിരുന്നില്ല ഞാന്‍. ഒന്നാമതായി +2 കഴിയാതെ വന്നവന്‍. രണ്ട്‌ അന്ന് ആ ക്ലാസിലെ ഏറ്റവും ഉയരവും തൂക്കവും കുറഞ്ഞ, ഒരു "അശു" പോലുമല്ലാത്ത വെറും "കിശു". അതും പോരാഞ്ഞ്‌ ഏതെങ്കിലും സീനിയെ ഒരു കിലോമീറ്റര്‍ അകലെ കണ്ടാല്‍ പോലും ഞാന്‍ എന്റെ കണ്ണുകളില്‍ മാക്സിമം അവശതയും, ദൈന്യതയും, വിനയവും, ബഹുമാനവും നിറച്ച്‌ നില്‍ക്കും. പേരു ചോദിച്ചാല്‍ വീട്ടുപേരും, പിതാവിന്റെ പേരും, എന്തിന്‌ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ പേരും വരെ പറഞ്ഞു കൊടുക്കും. ജനഗണമന പാടാന്‍ പറഞ്ഞാന്‍ ബോണസായി പ്രതിജ്ഞയും ചൊല്ലിക്കൊടുക്കും. ചുരുക്കിപ്പറഞ്ഞാല്‍ എന്നെ റാഗ്‌ ചെയ്യാന്‍ മാത്രം ദാരിദ്യമുള്ള സീനിയേഴ്‌സ്‌ അന്ന് പോളിയില്‍ ഉണ്ടായിരുന്നില്ല. അത്‌കൊണ്ട്‌ ഞാന്‍ രക്ഷപ്പെട്ടു.

എന്നാല്‍ എനിക്കു കിട്ടിയ ഈ സൗകര്യം എന്റെ ജൂനിയേഴ്സിന്‌ ഞാന്‍ അനുവദിച്ചു കൊടുത്തിരുന്നില്ല. അത്യാവശ്യം വലിപ്പവും, പിള്ളേര്‌ റെസ്പെക്റ്റ്ചെയ്യാന്‍ ചാന്‍സുമുള്ള ഏതെങ്കിലും ക്ലാസ്‌മേറ്റ്‌സിന്റെ കൂടെ ഏതെങ്കിലും break time കിട്ടുമ്പോള്‍ പരിചയപ്പെടലിനുള്ള വ്യഗ്രതയോടെ നമ്മള്‍ ജൂനിയര്‍ ക്ലാസ്സിലേക്കു പോകും. അതു തന്നെ സാറന്മാര്‍ ആരെങ്കിലും ഉണ്ടോ എന്ന് ഒരു സൂക്ഷ്മ പരിശോധന നടത്തിയ ശേഷം മാത്രം. ജൂനിയേഴ്സിന്റെ ഏരിയയില്‍ ഏതെങ്കിലും സീനിയറിനെ സ്പോട്ട്‌ ചെയ്താല്‍ പിന്നെ പ്രശ്നമാണ്‌. എക്സ്‌പ്ലനേഷന്‍ ലെറ്റര്‍ മുതല്‍ അച്ഛനെ കൂട്ടിക്കൊണ്ടുവരല്‍ വരെ.. വെറുതെ എന്തിനാണ്‌ ഫാദറിനെ പോളി കാണിക്കുന്നത്‌? അങ്ങേര്‍ക്ക്‌ വേറെ ജോലിയുള്ളതല്ലേ.
എന്റെ ഫസ്റ്റ്‌ പ്രിഫറന്‍സ്‌ തീര്‍ച്ചയായും ഏതെങ്കിലും പെണ്‍കുട്ടിയായിരിക്കും. വേറൊന്നും കൊണ്ടല്ല, ആണ്‍കുട്ടികളാണെങ്കില്‍ മാനേജ്‌ ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നേ... അവന്മാര്‍ ആരെങ്കിലും തിരിച്ചു വല്ലതും പറഞ്ഞാല്‍ മാനം പോയില്ലേ, പെണ്‍കുട്ടികളാണെങ്കില്‍ തിരിച്ചുപറയാനുള്ള ചാന്‍സ്‌ കുറവാണെന്നാണ്‌ എന്റെ വിശ്വാസം. പക്ഷെ പെണ്‍കുട്ടികളെ പരിചയപ്പെടാനുള്ള ചാന്‍സ്‌ അവിടെ എന്നെ സംബന്ധിച്ചിടത്തോളം വളരെ കുറവാണ്‌. എന്തെന്നാല്‍ 360 വിദ്യാഭ്യാസികളുള്ള ഞങ്ങളുടെ instituteഇല്‍ പെണ്‍കിളികള്‍ തുലോം കുറവാണ്‌. ആകെ മൊത്തം ടോട്ടല്‍ ഒരു 20-25 എണ്ണം വരും. ഈ 20 - 25 പേരെ ബാക്കിയുള്ള 340 - 335 പേര്‍ നോട്ടമിട്ടിരിക്കുകയാവും. അത്രക്ക്‌ ആളുകളെ ഒറ്റയ്ക്ക്‌ നേരിട്ട്‌ വിജയിക്കുക എന്നത്‌ impossible ആയതിനാല്‍ അതിന്‌ ട്രൈ ചെയ്യാറില്ല. എന്നാല്‍ ആരെങ്കിലും ബൈ ചാന്‍സിന്‌ ഫ്രീ ആയിട്ടിരിക്കുകയാണെങ്കില്‍ അവിടെ ഒന്നു ട്രൈ ചെയ്തു നോക്കും. ഉള്ള ബോഡിയില്‍ മാക്സിമം എയര്‍ പിടിച്ച്‌, ഒട്ടിയ നെഞ്ചുംകൂട്‌ തള്ളിപ്പിടിച്ച്‌ ജൂനിയേഴ്സിന്റെ ക്ലാസ്സില്‍ പോകും. ഒരു വിഗഹവീക്ഷണം നടത്തും. ഏതെങ്കിലും പെണ്‍കുട്ടി ഫ്രീയായി ഇരിക്കുകയാണെങ്കില്‍ അവിടെ. അല്ലെങ്കില്‍ വലിപ്പം കുറഞ്ഞ ഏതെങ്കിലും സാധുപ്പയ്യന്മാര്‍ ഉണ്ടോ എന്നു നോക്കും. കൂടെ വേറെ ഏതെങ്കിലും സഹപാഠിയുണ്ടെങ്കില്‍ ജൂനിയേഴ്സിനെ വലിപ്പച്ചെറുപ്പം കൂടാതെ ഞെട്ടിക്കും.

ഒരിക്കല്‍ മെഡിക്കല്‍ ഇലക്ട്രോണിക്സ്‌ വര്‍ക്ക്ഷോപ്പ്‌ കഴിഞ്ഞ്‌, യൂനിഫോമിന്റെ ഭാഗമായ നീലക്കോട്ടും ധരിച്ച്‌ ഞാന്‍ ഒറ്റയ്ക്ക്‌ ജൂനിയേഴ്സിന്റെ ക്ലാസ്സില്‍ പോയി ഒന്നു ഞെട്ടിച്ചിട്ടുവരാം എന്നു കരുതി പുറപ്പെട്ടു. അവിടെയെത്തിയപ്പോള്‍ പെണ്‍പിള്ളേരെല്ലാം ഓള്‍റെഡി ബുക്‌ക്‍ഡ്‌ ആണ്‌. സകല ചുള്ളന്മാരും വര്‍ക്ക്ഷോപ്പില്‍നിന്ന് നേരത്തെ ചാടിയിട്ടുണ്ട്‌. രണ്ടാം റോയില്‍ നോക്കുമ്പോള്‍ അവിടെ രണ്ട്‌ കൊച്ചുപയ്യന്മാര്‍ ഇരിപ്പുണ്ട്‌. എന്നാല്‍പിന്നെ ഇന്ന് ഇവിടെ പയറ്റിനോക്കാം എന്നു കരുതി അവിടെ ചെന്നു.

"Get up..." പയ്യന്‍ എണീറ്റു നിന്നു.

"എന്താ പേര്‌?"

"സജീഷ്‌.."

"എന്റെ പേരെന്താന്നറിയാമോ?"

"അറിയില്ല.."

"സുഹൈര്‍... കേട്ടോടാ"

"ശരി, സുഹൈറേട്ടാ"

സുഹൈറേട്ടാ എന്ന വിളി കേട്ടപ്പ്പ്പോള്‍ എനിക്ക്‌ കുളിരു കേറി. ചെറിയൊരു സുഖം കിട്ടി. കണ്ണു നനഞ്ഞില്ല എന്നു മാത്രം. ഒരുത്തന്‍ ആദ്യമായി എന്നെ ബഹുമാനിച്ചിരിക്കുന്നു.. ഇനി ഞെട്ടിക്കല്‍ തുടങ്ങാം.

"നീയെന്തിനാ മെഡിക്കല്‍ ഇലക്ട്രോണിക്സിന്‌ ചേര്‍ന്നത്‌?" (ഈ ചോദ്യം ഞാന്‍ ഫസ്റ്റ്‌ ഇയറായിരിക്കുമ്പോള്‍ സീനിയേഴ്സില്‍ ആരോ എന്നോട്‌ ചോദിച്ചതാണ്‌. അടുത്ത വര്‍ഷം ഇത്‌ ആരോടെങ്കിലും ചോദിക്കണം എന്നു കരുതി അന്നേ ഞാന്‍ അത്‌ ഓര്‍ത്തു വച്ചു).

"അത്‌.. ചേട്ടാ... അത്‌.... പിന്നെ..."

കഴിഞ്ഞ വര്‍ഷം ഞാന്‍ ചെയ്ത അതേ കാര്യം അവനും ആവര്‍ത്തിച്ചു... എന്നുവച്ചാല്‍ ബബ്ബബ്ബ അടിച്ചു...

പിന്നെ അവന്‍ പറഞ്ഞു " ഈ കോഴ്സിന്‌ നല്ല സ്കോപ്പുണ്ടെന്ന് പറഞ്ഞു കേട്ടു... അതു കൊണ്ടാ ചേട്ടാ..."

"ഇതിലും സ്കോപ്പുള്ള കോഴ്‌സ്‌ വേറൊന്നും ഇല്ലേടാ..."

"...."

അവന്‌ ഉത്തരം മുട്ടി... ഒന്നും മിണ്ടുന്നില്ല.

"ശരി... ദേശീയ ഗാനം അറിയാമോ? ഒന്നു ചൊല്ലിക്കേ... ചേട്ടന്‍ കേള്‍ക്കട്ടെ..." (ശ്ശൊ.. ഞാന്‍ എന്നെതന്നെ ചേട്ടനെന്നു വിളിച്ചു)

അപ്പോഴേക്കും അടുത്ത അവറിന്റെ ബെല്ലടിച്ചു. ഇനിയത്തെ അവര്‍ ലേറ്റായിക്കേറിയാല്‍ വിവരമറിയും. ലേറ്റായാല്‍ ആദ്യം തന്നെ ഇന്റേണല്‍ മാര്‍ക്കിലാണ്‌ പിടിത്തം... എന്നാലും തുടങ്ങിവച്ചത്‌ തീര്‍ത്തിട്ട്‌ പോകാം.

മറ്റു സീനിയേഴ്‌സെല്ലാം പോയിക്കഴിഞ്ഞു. ഞാന്‍ മാത്രം ക്ലാസ്സില്‍ ബാക്കി. പിള്ളേരെല്ലാം എന്നെതന്നെ ശ്രദ്ധിച്ചു തുടങ്ങി. ഞാന്‍ നോക്കുമ്പോള്‍ എല്ലവരുടെയും മുഖത്ത്‌ ഒരു ബഹുമാനം പോലെ...

"പറഞ്ഞത്‌ കേട്ടില്ലേ? ഉച്ചത്തില്‍ ചൊല്ല്‌" ഞാന്‍ പിന്നേം പയ്യനെ വിരട്ടി
അവന്‍ ഒന്നും മിണ്ടുന്നില്ല.

...........

കുറച്ചുസമയം കഴിഞ്ഞു...

ഞാന്‍ അവന്റെ മുഖത്തേക്ക്‌ നോക്കി. ദൈവമേ.. പയ്യന്‍ കരയുകയാണാല്ലോ.. പടച്ചോനേ, പണികിട്ടി. ഇനി ഇതെങ്ങിനെ തീര്‍ക്കും.

അതുവരെ ഹിമാലയം പോലെ നിന്നിരുന്ന എന്റെ ആത്മവിശ്വാസം ഉരുകിയൊലിച്ച്‌ ഗംഗാനദി പോലെ വെള്ളമായി മാറി... അതും പോരാഞ്ഞ്‌ മെയ്‌ മാസത്തിലെ കുറ്റ്യാടിപ്പുഴ പോലെ വറ്റിവരണ്ട്‌ ഒന്നുമില്ലാതെയായി. ആ വാക്വം സ്പേസിലേക്ക്‌ ഭയം ജൂലായ്‌ മാസത്തിലെ കുറ്റ്യാടിപ്പുഴ പോലെ കൂലം കുത്തി നിറഞ്ഞു...

അവന്‍ കരയുന്നത്‌ ടീച്ചേഴ്‌സ്‌ ആരെങ്കിലും കണ്ടാല്‍ പ്രശ്നമാണ്‌. കഴിഞ്ഞ ആഴ്ച ആന്റി റാഗിംഗ്‌ കമ്മിറ്റിയുടെ നോട്ടീസ്‌ വന്നതാണ്‌. ജൂനിയേഴ്‌സിന്റെ നിര്‍മലഹൃദയങ്ങളെ നോവിക്കുന്നത്‌ ക്രിമിനല്‍ കുറ്റമാണത്രെ...

ഞാന്‍ എന്റെ സമീപനം മാറ്റി. നെഗോസിയേഷന്‍ ആരംഭിച്ചു...

അയ്യേ... എന്തായിത്‌, കരയുകയാണോ, ഛേ..... കണ്ണുതുടക്ക്‌, ദേ, ഇപ്പൊ ക്ലാസ്സ്‌ തുടങ്ങും. മിസ്സ്‌ ഇപ്പൊ വരും.മിണ്ടാണ്ടിരിയെടാ (ഇത്‌ ഞാന്‍ അല്‍പ്പം കനപ്പിച്ചു പറഞ്ഞു)...

അവന്‍ കരച്ചില്‍ നിര്‍ത്തുന്നില്ലെന്നു മാത്രമല്ല, ഏങ്ങലടിക്കുകയാണ്‌.

ഇവിടുന്നെങ്ങനെ ഊരും? പണ്ടാറടങ്ങിയല്ലോ.. എന്ത്‌ കാലക്കേടിനാണ്‌ പടച്ചോനെ ഞാന്‍ ഈ ചെറുക്കന്റടുത്ത്‌ തന്നെ വന്നത്‌?

പിള്ളേരെല്ലാം എന്നെതന്നെ ശ്രദ്ധിക്കുന്നു. ഒരു സീനിയറിനെപ്പോലും കാണാനില്ല. എല്ലാവന്മാരും ക്ലാസ്സില്‍ കേറിയിട്ടുണ്ടാവും. ഇവനെ ഞാന്‍ എന്തുപറഞ്ഞ്‌ സമാധാനിപ്പിക്കും? "ക്രിമിനല്‍ നോട്ടീസ്‌" എന്റെ മനസ്സില്‍ തികട്ടിത്തികട്ടി വന്നു.

കുറച്ചുനേരം കൂടി ഞാന്‍ ഉരുകുന്ന മനസ്സോടെ അവന്റെ മുന്നില്‍, മറ്റു ജൂനിയേഴ്സിന്റെ മുന്നില്‍ നിന്നു. എന്റെ ധൈര്യം ഇതുകൊണ്ടൊന്നും ചോര്‍ന്നുപോയിട്ടില്ലാ എന്ന് എന്റെ മുഖത്ത്‌ കാണിക്കണം എന്നുണ്ട്‌. പക്ഷെ എന്താന്നറിയില്ല, ഇങ്ങനെയുള്ള സന്ദിഗ്‌ധ ഘട്ടത്തില്‍ എന്റെ മുഖത്ത്‌ ബാക്കി 8 ഭാവങ്ങളില്‍ ഒന്നുപോലും വരില്ല; ഭീതി എന്ന ഭാവമല്ലാതെ... (ചിലപ്പൊ സ്‌ഥായിയായിട്ടുള്ള ഭാവമായ ബീഭത്സം വരുമായിരിക്കും)

കുറച്ച്‌ മിനിറ്റുകള്‍ കൂടിക്കടന്നുപോയി. ചെറുക്കന്‌ സമാധാനമായിത്തുടങ്ങി എന്നു തോന്നുന്നു. ദൈവത്തിന്റെ എന്തോ വലിയകാരുണ്യം കൊണ്ട്‌ അവരുടെ ടീച്ചര്‍ ഇനിയും എത്തിയിട്ടില്ല. അവന്‍ കരച്ചില്‍ നിര്‍ത്തി. പക്ഷേ അവന്റെ മുഖത്തു നോക്കിയാലറിയാം എന്തോ പ്രശ്നമുണ്ടെന്ന്... ഇതെങ്ങാനും ആന്റി റാഗിംഗ്‌ കമ്മിറ്റി അറിഞ്ഞാല്‍...

" ഡാ, മോനെ സജീഷേ, ഒരു പ്രശ്നവുമില്ല കേട്ടോ, വെറുതെ നിന്നോട്‌ ഇത്രേം ചോദ്യം ചോദിക്കുമ്പോഴേക്ക്‌ കരഞ്ഞാലോ, ഇനിയും എത്ര സീനിയേഴ്സ്‌ വരാനിരിക്കുന്നു?. അപ്പൊ ധൈര്യായിട്ടിരിക്കണ്ടേ, ഇനി ആരു വന്നാലും നീ എന്റെ വീട്ടിനടുത്താന്നു പറഞ്ഞാമതി കേട്ടോ, ആരും നിന്നെ ഒന്നും ചെയ്യില്ല. ഞാന്‍ നോക്കിക്കോള്ളാം. കേട്ടോടാ..

"....................."

ആശ്വാസം... അവന്‍ കരച്ചില്‍ നിര്‍ത്തീന്നു തോന്നുന്നു.

"നിന്നെയാരെങ്കിലും ഇതുവരെ റാഗു ചെയ്തിട്ടുണ്ടോ? എന്ത്‌ പ്രശ്നമുണ്ടെങ്കിലും പറ, ഞാന്‍ ശരിയാക്കിത്തരാം"...

അവന്‍ മുഖമുയര്‍ത്തി എന്നെ ഒന്നു നോക്കി. ഓ പിന്നെ... നീ കോപ്പുണ്ടാക്കും എന്ന ഭാവം ഞാന്‍ അവന്റെ മുഖത്ത്‌ കണ്ടില്ല!..

"എന്നോട്‌ C3യിലെ ഒരു ചേട്ടന്‍ ഇംപോസിഷന്‍ എഴുതാന്‍ പറഞ്ഞിട്ടുണ്ട്‌... നാളെ കാണിക്കണം എന്നു പറഞ്ഞു"

അതോര്‍ത്ത്‌ നീ വിഷമിക്കണ്ട. അവനെ ഞാന്‍ കണ്ട്‌ പറഞ്ഞോളാം കേട്ടോ, ദേ മിസ്സ്‌ വരുന്നു , ഞാന്‍ ലഞ്ച്‌ ബ്രേക്കിനു വരാം" എന്നു പറഞ്ഞ്‌ അവിടെനിന്ന് സ്കൂട്ടായി.
ഇറങ്ങാന്‍ നേരം വാതില്‍ക്കല്‍ ദാ അപ്ലൈഡ്‌ ഫിസിക്സിന്റെ മാഡം.

"എന്താ സുഹൈര്‍ ഇവിടൊരു ചുറ്റിക്കളി?" മാഡത്തിന്റെ ചോദ്യം.

"ഒന്നൂല്ല മാം.. എന്റെയൊരു ഫ്രണ്ടിന്റെ കസിന്‍ ഇവിടുണ്ട്‌, ഒന്നു കാണാന്‍ വന്നതാ" എന്നും പറഞ്ഞ്‌ ഞാന്‍ എന്റെ ക്ലാസ്സിലേക്ക്‌ ടേയ്ക്‌ക്‍ഓഫ്‌ ചെയ്തു.

എന്റെ ക്ലാസ്സില്‍ സാര്‍ എത്തിയിട്ടില്ല. ഹോ,,, ആ സമയത്ത്‌ ഞാന്‍ അനുഭവിച്ച ആശ്വാസം... അതൊരു വല്ലാത്ത ഫീലിംഗ്‌ തന്നെ...

ലഞ്ച്‌ ബ്രേക്കിനെന്നല്ല, പിന്നീട്‌ രണ്ടുമാസത്തേക്ക്‌ ഞാന്‍ ആ ക്ലാസ്സിന്റെ അടുത്ത്‌ പോയില്ല. റെസ്റ്റ്‌ റൂമിലേക്കുള്ള വഴിജൂനിയര്‍ക്ലാസ്സിന്റെ മുന്നിലൂടെയാണ്‌. ഈ റാഗിംഗ്‌ കാരണം ഞാന്‍ രണ്ടു മാസത്തേക്ക്‌ റെസ്റ്റ്‌ റൂമില്‍ പോക്കുപോലും നിര്‍ത്തീന്നു പറഞ്ഞാ മതിയല്ലോ...

വെറുതെയാണോ ഹൈക്കോടതി തന്നെ മുന്‍കയ്യെടുത്ത്‌ റാഗിംഗ്‌ നിരോധിച്ചത്‌? ഇങ്ങനെ എത്രയെത്ര സീനിയേഴ്‌സ്‌ റാഗിംഗ്‌ കാരണം സമാധാനക്കേടിലായിപ്പോയിട്ടുണ്ടാകും...

19 അഭിപ്രായങ്ങള്‍:

  1. കുറ്റ്യാടിക്കാരന്‍|Suhair said...

    ഈ പോസ്റ്റ്‌ കുറച്ച്‌ നീണ്ടു പോയോ?

  2. മുഹമ്മദ് തുണ്ടി said...

    എന്തിനാ കുറ്റയാടിക്കാരാ വയ്യാത്ത ജോലിക്ക് പോയത്?
    നന്നായിട്ടുണ്ട്..............
    അപ്പോഴത്തെ അവസ്ഥ ഒാര്‍ക്കാന്‍ നല്ല രസമുണ്ടാവും അല്ലേ.......?

  3. നിരക്ഷരൻ said...

    ങ്ങാ..നീളം ഇത്തിരി കൂടുതലാണെങ്കിലും എനിക്കങ്ങ് രസിച്ചു. ഇത്തരമനുഭവങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടാണെന്ന് വെച്ചോ.
    :)

    വേഡ് വേരിഫിക്കേഷന്‍, കമന്റ് മോഡറേഷന്‍ ഒക്കെ ഒന്ന് മാറ്റാമോ?

  4. Roby said...

    കൂറ്റ്യാടിയില്‍ എവിടെയാ..?

    വേഡ് വേരി മനപൂര്‍വ്വമാണോ

  5. മങ്കലശ്ശേരി ചരിതങ്ങള്‍ said...

    ക്ലൈമാക്സ്‌ അത്ര പോരെങ്കിലും, കിടിലന്‍ എഴുത്ത്‌ കെട്ടോ... തുടരുക...

  6. G.MANU said...

    :)

  7. പ്രശോബ് [Prashob] said...

    കുറ്റ്യാടികാരാ പഠിച്ചത് വടകരയാണോ?

  8. നാടന്‍ said...

    ഭാഗ്യവാന്‍. ഈയുള്ളവന്റെ അനുഭവം ഇങ്ങനെയായിരുന്നു.
    http://shaleenam.blogspot.com/2007/09/blog-post_28.html

  9. കുറ്റ്യാടിക്കാരന്‍|Suhair said...

    റോബീ, കുറ്റ്യാടി ടൗണില്‍ തന്നെ, മരുതോങ്കര റോഡില്‍...
    വേഡ്‌ വെരി അറിയാതെയാ..

    മനോജേട്ടാ, വേഡ്‌ വെരിഫിക്കേഷനും കമന്റ്‌ മോഡെറേഷനും മാറ്റി...
    ആക്‍ച്വലി ഡിഫാള്‍ട്ടെല്ലാം അങ്ങനെതന്നെ ഇരിക്കുകയായിരുന്നു എന്ന് തോന്നുന്നു.

    മുഹമ്മദ്‌,,,, ഇന്ന് ഓര്‍ക്കാന്‍ ഒരു സുഖമുണ്ട്‌. അന്ന് ഭയങ്കര ടെന്‍ഷനായിപ്പോയി. നമ്മളെക്കൊണ്ടിതൊന്നും പറ്റൂല്ല ഭായി....

  10. കാനനവാസന്‍ said...

    നന്നായി വിവരിച്ചിരിക്കുന്നു മാഷേ.....

    ഞാനും ഒരു പോളിടെക്നിക് കാരന്‍‍ ആയതുകൊണ്ട്,ആ സ്ത്രീപുരുഷ അനുപാതവും അതുകൊണ്ടുള്ള ബുദ്ധിമുട്ടുകളും നന്നായി മനസിലായി. :)

  11. Anonymous said...

    മെയ്‌ മാസത്തിലെ കുറ്റ്യാടിപ്പുഴ പോലെ വറ്റിവരണ്ട്‌ ഒന്നുമില്ലാതെയായി. ആ വാക്വം സ്പേസിലേക്ക്‌ ഭയം ജൂലായ്‌ മാസത്തിലെ കുറ്റ്യാടിപ്പുഴ പോലെ കൂലം കുത്തി നിറഞ്ഞു...
    പ്രയോഗംകലക്കി,
    ഈ പുഴവക്കിലുള്ള മറ്റൊരു കുറ്റിയടികാരന്‍

  12. Unknown said...

    Good. I like it...........But u went to Juniors class.......I cannot believe da.......

  13. Mr. X said...

    "റാഗി"പ്പറക്കുന്ന ചെമ്പരുന്തേ...
    സംഭവം കലക്കന്‍!
    തസ്കരവീരന്‍

  14. കുറ്റ്യാടിക്കാരന്‍|Suhair said...

    കാനനവാസനും, ഫായിസിനും, വിനേഷിനും പിന്നെ തസ്കരനും താങ്ഗ്സ്...

  15. Shaf said...

    ഹഹഹ കൊള്ളാം
    ഒരോരുത്തര്‍ക്കും ഓരോന്ന് പറഞിട്ടുണ്ട്..

    (me also wrkng n dmg)

  16. Unknown said...

    കുറ്റിയാടിക്കാരാ...
    വളരെ നന്നായിട്ടുണ്ട്..
    ഒരു പോളി വിദ്യാര്ത്ഥി ആയ ഞാന്‍ കണ്മുന്‍പില്‍ കണ്ട കാര്യങ്ങള്‍....

    ലൈവ് മലയാളം

  17. സ്നേഹിതന്‍ said...

    "സീനിയെ ഒരു കിലോമീറ്റര്‍ അകലെ കണ്ടാല്‍ പോലും ഞാന്‍ എന്റെ കണ്ണുകളില്‍ മാക്സിമം അവശതയും, ദൈന്യതയും, വിനയവും, ബഹുമാനവും നിറച്ച്‌ നില്‍ക്കും. പേരു ചോദിച്ചാല്‍ വീട്ടുപേരും, പിതാവിന്റെ പേരും, എന്തിന്‌ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ പേരും വരെ പറഞ്ഞു കൊടുക്കും. ജനഗണമന പാടാന്‍ പറഞ്ഞാന്‍ ബോണസായി പ്രതിജ്ഞയും ചൊല്ലിക്കൊടുക്കും. ചുരുക്കിപ്പറഞ്ഞാല്‍ എന്നെ റാഗ്‌ ചെയ്യാന്‍ മാത്രം ദാരിദ്യമുള്ള സീനിയേഴ്‌സ്‌ അന്ന് പോളിയില്‍ ഉണ്ടായിരുന്നില്ല. അത്‌കൊണ്ട്‌ ഞാന്‍ രക്ഷപ്പെട്ടു." Oh god LAMO...

  18. Anamika said...

    juniorne 'choriyaan' poyi avasaanam juniornoppam irunnu karanja oreyoru senior enna padhavi batchil ullath kondo entho...ee post vallaandu ishtamaayi..(namukku pattiya abadham pandum palarkkum pattiyathaanennu kelkkumbo ulla oru sukham!!!)

  19. kazhchakkaran said...

    hai kuttiadikkara njanum kuttiadil anu

    Vazhiye kanam

Post Your Comment ( കമന്റ്‌ ഇവിടെയും ഇടാം)

കമന്‍റുകള്‍ കൂമ്പാരമാകുമ്പോള്‍ പോസ്റ്റുകള്‍ ഗംഭീരമാകുന്നു...
ഇവിടൊരു കമന്‍റിട്ടേക്ക്‌...