Saturday, July 5, 2008

കുട്ടിക്കുട്ടി മര്യാദകള്‍

ഉച്ചക്ക് ഓഫീസിലെ അധ്വാനം കഴിഞ്ഞ് റസ്റ്റോറന്റില്‍ കഠിനാധ്വാനം. അത് കഴിഞ്ഞപ്പോഴേക്കും ദുബായ്ച്ചൂടില്‍ ആകെ ഉരുകി ഒലിക്കാന്‍ തുടങ്ങി. ഒരു വിധത്തിലാണ് ഫ്ലാറ്റിലേക്ക് ഓടിയെത്തിയത്.

ലിഫ്റ്റ് വരാന്‍ വേണ്ടി നില്‍ക്കുമ്പോള്‍ മൂന്നാമത്തെ ഫ്ലോറിലെ സിന്ധി കുടുംബത്തിലെ കുട്ടി കരഞ്ഞുകൊണ്ട് വരുന്നു. വെറുതേ ഒരാവേശത്തിന് ഞാന്‍ അവന്‍ കരയുന്നതിന്റെ കാരണം തിരക്കി.

വലിയ കഷ്ടം തന്നെ; അവര്‍‌ഓണ്‍ സ്കൂളില്‍ പഠിക്കുന്ന അവന്റെ പെന്‍സില്‍, ക്ലാസ്മേറ്റായ ഏതോ ഒരു അഭിനവ് റോയ് ജനലിലൂടെ താഴെ കളഞ്ഞു പോലും. ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവന്‍ വിങ്ങിപ്പൊട്ടുകയാണ്, ഇന്ന് വാങ്ങിയ പുതിയ പെന്‍സിലാണ് കൂട്ടുകാരന്‍‍ കളഞ്ഞതെന്നും പറഞ്ഞ്...

അതിനെന്താ, വേറൊരു പെന്‍സില്‍ വാങ്ങിയാല്‍ പ്രശ്നം തീര്‍ന്നല്ലോ, അമ്മയോട് മോന്‍ ഇതങ്ങോട്ട് പറഞ്ഞാല്‍ പോരേ എന്ന എന്റെ ചോദ്യത്തിനുത്തരമായി അവന്‍ ഏങ്ങലടിയുടെ ഡെപ്ത്ത് കൂട്ടി. എനിക്കാകെ വിഷമമായി.

മോന് ഞാന്‍ പെന്‍സില്‍ വാങ്ങിച്ചു തരട്ടേ? അവന്റെ കരച്ചിലടക്കാന്‍ ഞാന്‍ ഒരു ഫോര്‍മാലിറ്റിക്കുവേണ്ടി ചോദിച്ചു.

“താങ്ക്യൂ അങ്ക്‍ള്‍, നമുക്ക് ഇപ്പൊ തന്നെ പെന്‍സില്‍ വാങ്ങാം?”

ഠിം!

അവന്‍ പണി തന്നു. ഇങ്ങനെ ഒരു മറുപടി കുട്ടി പറയുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഒരു അയല്‍‌പക്കബന്ധത്തിന്റെ പേരില്‍ ചോദിച്ചുവെന്നേയുള്ളൂ. ഇനി പറഞ്ഞിട്ടെന്തുകാര്യം...

വലിയ പാരയായിപ്പോയല്ലോ ചെക്കന്‍ വച്ചത്? ഈ ചൂടിന് ഇനിയും തിരിച്ച് പുറത്തിറങ്ങാനോ? ആരെങ്കിലും എന്തെങ്കിലും ഓഫര്‍ ചെയ്താല്‍ വേണ്ട എന്ന് പറയാന്‍ ഇവന്റെ അമ്മ ഇവനെ പഠിപ്പിച്ചിട്ടില്ലേ? ഛായ്, ലജ്ജാവഹം....

അങ്ങനെ ആ പൊരിയുന്ന വെയിലത്ത് അപ്പുറത്തെ ഗ്രോസറിയില്‍ പോയി കുട്ടിക്ക് പെന്‍സില്‍ വാങ്ങിച്ചുകൊടുത്ത് തിരിച്ച് നടക്കുമ്പോള്‍ എന്റെ ഓര്‍മകള്‍ ഒരു പതിനഞ്ചുവര്‍ഷം പുറകിലോട്ട് പോയി...

സ്കൂളില്‍ പോയിത്തുടങ്ങുന്ന കാലം. ആരെന്ത് തന്നാലും വാങ്ങരുത് എന്ന് എനിക്കും നാലുവയസിന് മൂത്ത പെങ്ങള്‍ക്കും ഉപ്പയുടെ സ്റ്റാന്റിംഗ് ഇന്‍സ്ട്രക്ഷനുണ്ട്. സ്കൂളില്‍ പോകുന്ന കുട്ടികളുടെ അവകാശമായ പോക്കറ്റ്മണിപോലും ഞങ്ങള്‍ക്ക് നിഷിദ്ധം. സ്കൂളിന് പുറത്തെ കുംട്ടിപ്പീടികയില്‍ (പെട്ടിപ്പീടിക എന്ന് ഔദ്യോഗികനാമം) നിന്ന് കുട്ടികള്‍, പുളിക്കുന്ന നാരങ്ങ പകുതിക്ക് മുറിച്ച് ഉപ്പും മുളകും പുരട്ടിയത് 25 പൈസക്ക് വാങ്ങിത്തിന്നുമ്പോള്‍ അത് നോക്കിനില്‍ക്കാന്‍ മാത്രമേ ഞങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. ആരെങ്കിലും വെച്ചുനീട്ടിയാല്‍ പോലും അത് വാങ്ങിപ്പോകരുതെന്നാണ് വീട്ടില്‍ നിന്നുള്ള നിര്‍ദ്ദേശം. അങ്ങനെ ആരുടെയെങ്കിലും കയ്യില്‍ നിന്ന് വാങ്ങിത്തിന്നുന്നത് മോശമാണത്രേ. അതിനി വിരുന്നിന് പോയ വീട്ടിലാണെങ്കിലും അവിടെനിന്ന് കിട്ടുന്ന സല്‍ക്കാരത്തിന്റെ കാര്യമാണെങ്കിലും..

ഒരിക്കല്‍ “ചെറിയകുമ്പള“ത്തുള്ള ഉമ്മയുടെ സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു ഉമ്മയും ഞാനും സഹോദരിയും. എന്തെങ്കിലും വഴിയുണ്ടെങ്കില്‍ ടൌണിലൂടെ പോകുക എന്ന കാര്യം ഉമ്മ കഴിയും വിധം ഒഴിവാക്കാറുണ്ട്. അതുകൊണ്ട് തന്നെ അങ്ങാടി ഒഴിവാക്കി പാലം കടന്ന് പുഴയരികിലൂടെ പോകാമെന്ന് ഉമ്മ തീരുമാനിച്ചു. ആ വഴിപോയാല്‍ ടൌണിലെ കാഴ്ച്ചകളും അമ്മദ്ക്ക തരാറുള്ള കടലയും മിസ്സാവുമെങ്കിലും ആളുകള്‍ മീന്‍പിടിക്കുന്നത് കാണാമെന്നതിനാലും, പറ്റുമെങ്കില്‍ ഉമ്മയുടെ കണ്ണുവെട്ടിച്ച് പുഴയിലേക്ക് ഞാന്നു കിടക്കുന്ന പേരക്കമരത്തില്‍ കയറാമെന്നതിനാലും ആ തീരുമാനത്തിന് എന്റെ എല്ലാതരത്തിലുള്ള അംഗീകാരവും ഞാന്‍ നല്‍കി. കിട്ടാന്‍ പോകുന്ന പേരക്കയില്‍ ഒരു ഭാഗം കൊടുക്കാമെന്ന എന്റെ ഓഫര്‍ സഹോദരിയേയും ആനന്ദതന്തുലിതയാക്കി.

അങ്ങനെ ഉമ്മയും പെങ്ങളും മുന്നിലും, ഞാന്‍ അല്‍പ്പം പിന്നിലുമായി പുഴവക്കിലൂടെ ആ യാത്ര തുടരുമ്പോള്‍ പേരക്കമരത്തില്‍ എന്റെ കണ്ണുകള്‍ ഉടക്കുകയും ഞാന്‍ പേരക്കപറിക്കല്‍ പ്രോസസ് ആരംഭിക്കുകയും ചെയ്തു. പക്ഷേ ഒരു ദുര്‍ബലനിമിഷത്തില്‍ എന്റെ കാലുകള്‍ ആ മരത്തിന്റെ ഏതോ ഒരു ദുര്‍ബലമായ കമ്പില്‍ ചവിട്ടുകയും ഒട്ടും സമയം വേസ്റ്റാക്കാതെ ഞാന്‍ താഴെ, ചില്ലുണ്ടി മഹമൂദ്ക്ക വെള്ളിയാഴ്ച്ച അറക്കാന്‍ വേണ്ടി കൊണ്ടുവന്ന ഏതോ ഒരു വയനാടന്‍ പോത്ത് നിക്ഷേപിച്ച ചാണകത്തില്‍ ചന്തികുത്തി നിലംപതിക്കുകയും ചെയ്തു.

ഹും.. വെറും പാറ്റക്കനം മാത്രമുള്ള ഞാന്‍ ചവിട്ടുമ്പോഴേക്കും ഒടിഞ്ഞുപോകുന്ന കൊമ്പ്. പേരക്ക കൊമ്പാണത്രേ, പേരക്കക്കൊമ്പ്! എനിക്ക് ആ കിടന്നകിടപ്പിലും ദേഷ്യം വന്നു.

“ഹള്ളാ, ചെറിയോന്‍ ബീണിറ്റ് എന്തോ പറ്റി ഉമ്മാ“ എന്ന്‍ സഹോദരി മുന്‍പില്‍ നടക്കുന്ന ഉമ്മയെ അറിയിക്കുമ്പോഴേക്കും ഞാന്‍ ഒരു ബ്ലിങ്കിയ ചിരിയോടെ ഉമ്മയുടെ അടുത്തെത്തിയിരുന്നു. “ഇല്ലില്ല, ഒന്നും പറ്റീക്കില്ല, ഓള് ബെറ്തേ പറഞ്ഞതാ” എന്ന് വീഴ്ച്ചയില്‍ മുകളിലേക്ക് കയറിപ്പോയ ട്രൌസര്‍ അല്‍പ്പം പുറകിലേക്ക് വലിച്ചിട്ടുകൊണ്ട്, വേദന കടിച്ചുപിടിച്ചുകൊണ്ട് ഞാന്‍ ഉമ്മയെ ബോധ്യപ്പെടുത്തി. നിനക്ക് ഞാന്‍ വീട്ടിലെത്തിയിട്ട് കാണിച്ചുതരാം എന്നായിരുന്നു ഉമ്മയുടെ ഉള്ളിലിരിപ്പ് എന്ന് ഉമ്മയുടെ മുഖഭാവത്തില്‍ നിന്ന് ഞാന്‍ മനസിലാക്കി. അല്ലെങ്കിലും ഉമ്മ എന്നെ പബ്ലിക്കായിട്ട് തല്ലാറില്ല, വീടിനു പുറത്ത് എന്ത് കുറ്റം ചെയ്താലും വീട്ടിലെത്തിയാലാണ് ശിക്ഷ നടപ്പാക്കാറുള്ളത്.

അങ്ങനെ നടക്കുമ്പോള്‍ എന്റെ അശ്രദ്ധ കാരണം ഒരു നിമിഷം ഞാന്‍ ഉമ്മയെ ഓവര്‍ടെയ്ക്ക് ചെയ്തു. എന്റെ ഞൊണ്ടിഞൊണ്ടിയുള്ള നടപ്പും പുറകില്‍ പറ്റിയ ചാണകവും ഉമ്മയുടെ ശ്രദ്ധയില്‍ പെട്ടു. അത് കഴുകി ക്ലീനാക്കാന്‍ വേണ്ടി ഞങ്ങള്‍ വഴിയരികിലെ മഞ്ചാന്‍മാഷുടെ വീട്ടിലേക്ക് കയറി. മഞ്ചാന്‍ മാഷുടെ മകള്‍ ഉമ്മയുടെ പഴയ കൂട്ടുകാരിയാണ്. ഉമ്മ എന്റെ ട്രൌസര്‍ വൃത്തിയാക്കിത്തന്നതിനു ശേഷം അവരോട് സംസാരം തുടങ്ങി. ഞങ്ങള്‍ കുട്ടികള്‍ക്കായി അവര്‍ ഒരു ബസ്സി (പ്ലേറ്റ്) നിറയെ “ബര്‍ത്തായി“ അഥവാ വറുത്തകായ അഥവാ ബനാന ചിപ്സും രണ്ട് ഗ്ലാസ് ഹോര്‍ലിക്സും കൊണ്ടു വന്നു. അത് വേണ്ടാ എന്ന് പറയാന്‍ ഉമ്മ ആംഗ്യം കാട്ടിയെങ്കിലും
ഞങ്ങള്‍ കണ്ട ഭാവം നടിക്കാതെ ഹോര്‍ലിക്സ് കാലിയാക്കി ബര്‍ത്തായിയെ അറ്റാക്ക് ചെയ്യാന്‍ തുടങ്ങി. ഉമ്മയും കൂട്ടുകാരിയും അവരുടെ ചര്‍ച്ചകളില്‍ മുഴുകി.

അങ്ങനെ പറഞ്ഞ്പറഞ്ഞ് അസര്‍ ബാങ്ക് കൊടുത്തപ്പോള്‍ ഉമ്മയ്ക്ക് വീട്ടില്‍ അലക്കാനുള്ള തുണികളെകുറിച്ചും മറ്റ് ഹൌസ്ഹോള്‍ഡ് ചൊറെകളെ പറ്റിയും ഓര്‍മ്മവരികയും “എന്നാപ്പിന്ന ഞാള് പോട്ടെ, പിന്നെ ബെരാ” എന്ന് ഉപസംഹരിക്കുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും സംഭവിക്കേണ്ടത് സംഭവിച്ചിരുന്നു. പൊടിപോലുമില്ല കണ്ടുപിടിക്കാന്‍, ബര്‍ത്തായിന്റെ ബസ്സിയില്‍...

ഉമ്മയുടെ മുഖം ദേഷ്യവും നാണക്കേടും കൊണ്ട് ചുവന്നു. പക്ഷേ അവിടെവച്ച് ഒരു സീനുണ്ടാക്കാതെ ഉമ്മ ഞങ്ങളെയും കൂട്ടി വീട്ടിലേക്ക് നടന്നു.

വീട്ടിലെത്തിയിട്ടും ഉമ്മയൊന്നും മിണ്ടുന്നില്ല. രക്ഷപ്പെട്ട സന്തോഷത്തില്‍ ഞാന്‍ കൂട്ടുകാരുടെ കൂടെ കളിക്കാന്‍ പോയി. മഗ്‌രിബ് ബാങ്കിന്റെ സമയത്ത് വീട്ടിലെത്തിയപ്പോള്‍...

ഇറയത്ത് അഴിച്ചു വച്ചിരിക്കുന്ന ഉപ്പയുടെ ചെരുപ്പ്. കോലായില്‍ മുഖം വീര്‍പ്പിച്ചിരിക്കുന്ന പെങ്ങള്‍. എനിക്ക് കാര്യം മനസിലായി. ഉപ്പയുടെ കയ്യില്‍ നിന്നും അവള്‍ക്ക് കിട്ടേണ്ടത് കിട്ടിയിരിക്കുന്നു. ഇനി എന്റെ ഊഴം.

ഉമ്മയും ഉപ്പയും തമ്മില്‍ എപ്പോഴും നല്ല അണ്ടര്‍സ്റ്റാന്റിംഗാണ്. കുഞ്ഞുങ്ങളെ തല്ലി വളര്‍ത്തണമെന്ന കാര്യത്തില്‍ പ്രത്യേകിച്ചും.

അന്ന് കാണിച്ച കുരുത്തക്കേടുകള്‍ക്ക് മുഴുവനുമായി ഞാന്‍ തല്ലുകൊണ്ടു. ഏറ്റവും പ്രധാനപ്പെട്ട തല്ലുകൊള്ളിത്തരം തീര്‍ച്ചയായും മറ്റേത് തന്നെ; പ്ലേറ്റ് കാലിയാക്കിയത്. കളിക്കാന്‍ പോയിട്ട് വൈകിവന്നതിന് പ്രത്യേകഓഫര്‍ വേറെയും.

അന്നത്തെ അടിയുടെ ഗുണപാഠം ഇതായിരുന്നു: ഇനി എന്തൊക്കെയായാലും, ആരുടെ വീട്ടില്‍ വിരുന്നിന് പോയാലും പ്ലേറ്റ് മുഴുവന്‍ കാലിയാക്കരുത്.

ആ അടിയുടെ ഓര്‍മ്മകള്‍ ഇന്നും എന്നിലുള്ളതുകൊണ്ട് ആരുടെ വീട്ടില്‍ പോയാലും, എത്ര രുചിയുള്ള വിഭവമായാലും എന്റെ തൊണ്ടയിലൂടെ അധികമങ്ങിറങ്ങില്ല, സത്യം.

50 അഭിപ്രായങ്ങള്‍:

  1. കുറ്റ്യാടിക്കാരന്‍|Suhair said...

    “ഒരു സാരോപദേശ കഥ”

  2. പാമരന്‍ said...

    "ഒരു സാരോപദേശ കഥ" കലക്കി കുറ്റിയേ..

    പണ്ടിതേ ഇന്‍സ്റ്റ്രക്ഷന്‍സ്‌ ഞമ്മളെ പൊരേലും ഇണ്ടേയ്നി.

    വീട്ടില്‍ വിരുന്നുകാരു ബെരുമ്പം കൊട്ക്കാന്ള്ള പലഹാരങ്ങള്‌ അമ്മ ഭരണികളിലാക്കി 'ഥൊട്ടു പോകരുത്' എന്ന ആജ്ഞകൊണ്ടടച്ച്‌ പൊക്കത്തില്‌ ബെയ്ക്കും.

    ഏതെങ്കിലും വിരുന്നാരു വന്നു പോയാലുടനെ ഞാനും അനിയനും ചാടി വീഴും. ബാക്കിയുള്ള പലഹാരങ്ങള്‍ എടുത്തുവയ്ക്കാന്‍ വരുന്ന അമ്മ.. "ഹല്ല.. അതു മുഴുവനും തീര്‍ത്തോ.." ന്നു ഞെട്ടും. ഞങ്ങള്‌ മെല്ലെ കുറ്റം വിരുന്നുകാരുടെ തലയില്‍ വെച്ചുകൊടുത്ത്‌ മുങ്ങും.. "ആര്‍ത്തിപ്പണ്ടാരങ്ങള്‌.." ഹല്ല പിന്നെ!

  3. ഹരിയണ്ണന്‍@Hariyannan said...

    കുറ്റ്യാടീ..

    ഇക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനായിരുന്നു.
    ഏതയല്പക്കത്തും പോയി ശാപ്പാടടിക്കാന്‍ ഒരു തടസോം ഇല്ലാതെ വളര്‍ത്തി.
    അമ്മ എപ്പോഴും പറയാറുണ്ടാരുന്നു:“അല്ലേലും അവന് ഈ വീട്ടിലുവെക്കണതൊന്നും വേണ്ട;അയല്വക്കക്കാരു കൊടുത്താ നഞ്ചും കഴിച്ചോളും”ന്ന്!!

    :)

  4. എ.ജെ. said...

    ഇപ്പറഞ്ഞതെല്ലാം ഞാനും അനുഭവിച്ചതാ...
    ഓര്‍ക്കാന്‍ ഇടയാക്കി തന്നതിനു നന്ദി...

  5. OAB/ഒഎബി said...

    അടിയെത്ര കൊണ്ടു അന്ന്. കേരളം വിട്ട് ഫറൂക്കിലേക്ക് നാട് വിട്ട് പോകാന്‍ ഒരു രണ്ട് ഉറുപ്പ്യ കിട്ടണ്ടെ. അതു പോലെയുള്ള ഉമ്മയെയും ഉപ്പയെയും കിട്ടിയ നമ്മളെത്ര ഭാഗ്യവാന്മാറ്.

    പ്രിയത്തില്‍ ഒഎബി.

  6. തോന്ന്യാസി said...

    കുറ്റീ........

    ഞമ്മക്കീ‍ കഥ പെര്ത്തിഷ്ടായി.......

    പിന്നെ ആ നാരങ്ങേന്റെ കഥ.....പഹയാ നാവുമ്മ്‌ന്ന് ബള്ളം ബീണിറ്റ് ന്ന് ബടെ പ്രളയണ്ടാവുന്നാ തോന്ന് ണത്

  7. Shaf said...

    കുറ്റ്യാടി സാരോപദേശ കഥ നന്നായി,വീട്ടിലെ ചെറിയ ഉപദേശങ്ങളുടെ വലിയ അര്‍ത്ഥങ്ങള്‍ പിന്നീടാ നാം മനസിലാക്കുക,
    പിന്നെ ആ സിന്ധി കുഞ് അവന്റെ അമ്മയുടെ കയ്യിലിരിപ്പാലോചിട്ടാകും..നമ്മുക്കറിയുന്നതല്ലേ...!

  8. സ്നേഹതീരം said...

    കഥ വായിച്ചിട്ട്, കുറച്ചുനേരം ഓരോന്നാലോചിച്ച് സ്ക്രീനില്‍ നോക്കിയിരുന്നുപോയി. എന്റെ ബാല്യം ഓര്‍ത്തു. കുസൃതിത്തരങ്ങളില്‍ ആരു മുന്‍പില്‍, എന്നൊരു തര്‍ക്കം ഞാനും ചേട്ടനും തമ്മില്‍ ഉണ്ടായിരുന്നെങ്കിലും,അമ്മച്ചിയുടെ കയ്യില്‍ ഒരു ചുള്ളിക്കമ്പ് കണ്ടാല്‍ പിന്നെ, തര്‍ക്കമെല്ലാം അതോടെ അവസാനിക്കും :) എന്തായാലും വടിയോട് അപാരബഹുമാനമായിരുന്നു !

    നല്ല ഓര്‍മ്മകള്‍ ഉണര്‍ത്തിയതിന് നന്ദി. എഴുത്തിന്റെ ശൈലിയും വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍.

  9. തറവാടി said...

    ഒര്‍മ്മകള്‍ രസിച്ചു ,

    ഉമ്മയോടൊപ്പം ചെയ്തിരുന്ന യാത്രകള്‍ അതൊരു രസം തന്നെ
    ചെറിയൊരു ഓര്‍മ്മ തികട്ടി :)

  10. Unknown said...

    പണ്ടത്തെ കാലമൊന്നുമല്ല കുറ്റ്യാടി
    ഇന്ന് പിള്ളേര് നല്ല ഓസില് എന്തേലും കിട്ടുമോന്ന്
    നോക്കി നടക്കുവാ.
    അത്രമാത്രം പിശുക്കാണ് പുതിയ തലമുറ അവരെ പഠിപ്പിച്ച് വച്ചിരിക്കുന്നത്.എതായാലും ആ സിന്ധി ചെക്കന് വല്ലോ വാങ്ങി കൊടുക്ക്
    അവസാനം എന്നേലും കാണുമ്പോള്‍
    അവന്‍ അവന്റെ ഗുണം കാണിക്കാതെയിരിക്കില്ലാ

  11. നിരക്ഷരൻ said...

    കുറ്റ്യാടീ - പോസ്റ്റ് കേമം. ഇടയിലൊക്കെ കയറിവരുന്ന ആ കുറ്റ്യാടി ശൈലി പോസ്റ്റിന്റെ മാറ്റ് കൂട്ടുന്നുണ്ട്. ബാല്യകാലത്തേക്ക് ഒന്ന് തിരിഞ്ഞ് നോക്കാന്‍ അവസരമുണ്ടാക്കിത്തന്ന ഈ പോസ്റ്റിന് പെരുത്ത് നന്ദി.

    പാമരന്‍, ഹരിയണ്ണന്‍,ഓ.എ.ബി, സ്നേഹതീരം എന്നിവരുടെ കമന്റുകളും കലക്കി. :) :)

  12. Gopan | ഗോപന്‍ said...

    സുഹൈറേ,
    ഈ കഥ വല്യേ ഇഷ്ടായി. ".ഉമ്മയും ഉപ്പയും തമ്മില്‍ എപ്പോഴും നല്ല അണ്ടര്‍സ്റ്റാന്റിംഗാണ്. കുഞ്ഞുങ്ങളെ തല്ലി വളര്‍ത്തണമെന്ന കാര്യത്തില്‍ പ്രത്യേകിച്ചും." ഇതു കലക്കി..
    ഗൃഹാതുരത്വമുണര്‍ത്തുന്ന പോസ്റ്റ്.

  13. അരൂപിക്കുട്ടന്‍/aroopikkuttan said...

    ജോറ്!!

    ഓര്‍മ്മക്കുറിപ്പുകള്‍ എന്നാല്‍ വളിപ്പെഴുത്തല്ലെന്ന് നിങ്ങള്‍ പഠിപ്പിക്കുന്നു!

  14. കാപ്പിലാന്‍ said...

    നല്ല സാരോപദേശം .ഇപ്പോള്‍ ഞാന്‍ നാട്ടില്‍ പോയാലും അമ്മച്ചി അവിടിരിക്കാടാ എന്ന് പറഞ്ഞാല്‍ ഞാന്‍ അവിടിരിക്കും .പണ്ട് കിട്ടിയ അടിയുടെയും ,ചീതവിളിയുടെം ഗുണം .എട്ടുമക്കള്‍ ആണും പെണ്ണും ക്രമത്തില്‍ .ഇപ്പോള്‍ ഞാന്‍ രണ്ടു പേരെ വളര്‍ത്താന്‍ പാടുപെടുന്നു .കഴിക്കാനും കുടിക്കാനും അദികം ഒന്നും ഇല്ലായിരുന്നെന്കിലും ഞങ്ങളെ നന്നായി വളര്‍ത്തി ,പഠിപ്പിച്ചു .
    കഴിഞ്ഞ കാലങ്ങളിലേക്ക് പോകാന്‍ ഇത് സഹായിച്ചതില്‍ നന്ദി .കുറ്റി ത്താടി

  15. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    ഉഷാറായി കുറ്റിക്കാ.

    പല ഓര്‍മ്മകളും വീണ്ടുമങ്ങനെ ദേ ഇവടെ ഓടിക്കളിക്കുന്നു

  16. siva // ശിവ said...

    അടി തരുന്ന കാര്യത്തില്‍ അച്ഛനും അമ്മയ്ക്കും ഉള്ള അണ്ടര്‍സ്റ്റാന്റിംഗ്....അത് ഇഷ്ടമായി...

    സസ്നേഹം,

    ശിവ

  17. Sharu (Ansha Muneer) said...

    കൊള്ളാം, ഇതുപോലെയുള്ള പല നിര്‍ദ്ദേശങ്ങളും കുട്ടിക്കാലത്ത് എനിയ്ക്കും കിട്ടിയിട്ടുണ്ട്. അതില്‍ പ്രധാനം വിരുന്നുകാര്‍ക്ക് എടുത്തുവെയ്ക്കുന്ന പ്ലേറ്റില്‍ നിന്നും കഴിക്കരുത് എന്നുള്ളതായിരുന്നു.
    പോസ്റ്റ് ഉഗ്രന്‍..

  18. ബഷീർ said...

    കുറ്റ്‌ യാടിക്കാരാ..

    നന്നായി.. പണ്ട്‌ ഈ വക പരിപാടികള്‍ നടത്തി നാണം കെടുത്തിയിട്ടുള്ളതായി ഓര്‍മ്മയില്ല. പക്ഷ ഉമ്മ പറയാറുണ്ട്‌ ചെറുപ്പത്തില്‍ എന്നെ കാണാതായാല്‍ അടുത്ത വീട്ടിലെ ( എന്റെ പെറ്റമ്മാടെ ) അഥവാ ഉമ്മാടെ ഉമ്മാടെ വീട്ടിനടുത്തുള്ള വീട്ടിലെ അടുക്കളയുടെ മൂലയില്‍ വെച്ച അലമാരിയുടെ അടുത്തുണ്ടാവുമത്രെ മിക്കവാറും.. അവിടുത്ത്‌ ഉമ്മവുത്താക്ക്‌ എന്നെ പെരിത്തിഷ്ടമായിരുന്നു ( അടുത്തിടെ മരണപ്പെട്ടു ) .ആ അലമാരയിലല്ലേ ചിപ്സും മറ്റും സൂക്ഷിക്കുന്നത്‌ : )


    എന്റെ മോള്‍ ഇപ്പോള്‍ ആരു എന്ത്‌ കൊടുത്താലും വാങ്ങുന്നതിനു മുന്നെ ഞങ്ങളുടെ മുഖത്തേക്ക്‌ നോക്കും ..സമ്മതമാണെന്ന് കണ്ടാല്‍ മാത്രമേ . വാങ്ങു.. നമ്മള്‍ ചെയ്യാത്തത്‌ കുട്ടികളെ പഠിപ്പിക്കുക അതാണല്ലോ നമ്മളു ചെയ്യുന്നത്‌ : )

    പിന്നെ, ഇവിടെ (ഗള്‍ഫില്‍ ) കരയുന്ന കുട്ടികളുടെയൊക്കെ കരച്ചില്‍ മാറ്റാന്‍ നിന്ന് ഊരാക്കുടുക്കില്‍ പെടാതെ നോക്കണേ.. കുട്ടികളെ പീഡിപ്പിച്ചു വെന്ന് പറഞ്ഞ്‌ അകത്താകാന്‍ വലിയ പ്രയാസമുണ്ടാവില്ല.. : (

  19. ബഷീർ said...

    ഒരു കാര്യം വിട്ടു പോയി..

    കാപ്പിലന്‍ പറഞ്ഞത്‌ ഞാന്‍ വിശ്വസിച്ചു ..എന്തൊരു അനുസരണ : )

  20. Sherlock said...

    ഈ പോസ്റ്റ് പെരുത്ത് ഇസ്റ്റായി പഹയാ..:)

    qw_er_ty

  21. അരുണ്‍ കരിമുട്ടം said...

    നല്ല രീതിയില്‍ ഒരു അടി കിട്ടിയാല്‍ ഏതവനായാലും നന്നാവും.
    ഞാനും നന്നായി.
    ഈ പോസ്റ്റും നന്നായി.
    കൊള്ളാം.

  22. salimclt said...

    appo ninne dairyamayittu ..satkarikkam..alle
    .pettannu..kadhayude frame..
    bur-dubayil ninnum.kuttiadiyilekku mariyathu..great..

  23. achayan said...

    machaaa....kola.......arum kola......

  24. ഒരു സ്നേഹിതന്‍ said...

    ബെടെ ഇങ്ങനോക്കെള്ളത് ഇപ്പളാ കണ്ടത്...ന്റെ കുറ്റ്യാടി... എന്തൊരു എഴുത്താ പഹയാ...
    നിക്ക് വല്ലണ്ടാങ്ങട്ടു ബോധിച്ചു,
    കൂട്ടത്തില്‍ ഒരുപാടു സംഭവങ്ങള്‍ ഓര്‍ക്കാന്‍ അവസരം ഒരുക്കിയതിനു പ്രത്യേക നന്ദി...
    ഞ്ഞി എടക്കെടക്ക് വരാട്ടോ...

  25. കുറ്റ്യാടിക്കാരന്‍|Suhair said...

    ഒട്ടും ആത്മവിശ്വാസമില്ലാതെയാണ് ഇത് പോസ്റ്റ് ചെയ്തത്. മാത്രമല്ല, മറ്റുപോസ്റ്റുകള്‍ വായിച്ചവര്‍ക്ക് ഇത് ബോറടിക്കുമോ എന്ന പേടിയും ഉണ്ടായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെയേറെ നന്ദി. എഴുത്തിന്റെ മേന്മയല്ല, ഇത് ഉണര്‍ത്തിയ ഓര്‍മ്മകളാണ് നിങ്ങളെ ഈ നല്ലവാക്കുകള്‍ എഴുതാന്‍ പ്രേരിപ്പിച്ചതെന്ന് ഞാന്‍ മനസിലാക്കുന്നു.

    പാമരന്‍;
    എല്ലാവരും പറഞ്ഞത് ഇതു തന്നെ. പല പല ഇന്‍സ്ട്രക്ഷന്‍സ്. അത് മറികടക്കാന്‍ പല പല വഴികളും...

    ഹരിയണ്ണന്‍;
    ഭാഗ്യവാന്‍ തന്നെ.

    എ.ജെ;
    ബാല്യകാലം ഓര്‍ക്കാന്‍ ഈ പോസ്റ്റ് ഇടയാക്കി എന്നറിഞ്ഞതില്‍ വളരെയേറെ സന്തോഷം.

    ഓഏബി;
    മുതിര്‍ന്നുകഴിയുമ്പോഴാണ് നമ്മള്‍ അവരുടെ വാക്കുകളുടെ വില അറിയുന്നത്. ഇവിടെ വന്നതിന് വളരെയേറെ നന്ദി.

    തോന്ന്യാസി;
    നാരങ്ങയെ പറ്റി മാത്രം ഒരു പോസ്റ്റ് എഴുതാന്‍ പറ്റും, അല്ലേ?

    ഷഫ്;
    ശരിയാണ്.
    വന്നതിന് നന്ദി.

    സ്നേഹതീരം;
    ആദ്യമായാണിവിടെ. വളരെയേറെ നന്ദി.

    തറവാടി;
    നന്ദി.

    അനൂപ്;
    ശരിയാണ്. വായിച്ചതിന് നന്ദി.

    നിരക്ഷരന്‍;
    ഫുള്‍ ക്രെഡിറ്റും അവിടെ! വളരെയേറെ നന്ദി.

    ഗോപന്‍;
    നന്ദി.

    അരൂപിക്കുട്ടന്‍;
    ആ കമന്റ് എനിക്കുള്ള ഏറ്റവും വലിയ അഭിനന്ദനമായി ഞാന്‍ എടുക്കുന്നു. ഇനിയും വരിക.

    കാപ്പിലാന്‍;
    വളരെയേറെ കഠിനപ്രയത്നത്തിനു ശേഷം ഞാന്‍ ഒരു ബുള്‍ഗാന്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്. അത് പക്ഷെ എങ്ങനെ മനസിലായി? ആ കുറ്റിത്താടി വിളി എനിക്കങ്ങ് ബോധിച്ചു. :)

    പ്രിയ;
    അതൊക്കെ ശരി, പക്ഷെ എന്നെ കുറ്റി“ക്കാ” എന്ന് വിളിക്കണ്ട. ഞമ്മള് “ക്കാ” ആയിട്ടില്ല പ്രിയത്താത്തേ...

    ശിവ;
    ആദ്യമായി ഇവിടെ വന്നതിനും ആ കമന്റിട്ടതിനും വളരെയേറെ നന്ദി.

    വളരെയേറെ നന്ദി ഷാരൂ;

    ബഷീര്‍ക്കാ;
    ഉമ്മവുത്തായുടെ ഓര്‍മ്മയുണര്‍ത്താന്‍ ഈ പോസ്റ്റ് സഹായകമായല്ലോ. വളരെ സന്തോഷം.
    മോള്‍ മിടുക്കിയായി വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ.

    പിന്നെ കാപ്പിലാന്‍ ആ ആശ്രമത്തിലുണ്ട്. മൂപ്പരുടെ പൂര്‍വാശ്രമത്തിലെ കഥകള്‍ പരസ്യപ്പെടുത്തുന്നത് ചിലപ്പം മൂപ്പര്‍ക്ക് ഇഷ്ടമാവാന്‍ ഇടയില്ല. :)

    ജിഹേഷ്;
    ആ കമന്റിന് നന്ദി ഹമുക്കേ... :)

    അരുണ്‍ കായംകുളം;
    നന്നായല്ലേ, നന്നായി. അത് പറഞ്ഞതിന് നന്ദി വേറെയും.

    സാലിം;
    ഈ പോസ്റ്റ് കണ്ടെങ്കിലും ഒരു സല്‍ക്കാരത്തിന് എന്നെ ഒന്ന് വിളിക്ക് ചങ്ങായീ...
    താങ്ക്യൂ.

    സാം;
    അതെനിക്കിട്ടൊന്ന് താങ്ങിയതാണോ അതോ എന്നെ ഒന്ന് പൊക്കിയതാണോ? വന്നതിന് നന്ദി.

    ഒരു സ്നേഹിതന്‍;
    അങ്ങനെ ഒരു സ്നേഹിതന്‍ കൂടിയായി. ഇനിയും വരിക. ഈ സ്നേഹത്തിന് നന്ദി.

  26. അപ്പു ആദ്യാക്ഷരി said...

    കുറ്റ്യാടീ, ഓർമ്മകൾ പെയ്തിറങ്ങിയ ഈ കുറിപ്പ് നന്നേ പിടിച്ചു കേട്ടോ!!

  27. Anonymous said...

    കുട്ടി കുട്ടി മര്യാദകള്‍ നന്നായിരിക്കുന്നു. ഒരു കുഞ്ഞി പയ്യന്‍ പണി തന്നപ്പോള്‍ പഴയ കാലങ്ങള്‍ ഓര്‍ക്കാന്‍ പറ്റിയല്ലോ... ആ കുഞ്ഞി പയ്യനെ സമ്മതിച്ചേ പറ്റു. മോനേ ഈ ചേട്ടായിക്ക്‌ സ്ഥരമായി പണി കൊടുക്കടാ ചക്കരേ!!!

    പഴമ്പുരാണംസ്‌.

  28. Sandip said...

    ങടെ കഥ കലക്കീ ട്ടൊ !പന്‍ടു വീട്ടില്‍ വന്ന വിരുന്നുകാരന്റെ ഗ്ലാസ്സില്‍ ബാക്കി വന്ന മുന്തിരി ജൂസ് കുട്ഇചപ്പൊ കിട്ടിയ അടി ഒര്‍മ വന്നു

  29. കുറ്റ്യാടിക്കാരന്‍|Suhair said...

    അപ്പു;
    ആദ്യമായി ഇവിടെ വന്നതിനും കമന്റിട്ടതിനും വളരെയേറെ നന്ദി.

    പഴമ്പുരാണംസ്;
    ഇതെന്റെ ഒരു പഴമ്പുരാണം. വന്നതിനും വായിച്ചതിനും നന്ദി.
    ഹയ്യട, പയ്യനോടെന്തു സ്നേഹം...

    സന്ദീപ്;
    പണ്ട് ഇമ്മാതിരി കുറ്റങ്ങള്‍ ചെയ്ത് തല്ലുവാങ്ങാത്തവര്‍ കുറവു തന്നെ.
    ഇഷ്ടപ്പെട്ടു എന്ന്‍ പറഞ്ഞതിന് വളരെ നന്ദി.

  30. Unknown said...

    വായിച്ചു, രസിച്ചു....

  31. അരൂപിക്കുട്ടന്‍/aroopikkuttan said...

    പോസ്റ്റ് നന്നായിട്ടുണ്ട്!
    ഞാനും ഒരു മര്യാദയില്ലാത്ത കുട്ടിയാരുന്നു!
    എന്റെ"സ്വപ്നങ്ങള്‍ കൊണ്ട് ഒരു മിനുങ്ങാമിനുങ്ങല്‍!!"എന്നൊരു പുതിയ പോസ്റ്റുണ്ട്!നോക്കണേ...പ്ലീസ്....കമന്റ്റിടണേ...പ്ലീസ്...
    വായനക്കാരെ ചാക്കിട്ടുപിടിക്കാനുള്ള വിദ്യകള്‍ പഠിച്ചുതുടങ്ങിയിട്ടില്ല!
    അതുകൊണ്ട് എന്റെയൊരു ഗുരു പഠിപ്പിച്ചപോലെ എരക്കുന്നു!!

  32. shameer said...

    kutyadikkara....vaayichappol njammale ummaneyum porakkareyum orthu poyi

  33. കുറ്റ്യാടിക്കാരന്‍|Suhair said...

    നിഷാദ്;
    നന്ദി.

    അരൂപി;
    ഈ പരസ്യം കണ്ട് ഞാന്‍ അവിടെ വന്നു സംഭവം കണ്ടു.

    ഷമീര്‍;
    വന്നതിന് നന്ദി. :)

  34. :: VM :: said...

    പൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ് ;)

    ഇടിവാള്‍

    ഈ പൂയ് എന്തിനാന്നു മനസ്സിലായല്ലോ മാഷേ ;)

  35. കുറ്റ്യാടിക്കാരന്‍|Suhair said...

    പൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്...
    മനസിലായി ഇടിയേ...
    ;)


    അങ്ങനെ എന്റെ ബ്ലോഗിലും ഇടിവെട്ടി!

    ഇനി മഴ പെയ്യോ ആവോ..

  36. കുറുമാന്‍ said...

    ഇതറിയാവുന്നോണ്ട്ടല്ലേ സുഹൈറേ ഞാന്‍ നീ ഫ്ലാറ്റില്‍ വന്നപ്പോള്‍ പച്ചവെള്ളമല്ലാതെ വേറെ ഒന്നും തരാഞ്ഞത്. എനിക്ക് കൊടുത്തതാരെങ്കിലും ബാക്കി വച്ചാല്‍ മഹാ സങ്കടമാ :)

  37. കുറ്റ്യാടിക്കാരന്‍|Suhair said...

    കുറുമാനേ... ബുദ്ധിമാനേ...

    ആ വെള്ളവും അധികം ഇറങ്ങിയില്ല. അല്‍പ്പം നാരങ്ങ പിഴിഞ്ഞ് പഞ്ചസാരയും ഇട്ടിരുന്നെങ്കില്‍‍ ഇറങ്ങിയേനേ...

    :)

  38. Unknown said...

    കുട്ടി കളുടെജീവിതത്തിലും ഇങനെയുള്ളസംഭവങള്‍
    ഒന്ടാവാറുന്ട് ഒരു പക്ഷെ ഇങനെഒക്കെയാ യിരിക്കാം
    വെല്ല്തൂമൊക്കെപഠിക്കുന്നത്

  39. Anonymous said...

    Excellent. Just thought of my childhood also, for a while. I too had same instructions from home, but I know that those instructions helped me in future.

    The way you have written,the language ... Amazing.

    Awaiting lot more such stories which drags everybody to childhood even in their busy schedules.

    Keep writing

  40. കുറ്റ്യാടിക്കാരന്‍|Suhair said...

    maravan
    ഇവിടെ വന്നതിന് നന്ദി മറവാ. മലയാളം മെച്ചപ്പെടുത്താനും ബ്ലോഗ് നന്നാക്കുവാനും അപ്പുവിന്റെ ഈ ബ്ലോഗ് നോക്കൂ.. ‍ http://www.bloghelpline.blogspot.com/


    Nish
    It's nice to know that my blogs bring some memories in you...

  41. ശ്രീ said...

    വരാന്‍ ലേശം വൈകി. എന്നാലും മിസ്സായില്ലല്ലോ.

    “ആരെന്ത് തന്നാലും വാങ്ങരുത് എന്ന് എനിക്കും നാലുവയസിന് മൂത്ത പെങ്ങള്‍ക്കും ഉപ്പയുടെ സ്റ്റാന്റിംഗ് ഇന്‍സ്ട്രക്ഷനുണ്ട്. സ്കൂളില്‍ പോകുന്ന കുട്ടികളുടെ അവകാശമായ പോക്കറ്റ്മണിപോലും ഞങ്ങള്‍ക്ക് നിഷിദ്ധം”

    ഇതേ സ്ഥിതി തന്നെ അനുഭവിച്ചതു കൊണ്ടായിരിയ്ക്കാം ആ അവസ്ഥ മനസ്സിലാകുന്നു.

    ഓര്‍മ്മക്കുറിപ്പ് നന്നായി.
    :)

  42. smitha adharsh said...

    പോസ്റ്റ് സൂപ്പര്‍ ആയി..പക്ഷെ..ഇപ്പോഴത്തെ പിള്ളേര് മൊത്തം മാറി...എന്റെ മോള്‍ക്ക്‌ ഒരു കിറ്റ്‌ കാറ്റ് കൊടുത്താല്‍ മതി,എവിടെ വേണോ..ബോംബ് വച്ച് തരും.ആര് എന്ത് കൊടുത്താലും "ഓണ്‍ ദ സ്പോട്ട്"ഇല്‍ വെട്ടി വിഴുങ്ങാന്‍ ഇത്ര കഴിവുള്ള ഒരു അലമ്പത്തി വേറെ ഇല്ല...

  43. ഗൗരിനാഥന്‍ said...

    സത്യത്തില്‍ സാഹിത്യത്തിലെ ചില വമ്പന്‍ ക്രിതികള്‍ വായിച്ചലൊന്നും ഈ ഫീലിങ്ങ് കിട്ടൂലാ.ഓരോ ബ്ലൊഗ്ഗിലോടെയും കടന്നു പോകുമ്പൊള്‍ പണ്ടത്തെ ബാല്യത്തിന്റെ സ്മരണകള്‍ വലിയ ഒരു സുഖമുള്ള ഒരു നൊമ്പരമായി മനസ്സില്‍ നില്‍ക്കുകയാണ്.തനി പച്ചയായ വിവരണങ്ങള്‍ ആണ് ഈ ബ്ലൊഗ്ഗിന്റെ ജീവന്‍..ഇനിയും വരാം

  44. കുറ്റ്യാടിക്കാരന്‍|Suhair said...

    ശ്രീ, സ്മിതടീച്ചര്‍ & ഗൌരി;
    നന്ദി

  45. Arun Meethale Chirakkal said...

    അപ്പോഴേക്കും സംഭവിക്കേണ്ടത് സംഭവിച്ചിരുന്നു. പൊടിപോലുമില്ല കണ്ടുപിടിക്കാന്‍, ബര്‍ത്തായിന്റെ ബസ്സിയില്‍...
    ithoragolla prathibhasamakunnu sahodaraaa...enthu manoharamaaya description, ocke kanninu munpil kandu, perakkayil kayarunnathum thazhe chanakathilekku nipathikkunathum okke...ithe eee blogilumundu manoharamayoru post have a look:
    http://pareltank.blogspot.com/2008_07_01_archive.htmlWednesday, July 23, 2008
    Beware of Kids!

  46. kochuthresiamma p .j said...

    :-)
    poor u. too eventful a day!
    great post.

  47. കുറ്റ്യാടിക്കാരന്‍|Suhair said...

    അരുണ്‍,
    കൊച്ചുത്രേസ്സ്യാമ്മ,

    നന്ദി.

  48. Satheesh Haripad said...

    അടിയെ പേടിച്ച് വളരുന്ന കുട്ടികളുടെ കാലമൊക്കെ പോയി മാഷെ. ഇപ്പോഴത്തെ പിള്ളേരെ തല്ലാന്‍ ചെന്നാല്‍ അവന്‍ നമുക്കിട്ടു തട്ടും, പോരാത്തതിന് അവന്റെ വായിലിരിക്കുന്നത് കേള്‍ക്കേണ്ടതായും വരും.

    കുറ്റ്യാടിയുടെ കഥകളെ ഇത്രയും ആസ്വാദകരമാക്കുന്നത് അവയിലുടനീളം നിഴലിക്കുന്ന നിഷ്‌കളങ്കത്വവും ലാളിത്യവുമാണ്.

    കീപ്പ് ഇറ്റ് അപ്പ്..!!!

  49. കുറ്റ്യാടിക്കാരന്‍|Suhair said...

    Satheesh Haripad,
    പ്രോത്സാഹനത്തിന് നന്ദി സുഹൃത്തേ..

  50. ഫൈസല്‍ കുനിങ്ങാട് said...

    ഹോ എന്‍റെ കുറ്റ്യാടീ.... താങ്കള്‍ക്ക് കിട്ടിയ ചൂരലും എനിക്ക് കിട്ടിയ പറങ്കി മുളകും
    എല്ലാം ഒരേ ഗണത്തില്‍ പെടുന്നു

Post Your Comment ( കമന്റ്‌ ഇവിടെയും ഇടാം)

കമന്‍റുകള്‍ കൂമ്പാരമാകുമ്പോള്‍ പോസ്റ്റുകള്‍ ഗംഭീരമാകുന്നു...
ഇവിടൊരു കമന്‍റിട്ടേക്ക്‌...