Saturday, February 23, 2008

ഉപ്പുചായ

അയ്‌ലയെ തിന്നുന്ന നാട്ടിലെത്തിയാല്‍ നടുക്കഷണം തിന്നണം എന്നാണ്‌ പോലും... നടുക്കഷണം എന്നത്‌ അത്രക്ക്‌ വല്യ സംഭവം ആണോ? എനിക്ക്‌ തോന്നിയിട്ടില്ല. കാരണം, വീട്ടിലെ നടുക്കഷണമായിരുന്നു ഞാന്‍. ഇത്താത്ത (ഇത്ത), അനിയന്‍. ഇവര്‍ക്കിടയില്‍ അര്‍ഹിക്കുന്ന സ്നേഹവും ബഹുമാനവും കിട്ടുന്നില്ല എന്ന കടുത്ത കോംപ്ളെക്സുമായാണ്‌ നടുക്കഷണമായ ഞാന്‍ ജീവിച്ച്പോന്നത്‌. ആദ്യമായുണ്ടായ കുട്ടിയായതിനാല്‍ ഉപ്പയുടെയും ഉമ്മയുടെയും കയ്യില്‍ അപ്പോള്‍ സ്റ്റോക്കുണ്ടായിരുന്ന വാത്സല്യം മുഴുവന്‍ ഇത്തയുടെ അക്കൌണ്ടില്‍ പോയി. ബാക്കിയുള്ളത്‌ കുറേശ്ശെ കുറേശ്ശെ കിട്ടിവരുമ്പോഴേക്കും അനിയന്‍ വന്നു. ചെറിയ കുട്ടിയായതിനാല്‍ പിന്നെ എല്ലാവര്‍ക്കും അവനെയായി കാര്യം. എണ്റ്റെ കാര്യം വീണ്ടും അധോഗതിയായി. എന്റെ ഈ മിഡില്‍ പൊസിഷന്‍ കൊണ്ടാണോ അതോ കയ്യിലിരിപ്പുകൊണ്ടാണൊ ഇങ്ങനെ സംഭവിച്ചത്‌ എന്നെനിക്കറിയില്ല.

എന്തായാലും ഈ കോംപ്ളെക്സ്‌ ഉള്ള കാരണം വീട്ടില്‍ കുട്ടികള്‍ തമ്മിലുള്ള വാക്കുതര്‍ക്കം, അടി, ഇടി, കത്തിക്കുത്ത്‌, കൊലപാതകശ്രമം തുടങ്ങിയ കലാപരിപാടികളില്‍ ബൈ ഡിഫോള്‍ട്ട് എന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഒന്നുകില്‍ ഞാനും ഇത്തയും, അല്ലെങ്കില്‍ ഞാനും അനിയനും. ഉമ്മയുടെയും ഉപ്പയുടെയും പ്രധാന ജോലി ഈ പ്രശ്നങ്ങള്‍ തീര്‍ക്കലായി മാറി.

ഒരിക്കല്‍ എന്തോകാര്യത്തിന്റെ പേരില്‍ ഇത്ത തന്ന തല്ല്‌ തിരിച്ചുകൊടുക്കാന്‍ കഴിയാതെ ഇരിക്കുകയായിരുന്നു ഞാന്‍. ഉപ്പ വീട്ടില്‍ ഉള്ള ഒരു ഞായറാഴ്ചയായതിനാല്‍ പ്രത്യക്ഷമായ ഒരു കയ്യേറ്റശ്രമങ്ങളും നടക്കില്ലെന്നറിയാം. കുറേനേരത്തെ കൂലങ്കഷമായ ആലോചനക്കൊടുവില്‍ ഞാന്‍ ഒരു ഐഡിയ കണ്ടെത്തി. ഏതോ സിനിമയില്‍ കണ്ടതാണ്‌. ചായയില്‍ പഞ്ചസാരയ്ക്ക്‌ പകരം ഉപ്പിട്ട്‌ ഇത്തക്ക്‌ കൊടുക്കുക. ഇങ്ങനെയൊരു പ്രതികാരം എന്തായാലും വളരെ സേയ്ഫുമാണ്‌. അറ്റ്ലീസ്റ്റ് തല്ലുകൊള്ളുന്നതിന്ന്‌ മുന്‍പ്‌ സ്ഥലം കാലിയാക്കാം. അങ്ങനെ ഞാന്‍ ഓപ്പറേഷന്‍ ഉപ്പുചായയുമായി രംഗത്തിറങ്ങി.

അടുക്കളയില്‍ ഉമ്മ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുകയാണ്‌. കുറച്ചുനേരം അവിടെ ചുറ്റിപ്പറ്റിനിന്നു. ഉമ്മയെ സഹായിക്കാന്‍ തുടങ്ങി. സ്പെഷലായുണ്ടാക്കുന്ന ഫുഡ്‌ഐറ്റംസ്‌, സ്റ്റോര്‍ റൂമിലെ തട്ടില്‍ വച്ചിട്ടുള്ള ബിസ്ക്കറ്റ്സ്‌ തുടങ്ങിയ സാധനങ്ങള്‍ തട്ടിയെടുക്കാനും വിളമ്പിവച്ചിട്ടുള്ള ഭക്ഷണം കഴിക്കുവാനും മാത്രം അടുക്കളയില്‍ കയറാറുള്ള എന്റെ ഈ സഹായമനോഭാവത്തില്‍ ഉമ്മക്ക്‌ സംശയം തോന്നിയോ എന്തോ. ഞാന്‍ മൈന്റ്‌ ചെയ്യാന്‍ നിന്നില്ല. ദോശയും മറ്റും ചുട്ടുകഴിഞ്ഞപ്പോള്‍ ഉമ്മ ചായയുണ്ടാക്കി. "ഉമ്മ ഇത്രേം ബുദ്ധിമുട്ടീല്ലേ, പഞ്ചസാര ഞാന്‍ ഇട്ടേക്കാം. ഉമ്മ എല്ലാരെയും കഴിക്കാന്‍ വിളിച്ചോ" എന്ന എന്റെ ഒാഫര്‍ ഉമ്മ സ്വീകരിച്ചു. "ഇവിടെ ഒരു പെണ്‍കുട്ടിയുണ്ടായിട്ടെന്ത്‌ കാര്യം, എന്നെ സഹായിക്കാന്‍ ഇവന്‍ മാത്രമേയുള്ളൂ" എന്നും പറഞ്ഞ്‌ ഉമ്മ എല്ലാവരെയും ചായകുടിക്കാന്‍ വിളിച്ചു. ഉമ്മ അവരെ വിളിക്കാന്‍ പോയനേരം നോക്കി ഞാന്‍ ഒരു ഗ്ളാസ്സില്‍ മാത്രം പഞ്ചസാരക്ക്‌ പകരം രണ്ട്‌ സ്പൂണ്‍ ഉപ്പ്‌ കലക്കി. ഒന്നു ടെസ്റ്റ്‌ ചെയ്ത്‌ നോക്കാമെന്നു കരുതി അല്‍പം വായിലാക്കി നോക്കി. ഹൌ... ഇത്‌ മാരകമായിപ്പോയി. ഞാന്‍ ഛര്‍ദ്ദിച്ചില്ല എന്നേ ഉള്ളൂ.. വായില്‍ വെക്കാന്‍ കൊള്ളില്ല. പ്രതികാരം ഇത്രക്ക്‌ വേണോ എന്ന്‌ എനിക്കു തന്നെ തോന്നി. എന്തായാലും ഇറങ്ങിപ്പുറപ്പെട്ടില്ലേ, നടക്കട്ടെ..

ഉപ്പയും, ഇത്തയും, അനിയനുമെല്ലാം എത്തി. ചായ എടുത്തു വച്ചപ്പോള്‍ ഉപ്പുചായ ഞാന്‍ അവളുടെ മുന്നില്‍ വളരെ സ്ട്രാറ്റജിക്കലായി പ്ളേയ്സ്‌ ചെയ്തു. എന്റെ അന്നത്തെ സ്ത്യുത്യര്‍ഹമായ സേവനത്തെപറ്റി ഉമ്മ എല്ലാവരോടുമായി വിവരിച്ചു. പഞ്ചസാരയിട്ടത്‌ മാത്രമല്ല, ചായ മൊത്തത്തില്‍ ഞാനാണ്‌ ഉണ്ടാക്കിയതെന്ന്‌ വരെ ഉമ്മ പറഞ്ഞുകളഞ്ഞു. ഇതുകേട്ട ഉപ്പ എന്നെ കണ്ട്‌ പഠിക്കാന്‍ അന്നാദ്യമായി ഇത്തയോടും അനിയനോടും ഉപദേശിച്ചു. ആഹാ, ഒരു വെടിക്ക്‌ രണ്ടുപക്ഷി. അവളോട്‌ പ്രതികാരവുമായി, എനിക്ക്‌ അഭിനന്ദനങ്ങളും. ഹൊ, എനിക്കങ്ങു സന്തോഷമായിപ്പോയി.

പക്ഷേ ആ സന്തോഷം അവിടെ തീര്‍ന്നു.

എന്നെ പറ്റി നല്ലവാക്ക്‌ പറഞ്ഞു കഴിഞ്ഞ ഉടനെ ഉപ്പ ഇത്തയുടെ മുന്നില്‍ വച്ചിരുന്ന ചായ എടുത്തു.

ദേ കിടക്കുന്നു. ചക്കിനു വെച്ചത്‌ ചാക്കോയ്ക്ക്‌ കൊണ്ടു. ഉപ്പയെങ്ങാനും അതെടുത്തു കുടിച്ചാല്‍ തീര്‍ന്നു... ഞാന്‍ ഇതികര്‍തവ്യതാമൂഢനായി നിന്നു. ഉപ്പ ചായയെടുത്തു കുടിച്ചു.

........ദോശക്കഷണങ്ങള്‍ പല്ലുകള്‍ക്കിടയില്‍പെട്ട്‌ ചതഞ്ഞരയുന്ന ശബ്ദം ഒഴിച്ചാല്‍ ആകെ ഒരു ശ്മശാന മൂകത.....

ആദ്യത്തെ കവിള്‍ ചായ കുടിച്ച ഉപ്പയുടെ മുഖത്തെ ഭാവം ഞാന്‍ വ്യക്തമായിക്കണ്ടു. ചായയിലെ മുഴുവന്‍ ഉപ്പുരസവും ആ മുഖത്ത്‌ കാണാം. ഉപ്പ എന്റെ മുഖത്തെ കുറ്റബോധവും കണ്ടുകാണും. ഞാന്‍ തല താഴ്ത്തി. ഇനിയെന്താണാവോ? വഴക്ക്‌? തല്ല്‌? ചെവിക്ക്‌ പിടിത്തം... ?

ഉപ്പയൊന്നും മിണ്ടുന്നില്ല. ഞാന്‍ തലയുയര്‍ത്തി ഉപ്പയുടെ മുഖത്തേക്ക്‌ നോക്കി. അപ്പോഴാ മുഖത്തെ ഭാവം ദേഷ്യമായിരുന്നോ, വിഷമമായിരുന്നോ എന്നെനിക്ക്‌ മനസിലായില്ല.


എന്റെ മുഖത്ത്‌ നിന്നു കണ്ണെടുക്കാതെ വായില്‍ വെക്കാന്‍ കൊള്ളാത്ത, ആ ഉപ്പിട്ട ചായ മുഴുവനും ഉപ്പ കുടിച്ചു തീര്‍ത്തു. എന്നിട്ട്‌ എല്ലാവരോടുമായി പറഞ്ഞു. " എന്റെ മോനെ നോക്ക്‌, എന്തു നന്നായിട്ടാ അവന്‍ ഒരു കാര്യം ചെയ്യുന്നത്‌? ഇത്ര നന്നായി ഉമ്മ പോലും ഇതുവരെ ചായ ഉണ്ടാക്കിയിട്ടില്ല. മിടുക്കനാണ്‌ അവന്‍"...


എന്റെ കരളിലെവിടെയോ ഒന്നു പോറി...

ഉപ്പ ആ ചായ എടുത്തു കുടിക്കുന്നതിനു പകരം എന്നെ ഒന്നു തല്ലിയിരുന്നെങ്കില്‍ എന്ന്‌ ഞാന്‍ ആശിച്ചുപോയി.

കണ്ണുനീര്‌ കാരണം എന്റെ മുന്‍പിലെ പ്ളേറ്റ്‌ എനിക്ക്‌ കാണാന്‍ കഴിയാതെയായി. ഞാന്‍ എഴുന്നേറ്റ്‌ പോയി. " മുഴുവന്‍ കഴിക്കാതെ നീ എവിടെപ്പോകുന്നു" എന്ന ഉമ്മയുടെ ശബ്ദം ഞാന്‍ കേട്ടില്ല...


ഇന്നുരാവിലെ, വേറെയാരും ചായയുണ്ടാക്കിത്തരാന്‍ ഇല്ലാത്തതു കൊണ്ടുമാത്രം സ്വന്തമായി ഞാന്‍ ഉണ്ടാക്കിയ ചായയില്‍ അന്ന്‌ എണ്റ്റെ കണ്ണിലുതിര്‍ന്ന കണ്ണീരിണ്റ്റെ ബാക്കി ഇറ്റിവീണു. ഉമ്മയെയും ഉപ്പയെയും കാണാതെ, ഈ മരുഭൂമിയില്‍ വന്നിട്ട്‌ ഒരു വര്‍ഷം തികഞ്ഞിരിക്കുന്നു.

31 അഭിപ്രായങ്ങള്‍:

  1. നിരക്ഷരൻ said...

    കുറ്റ്‌യാട്ടിക്കാരാ...
    ഉപ്പ ചായകുടിച്ച് കഴിഞ്ഞിട്ട് എന്തുണ്ടാകുമെന്ന് വല്ലാത്ത ആ‍കാക്ഷയോടെയാണ് വായിച്ചത്. ചെറുതായി ഒന്ന് പിടഞ്ഞു, ബാക്കി വായിച്ചപ്പോള്‍.
    ഉപ്പയെ നമിക്കാതെ വയ്യ....

    നന്മകള്‍ നേരുന്നു.

  2. siva // ശിവ said...

    ഓപ്പറേഷന്‍ ഉപ്പ്‌ ചായ നന്നായി....പിന്നെ ആ പാവം ഉപ്പ.....എത്ര നല്ല ഉപ്പ...

  3. തോന്ന്യാസി said...

    ആദ്യം ഒന്നു മധുരിച്ചെങ്കിലും പിന്നീട വല്ലാത്ത ചവര്‍പ്പ്

    ഒരു പക്ഷേ ആ കണ്ണീരിന്റെയാകാം

  4. Anonymous said...

    thumba chanaakithe....
    nhanoru nadapurakkarananeeee..

  5. കുറ്റ്യാടിക്കാരന്‍|Suhair said...

    നിരക്ഷരന്‍ ചേട്ടന്‌ ഞാനെങ്ങിനെയാ നന്ദി പറയുക?

    ശിവകുമാര്‍, എത്ര നല്ല ഉപ്പ, എത്ര നല്ല മോന്‍....... അല്ലേ? (ഒരു തല്ലിപ്പൊളി തമാശ)


    തോന്ന്യാ, നന്ദി..ണ്ട്‌.. ട്ടോ

    ഇവിടെ ഡോക്ടര്‍ ഒരു കമെണ്റ്റിട്ടിരുന്നു. എനിക്കു പറ്റിയ ഒരു തെറ്റ്‌ കാരണം അത്‌ ഡിലീറ്റായിപ്പോയി, സോറി ഡോക്ടര്‍...

    ഇക്കാ, "ധന്യവാദഗളു.. "

  6. Np Shakeer said...

    an excellent, touching story from life.. Conclusion pierces to heart, not with what happened to father, but when u remember it in desert..

  7. കുറ്റ്യാടിക്കാരന്‍|Suhair said...

    NP...
    കമണ്റ്റിട്ടതിന്‌ നന്ദി.....
    എന്നെ ഇങ്ങനെ പുകഴ്‌ത്തിയാല്‍ ഞാന്‍ പിന്നേം എഴുതും കേട്ടോ... ജാഗ്രതൈ...!! :)

  8. Anonymous said...

    പ്രവാസ ജീവിതത്തില് ഇങനെ എത്ര കണ്ണുനീരുകള് സാക്ഷ്യം വഹിക്കുന്നു.
    ആരറിയാന് നിങളുടെ വിഷമങളും സങ്കടങളും……….!!!!

  9. G.MANU said...

    nice one..ippozha ithu kande..

    chaya puranam uppu puranam.
    simply style..

  10. കുറ്റ്യാടിക്കാരന്‍|Suhair said...

    മനുവേട്ടന്റെ കമന്റ് കണ്ടപ്പോള്‍ സന്തോഷത്തേക്കാള്‍ അഭിമാനമാണ് തോന്നുന്നത്. one of the most celebrated and senior most bloggers അല്ലേ...

    നന്ദി..... നന്ദിയോടുനന്ദി...

  11. Anonymous said...

    പ്രിയ കുറ്റ്യാടിക്കാരാ,

    താങ്കളുടെ ഈ പോസ്റ്റ് കാണാന്‍ വൈകിയതില്‍ ഖേദിക്കുന്നു. ബന്ധങ്ങള്‍, ബന്ധനങ്ങള്‍ ആവുന്ന ഇക്കാലത്ത് ബന്ധങ്ങളിലൂടെ നമുക്ക് ലഭ്യമാവുന്ന മൂല്യങ്ങളുടെ അറ്ത്ഥവും വ്യാപ്തിയും ഉയറ്ത്തിക്കാട്ടാന്‍ പറ്റുന്ന നല്ലൊരു പോസ്റ്റ്...അഭിനന്ദനങ്ങള്‍.

  12. Jith Raj said...
    This comment has been removed by a blog administrator.
  13. കുറ്റ്യാടിക്കാരന്‍|Suhair said...

    ജിത്‌രാജ്,
    പോസ്റ്റ് വായിച്ചതിനും കമന്റിട്ടതിനും വളരെയേറെ നന്ദി.
    എന്റെ സംശയത്തിന് മറുപടി തന്നതിന് അതിലേറെ നന്ദി.
    (ആകെ മൊത്തം >2 നന്ദി!!)

    ഈ രണ്ടാമത്തെ പോസ്റ്റ് ഞാന്‍ ഡിലീറ്റ് ചെയ്യുകയാണേ, ഇത് വളരെ യൂസ്ഫുള്‍ ആണെന്നറിയാം, പക്ഷേ ഈ പോസ്റ്റുമായി ഒരു ബന്ധവുമില്ലാത്തതു കൊണ്ട് ഞാന്‍...

    ഡിലീറ്റ് ചെയ്യാല്ലോ, അല്ലേ...

  14. ഹരിത് said...

    ഒരു കമന്‍റ് വഴി വന്നതാണിവിടെ. നല്ല വിവരണം. എനിക്കു ഇഷ്ടമായി.ഭാവുകങ്ങള്‍.

  15. കുറ്റ്യാടിക്കാരന്‍|Suhair said...

    ഹരിത്, നന്ദി...

  16. വിധേയന് said...

    എനിക്കങ്ങണ്ട് വിശ്വസിക്കാന്‍ പറ്റുന്നില്ല ...............എന്തായാലും തല്ല് കൊള്ളാതെ രക്ഷ പെട്ടു അല്ല്ലേ ?

  17. കുറ്റ്യാടിക്കാരന്‍|Suhair said...

    വിധേയാ...
    ഇത് സംഭവിച്ചതു തന്നെ... (കുറച്ചൊക്കെ...)
    വിശ്വാസമില്ലെങ്കില്‍ എന്റെ ഉപ്പയെ വിളിച്ചൊന്ന് ചോദിച്ചു നോക്ക്...

  18. Shaf said...

    നല്ലൊരു ഓര്‍മക്കുറിപ്പ് ഒപ്പം ആഗ്രഗിക്കുന്നുല്ലെങ്കില്‍ ഈ പ്രവാസം നീളാതിരിക്കട്ടെ എന്ന ആശംസയും..

    പിന്നെ ഉപ്പ അന്നോന്നടിച്ചിരുന്നെങ്കില്‍ ചെയ്ത തെറ്റ്
    ബോധ്യപെടില്ലായിരുന്നു..അതായിരുന്നു മാതൃകാപരമായ ശിക്ഷാരീതി..
    ഉപ്പയെ നമിക്കാതെ വയ്യ....
    നമ്മുടെ മാതാപിതാക്കള്‍ക്ക് സര്‍വ്വശക്തന്‍ ദീര്‍കായുസ്സ് പ്രധാനം ചെയ്യട്ടെ..

  19. Sharu (Ansha Muneer) said...

    വായിച്ചുതീര്‍ന്നപ്പോള്‍ മനസ്സിലെവിടെയോ ഒരു നൊമ്പരം. പിന്നെ ഈ അവസാന വരികളും “ഇന്നുരാവിലെ, വേറെയാരും ചായയുണ്ടാക്കിത്തരാന്‍ ഇല്ലാത്തതു കൊണ്ടുമാത്രം സ്വന്തമായി ഞാന്‍ ഉണ്ടാക്കിയ ചായയില്‍ അന്ന്‌ എണ്റ്റെ കണ്ണിലുതിര്‍ന്ന കണ്ണീരിണ്റ്റെ ബാക്കി ഇറ്റിവീണു. ഉമ്മയെയും ഉപ്പയെയും കാണാതെ, ഈ മരുഭൂമിയില്‍ വന്നിട്ട്‌ ഒരു വര്‍ഷം തികഞ്ഞിരിക്കുന്നു”

  20. കുറ്റ്യാടിക്കാരന്‍|Suhair said...

    ഷഫ്, ഷാരു..

    നന്ദി

  21. Sathees Makkoth said...

    രസകരമായി വായിച്ച് വന്നു. അവസാനം മനസ്സിൽ തട്ടി. ഉപ്പയെ നമിക്കുന്നു.
    കൊള്ളാം എഴുത്ത്

  22. Sherlock said...

    കുറ്റ്യാടീ, നൈസ് വണ്‍ :)

  23. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    കുറ്റ്യാടിക്കാരാ, അവരൊക്കെ അങ്ങനാ നമ്മളെ വിഷമിപ്പിക്കാതെ നോക്കും വാക്കാലെപ്പോലും...

  24. കുറ്റ്യാടിക്കാരന്‍|Suhair said...

    സതീശ് മാക്കോത്ത്
    ജിഹേഷ്
    പ്രിയ ഉണ്ണികൃഷ്ണന്‍

    നന്ദി സഹൊദരന്മാരെ.

    ഇത് പോസ്റ്റ് ചെയ്തിട്ട് മാസങ്ങളായി. ഇന്നലെ വെറുതെ ഒന്ന് വായിച്ചു നോക്കിയപ്പോള്‍ ചെറിയ എഡിറ്റിംഗ് നടത്തി, അതു കാരണമാണെന്ന് തോന്നുന്നു ചിന്തയില്‍ വന്നത്.
    മുന്‍പ് വായിച്ചവരോട് ക്ഷമ ചോദിക്കുന്നു.

  25. ഷിജു said...

    കുറ്റ്യ്യാടീ...
    കൊള്ളാം. ഇത്രെം നല്ല ഒരു ഉപ്പായെ കിട്ടിയ കുറ്റ്യാടിക്കാരന്‍ ഭാഗ്യവാനല്ലേ???
    ഞങ്ങടെ നാട്ടില്‍ ഒക്കെ പറയുന്നത് പാമ്പിനെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷണം തിന്നണമെന്നാ‍ാണ്. നിങ്ങടെ നാട്ടില്‍ അയല എന്നാണല്ലേ??

    ഒരു കാര്യംകൂടി,ഇനി ഒരു തവണ കൂടി ഉപ്പായ്ക്ക് ഉപ്പിട്ട ചായ കൊടുക്കാഞ്ഞത് നന്നായി ഉപ്പാടെ മുഖം പിന്നേം മാറിയേനേം,കുറ്റ്യാടിക്കാരന്റെയും...

  26. ജിവി/JiVi said...

    ഉപ്പ അങ്ങനെ ചെയ്തതിനെ ഒന്ന് വിശകലനം ചെയ്യാമായിരുന്നു.

    അല്ലെങ്കില്‍ വേണ്ട. വായനക്കാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്തലായിപ്പോകും.

  27. കുറ്റ്യാടിക്കാരന്‍|Suhair said...

    ഷിജു;
    ഞങ്ങടെ നാട്ടില്‍ ആരും പാമ്പിനെ തിന്നാറില്ല, അതുകൊണ്ടാ ആ ചൊല്ല് ഞാന്‍ മാറ്റിയത് ;)

    ജിവി;
    ഈ പഴയ പോസ്റ്റ് വായിച്ച് കമന്റിട്ടതിന് നന്ദി. വായനക്കാരുടെ സ്വാതന്ത്ര്യത്തില്‍ നോം ഒരിക്കലും കൈ കടത്തില്ല, അതുകൊണ്ടാ വിശകലനം ചെയ്യാഞ്ഞത്.. (എവിടെ, വെറുതെ തട്ടിവിട്ടതാ)

  28. Gopan | ഗോപന്‍ said...

    സുഹൈര്‍,
    വളരെ നല്ല പോസ്റ്റ്..!
    ഇങ്ങടെ ഉപ്പയെ സമ്മതിച്ചേ മതിയാകൂ..
    ദുബായീല് ആര്‍ക്കെങ്കിലും ഉപ്പ് ചായ കൊടുത്തോ..:)

  29. ഷിജു said...

    കുറ്റ്യാടിക്കാരാ...
    ഞങ്ങളും പാമ്പിനെ തിന്നുന്നവരല്ല കേട്ടോ. പഴഞ്ചൊല്ല് മാറ്റിയപ്പോള്‍ ഞാന്‍ കരുതി നിങ്ങളുടെ നാട്ടിലെ പറച്ചില്‍ അങ്ങനെ ആകുമെന്ന്. എങ്ങനെ ആയാലും വായിക്കുന്നവര്‍ക്ക് കാര്യം പിടികിട്ടിയാല്‍ മതിയല്ലോ അല്ലേ???

  30. കുറ്റ്യാടിക്കാരന്‍|Suhair said...

    ഗോപന്‍;
    ദുബായില്‍ ഉപ്പിട്ട ചായ കൊടുത്താല്‍ എപ്പൊ കിട്ടീന്ന് ചോദിച്ചാല്‍ പോരേ.. അതറിയാവുന്നത് കൊണ്ട് ഇതുവരെ ശ്രമിച്ചിട്ടില്ല. :)
    ഷിജു;
    അതാണ്... സംഗതി പിടികിട്ട്യാപ്പോരേ... എന്തെഴുതിയാലെന്താ? അല്ലേ..
    ഞങ്ങടെ നാട്ടിലും പാമ്പിന്റെ ചൊല്ല് തന്നെയാ.. ഞാനതല്‍പ്പം മാറ്റി.

  31. Anonymous said...

    nice

Post Your Comment ( കമന്റ്‌ ഇവിടെയും ഇടാം)

കമന്‍റുകള്‍ കൂമ്പാരമാകുമ്പോള്‍ പോസ്റ്റുകള്‍ ഗംഭീരമാകുന്നു...
ഇവിടൊരു കമന്‍റിട്ടേക്ക്‌...