Tuesday, April 15, 2008

അവധി; ഉപദേശം

ആറ്റുനോറ്റിരുന്നു കിട്ടിയ അവധിയാണ്, അതും വെറും 15 ദിവസം. വീട്ടിലെത്തിയതും ഒരു വര്‍ഷമായി അകന്നിരുന്ന കണ്ണുകളില്‍ നനവിന്റെ തിളക്കം, ആലിംഗനങ്ങള്‍... വിശേഷങ്ങള്‍... അവധി കുറഞ്ഞുപോയതിന്റെ പരിഭവങ്ങള്‍... മാതൃസ്നേഹം കൊണ്ട് മധുരം ഇരട്ടിച്ച പലഹാരങ്ങള്‍...

എല്ലാം കഴിഞ്ഞ്, ഒരു വര്‍ഷത്തിന്റെ മുഴുവന്‍ വിരഹവുമായിരിക്കുന്ന ആളെ കാണാന്‍ സ്വീകരണ മുറിയിലേക്കൊന്നു പോയി...

എന്റെ പാവനസ്മരണ നിലനിര്‍ത്താന്‍ ഞാന്‍ തന്നെ സ്വീകരണമുറിയില്‍ പ്രതിഷ്ഠിച്ച എന്റെ ടി വി എസ് ബൈക്ക്!. മംഗലാപുരത്ത് ജോലി ചെയ്യുമ്പോള്‍ വാങ്ങിയതാണ് ഇവനെ. വണ്ടി വാങ്ങി ഏതാണ്ട് ഒരു വര്‍ഷം തികയുമ്പോഴേക്കും വിളി വന്നു, ഗള്‍ഫില്‍ നിന്ന്. അവനെ കിട്ടുന്ന കാശിന് ഏതെങ്കിലും കന്നഡക്കാരന് കൊടുത്ത് പെട്ടികെട്ടാന്‍ പലരും പറഞ്ഞിട്ടും എനിക്കങ്ങു മനസു വന്നില്ല. തല്‍ക്കാലം വീട്ടില്‍ വച്ചു പോകാം, വര്‍ഷാവര്‍ഷം അവധിക്ക് വരുമ്പോള്‍ ഉപയോഗിക്കാമല്ലോ, മാത്രമല്ല, എന്റെ ഓര്‍മക്ക് എന്തെങ്കിലും വീട്ടില്‍ വിട്ടിട്ടു പോകണ്ടേ? ഉമ്മ മുറി വൃത്തിയാക്കാന്‍ വരുമ്പോള്‍ ബൈക്ക് കണ്ട്, എന്നെ ഓര്‍ത്ത്, ഒരു ദീര്‍ഘനിശ്വാസവും വിട്ട്, കയ്യിലിരുന്ന ചൂല് താഴെയിട്ട്, നടുവിന് കയ്യും കൊടുത്ത് എന്നെ പറ്റി അയവിറക്കുന്ന രംഗങ്ങള്‍ ഞാന്‍ മനസില്‍ കണ്ടു.

തീവണ്ടിയില്‍ കയറ്റി വടകരക്ക് കൊണ്ടുവന്ന് പിന്നെ ഓടിച്ച് ബൈക്ക് ഞാന്‍ വീട്ടിലെത്തിച്ചു.
ഗള്‍ഫിലേക്ക് തിരിക്കുന്ന ദിവസം തകര്‍പ്പനൊരു വാട്ടര്‍ സര്‍വീസും കഴിച്ച്, മെറ്റല്‍ പാര്‍ട്ടുകളിലെല്ലാം തുരുമ്പിക്കാതിരിക്കാന്‍ ഗ്രീസും പുരട്ടി, ഫുള്‍ടാങ്ക് ഇന്ധനവും നിറച്ച് ഓഫീസ് മുറിയില്‍ കയറ്റിയിരുത്തിപോയതാണ്, പിന്നീട് ഇന്നാണ് കാണുന്നത്.

അവനെ മെല്ലെ തള്ളി പുറത്തിറക്കി. ഒന്ന് സ്റ്റാര്‍ട്ട്ചെയ്തു നോക്കുമ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ മുഴുവന്‍ പരിഭവങ്ങളും സ്റ്റാര്‍ട്ടിംഗ് ട്രബ്‌ള്‍, മിസ്സിംഗ് തുടങ്ങിയ ചെറുപ്രശ്നങ്ങളിലൂടെ അവന്‍ കാണിച്ചു.

എനിവേയ്സ്... ഞാന്‍ വണ്ടിയില്‍ കയറി ഒന്നു പുറത്തിറങ്ങി.

ടൌണിലേക്ക് പോകുന്നതില്‍ ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. പോലീസേമ്മാന്മാര്‍ കണ്ടാല്‍
പ്രശ്നമുണ്ടാവാന്‍ വഴിയുണ്ട്. ഹെല്‍മറ്റില്ല, വണ്ടി കേരള രജിസ്ട്രേഷനല്ല, ഇന്‍ഷുറന്‍സ് എക്സ്പയറിയായിട്ട് കുറച്ച് കാലംകഴിഞ്ഞു... എന്നെപ്പൊക്കാന്‍ പോലീസിന് ഇനിയെന്തെങ്കിലും വേണോ? എസ് ഐ ആണെങ്കില്‍ പുതിയ ആളും.. മോസ്റ്റ് ക്രൂഷ്യലി, മാര്‍ച്ച് അവസാനിക്കാന്‍ പോകുന്ന ദിവസങ്ങളാണ്. കേസെണ്ണം തികക്കാന്‍ പോലീസേമ്മാന്മാര്‍ പരക്കം പായുകയാണ് പോലും. അതിനാല്‍ ഒരു പ്രിക്കോഷന്‍ എന്ന നിലക്ക് പോലീസ് വരാന്‍ സാധ്യതയില്ലാത്ത വഴിക്ക് വച്ചുപിടിച്ചു, പോകുന്ന വഴിക്ക് അലീക്കായുടെ കടയിലിരിക്കുന്നു കസിന്‍സ് കം ഫ്രണ്ട്സായ ജസ്മല്‍ ആന്‍ഡ് ടീം. അവരുടെ “എന്തെല്ലെണ്ട് സുഹേര്‍ക്കാ“? എന്ന ചോദ്യത്തിന് “സുഗം തന്നെ ചെങ്ങായീ“ എന്ന് ഉത്തരവും കൊടുത്ത് മുന്നോട്ട് നീങ്ങി. പള്ളിയുടെ എതിര്‍വശത്ത് പുതിയ പെട്രോള്‍ പമ്പ്
വരുന്നതൊഴിച്ചാല്‍ മറ്റു മാറ്റമൊന്നും നാട്ടില്‍ വന്നിട്ടില്ല. ഓക്കേ, ഇപ്പോള്‍ വണ്ടി ക്ലിയറാണ്. ഇനി തിരിച്ചു പോയേക്കാം എന്നോര്‍ത്ത് വണ്ടി വിട്ടു.

തിരിച്ചു വരുമ്പോള്‍ ചെറിയ കണ്‍ഫ്യൂഷന്‍. അമാന ഹോസ്പിറ്റലിന്റെ മുന്നില്‍ നിന്ന് വലത്തോട്ട് പോകണോ അതോ കൂള്ളാട്ടെ പീടിക മുന്നിലൂടെ പോകണോ? എന്തായാലും അമാന വഴി പോകാമെന്നു കരുതി. പുറകില്‍ ഒരു വാഹനവും ഇല്ലാഞ്ഞിട്ടുപോലും
ഇന്‍‌ഡിക്കേറ്ററിട്ടു... പിന്നെ കരുതി, പീടിക വഴി പോകാമെന്ന്, ശരി. ഇന്‍‌ഡിക്കേറ്റര്‍ ഓഫ് ചെയ്തു. കുറച്ചുകൂടി മുന്നോട്ടു നീങ്ങി പിന്നെയും റൈറ്റിലേക്ക് ഇന്‍‌ഡിക്കേറ്റര്‍ ഇട്ടു.

പെട്ടെന്ന് തൊട്ടു പുറകില്‍ ‌വ്ശ്ശ്ശ്ശ്............ എന്നൊരു ശബ്ദം കേട്ടു...

ദേ...........

ബ്‌ര്‍‌ര്‍.......... എന്നു ബ്രേക്കിട്ടുകൊണ്ട് ഒരു ബജാജ് പള്‍സര്‍ മുന്നില്‍. ഇതെവിടെ നിന്ന് വന്നു? തൊട്ടു മുന്‍പ് ഞാന്‍ കണ്ണാടി നോക്കിയപ്പോള്‍ പുറകിലില്ലായിരുന്നല്ലോ... അപ്പോള്‍ ശബ്ദത്തിന്റെ വേഗത്തില്‍ വന്നതാവണം...

180 സിസി ബൈക്കില്‍ കഷ്ടി നാലര-അഞ്ചടി പൊക്കവും 30 കിലോയില്‍ കൂടാത്ത ഭാരവുമുള്ള ഒരു ചിമിട്ട് ചെക്കന്‍... അവന്റെ അരികിലൂടെ ഒരു ബൈക്ക് പോയാല്‍ ആ കാറ്റില്‍ പറന്നുപോകാനേയുള്ളൂ.. മിക്കവാറും ഹൈസ്ക്കൂളില്‍ പഠിക്കുകയായിരിക്കും.


ബ്രേക്ക് ചെയ്തതിനു ശേഷം രണ്ടുകാലിന്റെയും പെരുവിരല്‍ നിലത്തൂന്നി ബൈക്ക് ബാലന്‍സ് ചെയ്തു നിര്‍ത്തി. എന്നെ നോക്കി അവന്‍ കണ്ണുരുട്ടി. എന്നിട്ട് ഇനിയും പുരുഷത്വം കൈവരിച്ചിട്ടില്ലാത്ത ശബ്ദത്തില്‍ എന്നോട് പറയുകയാണ്...

“അലോ... ഈ ഇന്‍‌ഡിക്കേറ്ററ് ഇങ്ങനെ ആട്ത്തേക്കും ഇബ്ഡ്ത്തേക്കും ഇട്ട് കളിക്ക്വേന്‌ള്ളതെല്ല. ഏട്യാ പോണ്ട്യേന്ന്വെച്ചാ ആട എത്തുമ്മം മാത്രം ഇട്ടാ മതി കേട്ടാ... അങ്ങ്ന്നെങ്ങാനം ബന്നിറ്റ് ഞമ്മക്ക് പണിയ്‌ണ്ടാക്കാണ്ട് പോട് മോനേ...“

ഇന്‍‌ഡിക്കേറ്റര്‍ അവിടേക്കും ഇവിടേക്കും ഇട്ട് കളിക്കാനുള്ള വസ്തുവല്ലെന്ന്. എവിടെയാണോ ടേണ്‍ ചെയ്യേണ്ടത്, അവിടെ എത്തിയതിനു ശേഷം മാത്രമേ സിഗ്‌നല്‍ ഇടാന്‍ പാടുള്ളൂ എന്ന് എന്നെ പഠിപ്പിച്ചതാണവന്‍...

അവസാനം ഒരു ഭീഷണിയും. ദൂരെ എവിടെനിന്നോ വന്ന ഞാന്‍ അവന് പണിയുണ്ടാക്കാതെ സ്ഥലം വിടാന്‍..

ഇതിനു മുന്‍പ് ഈ ചെക്കനെ ഇവിടെയെങ്ങും കണ്ടതായി ഓര്‍ക്കുന്നില്ല. 18 വയസാവാത്ത ഇവനൊക്കെ ആരാണ് വണ്ടിയോടിക്കാന്‍ ലൈസന്‍സ് കൊടുത്തത്? ചെക്കന്‍ ഹൈസ്കൂളിലാണെങ്കിലും നാവ് പി‌എച്ച്‌ഡിയാണല്ലോ... എന്റെ വീട്ടിനു മുന്നിലെ റോഡില്‍ വച്ച് അവന്‍ എന്നോട് സ്ഥലം വിടാ‍ന്‍ പറയുന്നോ?...അഹങ്കാരി... അവന്‍ മൂത്തവരോട് പെരുമാറുന്നത് കണ്ടില്ലേ... എന്റെ ദേഷ്യം പതഞ്ഞു പൊങ്ങി.

നാട്ടില്‍ എത്തിയപാടെ കിട്ടിയ സ്വീകരണം... ബെസ്റ്റ്!!...

“ബലാല്... ബഡ്ക്കൂസ്... ഒദിയാര്‍ക്കം ഇല്ലാത്തോന്‍... കുരുത്തം കെട്ട്യോന്‍... പഹയന്‍... അറാമ്പെറപ്പ്... ശൈത്താന്‍...ചായിന്റെ പന്നി... ഫിത്നതുല്‍ ദെജ്ജാല്...“ മൈല്‍ഡ് റ്റു മോഡറേറ്റ് ഡിഗ്രി നാടന്‍ ചീത്തകള്‍ ഞാന്‍ മനസില്‍ പറഞ്ഞു.

പക്ഷേ അപ്പോഴേക്കും എന്റെ വിസ്ഡം ഇമോഷനെ ഡിഫീറ്റ് ചെയ്തു. അവനോട് വല്ലതും പറഞ്ഞിട്ട് ഇനി അവന്‍ തിരിച്ചുപറയുന്നതു കൂടി കേള്‍ക്കണോ? അതു വേണ്ട... അയല്‍‌വാസിയായ തോണിക്കടവത്തെ അമ്മദ്ക്ക നടന്നു വരുന്നത് കാണുന്നുണ്ട്. മൂപ്പരുടെ മുന്നില്‍ വച്ച് ഇവന്‍ എന്നെ വല്ല തെറിയും വിളിച്ചാല്‍.. കപ്പല് കേറില്ലേ മാനം....

വേണ്ട, വയസിനിളയവന്റെ ചീത്തകൂടി കേട്ട് പേരുദോഷം വരുത്തണ്ട. ഒരു ഫോര്‍മല്‍ അപ്പോളജി ആയിക്കളയാം...

“അല്ല മോനേ... അതിന് ഞാന്...”

ശ്‌ര്‍‌റ്...........

കുറച്ചു പുകയും പൊടിയും മാത്രം മുന്നില്‍...

അപ്പോളജി മുഴുമിപ്പിക്കാന്‍ വിടാതെ അവന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോയിക്കഴിഞ്ഞു.

പീടികത്തിണ്ണയില്‍ ജസ്മലും കമ്പനിയും എണീറ്റുനിന്ന് നോക്കുന്നു. അവന്മാര്‍ കണ്ടിട്ടുണ്ടാവണം... എന്തായാലും ചമ്മി നാശകോശമായിക്കിട്ടി...

ഇനി അവന്മാരുടെ കൂടെ പോയി ഇരുന്നിട്ട് വീട്ടിലേക്ക് വിടാം... ഈ അനുഭവം എന്തായാലും പാര്‍ട്ടീഷ്യന്‍ ചെയ്യാം (പങ്കുവെക്കാം എന്ന് മലയാളത്തില്‍ പറയും).
എക്സ്പ്ലനേഷനും കൊടുത്തേക്കാം...

“എന്ത്ന്നാ സുഹേര്‍ക്കാ പ്രശ്നം?“

“ഒന്നുയില്ല കുഞ്ഞിമ്മോനെ... ആ ചെറിയോന്‍ എന്നെ ഒന്ന് പേടിപ്പിച്ചതാ,,,“

ഞാന്‍ കാര്യങ്ങളെല്ലാം പറഞ്ഞുകൊടുത്തു.

അവന്‍ അതിന്റെ കാരണം കണ്ടെത്തി., “അതാണ് പ്രശ്നം...“
ഏത്?

ഒന്നാമത്, ഞാന്‍ നാട്ടില്‍ നില്‍ക്കുന്നില്ല. വര്‍ഷത്തില്‍ അറ്റ്ലീസ്റ്റ് ഒരു മാസമെങ്കിലും
നാട്ടിലുണ്ടാവണ്ടേ? അതില്ലാത്തതിനാലാണ് ഞാന്‍ വരത്തനാണെന്ന് അവന്‍ തെറ്റിദ്ധരിച്ചത്.

രണ്ട്, നാട്ടില്‍ വന്നാല്‍ തന്നെ ടൌണില്‍ അധികനേരം ഇരിക്കില്ല, ഫുള്‍ടൈം വീടിനകത്തുതന്നെ...

അതും പോരാഞ്ഞിട്ട് കര്‍ണാടക രജിസ്ട്രേഷനുള്ള ബൈക്കുമെടുത്ത്, കളസവും കാല്സറായിയുമിട്ട് റോഡിലിറങ്ങിയാല്‍... ഇവിടത്തെ പിള്ളേര്‍ക്കൊക്കെ എങ്ങനെ മനസിലാവാനാ എന്നെ?

ഓ.. അതാണ്... ശരി... എന്നാപ്പിന്നെ വിട്ടുകളയാം....

“പിന്നെ, സുഹേര്‍ക്കാ...“

“എന്താടോ?”

“കഴിഞ്ഞ ആഴ്ച ഒരു ഫോണ്‍ ഇന്‍ ഇന്റര്‍വ്യൂ ഉണ്ടായിരുന്നു, ഖത്തറിലെ ഒരു കമ്പനിയിലേക്ക്‍. ശരിയായിട്ടുണ്ട്, ഞാന്‍ മിക്കവാറും അടുത്തമാസം പറക്കും” അവന്‍ പറഞ്ഞു.

“ഓക്കേഡാ... പിന്നെക്കാണാം...“ ഞാന്‍ വണ്ടിയെടുത്തു.

“നീ അടുത്ത കൊല്ലം നാട്ടില്‍ വാ, ഇന്നെനിക്കു പറ്റിയത് അന്ന് നിനക്കും പറ്റും, നോക്കിക്കോ...“
ഞാന്‍ അവനെ അനുഗ്രഹിച്ചു.

വീട്ടില്‍ ബിരിയാണിയും മറ്റും റെഡിയായിട്ടുണ്ടാവും. ഞാന്‍ വീട്ടിലേക്കു വിട്ടു......

30 അഭിപ്രായങ്ങള്‍:

 1. കുഞ്ഞിക്ക said...

  പുതിയ തലമുറയിലെ ചെക്കന്‍‌മാരൊക്കെ വാചകക്കസര്‍ത്തില്‍‌ പി എഛ് ഡി തന്നെയാ. പിന്നെ ഒരപരിചിതന്‍‌ വന്ന് ഇന്‍‌ഡിക്കേറ്റര്‍‌ തിരിച്ചും മറിച്ചും ഇട്ട് ആകെ കണ്‍ഫ്യൂഷന്‍ പരുവത്തിലാക്കിയാല്‍‌ അവന്‍‌മാര്‍ക്ക് പിടിക്കോ. നമ്മള്‍‌ പ്രവാസികള്‍ അവിടേം ഇവിടെം അപരിചിതര്‍‌ തന്നെ.

 2. നിരക്ഷരന്‍ said...

  അല്ല സുഹൈറേ ....ങ്ങള് ദുഫായീക്ക് പോകുന്നതിന് മുന്‍പ് നാട്ടില് ബൈക്കില് ചെത്തുമ്പോള് എപ്പോഴെങ്കിലും ഇന്‍ഡിക്കേറ്ററ് ഇട്ട് ഓടിച്ചിരുന്നാ ?

  ചുമ്മാ ചെക്കമ്മാരുടെ തൊള്ളേലിരിക്കണത് കേള്‍ക്കണ്ട ബല്ല കാര്യോം ഉണ്ടായിരുന്നാ...?

  എന്തിനാ പഹയാ ആ അവസാനത്തെ വരി....
  ’വീട്ടില് ബിരിയാണി റെഡിയായിക്കാണും പോലും’ മനുഷ്യമ്മാരെ കൊതിപ്പിക്കാന്‍ തന്നെ എറങ്ങിപ്പുറപ്പെട്ടിരിക്കാണല്ലേ ജ്ജ്.
  :)

 3. np said...

  Bitterly try to grasp, u r an outsider, only a guest to your home town..

 4. പ്രിയ ഉണ്ണികൃഷ്ണന്‍ said...

  ഗൊള്ളാം

 5. അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

  നല്ല ഓര്‍മകള്‍

 6. ശ്രീ said...

  കൊള്ളാം കൊള്ളാം.

  (അബദ്ധം പറ്റിയതു കൊള്ളാമെന്നല്ല. സംഭവം വള്ളിപുള്ളീ വിടാതെ വിശദീകരിച്ചിരിയ്ക്കുന്നതിനെപ്പറ്റിയാണേയ്)
  :)

 7. കാപ്പിലാന്‍ said...

  കൊയിബിരിയാനി എനിക്കും ബേണം ..കൊള്ളാം കുറ്റ്യാടി ..ഇസ്ടപ്പെട്ടു

 8. ഗീതാഗീതികള്‍ said...

  കുറ്റ്യാടി, ഇപ്പോഴത്തെ പിള്ളാരൊക്കെ ഇങ്ങനാണെന്നേ. വല്യ ആളു ചമയല്‍....

  ഓ.ടോ. ആ കാപ്പിലാന് ബിരിയാണി കൊടുക്കല്ലേ. മുഴുവനും കുറ്റ്യാടി തന്നെ തിന്നൊ. നീരുവിന് വേണങ്കില്‍ കുറച്ചു കൊടുത്തോ.

 9. Another Kuttiadikkaran said...

  Hi Nattukara...

  I liked the way you described. The language is original.

  Keep posting.

  Thanks

 10. കുറ്റ്യാടിക്കാരന്‍ said...

  കുഞ്ഞിക്ക;
  പറഞ്ഞത് ശരിതന്നെ. ചിലപ്പോള്‍ ഇതിലും വലിയ ഡയലോഗ് ഞാനും പണ്ട് വിട്ടിട്ടുണ്ടാവും. അവന്‍ അങ്ങനെ പറഞ്ഞതില്‍ ഒരു സങ്കടവുമില്ല. (ഒന്നുമില്ലെങ്കില്‍ എനിക്ക് ഇതൊരു പോസ്റ്റാക്കി ഇടാന്‍ പറ്റിയില്ലേ..! :))

  നിരക്ഷരന്‍;
  ഞാന്‍ നാട്ട്ന്ന് ബെര്ന്നേരം കൊറേ സാധനങ്ങള് കൊണ്ട് ബന്ന്ക്കേനും. പക്കേ ഇങ്ങള് ഇബ്ഡ് ഇല്ലാണ്ടായിപ്പോയില്ലേ, അല്ലേങ്കില് ഇങ്ങക്കും തെരേയ്നും. അട്ത്തെ പ്രാവശ്യം നോക്കാ... ല്ലേ...?

  np;
  Whatever you say, India, especially Kerala is on the shoulder's of NRIs. But our fate, we are strangers everywhere...
  be it in India, or the place where we work.
  പ്രവാസി എന്നും കറിവേപ്പില തന്നെ. അല്ലെങ്കില്‍ ഒരു കറവപ്പശു.
  കറവ വറ്റും വരെ കറക്കാം.
  വറ്റുമ്പോള്‍ കശാപ്പു ചെയ്യാം....

  പ്രിയ, അനൂപ്, ശ്രീ;
  വളരെയേറെ നന്ദി.

  കാപ്പില്‍‌സ്, ഗീത;
  ഇങ്ങക്ക് തെരാന്‍ ഞാന്‍ ബിരിയാനി കൊണ്ട് ബന്ന്ക്ക്. പക്കേങ്കില് ഗീതട്ടീച്ചറ് പറഞ്ഞത് കേട്ടാ, ഇങ്ങ്ക്ക് തെരണ്ടാന്ന്. അത്കൊണ്ട്, അത് ഞാന്‍ തന്നെ അങ്ങ് തീര്‍ത്ത്.

  “അനദര്‍കുറ്റ്യാടിക്കാരന്‍“;
  പരിചയമുള്ള ആളാണോ? നന്നായി എന്നറിയിച്ചതിന് നന്ദി....

 11. ബമ്പന്‍!! said...

  പഹയാ ഇഞ്ഞ് കുട്ട്യേളെ കയീന്ന് കൈച്ചലായതാ..അങ്ങോട്ടെന്തിങ്കിലും പറയാണ്ട് നിന്നത് ഭാഗ്യമായി..
  അല്ല Petrol പമ്പ് ഏത് പള്ളിന്റടുത്താണ്..? അടുക്കത്തെ പള്ളീന്റടുത്താണോ..?

 12. Satheesh Haripad said...

  നന്നായി മാഷെ...എനിക്കും ഇതുപോലെയൊരു അനുഭവം ഉണ്ടായിട്ടുണ്ട്. നമ്മെത്തന്നെ പറഞ്ഞാല്‍ മതി. മറു നാട്ടില്‍ പോയി വരുമ്പോള്‍ പണ്ട് കണ്ട കൊച്ചുപിള്ളേരൊക്കെ വളര്‍ ന്ന് വലുതായി പുലികളായ കാര്യമൊന്നും അറിയാറില്ല.

 13. കുറ്റ്യാടിക്കാരന്‍ said...

  ബമ്പന്‍!!;
  നേര്യെന്നെ ചെങ്ങായീ... എന്തോ ഭാഗ്യം കൊണ്ട് കയിച്ചിലായീന്ന് പറഞ്ഞാ മതിയെല്ലോ...

  പമ്പ് ഞമ്മളെ അടുക്കത്തെ പള്ളീന്റെ നേരെ ഓപ്പസിറ്റ്.... നാട്ടില്‍ പോവുമ്പം നോക്ക്...

  സതീഷ്;

  നാട്ടില്‍ പുലികളെ തട്ടീട്ട് നടക്കാന്‍ വയ്യ...

 14. salim velom said...

  sangathi kalakki.
  oru basheeriyan touch...

 15. divya said...

  suhaira that was really a good peice. actually i was picturising the scene in my mind. well done.

 16. Saj said...

  Suahaire ADIPOLI ...... realy nostalgic

 17. കുറ്റ്യാടിക്കാരന്‍ said...

  സാലിം;

  അത്രക്ക് വേണോ?


  ദിവ്യ; സാജ്;

  താങ്ക്സ്

 18. Kichu & Chinnu | കിച്ചു & ചിന്നു said...

  ഹൊ കോയി ബിര്യാണി കയിച്ച കാലം മറന്നു...
  കൊള്ളാം

 19. സാദിഖ്‌ മുന്നൂര്‌ said...

  narration assalayi. thattum muttumillate vayichu pokam.

 20. കുറ്റ്യാടിക്കാരന്‍ said...

  കിച്ചു&ചിന്നു,

  എത്തിര ചെമ്പ് ബിരിയാനി മാണം ന്ന് പറഞ്ഞാ മതി, ഞമ്മള് എത്തിച്ച് തെരാ...


  സാദിഖ് 300;
  നന്ദി...

 21. തസ്കരവീരന്‍ said...

  അങ്ങനെ നല്ല ഒരു പാഠം പഠിച്ചില്ലേ?
  നല്ല അനുഭവ കഥ...

 22. My......C..R..A..C..K........Words said...

  kollam

 23. കുറ്റ്യാടിക്കാരന്‍ said...

  തസ്ക്കര്‍സ്;

  പഠിച്ചു, എന്നു വച്ചാല്‍ പഠിപ്പിച്ചു, ലവന്മാര്‍...

  My...c..r..a..c..k....Words...;

  Thanks...

 24. jisna said...

  kuttyadi vaikkille kuttyelellam karateyum kungfuvokkeya ... enthenkilum paremmo ingal gulfkaar ponnathadiyumkont olod kalikkven nikkanta.. kekkathapole angu poyaa mathi. aake kittunna oru maasathil adikitteett assoothireel kedeannaal pinna porel irikkven samiyo intavoola..
  Padachon kaath ,, annu injenthenkilum kunjhanod paranjhkkintenkil chettinnu ponneecha parakkvenu.

 25. ibrahim said...

  എന്തു പരയനമെന്നരിയില്ല.... ഈ പൊസ്റ്റ് വായിച്ചപ്പൊ ഒരു നാട്ടിലെത്തിയ പ്രതീതി.... വലരെ ചെരിയ കാര്യങള്‍പൊലും വലരെ നല്ല രീതിയില്‍ അവതരിപ്പിച്ച നിങലുടെ കഴിവ് പ്രശംസനീയമാണ്.
  പിന്നെ ഒരു കാര്യം ..........നാട്ടിലെ കുണ്ടെടെന്ന് സിഗ്നലിട്ട് കളിക്കണ്ട വല്ല കാര്യൂണ്ടൊ.....

 26. കുറ്റ്യാടിക്കാരന്‍ said...

  ജിസ്ന;
  ഓ... പണ്ട് നമ്മളും കരാട്ടെയും കുങ്ഫുവും ഒക്കെ ആയിരുന്നെഡോ... (വെറുതെ പേടിപ്പിക്കാന്‍ പറഞ്ഞതാ)

  ഇബ്രാഹിം;
  നന്ദി

 27. Shaf said...

  കുറ്റ്യാടി..
  നല്ല രസത്തോടെ വായിക്കാന്‍ കഴിഞു..
  ഹഹഹ നാട്ടിലെ പിള്ളേരുടെ കാര്യങ്ങള്‍..അടികിട്ടാതെ രക്ഷപെട്ടല്ലോ :-)

 28. കുറ്റ്യാടിക്കാരന്‍ said...

  ഹാവു... രെശ്ശപ്പെട്ട് ന്ന് പറെയാം ഷഫ്...

 29. sruthasoma said...

  ഞമ്മളെ ഭാഷ കണ്ടേരം ഒന്ന് കയരി നോക്ക്യേതാ...
  മോശെയ്‌ല്ല കേട്ടോ.....

 30. കുറ്റ്യാടിക്കാരന്‍ said...

  sruthasoma,
  അയേ... ഇങ്ങള് ഞമ്മളെ ബാശക്കാരനാ... ബന്നെയ്ന് നന്ദി കേട്ടോ...

Post Your Comment ( കമന്റ്‌ ഇവിടെയും ഇടാം)

കമന്‍റുകള്‍ കൂമ്പാരമാകുമ്പോള്‍ പോസ്റ്റുകള്‍ ഗംഭീരമാകുന്നു...
ഇവിടൊരു കമന്‍റിട്ടേക്ക്‌...