Thursday, May 8, 2008

“പൊറോട്ടയടിക്കാന്‍ ആളെ ആവശ്യമുണ്ട്...“

12 മണിക്ക് ചക്കപ്പുഴുക്കും ചായയും കഴിച്ച്, ഒന്നരയ്ക്ക് ചെമ്മീന്‍ കറിയും ചോറും കഴിച്ച്,
ഇനിയിപ്പോള്‍ എന്ത് കഴിക്കും എന്നോര്‍ത്തിരിക്കുമ്പോള്‍ ഉമ്മ പ്രഖ്യാപിച്ചു; ഇനി ഇന്ന് 5മണിക്കുള്ള ചായയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടെന്ന്. അത്രയും സമയം എന്തു ചെയ്യും? ഒരു യാത്രപോയാലോ?

കക്കയം ഡാം ഇതുവരെ സന്ദര്‍ശിച്ചിട്ടില്ല. കസിന്‍ ജസ്മലിനെ വിളിച്ചപ്പോള്‍ അവന്‍ റെഡി. അങ്ങനെ ഞങ്ങള്‍ കക്കയം ഡാമിലേക്ക് പുറപ്പെട്ടു.

കുറ്റ്യാടിയില്‍ നിന്ന് ഏതാണ്ട് 50 കിലോമീറ്റര്‍ ദൂരമുണ്ട് കക്കയത്തേക്ക്. ജാനകിക്കാട് കടന്ന് ഞങ്ങള്‍ പെരുവണ്ണാമൂഴിഡാം സൈറ്റിലെത്തി. ഇത് ഞങ്ങളുടെ സ്ഥിരം വിനോദസഞ്ചാര കേന്ദ്രമായതിനാലും, ഇതിലും നല്ലത് അങ്ങ് കക്കയത്ത് കാണാനിരിക്കുന്നുണ്ടെന്ന് ജസ്മല്‍ പറഞ്ഞതിനാലും അവിടെ നിര്‍ത്താതെ വണ്ടി മുന്നോട്ട് നീങ്ങി.

പോകുന്നവഴിക്ക് റെഗുലര്‍ വഴിയില്‍നിന്ന് അല്‍പ്പം ഡൈവേര്‍ട്ട് ചെയ്യാന്‍ ജസ്മല്‍ നിര്‍ദ്ദേശിച്ചു. കരിയാത്തുംപാറ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ കണ്ട ചില കാഴ്ച്ചകള്‍ നോക്കൂ...




ഈ സ്ഥലത്തിന് ഞാനടക്കമുള്ള ലോക്കല്‍ പിള്ളേര്‍സ് വിളിക്കുന്ന പേരെന്താന്നറിയോ? നാടന്‍ സ്വിറ്റ്സര്‍ലാന്റ്. ആ വിളി കുറച്ച് കൂടിപ്പോയി എന്നാര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ വേറെന്തെങ്കിലും വിളിച്ചോളൂ...


സ്വിറ്റ്സര്‍ലാന്റില്‍ മാന്‍പേടകള്‍ (സോറി, ജേഴ്സിപ്പശുക്കള്‍) മേയുന്നത് കണ്ടോ?


ഇതും “സ്വിറ്റ്സര്‍ലന്റിന്റെ“ ഭാഗം.

എവിടെ നിന്നാണ് ഇത്രയും “വെള്ളങ്ങള്‍” എന്നാണോ?

ഇത് നേരത്തെ പറഞ്ഞ പെരുവണ്ണാമൂഴി റിസര്‍വോയറിന്റെ ഭാഗമാണ്. ഈ കൂരാച്ചുണ്ട് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം പെരുവണ്ണാമൂഴി ഡാം അങ്ങനെ നിറഞ്ഞു നില്‍ക്കുകയാണ്, മനോഹര ദൃശ്യങ്ങളും ഒരുക്കിക്കൊണ്ട്.

പെരുവണ്ണാമൂഴി ഡാമിന്റെ ഔദ്യോഗികനാമം കുറ്റ്യാടി ഇറിഗേഷന്‍ പ്രൊജെക്റ്റ് എന്നാണ്. കക്കയത്തിന്റേത് കുറ്റ്യാടി ഹൈഡ്രോഇലക്ട്രിക് പ്രൊജെക്റ്റ് എന്നും...

കുറച്ചുനേരം ആ പ്രകൃതിഭംഗി ആസ്വദിച്ചു ഞങ്ങള്‍ നിന്നു. എന്നിട്ട് വീണ്ടും കക്കയം വഴിക്ക് പ്രയാണം തുടര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ റോഡ് സൈഡില്‍ കക്കയത്തേക്ക് സ്വാഗതം ചെയ്യുന്ന ബോര്‍ഡ്.

“കക്കയം; മലബാറിന്റെ ഊട്ടി“.

കക്കയം ടൌണില്‍ നിന്ന് ഒരു ചെറിയ ചുരം കയറി വേണം ഡാം സൈറ്റില്‍ എത്താന്‍. ആ വഴിയുടെ ഒരു പടം...


അല്‍പ്പനേരം ആ ചുരത്തില്‍ നിര്‍ത്തി. എവിടെത്തിരിഞ്ഞു നോക്കിയാലും, അവിടെല്ലാം മനോഹരദൃശ്യങ്ങള്‍...


ഈ ചിത്രത്തില്‍‍ കാണുന്നത് നമ്മള്‍ നേരത്തെ പറഞ്ഞ പെരുവണ്ണാമൂഴി ഡാമിന്റെ ഭാഗങ്ങളാണ്.


വീണ്ടും ഒരു പടം.


ഒന്നു കൂടെ...

കുറേ നേരത്തെ യാത്രക്ക് ശേഷം ഞങ്ങള്‍ ഡാം സൈറ്റില്‍ എത്തി. ആ യാത്രയില്‍ ഒരു വാഹനം പോലും ഞങ്ങളുടെ എതിരെ വന്നില്ല, ഒന്നു പോലും ഞങ്ങളെ കടന്നുപോയുമില്ല. മലബാറിന്റെ ഊട്ടിയായിട്ടുപോലും കക്കയം അധികമാരും സന്ദര്‍ശിക്കുന്നില്ല എന്നു തോന്നുന്നു.

വൈകുന്നേരം 4 മണിയായിട്ടേയുള്ളൂവെങ്കിലും ആ വഴി മുഴുവന്‍ ഇരുള്‍ മൂടിയിരുന്നു. പശ്ചാത്തല സംഗീതമായി ചീവീടുകളുടെയും, കിളികളുടെയും ശബ്ദം മാത്രം. ഒരിക്കലും മറക്കാന്‍ കഴിയാത്ത യാത്ര.

ഡാമില്‍ അധികം വെള്ളമില്ല. എങ്ങനെ വെള്ളമുണ്ടാവും? അവിടെ എത്തുന്ന വെള്ളം മുഴുവന്‍ പെന്‍സ്റ്റോക്ക് വഴി താഴെ പവര്‍ ഹൌസിലേക്ക് കൊണ്ടുപോവുകയല്ലേ കെഎസ്ഇബിക്കാര്‍?


അതുകൊണ്ടുതന്നെ ഡാം കാണാന്‍ വലിയ ഭംഗിയില്ല.

ഇനി ഈ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് പെയ്യുന്ന മഴയെങ്ങാനും കുറഞ്ഞ് ഡാമിലെ വെള്ളം കുറഞ്ഞുപോയാല്‍ അത് വൈദ്യുതോദ്പാദനത്തെ ബാധിക്കാതിരിക്കാന്‍ വയനാട്ടിലെ ബാണാസുര സാഗറില്‍ നിന്നും തുരങ്കം വഴി വെള്ളം കൊണ്ടുവരുന്നുണ്ടത്രേ കക്കയത്തേക്ക്...

ഡാമിന്റെ സൈഡിലൂടെ ഒരു വഴിയുണ്ട്, കാട്ടിലേക്ക്. ആ വഴി കുറച്ചു മുന്നോട്ട് പോയി.
നല്ല വിശപ്പുണ്ട്. രണ്ട് മൂന്ന് പേരക്ക പറിച്ചു തിന്നു. കുറച്ചു മുന്നോട്ട് പോയപ്പോള്‍ ആനപ്പിണ്ടം. ഓ, ഇത് ഡാമിന്റെ പണിക്കുവേണ്ടി കൊണ്ടുവന്ന വല്ല ആനയും മറന്നു വച്ചതായിരിക്കും എന്നുകരുതി മുന്നോട്ട് പോയപ്പോള്‍ നല്ല ഫ്രെഷ് സാധനം വേറെയും. കാട്ടില്‍ ബോറടിച്ചിരിക്കുന്ന ആനകള്‍ക്ക് ഞങ്ങളായിട്ട് വെറുതെ പണിയുണ്ടാക്കണ്ട എന്നു കരുതി ആ വഴി ഒഴിവാക്കി വേറെ വഴിക്ക് പിടിച്ചു.


ഒരു കൊച്ചു കുളം കണ്ടോ?


ഈ കുളത്തില്‍ നാളത്തെ ഭാരതത്തിന്റെ പ്രതീക്ഷകളായ കുറച്ച് മീനുകള്‍....

ഇവിടെ ഉരക്കുഴി എന്ന ഒരു വെള്ളച്ചാട്ടമുണ്ടെന്ന് കേട്ടിട്ടുണ്ട്. അത് അന്വേഷിച്ചുള്ള യാത്രയായിരുന്നു പിന്നെ. കുറച്ച് ബുദ്ധിമുട്ടി അല്‍പ്പദൂരം നടന്നപ്പോള്‍ സംഗതി കണ്ടുപിടിച്ചു.

പാറകള്‍ക്ക് മുകളിലൂടെ ഒരു കൊച്ചരുവി താഴോട്ടൊഴുകുന്നു. വെള്ളം കുറവാണ്. പണ്ട് വെള്ളമുണ്ടായിരുന്ന സ്ഥലം ഉണങ്ങിയിരിക്കുന്നു. അപ്പുറത്തെ പാറക്കൂട്ടത്തിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ ജസ്മല്‍ ഒന്ന് വഴുതി വീണു. ഒരു പാറ ചാടിക്കടന്ന്, അടുത്ത പാറയിലേക്ക് ചാടാന്‍ തയ്യാറെടുത്തിരുന്ന ഞാന്‍ ആ വീഴ്ച്ച കണ്ടതോടെ മുട്ടുവിറച്ച്, നിന്ന നിലയില്‍ നില്‍പ്പായി.

ഭാഗ്യം, അവനൊന്നും പറ്റിയില്ല. എണീറ്റ് വന്ന്, ആ സന്ദിഗ്ധ എന്നെ അവന്‍ കൈ തന്ന് സഹായിച്ചു. അങ്ങനെ ഞങ്ങള്‍ വെള്ളച്ചാട്ടത്തിന്റെ അരികിലെത്തി.


ജസ്മലിന്റെ ഫോട്ടോ കണ്ടോ? അവന്‍ വെള്ളച്ചാട്ടത്തിന്റെ നേരെ മുകളിലാണ് നില്‍ക്കുന്നത്.

ആ പാറയുടെ താഴേക്ക് ഏതാണ്ട് പത്തെണ്‍പത് മീറ്റര്‍ താഴ്ച്ചയുണ്ടെന്ന് തോന്നുന്നു. (കറക്റ്റായി മെഷര്‍ ചെയ്യാന്‍ സാധിച്ചില്ല. അവിടെ നിന്ന് താഴോട്ട് നോക്കിയപ്പോള്‍ ഫീല്‍ ചെയ്ത ആ ഇക്കിളി, ഇത് ടൈപ്പ് ചെയ്യുമ്പോഴും എന്റെ കാലിന്റെ തള്ള വിരല് വഴി, സുഷുംനാ നാഡി വഴി, വയറ്റില്‍ ഒരു പൂമ്പാറ്റയെ പറത്തിക്കൊണ്ട് തലച്ചോറിലെത്തി നില്‍ക്കുന്നു.)


രണ്ട് വലിയ പാറകള്‍ക്കിടയിലൂടെ അധികം വലുപ്പമൊന്നുമില്ലാത്ത ഒരരുവി താഴേക്ക് പതിക്കുന്നു..

വേനല്‍ക്കാലം ആയതു കൊണ്ടാവാം വെള്ളം കുറഞ്ഞുപോയത്. പക്ഷേ ഈ വെള്ളച്ചാട്ടത്തിന്റെ ഭംഗി താഴേക്ക് പതിക്കുന്ന വെള്ളത്തിലല്ല, ആ ഉയരത്തിലും അതിന്റെ പശ്ചാത്തലത്തിലുമാണെന്ന് എനിക്ക് തോന്നുന്നു.


ഒരു ഫോട്ടോ കൂടെ....

വെയില്‍ താണുതുടങ്ങിയപ്പോള്‍ ഞങ്ങള്‍ തിരിച്ചു പോയി. ഗ്രാമസന്ധ്യയുടെ ഭംഗി നുകര്‍ന്നു കൊണ്ടുള്ള മടക്കയാത്ര.

ചുരമിറങ്ങി താഴെ കക്കയം അങ്ങാടിയില്‍ എത്തിയപ്പോഴേക്കും കഠിനമായ വിശപ്പിന് ഒരു സമാധാനം നല്‍കാനായി ഒരു ചായക്കടയില്‍ കയറി.

അധികമാരുമില്ലാത്ത ചായക്കട. അപ്പുറത്ത് മറ്റൊരു നാട്ടുകാരന്‍ പൊറോട്ടയും ബീഫും തട്ടി വിടുന്നു. അങ്ങേര്‍ക്ക് പൊറോട്ട അത്രക്ക് പിടിച്ചമട്ടില്ല. തന്റെ ഇഷ്ടക്കേട് പ്രകടിപ്പിച്ചുകൊണ്ട് കടക്കാരനോട് ആദ്ദേഹത്തിന്റെ ചോദ്യം: “അല്ല, ഇബ്ഡ ഇപ്പം ആരാ പൊറാട്ട അടിക്ക്ന്നത്? ആദ്യത്തെ ആള് പോയോ? ബല്ലാത്ത കട്ടിയാന്നല്ലൊ മോനേ”

ചായകുടിക്കാനായി മാത്രം തുറന്നിരുന്ന എന്റെ വായ പോലും കടക്കാരന്‍ പറഞ്ഞ ഉത്തരം കേട്ട് അടഞ്ഞുപോയി..

“ഒര് കാര്യം ചെയ്തോളീ, നാള മുതല് ഇങ്ങള് ബന്ന് പൊറാട്ട അടിച്ചോളീ, ഇരുന്നൂറ് ഉറുപ്പ്യ തെരാ, ചെലവും തെരാ, എന്താ പറ്റ്വോ?”

ഡാമിന്റെ ചുറ്റുവട്ടത്തെങ്ങാനുമായിരുന്നു ആ ചായക്കടയെങ്കില്‍ ഈ ഞാന്‍ വന്ന് പൊറോട്ടയടിച്ചേനേ, ആ പ്രകൃതിഭംഗി നുകരാന്‍ വേണ്ടി മാത്രം..

48 അഭിപ്രായങ്ങള്‍:

  1. കുറ്റ്യാടിക്കാരന്‍|Suhair said...

    ഒരു യാത്ര...

    പ്രകൃതിയോട് കിന്നാരം പറഞ്ഞ്... ശലഭങ്ങളെ തൊട്ടുതലോടി...
    ഗ്രാമഭംഗി നുകര്‍ന്ന്...
    കാട്ടരുവിയില്‍ മുങ്ങിനിവര്‍ന്ന്...

    ഓര്‍ക്കാന്‍ എന്തൊരു ഭംഗി...

  2. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    എന്റമ്മച്ചീ.... ആദ്യ പാരഗ്രാഫില്‍ തന്നെ ഞാന്‍ നമിച്ചു. നാടന്‍ സ്വിറ്റ്സര്‍ലാന്റെന്നു വിളിച്ചാ കുറഞ്ഞുപോവുകേ ഉള്ളൂ. യെന്തൊരു ഭംഗി!!!

    ഈ പെരുവണ്ണാമൂഴിയിലാണോ മുതല വളര്‍ത്തല്‍ കേന്ദ്രം ഉള്ളത്?

  3. പാമരന്‍ said...

    ഹെന്‍റമ്മോ...

    കൊതിപ്പിച്ചു കളഞ്ഞല്ലോ കുറ്റീ.. കോഴിക്കോടിന്‍റെ അയല്‍പക്കക്കാരനായിട്ടും പെരുവണ്ണാമൂഴിയിലൊരിക്കലും പോയില്ല :(

    ഇത്തവണ നാട്ടില്‍ പോകുമ്പം എന്തായാലും മിസ്സാക്കില്ല..

    വിവരണം കലക്കി.. "12 മണിക്ക് ചക്കപ്പുഴുക്കും ചായയും കഴിച്ച്, ഒന്നരയ്ക്ക് ചെമ്മീന്‍ കറിയും ചോറും കഴിച്ച്, ഇനിയിപ്പോള്‍ എന്ത് കഴിക്കും എന്നോര്‍ത്തിരിക്കുമ്പോള്‍ " :D

  4. കാനനവാസന്‍ said...

    നന്നായി മാഷേ... :)
    പടങ്ങളെല്ലാം അടിപൊളി..പ്രത്യേകിച്ച് നാടന്‍ സ്വിറ്റ്സര്‍ലാന്റ്.

  5. മലമൂട്ടില്‍ മത്തായി said...

    Very good pictures.

  6. Roby said...

    ഹായ്...!

    പെരുവണ്ണാമൂഴിയില്‍ നിന്നും എന്റെ വീട്ടിലേക്ക് വെറും അഞ്ച് കിലോമീറ്ററേയുള്ളു. സത്യം പറയാ‍ാമല്ലോ, കക്കയത്ത് ഞാന്‍ പോയിട്ടില്ല..:(

    നല്ല ഫോട്ടോ

  7. നിരക്ഷരൻ said...

    കുറ്റിയാടിക്കാരാ...

    കക്കയം ക്യാമ്പ് ഉരുട്ടന്‍ എന്നൊക്കെ കേട്ടിട്ടുണ്ട്. ഇജ്ജാതി സ്ഥലമാണെന്ന് ഇപ്പോഴാണറിഞ്ഞത്. അടുത്ത പ്രാവശ്യം കോഴിക്കോട് ഭാഗത്തേക്ക് വരുമ്പോള്‍ പെരുവണ്ണാമൂഴിയും, കക്കയവും പോയിരിക്കും. ഇത് സത്യം സത്യം സത്യം. :) :)
    നല്ല വിവരണം. നല്ല പടങ്ങള്‍.

    ഓ.ടോ:-

    ഡോ കുറ്റീ...

    ഒന്ന് രണ്ട് യാത്രാ വിവരണമൊക്കെ എഴുതി ഞാനൊരു നിരക്ഷര-ഹീറോ ആകാന്‍ ശ്രമിക്കുന്നതിനിടയില്‍ എനിക്ക് പാരയുമായി ഇറങ്ങിയിരിക്കുകയാണല്ലേ ? എന്തായാലും തല്‍ക്കാലം ഞമ്മള് ക്ഷമിച്ച്. ഇതൊരു സ്ഥിരം പരിപാടിയൊന്നും ആക്കണ്ടാട്ടോ ? :) :)

  8. ഹാരിസ് said...

    അവിടെ അല്പം സ്ഥലം കൈയ്യേറാന്‍ കിട്ടിമോ...?

  9. RUDE BARD said...

    കലക്കീട്ടുണ്ട് ട്ടാ,,, "എന്താ ഭംഗി" മോഹന്‍ ലാല്‍ മറ്റേ തള്ളചിയോടു പറയുന്നതു പോലെ അല്ല ശരിക്കും. കവി പാടിയ പോലെ തന്നെ നാട്ട്യ പ്രധാനം നഗരം ദരിദ്രം, നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം.
    ഇതളുകള്‍ ......

  10. Unknown said...

    കുറ്റി അവിടെ പൊറൊട്ടാ അടിക്കാരന്റെ വേക്കന്‍സി ഉണ്ടന്നല്ലെ പറഞ്ഞെ എന്റെ അഡ്രസ് കൊടുത്തോളു പൊറോട്ട അടിയില്‍
    മ്മക്ക് ഡോക്ട്രെറ്റുണ്ട് ദേ ഞാനെത്തി ഒരു സംശയം
    ഇത് കക്കയം ഡാമിന്റെ അടുത്തു തന്നെയാണോ
    പണ്ട് ഒരു പാവം രാജനെ അവിടെങ്ങാണ്ടിട്ട്......?
    ഞാനില്ലെ

  11. വലിയവരക്കാരന്‍ said...

    ഇവിടെയെങ്ങാനമാണെങ്കില്‍ ഉരുട്ടിക്കൊന്നാലും നഷ്ടമില്ല

  12. smitha adharsh said...

    കമന്റ്കള്‍ കൂമ്പാരമാക്കി പോസ്റ്റുകള്‍ ഗംഭീരം ആക്കിയെക്കൂ മാഷേ....ഉഗ്രന്‍ പോസ്റ്റ്..ചിത്രങ്ങള്‍ അടിപൊളിയായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...ഇവിടല്ലേ,നമ്മുടെ ഈച്ചരവാര്യരുടെ മോന്‍ രാജന്‍..??????

  13. Unknown said...

    എന്റെ കുറ്റിയാടിക്കാരാ... എന്നാണ്‌ എന്നെ അവിടെയൊക്കെ ഒന്നു കൊണ്ടു പോകുന്നത്‌. പുറപ്പെടും മുമ്പ്‌, ചക്കപ്പുഴുക്കും ചെമ്മീന്‍ കറിയും കൂട്ടി ചോറും വേണം. പിന്നെ കാട്ടില്‍ നിന്നുള്ള പഴങ്ങളൊക്കെ പറിച്ചു തരണം.

    ഇങ്ങിനെ എഴുതി മനുഷ്യരെ കൊതിപ്പിക്കല്ലേ....ആരോ കമന്റിട്ട മാതിരി കക്കയം എന്ന്‌ കേള്‍ക്കുമ്പോള്‍ രാജനേയും അടിയന്തിരാവസ്ഥയുടെ ഭീകരതയുമാണ്‌ ഓര്‍മ വരിക.

    സ്വിറ്റ്‌സര്‍ലാന്റെന്നും ഊട്ടിയെന്നും പറയേണ്ട, നമുക്ക്‌ കക്കയം എന്ന്‌ തന്നെ പറയാം. അവര്‍ വേണമെങ്കില്‍ നാടന്‍ കക്കയം എന്നും തമിഴ്‌നാട്ടിലെ കക്കയം എന്നുമൊക്കെ പറഞ്ഞോട്ടെ...

    വരുന്നുണ്ട്‌ ഞാന്‍ ഈ കാനന ഭംഗി ആസ്വദിക്കാന്‍....

  14. ഹരീഷ് തൊടുപുഴ said...

    കൊതിപ്പിക്കുന്ന ചിത്രങ്ങള്‍.........അഭിനന്ദനങ്ങള്‍

  15. കാപ്പിലാന്‍ said...

    good :)

  16. യാരിദ്‌|~|Yarid said...

    അതെ കമന്റുകള്‍ കൂമ്പാരമാകുമ്പോള്‍ പോസ്റ്റുകള്‍ ഗംഭീരമാകുന്നു..

    കമന്റുകളില്ലെങ്കിലും പോസ്റ്റുകള്‍ ഗംഭീരമായിട്ടുണ്ട്.. അടിപൊളിയല്ലെ...:)

  17. Shooting star - ഷിഹാബ് said...

    chithrangalum vivaranavum kondu avide ethippetta oru pratheethi undaakkiyittundu kuttyaadi kaaran. ennirunnaalum kothichu pokunnu avideyokke onnu chuttiyadikkaan..
    chithrangalkkum vivaranathinum nandi

  18. ശ്രീവല്ലഭന്‍. said...

    നല്ല സ്ഥലവും നല്ല പടങ്ങളും. ഹും- നാടന്‍ സ്വിറ്റ്സര്‍ലന്‍ഡ്. പശൂനെ കണ്ടിട്ടാണോ? ഇവിടെ നല്ല അടിപൊളി കൊഴുത്ത പശുക്കളാ :-)

  19. Gopan | ഗോപന്‍ said...

    പടങ്ങളും വിവരണവും കലക്കി. :)

  20. മലബാറി said...

    ചിത്രങ്ങളും വിവരണവും കലക്കി.
    ഒന്നു കൂടെ ചേര്‍ക്കുന്നു....കൂരാച്ചുണ്ടില്‍ നല്ല ഒരു കള്ളുഷാപ്പുമുണ്ട്.ഒണക്ക കപ്പ വേവിച്ചതും പന്നി ഉലത്തിയതും ബീഫ് ഉലത്തിയതും പിന്നെ അല്പം ഷാപ്പുപാട്ടുമൊക്കെയായി ഒരു രസികന്‍ സങ്കേതം.

  21. ബീരാന്‍ കുട്ടി said...

    പണിയോന്നും ഇല്ലാതെ വെറുതെയിരിക്കുന്ന ഞമ്മക്ക്‌ ഒരു പണിയാവുമ്ന്ന് കരുതി വന്നതാ. പോരോട്ട അടിക്കാന്‍. പക്ഷെ.

    മനോഹരമായ ദൃശ്യങ്ങള്‍. ഇത്രയും കാലം ഇത്‌ കാണാന്‍ കഴിയാത്തതില്‍ ഖേദം തോന്നുന്നു. എന്തായാലും ഞാനും വരുന്നുണ്ട്‌.

  22. മുസാഫിര്‍ said...

    അപാരമായ ദൃശ്യങ്ങള്‍.പണ്ട് കരുണാകരന്റെ പോലീസ് ഉരുട്ടിക്കൊന്ന രാജന്റെ ആത്മാവ് അവിടെയൊക്കെ അലയുന്നുണ്ടാവും .ഇനി പോകുമ്പോള്‍ സൂക്ഷിക്കണെ.

  23. കുറ്റ്യാടിക്കാരന്‍|Suhair said...

    പ്രിയ;
    അതെ, പെരുവണ്ണാമൂഴിയില്‍ തന്നെയാണ് മുതല വളര്‍ത്തുകേന്ദ്രം. പക്ഷേ ഇപ്പോള്‍ മുതലകളൊന്നും കാര്യമായി ഇല്ലെന്നാണ് തോന്നുന്നത്. അവിടെ അവസാനമായി പോയത് ഏതാണ്ട് ഒന്നര വര്‍ഷം മുന്‍പായതു കൊണ്ട് ഈ വിവരങ്ങളുടെ ആധികാരികത ചോദ്യം ചെയ്യപ്പെടാവുന്നതാണ്...

    പാമരന്‍&റോബി;
    മുറ്റത്തെ ടവറിന് റേഞ്ചില്ലെന്നാണല്ലോ...

    അടുത്ത വെക്കേഷന് കക്കയം ടൂര്‍ നമുക്ക് പ്ലാന്‍ ചെയ്യാം; നിരക്ഷരന്‍, പാമരന്‍, റോബി തുടങ്ങിയവര്‍ നേതൃത്വം വഹിക്കുന്നതായിരിക്കും സാദിഖിനെ എന്തായാലും ഒപ്പം കൂട്ടും...

    നിരക്ഷരാ;
    യാത്രാവിവരണത്തില്‍ ബൂലോഗത്തെ ഏക പുലിയല്ലേ നിരക്ഷരന്‍, സര്‍വോപരി എന്റെ ഗുരുവും. (എന്നു തൊട്ട് ഗുരുവായി എന്നാണോ? ഞാന്‍ ഈ പോസ്റ്റ് എഴുതാന്‍ തുടങ്ങിയത് മുതല്‍).
    ഇനി ഞാനൊരു യാത്രാവിവരണം എഴുതണമെങ്കില്‍ ബര്‍ദുബായ് പോലിസ് സ്റ്റേഷന്‍ റോഡിലെ എന്റെ ഡെയ്‌ലി ഫ്ലാറ്റ് റ്റു ഓഫിസ്, നൂറ് മീറ്റര്‍ യാത്രകളെ പറ്റി വേണം... അത് താങ്ങാനുള്ള ശേഷി നമ്മുടെ ബൂലോഗര്‍ക്കുണ്ടോ?

    പിന്നേ, ഗുരുദക്ഷിണയായിട്ട് പണ്ട് ഏകലവ്യനോട് ചോദിച്ചതു പോലെ എന്നോട് എന്റെ കീമാന്‍ അണ്‍‌ഇന്‍സ്റ്റാള്‍ ചെയ്ത് മാസ്റ്റര്‍ സീഡി അങ്ങോട്ട് എത്തിക്കണം എന്നൊന്നും പറഞ്ഞേക്കല്ലേ... :)

    ഹാരിസ്;
    കയ്യേറെണ്ടെന്നേ, റിയല്‍‌എസ്റ്റേറ്റുകാരും റിസോര്‍ട്ട് മാഫിയയുമൊന്നും ഇനിയും കണ്ണുവെച്ചിട്ടില്ലാത്ത സ്ഥലം ആയതുകൊണ്ട് ചിലപ്പോള്‍ സ്ഥലം വാങ്ങാന്‍ കിട്ടിയേക്കും.

    അനൂപ്;
    ഇവിടെ പൊറോട്ടയടിക്കാന്‍ ഡോക്ടറേറ്റ് മാത്രം പോര, ധൈര്യം കൂടി വേണം കേട്ടോ... (ചുമ്മാ...)

    സ്മിത; വലിയവരക്കാരന്‍;
    കക്കയത്ത് എവിടെയായിരുന്നു ക്യാമ്പ് എന്നറിയില്ല. ഞാന്‍ ആ പരിസരത്തൊക്കെ നോക്കിയപ്പോള്‍ കാടിനുള്ളില്‍ ചില പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളൊക്കെ കണ്ടിരുന്നു. ഇനി അതിലേതെങ്കിലുമായിരുന്നോ അന്നത്തെ ക്യാമ്പ് എന്ന് ആര്‍ക്കറിയാം.

    രാജന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമം... ഈച്ചരവാര്യരുടെ ദു:ഖത്തിനു മുന്‍പില്‍ രണ്ടു തുള്ളി കണ്ണീര്‍...
    എവിടെനിന്നെങ്കിലും സീഡി ഒപ്പിച്ചിട്ട് പിറവി (അതുതന്നെ അല്ലായിരുന്നോ?) ഒരിക്കല്‍ കൂടി കാണും...

    ശ്രീവല്ലഭന്‍;
    സാദിഖ് പറഞ്ഞതു കേട്ടില്ലേ?
    സ്വിറ്റ്സര്‍ലന്റ് എന്നു പറയണ്ടാന്ന്. അതിനാല്‍ ഇനി മുതല്‍ ഞാനങ്ങനെ പറയുന്നില്ല. അപ്പൊ പ്രശ്നം തീര്‍ന്നില്ലേ?

    കാനനവാസന്‍;
    നൊറ്റി;
    അബ്സെന്‍പോള്‍;
    സാദിഖ് 300;
    ഹരീഷ്;
    കാപ്പിലാന്‍;
    യാരിദ്;
    ഷിഹാബ്;
    മലബാറി;
    ബീരാന്‍‌കുട്ടി;
    ഗോപന്‍;
    മുസാഫിര്‍;


    വളരെയേറെ നന്ദി.

  24. ബമ്പന്‍!! said...

    "പൊറോട്ട കഴിക്കാന്‍ ആളെ ആവശ്യമുണ്ട്‌" എന്നായിരുന്നു ടൈറ്റിലെങ്കില്‍ ഞാന്‍ നേരത്തെ എത്തുമായിരുന്നു, എഴുത്തില്‍ നമ്മുടെ നാടിണ്റ്റെ ഒരു ഒരു "നാറ്റമുണ്ട്‌" കൊള്ളാം............ പറ്റുമെങ്കില്‍ നമ്മുടെ നാടിനെ ഇനിയും ബൂലോകര്‍ക്ക്‌ പരിചയപ്പെടുത്തി കൊടുക്കൂ..വായിക്കുമ്പോള്‍ എനിക്കും വെറുതെ അഭിമാനിക്കാമല്ലോ..

  25. നിരക്ഷരൻ said...

    ശിഷ്യാ കുറ്റ്യാടിക്കാരാ...

    ഗുരുദക്ഷിണയായിട്ട് ഇനി മുതല്‍ നടത്തുന്ന യാത്രകളുടെയൊക്കെ പോട്ടങ്ങളും വിവരണങ്ങളും സീഡീലാക്കി കൊടുത്ത് വിട്ടാല്‍മതി. കീമാനും, മണ്ണാങ്കട്ടീം ഒക്കെ ജ്ജ് തന്നെ ബെച്ചോളീ.

    ഗുരു ഇവിടെ വിഷയദാരിദ്യം കാരണം പട്ടിണിക്കോലമായി കിടക്കുകയാണ്. പെട്ടന്നായിക്കോട്ടെ.

    പൊന്നാര കുറ്റീ...എന്‍ജ്ജാതി മറുകമന്റാണിഷ്ടാ അത്. തലമൊഴച്ചുപോയി. പൊങ്ങിപ്പൊങ്ങി സീലിങ്ങില്‍ ഇടിച്ചിട്ട്.
    :) :)

  26. കുറ്റ്യാടിക്കാരന്‍|Suhair said...

    മോനേ, ബമ്പാ...
    ഞാനും വിചാരിച്ച്, ഇന്ന എന്താ കാണാത്തേന്ന്...
    കുഞ്ഞിമ്മോനേ, നാട്ടില് പോയിറ്റ് ഹോട്ടെല്ലൊന്നും കയരിയേക്കെല്ലേ... എഞ്ചാതി വെലയാ മോനേ...

    പണ്ട് എംഐയൂപീല് പഠിക്കുന്നേരം 50 പൈശക്ക് രണ്ട് പൊറാട്ടേം, സാല്‍നേം കിട്ട്വേനും... ഉച്ചക്ക് പൊരേല് നടന്ന് പോവ്വേന്‍ മടിയായിറ്റ് സ്വദേശി ഹോട്ടല്ന്ന് എത്ര പ്രാവശ്യം 50 പൈസക്ക് ഉച്ചഭക്ഷണം കയിച്ചിരിക്കുന്നു....
    ഓര്‍മ്മയുണ്ടോ?..

    ഇന്ന് 50 പൈശേം കൊണ്ട് സ്വദേശീല് കയരിയാല്, പല്ല്ട്ക്കില്‍ കുത്ത്ന്ന് കോലും പോലും കിട്ട്വേല... തിരിഞ്ഞോ?


    ഗുരോ
    എനിക്ക് പറയാന്‍ വാക്കുകളില്ല..

    ഗദ്.. ഗദ് (ഗദ്ഗദങ്ങളുടെ ശബ്ദം)

  27. ഹരിയണ്ണന്‍@Hariyannan said...

    ഈ സ്ഥലം തിരുവന്തോരത്തിനടുത്തെവിടെയോ ആണല്ലോ?! :)
    അത്രക്കുനല്ലഭംഗി.

    ഇതിന്റെ അഞ്ചേക്കറ് പാഴ്സലുകിട്ടോ?ദുബായീക്കൊണ്ടുവന്ന് വളര്‍ത്താല്ലോ!!
    :)

  28. കുറ്റ്യാടിക്കാരന്‍|Suhair said...

    ഹ ഹ ഹരിയണ്ണാ...

    ഇത് തിരോന്തരമൊന്നുമല്ല. ഇങ്ങ് വടക്കാ...

    അവസാനം പറഞ്ഞത് കലക്കി. പാര്‍സലേയ്..
    കിട്ട്വോന്നന്വേഷിക്കണം. പക്ഷേ ഇവിടെ വളര്‍ത്താന്‍ സ്ഥലം ഇല്ലല്ലോ.. കിട്ടുമെങ്കില്‍ ഹരിയണ്ണന് തരാം. അണ്ണന്‍ തന്നെ കൊണ്ടുപോയി വളര്‍ത്തിക്കോ...

  29. ശ്രീ said...

    കിടിലന്‍ തന്നെ മാഷേ... സൂപ്പര്‍ ഫോട്ടോസ്, നല്ല വിവരണവും.
    :)

  30. കുറ്റ്യാടിക്കാരന്‍|Suhair said...

    ശ്രീ...

    താങ്ക്യൂ താങ്ക്യൂ....

  31. shenoy said...

    കോഴിക്കോട് ജോലി ചെയ്തിരുന്ന മൂന്നു വര്‍ഷക്കാലം ആ വഴി പോകാന്‍ തോന്നിയില്ലല്ലോ എന്നതില്‍ വിഷമം തോന്നുന്നു. ലേഖനം ഗംഭീരം

  32. ജെയിന്‍ ജോസഫ് said...

    അഭിനന്ദനങ്ങള്‍ . കുറ്റിയാടിക്കാരാ. ഞാന്‍ ഒരു കൂരാച്ചുണ്ടുകാരന്‍ ആണേ. ഞങ്ങള്‍ പോലും ശ്രദ്ധിക്കാത്ത കാര്യങ്ങള്‍. അതിമനോഹരമായിരിക്കുന്നു. പിന്നെ ഒരു സ്ഥലപ്പേര് മാറിപ്പോയിട്ടുണ്ട് കേട്ടോ. (കരിയാത്തുംപാറ എന്നത് കരിയാട്ടുമ്പാറ എന്നായിപ്പോയി). പിന്നെ ഒരു കാര്യം കൂടി നമ്മുടെ ജപ്പാന്‍ കുടിവെള്ളം വരാന്‍ പോകുന്നത് ഇവിടെ നിന്നാണ്.

  33. കുറ്റ്യാടിക്കാരന്‍|Suhair said...

    ഷിനോയ്;
    വിഷമിക്കേണ്ട...
    നമുക്കിനിയും പോകാല്ലോ... അല്ലേ?

    ജെയിന്‍;
    പേരിനെ പറ്റി എനിക്ക് സത്യത്തില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു.. യാത്ര കഴിഞ്ഞ് പിന്നെയും കുറേ ദിവസം കഴിഞ്ഞ് എഴുതിയ പോസ്റ്റായതുകൊണ്ട് എനിക്ക് സ്ഥലപ്പേര് കറക്റ്റായി ഓര്‍മ്മ വന്നില്ല. ഇപ്പോള്‍ തിരുത്തിയിട്ടുണ്ട്. നന്ദി...

    ജപ്പാന്‍ പൈപ്പുകള്‍ കുഴിച്ചിടുന്ന കാരണം ഒരു വിധത്തിലാണ് റോഡിലൂടെ പോയത്... എപ്പൊഴാ കുഴിയില് വീഴുക എന്നറിയില്ലല്ലോ...

  34. Anonymous said...

    FAMILARITY BREED CONTEMPT
    MOONLIGHTBABU

  35. കുറ്റ്യാടിക്കാരന്‍|Suhair said...

    Moonlightbabu...
    അതെന്താ പറഞ്ഞത്? എനിക്ക് മനസിലായില്ല...

  36. ഏകാന്ത പഥികന്‍ said...

    കുറ്റ്യാടിക്കാരാ ബ്ലോഗ്ഗറില്‍ ഇതെന്റെ ആദ്യ കമന്റ്‌ ആണ്‌. അതുകൊണ്ടു തന്നെ അത്‌ ഒരു നാട്ടുകാരന്റെ ബ്ലോഗില്‍ കിടക്കട്ടെയെന്നു കരുതി.

    ഹോളിഫാമിലി സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍ വല്ലപ്പോഴും പെരുവണ്ണാം മൂഴി വരെ പോകാറുണ്ടായിരുന്നു. പക്ഷേ കക്കയം ഇതേ വരെ പോയിട്ടില്ല. അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ പോണം.

    ഫോട്ടോകള്‍ ഒക്കെ വളരെ നന്നായീ ട്ടോ....

    എന്ന് ഒരു പേരാംമ്പ്രക്കാരന്‍....

  37. Unknown said...

    kalakkya.....

  38. ചാണക്യന്‍ said...

    നിരന്റെ പോസ്റ്റില്‍ നിന്നാണ് ഇവിടെ എത്തിയത്...
    നന്നായിട്ടുണ്ട് ചിത്രങ്ങളും വിവരണവും...
    നവവത്സരാശംസകള്‍...

  39. മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

    വിവരണവും,ചിത്രങ്ങളും നന്നായിരിക്കുന്നു!എന്തായാലും ഞാനും പോവും ഇവിടെ അടുത്ത വെക്കേഷനില്‍

  40. Manikandan said...

    കുറ്റ്യാടിക്കാര കക്കയം എന്നു കേൾക്കുമ്പോഴെല്ലാം മനസ്സിൽ വന്നിരിന്നത് അടിയന്തിരാവസ്ഥക്കാലത്തെ കക്കയം ക്യാം‌പിനെക്കുറിച്ച് വായിച്ചപ്പോൾ ഉണ്ടായിട്ടുള്ള ഭീതിയാണ്. അങ്ങനെയല്ല, കക്കയം ഇത്രയും സുന്ദരമായ സ്ഥലമാണെന്നു കാണിച്ചുതന്നതിനു നന്ദി. ജീവിതത്തിൽ ഒരിക്കലും നേരിട്ട് കണാൻ സാധ്യതയില്ലാത്ത സ്ഥലങ്ങൾ ചിത്രങ്ങളിലൂടെയെങ്കിലും കാണാൻ സാധിക്കുന്നതിൽ സന്തോഷം.

  41. കുറ്റ്യാടിക്കാരന്‍|Suhair said...

    ഏകാന്തപഥികന്‍,
    സൊഹേബ്,
    ചാണക്യന്‍,
    മുഹമ്മദ് സഗീര്‍,
    മണികണ്ഠന്‍,


    നന്ദി സുഹൃത്തുക്കളേ, നിരക്ഷരന്റെ പോസ്റ്റുകളുമായൊന്നും ഇത് കമ്പയര്‍ ചെയ്തേക്കല്ലേ, പ്ലീസ്... മൂപ്പരുടെ യാത്രകളുടെ മാജിക്കൊന്നും നമ്മുടെ യാത്രകള്‍ക്കില്ല...

  42. suhasjoseph said...

    being a koorachundian, i, really miss these places, thank you kuttiadikaraa ,

  43. കുഞ്ഞായി | kunjai said...

    വേറൊരു പോസ്റ്റിന്റെ ലിങ്ക്(മണികണ്ടന്‍) കണ്ട് വന്നതാ..വരവേതായാലും മോശമായില്ല...
    നല്ല വിവരണം മാഷേ,അതിനൊത്ത പടങ്ങളും..
    ശെരിക്കും തകര്‍ത്തു...
    വീടിന്റെ അടുത്തായിട്ടും കക്കയത്ത് ഇതുവരെ പോയിട്ടില്ല.ഇനി അടുത്ത ലീവിലൊന്ന് പോണം...

  44. Nazar said...

    Wondorful post. I also go there one time. It's really a "nadan switzerland". In Kakkayam there is statue of Rajan also.
    This Urakkuzhi waterfall is really fantastic. The officers in Kakkayam dam didn't allow to take camera with me, but you manage to take photos of Urakkuzhi also.
    Great, Thanks again.

  45. yousufpa said...

    കേരളീയനായിട്ടും ഇങ്ങനെ ഒരു സ്ഥ്‌ലത്തെ കുറിച്ച് ആദ്യായിട്ടാണ് കേള്‍ക്കുന്നതും ദൃശ്യവിരുന്ന് ആസ്വദിക്കുന്നതും. നന്ദി സുഹൈര്‍.

  46. ചാർ‌വാകൻ‌ said...

    കുറ്റിയാടി,കൂട്ടത്തില്‍ എന്നേകൂടി. മെയിലു തന്നാല്‍ മതി.

  47. Unknown said...

    enik ishtamayi njan panthirikkarakkarana ingane oru switserland ullad ippoya ariyunnad kakkayathu moozhiyilum okke orupad poyittund adinekkal nalla oru feeling anu kuttiadykkarante yathra vivaranm vayichappo kittiyad valare nandi kuttiadikkara iniyum idupolullav pradeekshikkunnu

  48. riyaas said...

    Good post

Post Your Comment ( കമന്റ്‌ ഇവിടെയും ഇടാം)

കമന്‍റുകള്‍ കൂമ്പാരമാകുമ്പോള്‍ പോസ്റ്റുകള്‍ ഗംഭീരമാകുന്നു...
ഇവിടൊരു കമന്‍റിട്ടേക്ക്‌...