Saturday, August 2, 2008

“ഞാനിനി തൊപ്പിക്കല്ല്മ്മെല് പാത്തൂലാ...”

“ഇല്ലെഡോ... കുട്ടിച്ചാത്തനൊന്നും കണിയാങ്കണ്ടീല് ഉണ്ടാവൂല... അദെല്ലം ആള്‍ക്കാറ് ബെറ്തെ പറേന്നതല്ലേ...”

“പറഞ്ഞൂട മോനേ... ചെലപ്പം ഇള്ളതാന്നെങ്കിലോ?”

“എനക്ക് നല്ല ദൈര്യണ്ട്... ഇന്ന് ഞാന്‍ പോവും, ഇഞ്ഞ് ബെര്വോ എന്റോടെ”?

“നോക്കാ,,, ഇനിക്ക് നിര്‍ബന്ധാന്നെങ്കില് ഞാന്‍ ബെരാ..” കൂട്ടുകാരന്‍ സമ്മതിച്ചു.

അങ്ങനെ അന്ന് മദ്രസ വിട്ടതിന് ശേഷം, കുഞ്ഞാമിച്ചാന്റ്റെ വീട്ടിലെ നേര്‍ച്ചക്കഞ്ഞിയും കുടിച്ചതിനു ശേഷം കണിയാങ്കണ്ടി കാണാന്‍ പോവാം എന്ന് തീരുമാനമായി.

കണിയാങ്കണ്ടിയെ കുറിച്ച് കുറേയേറെ ഐതിഹ്യങ്ങളുണ്ട്. പണ്ട് അവിടെ ഏതോ നമ്പൂതിരിയുടെ ഇല്ലമായിരുന്നു പോലും. കുറേയേറെ ആളുകളും നിലങ്ങളും പൊന്നും പണവും അധികാരവും ഉണ്ടായിരുന്ന നമ്പൂതിരി ഇല്ലം. താവഴിയില്‍ പെട്ട ഏതോ തിരുമേനിയുടെ മനസിന്റെ വലുപ്പം കൊണ്ടായിരുന്നോ അതോ കൈയിലിരിപ്പുകൊണ്ടായിരുന്നോ എന്നറിയില്ല, ഇല്ലം മുടിഞ്ഞു. കാലത്തിന്റെ ഒഴുക്കില്‍ ഇല്ലവും നമ്പൂതിരിമാരും ഒക്കെ മണ്ണിനടിയിലായി.അവിടത്തെ അളവില്ലാത്ത സ്വര്‍ണവും, വെള്ളിയും, ആടയും, ആമാടപ്പെട്ടിയും, എന്തിന് അടുക്കളയിലെ ചെമ്പുരുളിയും ഉറിയും കിണ്ടിയും കോളാമ്പിയുമടക്കം മണ്ണടിഞ്ഞു പോയി. ഒന്നു പോലും ആര്‍ക്കും എടുക്കാന്‍ പറ്റാതെ...

ഇന്ന് കണിയാങ്കണ്ടി നട്ടുച്ചനേരത്തു പോലും ആരും ഒന്നു തിരിഞ്ഞുനോക്കാതെ മുഴുവന്‍ കാടുപിടിച്ചു കിടക്കുന്നു. മനുഷ്യന്‍മാര്‍ പോട്ടെ, മൃഗങ്ങള്‍ പോലും കണിയാങ്കണ്ടിയില്‍ കയറില്ല എന്നാണ് പറയപ്പെടുന്നത്. ഒരിക്കല്‍ ആമിനത്താത്തയുടെ, കഴുത്തില്‍ കിങ്ങിണിയുള്ള കറുത്ത ആട് കണിയാങ്കണ്ടിയില്‍ പോയതിനു ശേഷം പിന്നെ അതിനെ കണ്ടിട്ടേയില്ല. ആമിനത്താത്തയുടെ കാലക്കേടിന് അന്ന് ആടിനെ കെട്ടിയിരുന്നത് കണിയാങ്കണ്ടി പറമ്പിനെ മൂലയിലായിരുന്നു. തെങ്ങ്കയറ്റക്കാരന്‍ കണ്ണേട്ടന്‍ തൊട്ടടുത്ത ഒന്തത്തെ പറമ്പിലെ തെങ്ങില്‍ കയറുമ്പോള്‍ അഴിഞ്ഞ കയറുമായി ആട് കണിയാങ്കണ്ടിയിലേക്ക് കയറുന്നത് കണ്ടിട്ടുണ്ട്... പിന്നെ ആടിന്റെ കാര്യം “ഇതി വാര്‍ത്താഹ:”

കണിയാങ്കണ്ടിക്ക് ഈ ഭീകരാന്തരീക്ഷം ഉണ്ടാക്കിത്തീര്‍ത്തതിന് കാരണം “വരവ്” ആണ്. പ്രദേശത്തിന്റെ അക്ഷാംശ-രേഖാംശങ്ങള്‍ കൃത്യമായി അറിയുന്ന, നാട്ടിലെ ഏക ജിയോളജിസ്റ്റ് കം അണ്ടര്‍ഗ്രൌണ്ട് വാട്ടര്‍ ഫൈന്റര്‍ മി. ചാത്തുവാശാരിയാണ് ഈ കണ്ടുപിടിത്തം നടത്തിയത്. ഞങ്ങളുടെ നാട്ടില്‍ നിന്ന് മാറി തെക്കോട്ടുള്ള ഏതോ പുരാതനക്ഷേത്രത്തിന്റെ നടയും ഇപ്പോഴത്തെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ നടയും തമ്മില്‍ ഒരു നേര്‍‌രേഖ വരച്ചാല്‍ ആ രേഖയുടെ മധ്യഭാഗം കൃത്യമായി കണിയാങ്കണ്ടിയിലാണത്രേ. ഈ രണ്ട് ക്ഷേത്രങ്ങളിലെയും പ്രതിഷ്ടകള്‍ തമ്മിലുള്ള ഒരു കമ്യൂണിക്കേഷന്‍ മെത്തേഡാണ് “വരവ്” എന്നറിയപ്പെടുന്നത്. കണിയാങ്കണ്ടിയില്‍ ആരെങ്കിലും വരവിന്റെ സമയത്ത് കയറി തടസമുണ്ടാകാതിരിക്കാന്‍ ചാത്തന്മാരും ഉണ്ട്. അവര്‍ കാരണമാണ് അവിടെ പല അനിഷ്ടസംഭവങ്ങളും നടക്കുന്നത്. വെറുതെ എന്തിന് വരവിനെ എടങ്ങാറാക്കണം എന്ന് കരുതി ഇപ്പോള്‍ ആരും അങ്ങോട്ട് കയറാറില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും കുട്ടികളെ സംബന്ധിച്ചിടത്തോളം കണിയാങ്കണ്ടിയുടെ പരിസരപ്രദേശങ്ങള്‍ എന്നും ഒരു സ്വപ്നഭൂമിയായിരുന്നു. അവിടെയുള്ള പൂക്കളും കായ്കളും നാട്ടില്‍ വേറെങ്ങുമില്ല. അരിപ്പൂവ് മുതല്‍ ആമ്പല്‍ പൂവ് വരെ, തെച്ചി മുതല്‍ താമരവരെ എല്ലാം അവിടെ ലഭ്യം. നാട്ടുമാങ്ങ, കണ്ണിമാങ്ങ,കുറുക്കന്‍ മാങ്ങ, ഒളോര്‍മാങ്ങ മുതലായ എല്ലാതരം മാങ്ങകളുമുണ്ട്. ചാമ്പക്ക, പുളി, ബിലുമ്പി എന്ന ഇരുമ്പന്‍ പുളി, ചതുരനെല്ലിക്ക, സാദാനെല്ലിക്ക, മള്‍ബെറി, പേരക്ക മുതലായ പലവക സാധനങ്ങള്‍ വേറെയും. രാവിലെ മദ്രസ വിട്ട് സ്കൂളിലെത്തുന്നതിനിടയിലെ അല്‍പ്പനേരം കൊണ്ട് ധൈര്യവാന്മാരും സാഹസികരുമായ കുട്ടികളെല്ലാം കണിയാങ്കണ്ടിയുടെ ചുറ്റുപാടുകളില്‍ നിന്ന് ഇത്തരം നാട്ടുവിഭവങ്ങള്‍ ശേഖരിച്ചിരുന്നു.

കണിയാങ്കണ്ടിയിലെ കുളത്തിന്റെ നടുവില്‍ അതിശയിപ്പിക്കുന്ന വര്‍ണങ്ങളുള്ള ഒരു പ്രത്യേകതരം ആമ്പല്‍പൂവ് ഉണ്ട് പോലും. ഹാരിസാണ് ഈ വിവരം ഞങ്ങള്‍ക്ക് കൈമാറിയത്. പക്ഷെ അവന്റെ കയ്യില്‍ അതിനുള്ള തെളിവൊന്നുമില്ല. കാരണം അവനും അത് കണ്ടിട്ടില്ല. തൊപ്പിക്കല്ല് എന്നറിയപ്പെടുന്ന ഒരു പ്രത്യേകതരം കല്ലും കണിയാങ്കണിയിലുണ്ട്. ആ കല്ലില്‍ സൂക്ഷിച്ചുനോക്കിയാല്‍ തൊപ്പിവച്ചിരിക്കുന്ന ഏതോ ഒരു ഔലിയായെ കാണാമത്രെ. (ഔലിയ - വിശുദ്ധന്‍). “അയിന് നമ്പൂര്യേള് ഇന്തുക്കളല്ലേ? ഓലെ ഇല്ലത്ത് എങ്ങനെയാ ഔലിയയുടെ കല്ലുണ്ടാവുക? ഔലിയ മാപ്പിളയെല്ലേ?” എന്ന ചോദ്യത്തിന് പക്ഷെ പ്രസക്തിയില്ലായിരുന്നു. ഈ വിവരം ഐ.എസ്.ഒ സര്‍ട്ടിഫൈഡാണ്. കാരണം ഇത് പറഞ്ഞത് ഉമ്മാമ്മയാണ്. സംശയിക്കേണ്ട കാര്യമില്ല!

മറ്റാരും കാണുന്നതിനു മുന്‍പ് ആ ആമ്പല്‍ കാണുക, പറ്റുമെങ്കില്‍ ഒരെണ്ണം പറിച്ചെടുക്കുക. പിന്നെ പഴയ കാവിനകത്തെ തൊപ്പിക്കല്ല് ഒന്ന് കാണുക. ഇത്രയുമായിരുന്നു ഞങ്ങളുടെ കണിയാങ്കണ്ടി മിഷന്റെ ഉദ്ദേശ്യം.

അങ്ങനെ മദ്രസ കഴിഞ്ഞ്, കുഞ്ഞാമിച്ചാന്റെ വീട്ടില്‍ നിന്ന് ചക്കരക്കഞ്ഞിയും കുടിച്ച് ഞങ്ങള്‍ കണിയാങ്കണ്ടിയിലേക്ക് യാത്രയായി.

ഒന്തത്തെ പറമ്പിലെത്തിയപ്പോള്‍ ഒരു ചെറിയ പ്രശ്നം. കമ്പോണ്ടര്‍ രാജേട്ടന്‍ തെങ്ങിന് തടം കോരുന്നു. കൂടെ വേറെ പണിക്കാരുമുണ്ട്. അവര്‍ കണ്ടാല്‍പിന്നെ കണിയാങ്കണ്ടിയിലേക്ക് കയറാന്‍ സമ്മതിക്കില്ല. അതുകൊണ്ട് അല്‍പ്പം മാറിയുള്ള തെയ്യമ്പാടിയിലെ ഇടവഴിയിലൂടെ ഞങ്ങള്‍ നടന്നു. ഒടുവില്‍ കൈതച്ചക്കകൊണ്ട് അതിരിട്ട തെയ്യമ്പാടിപ്പറമ്പ് ചാടിക്കടന്ന് കണിയാങ്കണ്ടിയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. കൈതയില്‍ ചാടിക്കയറിയപ്പോള്‍ മുള്ളുകൊണ്ട് കാലുമുഴുവന്‍ മുറിഞ്ഞെങ്കിലും ആമ്പലിനെ ഓര്‍ത്തപ്പോള്‍ ആ വേദനയെല്ലാം എങ്ങോ മറഞ്ഞു.

കൈതയില്‍ നിന്ന് ആദ്യം പുറത്തുചാടിയത് കൂട്ടുകാരനായിരുന്നു. “ഹെന്റുമ്മോ........ പാമ്പ്” എന്ന് നിലവിളിച്ചുകൊണ്ട് കൂട്ടുകാരന്‍ അതിലും വേഗത്തില്‍ തിരിച്ച് ചാടിയെത്തി. നേര് തന്നെ, നല്ല ഘടാഘടിയനൊരു ചേര. പക്ഷേ അത് ചേരയാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടും, ഞങ്ങളെകണ്ട് പേടിച്ച് ചേര ഉടന്‍ തന്നെ സ്ഥലം കാലിയാക്കിയതുകൊണ്ടും ഞങ്ങള്‍ വീണ്ടും മുന്നോട്ട് നീങ്ങി.

പക്ഷേ ആ ഒരൊറ്റ സംഭവം കൊണ്ട് തന്നെ എന്റെ മനസിലുണ്ടായിരുന്ന നല്ലൊരു ഭാഗം ധൈര്യവും ചോര്‍ന്നുപോയിരുന്നു. കുട്ടിച്ചാത്തന്മാര്‍ അവിടെയെങ്ങാനും ഉണ്ടായാലോ?ഇപ്പൊഴെങ്ങാനും “വരവ്” വന്നാലോ? ഇനി ഞങ്ങളെ പേടിപ്പിക്കാന്‍ കുട്ടിച്ചാത്തന്മാരാണോ ആ പാമ്പിനെ അയച്ചത്? അത് ചേരതന്നെയായിരുന്നോ? ശംഘുവരയനല്ലായിരുന്നോ?സംശയങ്ങള്‍ എന്റെ മനസിലേക്ക് പാഞ്ഞുവരാന്‍ തുടങ്ങി. കയ്യും കാലും ഞാനറിയാതെ തന്നെ വിറക്കാന്‍ തുടങ്ങി.

പക്ഷേ കൂട്ടുകാരന്റെ മുന്‍പില്‍ പേടിയാണെന്ന് സമ്മതിക്കാന്‍ ഒരു മടി. അതുകൊണ്ട് മാത്രം ഞാന്‍ ആമ്പല്‍ തേടി മുന്നോട്ട് നടന്നുതുടങ്ങി.

തെച്ചിയുണ്ട്, ചെമ്പരത്തിയുണ്ട്, കാക്കപ്പൂവുണ്ട്, അരിപ്പൂവുണ്ട്, പിന്നെ പേരറിയാത്ത പലപൂക്കളുമുണ്ട്. കുളത്തില്‍ താമരയും ആമ്പലുമുണ്ട്. പക്ഷെ അത് വെറും സാധാരണ ആമ്പല്‍. പലനിറത്തിലുള്ള ആമ്പല്‍ എന്തായാലും അവിടെ കണ്ടില്ല. ഹാരിസ് പറ്റിച്ചതാണോ?

കല്ലുമുണ്ട് പല തരത്തില്‍, പക്ഷേ ഒന്നിന്റെ മേലും ഔലിയ പോയിട്ട് ഒരു മൊയ്ലാര് കുട്ടിയുടെ പോലും ചിത്രം കാണുന്നില്ല.

അധികനേരം അവിടെ നില്‍ക്കാനുള്ള ഒരു മാനസികാവസ്ഥ അല്ലാത്തതിനാല്‍ എന്തായാലും തിരിച്ചുപോയേക്കാം എന്നുതന്നെ തീരുമാനിച്ചു.

“എനക്ക് മൂത്രൊയിക്കണം” കൂട്ടുകാരന്‍.

“എന്നാ പിന്ന ഞാനും ഒയിക്കാ...” അവന് ഞാന്‍ കമ്പനി നല്‍കി. വെറുതേ..

അങ്ങനെ ഞങ്ങള്‍ രണ്ടും കരയില്‍ നിന്ന് കുളത്തിലേക്ക് സംഗതി പാസാക്കി.

“കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കരുത്” രാവിലെ മദ്രസയില്‍ പഠിപ്പിച്ചത് പെട്ടെന്നെനിക്ക് ഓര്‍മ്മ വന്നു. പടച്ചോനേ, ഇതിപ്പൊ ഒഴിച്ചു തുടങ്ങിയല്ലോ. നില്‍പ്പിക്കാനും പറ്റുന്നില്ല. ഇനിയെന്ത് ചെയ്യും?

ഞാന്‍ നോക്കിനില്‍ക്കെ മൂത്രം ഒഴുകിയൊഴുകി കുളത്തിലേക്കിറങ്ങാന്‍ തുടങ്ങി. കുളത്തിന്റെ കരയിലിരിക്കുന്ന കല്ലിനെ ഞാന്‍ അപ്പോഴാണ് ശ്രദ്ധിച്ചത്.‍ കല്ലിന്റെ മേലെ അതാ ഒരു ഔലിയയുടെ ചിത്രം. അത് തൊപ്പിക്കല്ല് തന്നെ. മൂത്രം ഒലിച്ചൊലിച്ച് തൊപ്പിക്കല്ലിന്റെ മേലെ തൊട്ടതും....

മൂത്രം ഒരു മലവെള്ളപ്പാച്ചിലായി മാറി. ഞാന്‍ ആ ഒഴുക്കില്‍‌പെട്ട് കുതിക്കുകയാണ്. വെള്ളത്തില്‍ ഞാന്‍ മുങ്ങിപ്പോകുന്നു. നിലം മുഴുവന്‍ സ്വര്‍ണം, സ്വര്‍ണ മത്സ്യങ്ങള്‍, സ്വര്‍ണത്തിന്റെ ആമ്പല്‍പ്പൂവ്, സ്വര്‍ണം കൊണ്ടുണ്ടാക്കിയ ഉരുളി, ഉറി, കോളാമ്പി... പുഴയുടെ അടിയില്‍ മുങ്ങാംകുഴിയിട്ടു കളിക്കുന്ന കുട്ടിച്ചാത്തന്മാര്‍. അവര്‍ എന്റെ കാലുപിടിച്ച് മുക്കാന്‍ ശ്രമിക്കുന്നു....

ഒഴുക്കില്‍ ഒരു വിധത്തില്‍ തലപൊക്കി നോക്കുമ്പോള്‍, ദൈവമേ.... ഞാന്‍ എങ്ങോട്ടാണീ ഒഴുകുന്നത്? മുക്കണ്ണാം കുഴിയിലേക്കോ?

മൂന്ന് ആനകള്‍ മുങ്ങിച്ചത്ത കയം, കുറ്റ്യാടിപ്പുഴയിലെ മുക്കണ്ണാം കുഴി. എന്നെ ചുഴികള്‍ അതിലേക്ക് മുക്കാന്‍ തുടങ്ങുന്നു. വായിലും മൂക്കിലും ആകെ വെള്ളം കയറി. എനിക്ക് ശ്വാസം മുട്ടി. എന്റെ നെഞ്ചിന് മുകളില്‍ ആരാണീ ഭാരമെല്ലാം കൊണ്ടുവച്ചത്?ശ്വാസമെടുക്കാന്‍ പറ്റുന്നില്ല...

കയത്തില്‍ ഞാന്‍ മുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അതാ അമ്മദ് മുസല്യാര്‍... നെരിയാണിക്ക് മുകളില്‍ വച്ചുടുത്ത മുണ്ട്, വെളുത്ത ജുബ്ബ, തലയില്‍ ഒറുമാല്‍, കയ്യില്‍ വടി. “ഇഞ്ഞ് ഞാന്‍ ഇന്ന് പഠിപ്പിച്ച ഫിക്‍ഹ് പാഠം മറന്നോ?”

“ഇല്ല മൊയ്‌ല്യാരേ... ഞാനെനി ഒരിക്കലും വെള്ളത്തില് മൂത്രൊയിക്കൂലാ.... എന്നെ രെശ്ശിക്കീന്‍...”

അമ്മദ് മൊയ്‌ല്യാര്‍ സഹായിച്ചില്ല.... അദ്ദേഹം അപ്രത്യക്ഷനായി.

പിന്നീട് ഒരു ഔലിയ.... “മോനെന്തിനാ എന്റെ തൊപ്പിക്കല്ല്മ്മെല് പാത്ത്യേ?”

“ഞാനെനി ഒരിക്കലും തൊപ്പിക്കല്ലുമ്മല് പാത്തൂലാ... ഞാനെനി തൊപ്പിക്കല്ല്മ്മല് മൂത്രൊയ്ക്കൂലാ... എന്ന മുക്കിക്കൊല്ലല്ല്യോ.... എനക്ക് ഉപ്പാനെ കാണണം...
ഉമ്മാനെ കാണണം... എന്നെ രശ്ശിക്കൂ.... ഉമ്മാ...”

ഔലിയയും എങ്ങോ മറഞ്ഞു.

ഞാന്‍ മുക്കണ്ണാം കുഴിയുടെ അഗാധതയില്‍ മുങ്ങിപ്പോവുന്നു...

എന്റെ ബോധം മറഞ്ഞു.

എത്രനേരം ഞാന്‍ വെള്ളത്തില്‍ മുങ്ങിയോ ആവോ... ഒടുവില്‍ ഞാന്‍ കണ്ണുതുറന്നു.

കട്ടിലിനു ചുറ്റും ആളുകള്‍. കണ്ണീര് വറ്റിയ കണ്ണുകളുമായി ഉമ്മ. ഏങ്ങലടിച്ചുകൊണ്ട് ഉമ്മാമ... പെങ്ങള്‍ തട്ടം കൊണ്ട് മുഖം തുടക്കുന്നു. തീരെ ചെറിയവനായ അനിയന്‍ താഴെ നിലത്ത് കളിക്കുന്നു.

എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് ഉമ്മ കരഞ്ഞു. കണ്ണീര്‍ എന്റെ മുതികിലൂടെ ഒഴുകി. ഉമ്മാമ ഞങ്ങളെ രണ്ടുപേരെയും കെട്ടിപ്പിടിച്ചു.

“എന്റെ മോന്‍ എന്തിനാ കണിയാങ്കണ്ടീല് പോയത്? മോനോട് അങ്ങോട്ട് പോണ്ടാന്ന് ഞാന്‍ എത്തിര പ്രാവെശ്യം പറഞ്ഞതാ...” മുഖമുയര്‍ത്തി ഉമ്മ ചോദിച്ചു.

“ഇഞ്ഞ് ഇനി പറഞ്ഞ് പറഞ്ഞ് ഓനെ കരേപ്പിക്കണ്ട, ഓന് ഒന്ന് ഒറങ്ങിക്കോട്ടെ....” ഉമ്മാമ്മ മൊഴിഞ്ഞു.

“എനക്ക് ഒറങ്ങണ്ട, എനക്ക് ഇണീക്കണം”

എഴുന്നേറ്റപ്പോള്‍ വിരിപ്പില്‍ വിയര്‍പ്പ് എന്റെ ചിത്രം വരച്ചിരിക്കുന്നു.

പതുക്കെ ഞങ്ങളെല്ലാരും മുറിയില്‍ നിന്ന് പുറത്തുവന്നു. കൂട്ടുകാരന്‍ മുറ്റത്തുണ്ട്. കൂടെ കമ്പോണ്ടര്‍ രാജേട്ടനും പണിക്കാരും.

കണിയാങ്കണ്ടിയില്‍ ബോധം കെട്ട് വീണ എന്നെ അവരെല്ലാരുമാണ് വീട്ടിലെത്തിച്ചിരിക്കുന്നത്...

“എന്നാ ഞാള് പോട്ടെ ഉമ്മെയ്റ്റ്യാറേ... പണി ബാക്കിയാ പറമ്പില്”

“അതെന്ത് പോക്കാ രാജാ, ഒര് ചായ കുടിച്ചിറ്റ് പോകാ...“

“മാണ്ട, കൊറേ പണി ബാക്കിള്ളതല്ലേ, എന്തായാലും കുഞ്ഞനൊന്നും പറ്റീക്കില്ലാലോ, അത് മതി... ഞാള് പോന്നാ...” അവര്‍ പോയി.

ഞാന്‍ വീണ്ടും ഉമ്മാമയുടെ കരവലയത്തില്‍ ചുരുണ്ടുകൂടി...

“ഞാനെനി തൊപ്പിക്കല്ല്മ്മെല് പാത്തൂലാ...” എന്ന്‍ ഉറക്കെ കരഞ്ഞു കൊണ്ട് പിന്നീടെത്ര രാത്രികളില്‍ ഞാന്‍ ഞെട്ടിയെണീറ്റിരിക്കുന്നു...

58 അഭിപ്രായങ്ങള്‍:

  1. കുറ്റ്യാടിക്കാരന്‍|Suhair said...

    പണ്ട് കേട്ട ഒരു നാടന്‍ ഐതിഹ്യവും ഈയടുത്ത് കണ്ട ഒരു സ്വപ്നവും കൂടിയൊന്ന് മിക്സ് ചെയ്തപ്പോള്‍...

  2. എ.ജെ. said...

    കണിയാങ്കണ്ടിയില്‍ പിന്നെ പോയിട്ടില്ലേ ?
    ഇപ്പോഴും വരവ് ഉണ്ടോ അവിടെ ?

    Nyway Gud post !!!

  3. നിരക്ഷരൻ said...

    നിങ്ങ‍ളുടെ കോഴിക്കോടന്‍ ശൈലി ഈ പോസ്റ്റില്‍ നിറഞ്ഞൊഴുകുകയാണല്ലോ കുറ്റീ....

    എനിക്ക് ഭയങ്കര ഇഷ്ടായി ഈ പാത്തല്‍.

  4. നിരക്ഷരൻ said...

    നിങ്ങ‍ളുടെ കോഴിക്കോടന്‍ ശൈലി ഈ പോസ്റ്റില്‍ നിറഞ്ഞൊഴുകുകയാണല്ലോ കുറ്റീ....

    എനിക്ക് ഭയങ്കര ഇഷ്ടായി ഈ പാത്തല്‍.

  5. mashikkuppi said...

    ഇഞിഎന്താടാ ഹൊലീവ്വൂഡ് സിനിമയ്ക് തിരക്കഥ എഴുതുകയാണൊ ...?

  6. Anonymous said...

    Good.. എന്ത് കല്ല്‌ ആയാലും വിഷയം കലക്കി. അക്ബര്‍ കക്കട്ടില്‍ കഴിന്താന്‍ ഒരു ആള്‍ ആയി എന്ന് പറയാന്‍ പറ്റുമോ ? ഒക്കെ കൂടെ ഒരു autobiographical നോവല്‍ ആക്കാന്‍ കൊള്ളും. any way keep it up.

  7. Kichu $ Chinnu | കിച്ചു $ ചിന്നു said...

    പാത്തല്‍ എന്ന പ്രയോഗം തന്നെ, പഴയ ഓര്‍മകള്‍ കൊണ്ടു വരുന്നു.. പൊന്നാനിക്കാരാണെ, പുത്തന്‍ പള്ളിക്കടുത്ത്താണ്‍ വീട്.... നന്നായി

  8. കുറുമാന്‍ said...

    പാത്തണ്ടോട്ത്ത് പാത്തില്ലെങ്കില് ഇങ്ങനൊക്കെ വരുംന്നുള്ള ഒരു പാഠം പടിച്ചില്ലെയ്യ്.....അത് ധാരാളം.......

  9. smitha adharsh said...

    അയ്യയ്യോ.. എനിക്ക് വയ്യായേ..
    കമ്പനി കൂടി പാത്തുന്നത് ആദ്യായിട്ട് കേള്‍ക്കുകയാ...
    ഹൊ ! എന്നാലും,ഇതു ഗംഭീരം

  10. Shaf said...
    This comment has been removed by the author.
  11. Shaf said...

    കുറ്റ്യാടീ..കലക്കി മച്ചാ...

    ജീവിതം ഫ്ലാറ്റുകളിലേക്ക് കൂടുമാറിയപ്പോള്‍ നമുക്ക് ചിലവാക്കുകള്‍ നഷ്ടപെട്ടു എന്നുമാത്രമല്ല അതുപയോഗിക്കുന്നത് തന്നെ ഒരിത്തിരി നാണക്കേടായി..
    അതില്പെട്ട ഒരു പദമാണ് പാത്തല്‍ അത് തന്നെ ത്തലകെട്ടായിട്ടത് പോസ്റ്റുകളിലുടനീളം നിറഞ്ഞുനില്‍ക്കുന്ന ആ ഗ്രാമീണതക്ക് മാറ്റുകൂട്ടുന്നു..

    ചെറുപ്പത്തിലെ ഇത്തരത്തിലുള്ള സാഹസികയാത്രകള്‍ വല്ലാത്തോരു അനുഭൂതിയാണു സമ്മാനിക്കുക അതേ അനുഭൂതിപകര്‍ന്നു നല്‍കുന്നതില്‍ എഴുത്തുകാരനെന്ന നിലയില്‍ വലിയൊരു വിജയമാണിത്..പ്രത്യാകിച്ച് ആ ഭാഷ. ഈ ഭാഷ വായനക്കാ‍രെന്ന നിലയില്‍ മലാളികള്‍ ഒരുപാടിഷ്ടപെടുന്നു പക്ഷെ എഴുത്തുകാര്‍ക്കത് നഷ്ടപെടുകയും ചെയ്യുന്നു..വരികള്‍ക്കിടയില്‍ ഫിറ്റുചെയ്ത ചിലവിറ്റുകള്‍ പ്രത്യാകിച്ച് iso മാര്‍ക്ക്..ചിരി അറിയാതെ പുറത്തേക്കുവന്നുപോയി..
    -- നല്ലൊരു ചിത്രകും കൂടെ ഇടാമായിരുന്നു :)

  12. OAB/ഒഎബി said...

    കുറ്റ്യാടിയേ...മോനേ....ഇന്നത്തേക്കുള്ള ഊറ്ജ്ജം ഇതിനാല്‍ ചിരിച്ച് എന്‍ ശരീരത്തില്‍ ശേഖരിക്കപ്പെട്ടിരിക്കുന്നു.

    ഇത്രയും മതി.....നന്ദി.

  13. പാമരന്‍ said...

    കുറ്റീ.. കലക്കീട്ടാ അന്‍റെ പാത്തല്‌.. ഞ്ഞി ബെള്ളത്തില്‌ പാത്തണേന്‍റെ മുന്നെ മ്മള്‌ രണ്ട്‌ പ്രാവശ്യം ആലോയിക്കും. ഉസിരന്‍ എയ്ത്ത്‌..

  14. Sharu (Ansha Muneer) said...

    കോഴിക്കോടന്‍ ശൈലിയിലുള്ള എഴുത്ത് കലക്കിട്ടാ... നാടന്‍ പദപ്രയോഗങ്ങളാണ് ഈ പോസ്റ്റിന്റെ ഭംഗി. നല്ല പോസ്റ്റ് :)

  15. Sherlock said...

    കുറ്റ്യാടി, ഉപബോധമനസ്സില്‍ അന്തര്‍ലീനമായി സംഭവങ്ങള്‍ സാഹചര്യവുമായി പൊരുത്തപ്പെടുമ്പോ ഉണ്ടാകുന്ന മനസ്സിന്റെ വൈക്ലബ്യത്തില്‍ നിന്നുടലെടുത്ത വിഭ്രാന്തിയില്‍ ബോധം നശിച്ച നിങ്ങള്‍ തൊപ്പിക്കല്ലുമ്മല്‍ പാത്തുല്ലാന്നു തീരുമാനിച്ചത് മോശമായി പോയി

    (മതി എന്നെ തല്ലണ്ട)

    നല്ലപോസ്റ്റ്..എഴുത്തിന്റെ ആ ഇസ്റ്റൈല്‍(കട.ഇടി) ഇഷ്ടായി

  16. Gopan | ഗോപന്‍ said...

    സുഹൈറെ..
    വളരെ നല്ല പോസ്റ്റ്.
    കോയിക്കോടന്‍ ശൈലി പെരുത്ത്‌ ഇസ്ടായി..:)

  17. ശ്രീ said...

    എഴുത്ത് നന്നായീട്ടാ.
    :)

  18. ഇബ്രാഹിം. സി.എച്ച് said...

    ഉശാറായിക്ക് കുറ്റ്യാടി ബര്‍ത്താനം. ഇതെങ്ങനെ ഒപ്പിച്ച് ഇങ്ങള്.ഇതൊന്നു ഇപ്പെണെത്തെ കുട്ട്യെക്ക് തിരിയൂല. ഓല് കമ്പ്യൂട്ടറിന്റെ മുന്നിലല്ലെ എല്ലപ്പൊ!!



    Anyway.. Good...

  19. കുറ്റ്യാടിക്കാരന്‍|Suhair said...

    എ.ജെ;
    കണിയാങ്കണ്ടിയില്‍ ഞാന്‍ അതിനു മുന്‍പും പോയിട്ടില്ല. വരവിനെ പറ്റിയൊക്കെ പണ്ട് ആരോ പറഞ്ഞുകേട്ടുവെന്നേയുള്ളൂ... പിന്നെ അങ്ങനെയങ്ങനെ ഓരോന്നെഴുതി എന്നേയുള്ളൂ. :)
    വന്നതിന് നന്ദി എ. ജെ.

    നിരക്ഷരന്‍;
    കോഴിക്കോടന്‍ ശൈലി നിറഞ്ഞൊഴുകി ഒഴുകി അവസാനം വായനക്കാര്‍ക്ക് മനസിലാവാതെ ആയിപ്പോയോ എന്നൊരു ടെന്‍ഷന്‍ ഇല്ലാന്ന് പറഞ്ഞൂടാ.. എന്തായാലും, നന്ദി, ഇത് ഇഷ്ടമായി എന്ന് പറഞ്ഞതിന്.

    രനീഷ്;
    നീ സംവിധാനം ചെയ്യുമെങ്കില്‍ ഞാന്‍ കഥ എഴുതാം... പറ്റ്വോ?

    അനോണിക്ക് നന്ദി. അത്രക്ക് പൊക്കിപ്പറയേണ്ടായിരുന്നു..

    കിച്ചു&ചിന്നു;
    നന്ദി. നിങ്ങള്‍ രണ്ടുപേരും പൊന്നാനിക്കാരാണോ?

    കുറുമാന്‍;
    നന്ദി.. പഠിച്ചോന്ന് ചോദിച്ചാല്‍... അതിനുശേഷവും ചിലപ്പൊഴൊക്കെ ഇങ്ങനത്തെ കുരുത്തക്കേട് കാണിച്ചിട്ടുണ്ട് ;)

    സ്മിത;
    നന്ദി.

    ഷഫ്;
    ചിത്രവും കൂടെ ഇടാന്‍, അല്ലേ... ഇത് തന്നെ ഇട്ടതിന്റെ ക്ഷീണം മാറിയിട്ടില്ല :)

    ഓഏബി;
    ഹാവു.. ആ മോനേ വിളി തന്നെ ധാരാളം. ഇഷ്ടപ്പെട്ടല്ലോ.. സമാധാനായി.

    പാമരന്‍;
    :)

    ഷാരു;
    നന്ദി..

    ജിഹേഷ്;
    സത്യത്തില്‍ ആത്മാവിന്റെ അന്തര്‍ധാരകള്‍ പേനത്തുമ്പിലൂടെ ഒഴുകിവരുമ്പോള്‍ വിനിര്‍ഗളിക്കുന്ന ആ ഒരു ഇതുണ്ടല്ലോ, ഒരു.. ഒരു.. ആത്മഹര്‍ഷം, ആ ആത്മഹര്‍ഷത്തിന്റെ മധുരതരമായ ഓര്‍മകള്‍ താങ്കളുടെ ഈ കമന്റ് വായിക്കുമ്പോള്‍ എന്റെ മനോമുകുരത്തില്‍ എത്തുന്നു മഹാനുഭാവാ...

    (ഹോ.. ക്ഷീണിച്ചുപോയി)

    ഗോപന്‍, ശ്രീ;
    താങ്ക്യൂ...

    ഇബു;
    ആരാണെന്ന് മനസിലായില്ല, പക്ഷേ ഞമ്മളെ നാട്ടുകാരനാന്ന് മനസിലായി. ഇപ്പണത്തെ കുട്ടികള്‍ക്ക് അതില്ല എന്ന് പറയാന്‍ പറ്റൂല.. കാരണം ഞാനും ഇപ്പണത്തെ കുട്ട്യല്ലെ ചെങ്ങായി...
    കമന്റിന് വളരെയേറെ നന്ദി.

  20. ബഷീർ said...

    ഈ പാത്തല്‍ ഒന്നൊന്നര പാത്തലായി കുറ്റ്‌ യാടി.

    പാത്തുമ്പോ നിര്‍ത്താന്‍ പറ്റാണ്ടായാലും അതിന്റെ പൊസിഷന്‍ ഒന്ന് തിരിച്ചാല്‍ പോരായിരുന്നോ...

  21. കുറ്റ്യാടിക്കാരന്‍|Suhair said...

    ബഷീര്‍ക്കാ
    അതൊരു പോയന്റാണ്. പക്ഷെ ഇത് നടന്ന സംഭവമൊന്നുമല്ല. വെറുതേ അങ്ങ് എഴുതി എന്ന് മാത്രം... :)

  22. Anonymous said...

    തെയ്യംപാടീമ്മേല്‍ ആമിനതാത്ത എങ്ങനെ വന്നു..? ആമിന്ച്ച അല്ലെ...? ഏ.....not the point.!!!!

  23. Anonymous said...

    ഞാനങ്ങ് തേങ്ങ ഉടക്കുകയാ.ഞാന്‍ വായിച്ചിരുന്നു.റേറ്റിങ്ങ് നല്‍കിയിട്ടുണ്ട്.
    കൊണ്ട് പോരെ ഇത്തര്‍ പോസ്റ്റുകള്‍.
    ഒരു വെറൈറ്റി

  24. ഗൗരിനാഥന്‍ said...

    ഒന്നന്നര ആയിട്ടുണ്ട് ട്ടാ..കുറ്റ്യാടീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ

  25. ജിവി/JiVi said...

    മനോഹരം, കുറ്റ്യാടീ

  26. G.MANU said...

    മറ്റൊരു തകര്‍പ്പന്‍ കുറ്റ്യാടി കസറ്.

    (കോഴിക്കോടന്‍ ശൈലിക്ക് എഗൈന്‍ വന്ദനം...

  27. രസികന്‍ said...

    കണിയങ്കണ്ടിയിൽ പോയതുകൊണ്ട് എവിടെ ഒഴിക്കണം എവിടെ ഒഴിക്കരുത് എന്നു മനസ്സിലായല്ലൊ .

    ഇനിയും ഒന്നുകൂടെ അവിടെ പോകാൻ ആഗ്രഹം തോനുന്നുണ്ടൊ

    അവതരണം കൊണ്ട് മികവുറ്റതാണേന്നു പറഞ്ഞറിയിക്കേണ്ട ആവശ്യമില്ലല്ലോ
    ഉഗ്രൻ .. അത്യുഗ്രൻ....

  28. ഒരു സ്നേഹിതന്‍ said...

    “ഞാനെനി തൊപ്പിക്കല്ല്മ്മെല് പാത്തൂലാ...” എന്ന്‍ ഉറക്കെ കരഞ്ഞു കൊണ്ട് പിന്നീടെത്ര രാത്രികളില്‍ ഞാന്‍ ഞെട്ടിയെണീറ്റിരിക്കുന്നു...

    ഇനിയെത്ര രാത്രികൾ എണീക്കാനിരിക്കുന്നു..

    ആവശ്യല്യാത്ത പണിക്കു പോയിട്ടല്ലെ..

    അങ്ങനെ തന്നെ വേണം..അഹ.

  29. Anonymous said...

    ആനുകാലികമായ രചന.
    നന്നായിരിക്കുന്നു...

  30. Anonymous said...

    Well well well......

  31. കുറ്റ്യാടിക്കാരന്‍|Suhair said...

    അനോണി;
    തെയ്യമ്പാടീല്‍ ആമിനച്ച തന്നെയാടോ... പിന്ന അങ്ങനെ എഴുതാതിരുന്നത് എന്താന്ന്വച്ചാല്‍... ബായിക്ക്‌ന്നെ ആള്‍ക്കാര്‍ക്ക് ഒരു മയന കിട്ടാണ്ടായിപ്പോയാലോ എന്ന് വിചാരിച്ചിട്ടാ...

    അരുണ്‍ കായംകുളം;
    ഇത് മനസിലാക്കി എടുക്കാന്‍ ബുദ്ധിമുട്ടുണ്ടായോ? കുറേയേറെ കുറ്റ്യാടി"ഇസ്റ്റൈല്‍" ഉള്ളതുകൊണ്ട് ചോദിച്ചതാണേ... നന്ദി.

    ഗൌരി;
    നന്ദി

    ജിവി;
    നന്ദി

    മനുജീ;
    എഗൈന്‍ നന്ദി

    രസികന്‍;
    ഞാന്‍ കണിയാങ്കണ്ടിയില്‍ പോയിട്ടൊന്നുമില്ലെന്നേ... പക്ഷെ പോയാല്‍ ഇങ്ങനെയായിരിക്കും അനുഭവം എന്നാ‍ണ് പണ്ടെല്ലാരും പറഞ്ഞിരുന്നത്. :)

    സ്നേഹിതന്‍;
    പഹയാ... ഓന്റെ സന്തോഷം കണ്ടില്ലേ... ;)

    PIN
    ഇത് അത്രക്ക് ആനുകാലികമാണോ?.... ;)

    Bad Girl
    താങ്സ്

  32. മച്ചുനന്‍/കണ്ണന്‍ said...

    ഓഹ്..ആദ്യ ഭാഗം വായിക്കാന്‍ ഇത്തിരി പാടു പെട്ടു.പിന്നെ ഓക്കെയായി.അടുത്ത ലീവിന് നാട്ടില്‍ വരുമ്പൊ മ്മക്ക് രണ്ട് പേര്‍ക്കും കൂടി അവിടെ പാത്താന്‍ പോകാം..
    അന്നും പറമ്പില്‍ പണിയെടുക്കുന്ന ആരെങ്കിലും ഉണ്ടാകില്ലേ.ഒരു ധൈര്യത്തിന്..

  33. കുറ്റ്യാടിക്കാരന്‍|Suhair said...

    മച്ചുനാ... കണ്ണാ...

    അങ്ങനെ ഒരു പ്രശ്നമുണ്ടാവാന്‍ സാധ്യതയുണ്ട് എന്ന് ഞാന്‍ ആദ്യമേ കരുതിയതാണ്. എന്റെ നാട്ടിലെ ഭാഷ ചിലപ്പോള്‍ അവിടത്തെ തന്നെ കുട്ടികള്‍ക്ക് ചിലപ്പോള്‍ മനസിലാവുന്നുണ്ടാവില്ല. എല്ലാവരും ഭാഷ റിഫൈന്‍ ചെയ്യുന്ന തിരക്കിലാണ്.

    എങ്കിലും വിടാതെ മുഴുവന്‍ വായിച്ചതിനും കമന്റിട്ടതിനും വളരെയേറെ നന്ദി. ഇനിയും വരിക.

  34. Anonymous said...

    താങ്കള്‍ പറഞ്ഞ പോലെ ഞാന്‍ മലയാളത്തില്‍ ബ്ലോഗ് ചെയ്തിട്ടുണ്ട്... വായിക്കുമല്ലോ?? www.anjupk.wordpress.com

  35. Anonymous said...

    താങ്കള്‍ പറഞ്ഞ പോലെ ഞാന്‍ മലയാളത്തില്‍ ബ്ലോഗ് ചെയ്തിട്ടുണ്ട്... വായിക്കുമല്ലോ?? and dont forget to comment also.... www.anjupk.wordpress.com

  36. കുറ്റ്യാടിക്കാരന്‍|Suhair said...

    Anju
    ഞാന്‍ പറഞ്ഞപോലെ മലയാളത്തില്‍ ബ്ലോഗ് ചെയ്തെന്നോ? ഞാനെപ്പൊഴാണാവോ അങ്ങനെ പറഞ്ഞത്...

  37. ഷിജു said...

    ഞങ്ങള്‍ മധ്യ തിരുവിതാംകൂറുകാര്‍ക്ക് നിങ്ങടെ ഈ ലോക്കല്‍ ഭാഷ അത്രക്ക് അങ്ങോട്ട് മനസ്സിലായില്ല എന്നാലും കമന്റുകള്‍ എല്ലാം വായിച്ചപ്പൊ എല്ലാം സംശയങ്ങളും മാറിക്കിട്ടി. എന്നാലും എന്തുവാന്നേ ഇതു, ഏഹ് ? കസറിയിട്ടുണ്ടെന്നേ....

    ഇനി സുരാജ് സ്റ്റൈലില്‍ “ അണ്ണാ പൊളപ്പനായിട്ടുണ്ട്.അപ്പോ വരട്ടെ കാണാം.

  38. Anonymous said...

    ഇപ്പോഴാണ് കണ്ടത്.
    മനോരമായ അവതരണം.

  39. കുറ്റ്യാടിക്കാരന്‍|Suhair said...

    സ്നേഹിതാ, ഷിജൂ;
    വളരെ സന്തോഷം, ആദ്യമൊന്നും മനസിലാകാഞ്ഞിട്ടും ഇരുന്നു വായിച്ചല്ലോ, നന്ദി.
    മുന്നൂറാന്‍;
    നന്ദി.

  40. വരവൂരാൻ said...

    വളരെ നന്നായി എല്ലാം ഒറ്റ ഇരിപ്പിന്നു വായിച്ചും ആശംസകൾ

  41. കുറ്റ്യാടിക്കാരന്‍|Suhair said...

    നന്ദി വരവൂരാനേ...

  42. Dewdrops said...

    വളരെ വളരെ വളരെ നന്നായിരിക്കുന്നു!!!!!!!!!!!11 ഇനിയും എഴുതുക.................

  43. കുറ്റ്യാടിക്കാരന്‍|Suhair said...

    നന്ദി മിസ് കെ. മണി,
    ഇനിയും എഴുതാന്‍ ശ്രമിക്കാം.

  44. മാഹിഷ്മതി said...

    കുറ്റ്യാടിക്കരാ
    കിടിലന്‍ ....

  45. കുറ്റ്യാടിക്കാരന്‍|Suhair said...

    ബഡേരക്കാരാ... മാ.മതീ

    ടാങ്ക്സ്...

  46. Satheesh Haripad said...

    കലക്കി ഷ്ടാ..

    ആ കോഴിക്കോടന്‍ ശൈലി പെരുത്തിഷ്ടായി.

    ഇനിയും ഇതുപോലെയുള്ള കിടിലന്‍ പോസ്റ്റുകളുടെ "വരവ്" പ്രതീക്ഷിക്കുന്നു.

  47. kadathanadan:കടത്തനാടൻ said...

    തരക്കേടില്ല....

  48. കുറ്റ്യാടിക്കാരന്‍|Suhair said...

    Satheesh Haripad,
    നന്ദി
    kadathanadanസര്‍,
    ഇനിയും നന്നാക്കാന്‍ നോക്കാം, നന്ദി.

  49. പാര്‍ത്ഥന്‍ said...

    മൊയില്യാര് പഠിപ്പിച്ചിട്ടും ഇപ്പോഴും എങ്ങന്യാ പാത്തണ്ടത്‌ന്ന് അറീല്ല പഹേന്. കല്ലുമ്മേ പാത്ത്യാ കാലുമ്മേ ആവൂല്ലടാ ഹമുക്കേ.

  50. കുറ്റ്യാടിക്കാരന്‍|Suhair said...

    പാര്‍ത്ഥന്‍,
    അതു വേണ്ട... അതു വേണ്ടാ... എന്റടുത്ത് ചാത്തന്മാരുണ്ട്... ഉം...

  51. രാജന്‍ വെങ്ങര said...

    really nice....oru vallya kathaakaaran iviteyinganeyundu alle?ippozhaanu arinjathu..varaam veendum,vayanayute sukham ariyaanavunnu rachanakalil ninnum..thutaruka.bhaavukanagal.
    rajvengara.blogspot.com

  52. കുറ്റ്യാടിക്കാരന്‍|Suhair said...

    രാജന്‍ വെങ്ങര,
    എന്നെ ഇങ്ങനെ പൊക്കാന്‍ തുടങ്ങിയാല്‍ ഞാന്‍ പിന്നേം വല്ലതുമൊക്കെ എഴുതിക്കളയും... അത് വേണോ?
    നന്ദി മാഷേ.

  53. RIYA'z കൂരിയാട് said...

    ഈ വിവരം ഐ.എസ്.ഒ സര്‍ട്ടിഫൈഡാണ്. കാരണം ഇത് പറഞ്ഞത് ഉമ്മാമ്മയാണ്. സംശയിക്കേണ്ട കാര്യമില്ല!
    കലക്കി മാഷേ.. കലക്കി..

  54. കുറ്റ്യാടിക്കാരന്‍|Suhair said...

    വായിച്ചതിനും കമന്റിനും നന്ദി മോനൂസ്...

  55. കാട്ടിപ്പരുത്തി said...

    സത്യായിട്ടും സമാധാനമായത് ഐതിഹ്യങ്ങളുടെയും സ്വപ്നത്തിന്റെയും ഒരു കൂടിച്ചേരല്‍ എന്ന് വായിച്ചപ്പോഴാണ്.
    കുറ്റ്യാടിയില്‍ പ്രേതങ്ങള്‍ ലൈവിലുണ്ടോ പടച്ചോനെ എന്ന് പേടിച്ചു പോയിരുന്നു.

  56. Unknown said...

    ENTHA CHEYYA NALLLA ADICHUPOLI ORU ABIPRAYAM EYUTHANANNOOKKEYUND PARANCHITTENTHA MALAYALAM SOFTWARE ILLLA IPPO ONNU AYUTUNILLA

  57. nandakumar said...

    നിങ്ങളുടെ ശൈലിയും ഭാഷയും എല്ലാം ഗംഭീരമായിരിക്കുന്നു കുറ്റ്യാടി. നാട്ടുപുഷ്പങ്ങള്‍ വിതറിയ ഒരു നാട്ടിറമ്പ് പോലെ മനോഹരമായ ഈ പോസ്റ്റില്‍ തമാശക്കുവേണ്ടി തിരുകികയറ്റിയ വാക്കുകളും വാചകങ്ങളും അലോസരമാകുന്നു എന്നു മാത്രം.


    “എഴുന്നേറ്റപ്പോള്‍ വിരിപ്പില്‍ വിയര്‍പ്പ് എന്റെ ചിത്രം വരച്ചിരിക്കുന്നു.“
    :) അത് സുന്ദരമായിരിക്കുന്നു

  58. കുറ്റ്യാടിക്കാരന്‍|Suhair said...

    കാട്ടിപ്പരുത്തി,
    അജ്സല്‍,
    വായനക്കും കമന്റിനും നന്ദി.

    നന്ദേട്ടാ,

    വളരെയേറെ നന്ദി. വിമര്‍ശനത്തിന് പ്രത്യേകിച്ചും.
    ഈ പോസ്റ്റില്‍ ഞാനങ്ങനെ തിരുകിക്കയറ്റാന്‍ ഒന്നും നോക്കിയിട്ടില്ല. പക്ഷെ എഴുതുന്ന ചിലതൊക്കെ ചീറ്റിപ്പോവുന്നു എന്ന്‍ മനസിലായി.
    ഇനി മുതല്‍ ഞാന്‍ ശ്രദ്ധിക്കാം.

Post Your Comment ( കമന്റ്‌ ഇവിടെയും ഇടാം)

കമന്‍റുകള്‍ കൂമ്പാരമാകുമ്പോള്‍ പോസ്റ്റുകള്‍ ഗംഭീരമാകുന്നു...
ഇവിടൊരു കമന്‍റിട്ടേക്ക്‌...