Monday, November 10, 2008

ഒണ്ടന്മാരുടെ കഥ

അന്ന് ഞാന്‍ മദ്രസയില്‍ പോയില്ല, വേറൊന്നും കൊണ്ടല്ല, സഹോദരസ്നേഹം തന്നെ. “ഇന്നേം മടീനേം എരട്ട പെറ്റതാ” (യൂ ആന്‍ഡ് ലേസിനെസ് ആര്‍ ട്വിന്‍സ്) എന്നാണ് അന്നും ഇന്നും എന്നെ പറ്റി ഉമ്മ പറയാറ്.

രാവിലെ വിശാലമായി ടയര്‍പത്തിലും മുരിങ്ങയിലക്കറിയും കഴിച്ചങ്ങനെ ഇരുന്നു. പിന്നെയും കുറച്ച് നേരം കഴിഞ്ഞ് വീടിന്റെ പുറകുവശത്തിരുന്ന്, അക്കരെ കെട്ടിയിരിക്കുന്ന മാമീച്ചായുടെ പശു സൈബുവേട്ടന്റെ പറമ്പിലെ വാഴയില കടിച്ചു പറിക്കുന്നതും നോക്കിക്കൊണ്ട് ഉമ്മാമയുടെ കൂടെ “മരണബിസ്കറ്റും” “മയ്യത്ത് കെയ്ക്കും“ കഴിക്കുമ്പോഴാണ് പെങ്ങള്‍ മദ്രസയില്‍ നിന്ന് തിരിച്ചുവന്നത് (മരണ ബിസ്കറ്റ് = ആരോറൂട്ട് ബിസ്കറ്റ്, എല്ലാ മരിച്ച വീടുകളിലും ചായയുടെ കൂടെ തരുന്ന ബിസ്കറ്റ്. മയ്യത്ത് കെയ്ക്ക് = നീണ്ട ക്യൂബ് കെയ്ക്ക്, ബട്ടര്‍ പേപ്പര്‍ കൊണ്ട് മയ്യത്തിനെ പൊതിയുന്നതുപോലെ ചുറ്റിയിരിക്കും). ബാഗും പുസ്തകവും മറ്റും പിന്നാമ്പുറത്ത് വച്ച് ചായകുടിക്കാന്‍ ഞങ്ങളുടെ കൂടെ കൂടുമ്പോള്‍ അവള്‍ ഉമ്മാമയെ കാര്യം അറിയിച്ചു: “ഉമ്മാമാ, കോവുപ്പുറത്ത് ഒണ്ടന്മാര്‍ ബന്ന്ക്ക്ണ്ട്”

“ലാ ഹൌലവലാ... ഇനി പഹേന്മാറക്കൊണ്ട് ആകെ ഫിത്തിന ആവ്വേല്ലോ...” ഉമ്മാമ തലയില്‍ കൈവച്ചുപോയി.

പുഴക്കരയില്‍ പശുക്കളെ മേയാന്‍ വിടുന്ന കുറച്ച് പുല്‍മേടുണ്ട്, അതാണീ കോവുപ്പുറം എന്നറിയപ്പെടുന്നത്. അവിടെ നാടോടികളായ തമിഴന്മാര്‍ വന്ന് താമസമാക്കിയിരിക്കുന്നു. അടുപ്പിച്ചടുപ്പിച്ച്, പഴയ സാരികൊണ്ടും തുണികള്‍ കൊണ്ടും അവര്‍ കുറേ തമ്പുകള്‍ പണിതിരിക്കുന്നു. അവിടെയുള്ള ഒരു മരത്തിന്റെ കൊമ്പുകളില്‍ തൊട്ടിലുകല്‍ കെട്ടി കുട്ടികളെ അതിലിട്ട് ഉറക്കുന്നു. പുഴയില്‍ മീന്‍ പിടിച്ച് വിറ്റും, പുഴയോരത്ത് നിന്ന് ആമയെ പിടിച്ച് പൊരിച്ചടിച്ചും, കുട്ട നെയ്തും, ആക്രി പെറുക്കിയും മറ്റുമാണ് അവരുടെ ജീവിതം. ആ സംഘത്തില്‍ പത്തുമുപ്പത് പേരുണ്ട്, പല വയസുകാര്‍. യുവാക്കള്‍, യുവതികള്‍, മലര്‍ന്ന് കിടക്കുന്നവര്‍, കമിഴ്ന്ന് കിടക്കുന്നവര്‍, മുട്ടിലിഴയുന്നവര്‍, മൂക്കൊലിപ്പിച്ച് നടക്കുന്നവര്‍, മൂക്കില്‍ പഞ്ഞി വെക്കാറാ‍യവര്‍ എന്നുവേണ്ട എല്ലാവരും.

ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ ഒണ്ടന്മാര്‍ വലിയ പ്രശ്നക്കാരാണ്. ആബാലവൃദ്ധം ജനങ്ങള്‍ക്കും ന്യൂയിസെന്‍സ്...

ഉമ്മാമയെ സംബന്ധിച്ചിടത്തോളം ഒണ്ടന്മാര്‍ ചെയ്യും എന്ന് പറയപ്പെടുന്ന മോഷണങ്ങളാണ് വലിയ തലവേദന. പഴയ സാധനങ്ങള്‍ പെറുക്കാന്‍ എന്ന വ്യാജേന വന്ന് മുറ്റത്തു വച്ചിരിക്കുന്ന കിണ്ടി, പുറകുവശത്തുള്ള പാത്രങ്ങള്‍, ഇറയത്ത് ചാക്കില്‍ കെട്ടി വച്ചിരിക്കുന്ന അടക്ക, കുരുമുളക് തുടങ്ങിയ മലഞ്ചരക്ക് സാധനങ്ങള്‍ എന്നുവേണ്ട അഴിച്ചുവച്ചിരിക്കുന്ന ചെരുപ്പുവരെ അവര്‍ അടിച്ചുമാറ്റും എന്നാണ് ആരോപണം.

രാവിലെ പ്രാതല്‍ കഴിക്കുമ്പോള്‍, ഉച്ചക്ക് ഊണിന്റെ സമയത്ത്, ഇതിന്റെ രണ്ടിന്റെയും ഇടയ്ക്കുള്ള “ഇടച്ചായ” സമയത്ത്, വൈകുന്നേരത്തെ കട്ടന്‍ചായ സമയത്ത് എന്നുവേണ്ട, പറ്റുമെങ്കില്‍ രാത്രിഭക്ഷണത്തിന്റെ സമയത്തുപോലും മൂക്കൊലിപ്പിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും കുട്ടിയെയും അരയില്‍ അറ്റാച്ച് ചെയ്ത് അടുക്കളമുറ്റത്ത് വരുന്ന ഒണ്ടത്തിമാരാണ് ഉമ്മയുടെ പ്രശ്നം. ചിലപ്പോള്‍ വീട്ടുകാര്‍ക്ക് കൊടുക്കാന്‍ വെച്ച ഭക്ഷണം വരെ ഇവര്‍ക്ക് കൊടുക്കേണ്ടി വന്നേക്കും. ഉമ്മയുടെ അടുക്കളബജറ്റ് വരെ താളം തെറ്റും.

ഉപ്പയ്ക്കാണെങ്കില്‍ പുഴയോട് തൊട്ടുകിടക്കുന്ന പറമ്പിന്റെ അറ്റം പുഴയെടുക്കും എന്ന ടെന്‍ഷന്‍. പറമ്പിന്റെ അറ്റത്തേക്ക് ഓടി വന്ന്, വായുവില്‍ തലകുത്തിമറിഞ്ഞ്, പുഴയിലേക്ക് വലിയ ശബ്ദത്തോടെ ചാടുന്ന ഒണ്ടന്‍ കുട്ടികള്‍ പറമ്പ് പുഴയെടുക്കാന്‍ മുഖ്യകാരണമാവുന്നുണ്ട് എന്നാണ് ഉപ്പ കരുതുന്നത്. ഡസന്‍ കണക്കിന് കരുമാടിക്കുട്ടന്മാര്‍ ചാടിമറിയുമ്പോള്‍ ആര്‍ക്കും ആ സംശയം വന്നുപോകും.

ഇവര്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഉപ്പയുടെ മറ്റൊരു കണ്‍സേണ്‍... കപ്പക്കൂട്ടങ്ങളുടെ “മെരട്” (മൂട്) അവര്‍ കക്കൂസാക്കി മാറ്റും. ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്ന ഉപ്പയ്ക്ക് ഇത് വല്ലാതെ ഫീല്‍ ചെയ്യും. കപ്പ പറിക്കാന്‍ വരുമ്പോള്‍ അതില്‍ ചവുട്ടിപ്പോവുന്ന പണിക്കാര്‍ക്കുപോലും അത്രക്ക് ഫീല്‍ ചെയ്യില്ല.

എനിക്കാണെങ്കില്‍ ഒണ്ടന്മാര്‍ കാരണം കുറേയേറെ പ്രശ്നങ്ങളുണ്ട്. തനിമയുള്ള “കുറ്റ്യാടിലോക്കല്‍” ഇനമായ എന്റെ അധികാര പരിധിയില്‍ വരുന്ന മാവുകളില്‍ വരത്തന്മാരായ ഒണ്ടന്‍ കുട്ടികള്‍ കല്ലെടുത്തെറിയുന്നു. ഇതെനിക്ക് ക്ഷമിക്കാന്‍ പറ്റ്വോ? മാത്രമല്ല, പേഴ്സണല്‍ ഹൈജീനില്‍ “ജയനായ“ എന്റെ സ്നാനത്തിന് ഇവര്‍ തടസം സൃഷ്ടിക്കുന്നു.

“പോത്തുപോലെ പൊയക്കല്‍ പോയി കെടന്നിറ്റ് വെര്ന്നത പഹയന്‍” എന്നാണ് പൊതുവെ എന്റെ കുളിയെ പറ്റിയുള്ള അഭിപ്രായമെങ്കിലും ഞാനത് സമ്മതിക്കില്ല; ആവശ്യത്തിന് സമയമെടുത്ത്, സോപ്പൊന്നും തേക്കാതെ തന്നെ വെറും പുഴവെള്ളത്തില്‍ എന്റെ ദേഹത്തെ ചേറ് കഴുകിക്കളയാനാണ് ഞാന്‍ പുഴയില്‍ കിടക്കുന്നത്. പക്ഷെ ആ സമയം നോക്കി ഒണ്ടന്‍ കുട്ടികള്‍ ഞാന്‍ കുളിക്കുന്ന കടവിന്റെ തൊട്ടുമുകളിലായി കുളിച്ചാല്‍ ഞാനെന്ത് ചെയ്യും? മാമീച്ചായുടെ പശുവിനെ കുളിപ്പിച്ച വെള്ളത്തില്‍ വേണമെങ്കില്‍ ഞാന്‍ കുളിക്കും, പക്ഷെ ഇവന്മാര് കുളിച്ച വെള്ളത്തില്‍... ങേ ഹേ...

എന്തായാലും വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നാണല്ലോ? എത്രയെത്ര ട്രെയിനുകള്‍ ലേറ്റാവുന്നു, ഏതെങ്കിലും വരാതിരുന്നിട്ടുണ്ടോ? അതാണ്. അതുകൊണ്ട് ബുദ്ധിമുട്ടുകള്‍ സഹിച്ചും ജീവിക്കുക തന്നെ.

ഒണ്ടന്മാരുമായി ഒരു എന്‍‌കൌണ്ടറിന് എനിക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല, എന്നിട്ടും...

ഒരിക്കല്‍ ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് സ്കൂളിലേക്ക് തിരിച്ച് പോവാന്‍ അല്‍പ്പം വൈകി. വൈകല്‍ എനിക്കൊരു പ്രശ്നമായിരുന്നില്ലെങ്കിലും പെങ്ങള്‍ക്ക് അത് ആയിരുന്നു. അതുകൊണ്ട് ഞങ്ങള്‍ ഷോര്‍ട്ട്കട്ടായ പുഴയിറമ്പിലൂടെയുള്ള വഴി സ്വീകരിച്ചു. അംഗീകൃത വഴിയല്ലാത്തതിനാല്‍ പോകുന്ന വഴിയില്‍ ചിലപ്പോല്‍ വഴുതി പുഴയിലേക്ക് വീഴാം, എന്നാലും സ്കൂളിലേക്ക് ഒരു 5 മിനിറ്റെങ്കിലും നേരത്തെ എത്താന്‍ കഴിയും. പക്ഷെ ഒരു പ്രശ്നം, ആ വഴിയുടെ അവസാനം നേരത്തെ പറഞ്ഞ കോവുപ്പുറത്താണ്. ഒണ്ടന്മാര്‍ തമ്പടിച്ചിരിക്കുന്ന അതേ കോവുപ്പുറത്ത്. പക്ഷെ ലേറ്റാവാതെ സ്കൂളിലെത്താന്‍ വേറെ വഴിയൊന്നുമില്ലാത്തതുകൊണ്ട് ആ വഴിതന്നെ ഞങ്ങള്‍ സ്വീകരിച്ചു.

മട്ടി മരത്തിനെ വടി കയ്യിലേന്തി, അതുകൊണ്ട് വഴിയരികിലെ സകല കമ്മ്യൂണിസ്റ്റ് പച്ചകളുടെയും തലയരിഞ്ഞ് ബാലരമയിലെ സേനാനായകനായി സ്വയം അവരോധിച്ച് ഞാന്‍ നടന്നു. എന്റെയും അവളുടെയും സ്ലേറ്റും പുസ്തകങ്ങളുമേന്തി സഹോദരി എന്റെ മുന്നിലും. വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ ഞങ്ങള്‍ കോവുപ്പുറത്തെത്തി. ഉച്ചയായതിനാല്‍ അധികം ഒണ്ടന്മാരൊന്നും അവിടെയില്ല. ഒന്ന് രണ്ട് ഒണ്ടത്തിമാര്‍ എന്തോ ഭക്ഷണമുണ്ടാക്കുന്നുണ്ട്. കുറെ വയസന്മാരും വയസത്തിമാരും തമ്പിനകത്ത് കിടന്നുറങ്ങുന്നു. അല്‍പ്പം ദൂരെ കെട്ടിയിരിക്കുന്ന രണ്ടു മൂന്ന് തൊട്ടിലുകളില്‍ കുട്ടികള്‍ ഉറങ്ങുന്നുണ്ട്, മൊത്തത്തില്‍ ശാന്തത.

കോവുപ്പുറം ഏതാണ്ട് കടന്നുകിട്ടി എന്ന ആശ്വാസത്തില്‍, മുന്‍പില്‍ പെങ്ങളും പുറകില്‍ ഞാനും നടന്നുപോയപ്പോള്‍ അപ്രതീക്ഷിതമായി അത് സംഭവിച്ചു. തൊട്ടില്‍ കെട്ടിയിരിക്കുന്ന മരത്തിന്റെ താഴെ കിടന്നുറങ്ങിയിരുന്ന ഒണ്ടന്മാരുടെ നായ നല്ല സ്റ്റൈലന്‍ തമിഴ്കുരകളോടെ ഞങ്ങളുടെ നേരെ ചാടിവീണു. മരത്തിന്റെ പുറകിലായിരുന്നതിനാല്‍ ആ ജന്തു പെങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. പേടിച്ചരണ്ടുപോയ അവള്‍ വരമ്പില്‍ നിന്ന് വഴുതിവീണു. പുസ്തകവും സ്ലേറ്റും എല്ലാം നാലുപാടും ചിതറി. അല്‍പ്പം പുറകിലായിരുന്നതിനാല്‍ എനിക്ക് ഓടിമാറാന്‍ പറ്റി. കുരകേട്ട് ഒണ്ടത്തിമാര്‍ ഓടിയെത്തിയത്കൊണ്ട് നായ അവളെ അറ്റാക് ചെയ്തില്ല എന്ന് മാത്രം.

പുസ്തകം മുഴുവന്‍ ചെളിയില്‍ പുതഞ്ഞിരിക്കുന്നു. എന്റെ സ്ലേറ്റ് കഷണങ്ങളായി ചിതറിപ്പോയി. അവളുടെ യൂനിഫോമില്‍ മുഴുവന്‍ ചെളി. മുട്ട് ഉരഞ്ഞ് പൊട്ടിയിരിക്കുന്നു.

ചെറിയവനായ ഞാന്‍ എന്തുപറഞ്ഞ് അവളെ ആശ്വസിപ്പിക്കും?

എനിക്ക് വല്ലാത്ത സങ്കടം വന്നു. ആശ്വാസവാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിക്കിടന്നു. ഞാനും അവളുടെ കൂടെ കുറേയേറെ കരഞ്ഞു.

തിരിച്ച് വീട്ടിലേക്ക് ചെന്നാല്‍ സെന്റിമെന്റ്സിന് പകരം തല്ല് കിട്ടിയെന്ന് വരാം, അതുകൊണ്ട് പുസ്തകമെല്ലാം പെറുക്കിയെടുത്ത് ഞങ്ങള്‍ സ്കൂളിലേക്ക് തന്നെ വിട്ടു.

എന്റെ “ആങ്ങള”മനസിനെ ആ സംഭവം വല്ലാതെ അലട്ടി. നാലുവയസിന് ഇളയതാണെങ്കിലും ഒരാപത്തില്‍ നിന്ന് സഹോദരിയെ രക്ഷിക്കാന്‍ കഴിയാത്ത ഞാന്‍ എങ്ങനെ ആ സഹോദര പദവിക്ക് അര്‍ഹനാകും? എന്റെ മനസില്‍ സങ്കടവും ദേഷ്യവുമെല്ലാം നുരഞ്ഞു. പാത്തുട്ടീച്ചറുടെ മലയാളം പിരീഡും, കണാരന്മാഷുടെ ഡ്രില്ലും അശോകന്‍ മാഷുടെ സാമൂഹ്യപാഠവുമെല്ലാം അന്നെനിക്ക് ഒരു പോലെ തന്നെ തോന്നി. എന്തുവിധത്തിലും ഇതിന് പ്രതികാരം ചെയ്യണമെന്ന് എന്റെ മനസ് പറഞ്ഞു. പക്ഷെ ഇത്തിരിപ്പോന്ന, വെറും മൂന്നാം ക്ലാസ് പയ്യനായ ഞാന്‍ എന്ത് ചെയ്യാന്‍?

കൂട്ടുകാരനായ ഗുണ്ടേഷുമായി ഞാന്‍ ഗൂഢാലോചന നടത്തി, എന്റെ സഹോദരിയെ പേടിപ്പിച്ച ആ നായ വധശിക്ഷയല്ലാതെ ഒന്നും അര്‍ഹിക്കുന്നില്ല എന്ന് ഞങ്ങള്‍ തീരുമാനിച്ചു. നായയെ വധിക്കാനുള്ള പദ്ധതികള്‍ ഞങ്ങള്‍ ആസൂത്രണം ചെയ്തു.

വിഷം കൊടുത്ത് കൊല്ലല്‍, കഴുത്തില്‍ കുടുക്കിട്ട് കൊല്ലല്‍, എറിഞ്ഞുകൊല്ലല്‍ തുടങ്ങി പല പദ്ധതികളും ഞങ്ങള്‍ ആലോചിച്ചുനോക്കി. എല്ലാത്തിനും അതിന്റെതായ റിസ്കുണ്ടെങ്കിലും വിഷം കൊടുത്ത് കൊല്ലുന്നത് മാത്രമാണ് ഒരു പോംവഴി.

സ്കൂള്‍ വിട്ട് വരുമ്പോള്‍ കുഞ്ഞേറ്റിക്കാന്റെ പീടികയില്‍ കയറി ഞാന്‍ വളരെ സ്റ്റ്രെയ്റ്റ് ഫോര്‍വേഡായി കാര്യം ചോദിച്ചു” “ഇബ്ഡ നായിനെ കൊല്ല്ന്ന വെഷണ്ടോ?”

“എലീനെ കൊല്ല്ന്നെത്ണ്ട്, നായിനെ കൊല്ല്ന്നെ വെഷം.... അഞ്ചാതി ഒരു സാധനം ഇതുവരെ എറങ്ങീക്കില്ല മോനേ, എനി ഏടേങ്കിലും കിട്ടുന്നാങ്കില് ഞാന്‍ ഇന്റെ ഉപ്പാന്റെട്ത്ത് കൊടുത്ത് വിടാ..”

“മാണ്ട, ഇങ്ങള് ഇത് ഉപ്പാനോട് പറയേ മാണ്ട” ഇങ്ങനെ ഒരു സംഭവത്തിന്റെ ആവശ്യകതയെ പറ്റി ഉപ്പ അറിഞ്ഞാല്‍ പിന്നെ പ്രശ്നമാവും. ഞാന്‍ ഐഡിയ മാറ്റാന്‍ തീരുമാനിച്ചു.

ഗുണ്ടേഷും ഞാനും വീണ്ടും ഗൂഢാലോചന തുടങ്ങി. വിഷത്തിനു പകരം ഒരു ചോറുളയുടെ ഉള്ളില്‍ കുപ്പിക്കഷണം ഒളിപ്പിച്ച് വച്ച് അത് നായയെകൊണ്ട് കഴിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

ഒരു ഞായറാഴ്ച്ച. അന്ന് ഉച്ചയൂണിന് ഏതോ വിരുന്നുകാരനുണ്ടായിരുന്നു. ഇറച്ചിക്കറിയും മറ്റും കൂട്ടി ചോറുണ്ട ശേഷം വീടിനു പുറകുവശത്തെ കുപ്പയില്‍ നിന്ന് കിട്ടിയ ഒരു പൊട്ടിയ ഗ്ലാസിന്റെ കഷണത്തിനു ചുറ്റും അല്പം ചോറും ഇറച്ചിയും ഞാന്‍ പിടിപ്പിച്ചു. ഒറ്റയ്ക്ക് ഞാന്‍ കോവുപ്പുറത്തേക്കിറങ്ങി.

രണ്ടു ദിവസം മുന്‍പത്തെ സെയിം സിറ്റ്വേഷന്‍. ഉള്ളധൈര്യം എല്ലാം സംഭരിച്ച് ഞാന്‍ മരത്തിന്റെ ചുവട്ടിലേക്ക് നടന്നു. മരത്തിന്റെ താഴെ നായ കിടക്കുന്നു. അല്‍പ്പം മാറിനിന്ന് ഞാന്‍ ആ ചോറുരുള നായയുടെ മുന്നിലേക്കിട്ടുകൊടുത്തു.

അതില്‍ ചെറിയൊരു പിശക്. എറിഞ്ഞുകൊടുക്കുന്നതിനിടയില്‍ ഉരുള പൊട്ടിപ്പോയി. കുപ്പിക്കഷണം ആദ്യം താഴെ വീണു. ഇറച്ചിക്കഷണം അല്‍പ്പം കൂടെ ദൂരെ, അതിലും ദൂരെയായി കുറേ ചോറ്മണികള്‍.

നായയുടെ മുഖത്ത് പുച്ഛം! അത് രൌദ്രഭാവമായി മാറുന്നതിനിടെ ഞാന്‍ സ്ഥലം കാലിയാക്കി. ഓടുന്നതിനിടയില്‍ ഞാന്‍ കണ്ടു, അരയില്‍ ഒരു ചെളിപിടിച്ച ചരട് കെട്ടിയ, മൂക്കള ഒലിപ്പിച്ചുകൊണ്ട് മുട്ടിലിഴഞ്ഞു നടക്കുന്ന ഒരു ഒണ്ടന്‍‌കുഞ്ഞ് ആ വീണുപോയ ഇറച്ചി എടുത്ത് കഴിക്കുന്നു...

കോവുപ്പുറത്ത് നിന്ന് പുഴയിലേക്ക് ഓടിയിറങ്ങി തിരിഞ്ഞുനോക്കുമ്പോള്‍ നായ പുറകിലില്ല. രക്ഷപ്പെട്ട ആശ്വാസത്തില്‍ പുഴയരികിലിരിക്കുമ്പോള്‍ മനസില്‍ പുതിയൊരു ഫീലിംഗ് ഉരുണ്ടുകൂടാന്‍ തുടങ്ങി.

വീട്ടില്‍ സഹോദരിയുമായുണ്ടാവാറുള്ള റുട്ടീന്‍ ഫൈറ്റുകളില്‍ അവള്‍ തോല്‍ക്കുമ്പോള്‍ പറയാറുണ്ട്, ഞാന്‍ എന്റെ ഉപ്പയുടെയും ഉമ്മയുടെയും കുട്ടിയല്ലെന്ന്, ഏതോ ഒരു മഴക്കാലത്ത് പുഴയിലൂടെ ഒലിച്ചു വന്ന ഒരു ഒണ്ടന്‍ കുട്ടിയായിരുന്നു ഞാനെന്ന്. ഏതങ്കം ജയിച്ചുനില്‍ക്കുന്നതാണെങ്കിലും എന്റെ സന്തോഷങ്ങളെ മുഴുവന്‍ തകര്‍ത്തുകളയുന്ന വാക്കുകളായിരുന്നു അവ, ഞാന്‍ അത് കഠിനമായി അവിശ്വസിക്കുമെങ്കിലും.

ഇന്ന് ഞാന്‍ നായയെ കൊല്ലാനിട്ടുകൊടുത്ത ആ ചോറുരുളയില്‍ ഒട്ടിനിന്നിരുന്ന ഇറച്ചിക്കഷണം മുട്ടിലിഴഞ്ഞെടുത്തു കഴിച്ചത് അതുപോലൊരു കുട്ടിയല്ലായിരുന്നോ? കോവുപ്പുറത്ത് കഴിയേണ്ടി വന്നതുകൊണ്ടല്ലേ അവന്‍ ആ ഇറച്ചിക്കഷണം എടുത്ത് കഴിച്ചത്? എന്റെ വീട്ടിലേതു പോലെ അല്‍പ്പം കൂടി സൌകര്യങ്ങളുണ്ടായിരുന്ന ഒരു വീട്ടിലായിരുന്നു അവനെങ്കില്‍ നിലത്തുവീണ ഇറച്ചിക്കഷണം എടുത്തുകഴിക്കാന്‍ അവന്റെ അമ്മയും അച്ഛനും അവനെ അനുവദിക്കുമായിരുന്നോ? നല്ല വീടും നല്ല ഭക്ഷണവുമില്ലാതെ അവന്‍ വളരേണ്ടി വന്നത് ആര് കാരണമാണ്? വേലിയേറ്റത്തിന് പുഴ മുഴുവന്‍ നിറഞ്ഞുകിടക്കുന്ന ആ ഇളം ചൂടുള്ള വെള്ളത്തില്‍ കിടന്ന് നട്ടുച്ചക്ക് എന്റെ തല ഞാന്‍ ആവുന്നത്ര ചൂടാക്കി.

സാധാരണ വൈകുന്നേരങ്ങളില്‍ ഉമ്മ വിളിക്കുന്നത് വരെ വെള്ളത്തില്‍ മുങ്ങിക്കിടക്കാറുള്ളതു പോലുള്ള മാനസികാവസ്ഥയായിരുന്നില്ല എനിക്കന്ന്. തലതോര്‍ത്താന്‍ നില്‍ക്കാതെ ഞാന്‍ വീട്ടിലേക്ക് നടന്നു. ആ വരവ് കണ്ട് ഉമ്മ എന്നെ ശാസിച്ചു.

“തലേല് വെള്ളം കുടിപ്പിക്കണ്ട” എന്നും പറഞ്ഞ് ഉമ്മ വിഗറസ്സായി എന്റെ തല തോര്‍ത്തിത്തന്നു. “ഉമ്മ തോര്‍ത്തിങ്ങ് താ, ഞാന്‍ തന്നെ തോര്‍ത്താം” എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാറുള്ള ഞാന്‍ അന്നാദ്യമായി തലതോര്‍ത്തലിന്റെ സ്നേഹനൊമ്പരം ആസ്വദിച്ചു. തോര്‍ത്തിന്റെ അറ്റം വിരലില്‍ ചേര്‍ത്ത് പിടിച്ച് ചെവിയുടെ അകം ഉമ്മ വൃത്തിയാക്കിത്തന്നപ്പോള്‍ അന്ന് ഞാന്‍ കുതറിമാറിയില്ല.

മഗ്‌രിബ് നമസ്കാരത്തിന് ബാങ്ക് കൊടുക്കുന്നതിന് മുന്‍പ് തന്നെ അന്ന് ഞാന്‍ തയ്യാറായിനിന്നു. നമസ്കാരം കഴിഞ്ഞ് പ്രാര്‍ത്ഥിക്കുമ്പോള്‍ “പടച്ചോനേ, കണാരന്മാഷിന്റെ അടി എന്നെ കൊള്ളിക്കല്ലേ... പൊരപ്പണി വേഗം തീര്‍ക്കാന്‍ ഉപ്പാക്ക് കൊറേ പൈശ കൊട്ക്കണേ” എന്ന് മാത്രം പ്രാര്‍ത്ഥിക്കാറുള്ള ഞാന്‍ അന്ന് ഒണ്ടന്മാര്‍ക്കും ഒരു വീട് കൊടുക്കേണ്ട കാര്യം പരമകാരുണികനോട് പറഞ്ഞു. നിസ്കാരപ്പായയില്‍ ആദ്യമായെന്റെ കണ്ണീര് വീണു.

അന്ന് രാത്രി അങ്ങാടിയില്‍ നിന്ന് കൊണ്ടുവന്ന കടലവറുത്തത് ഞങ്ങള്‍ക്ക് തരുന്നതിനിടയില്‍ ഉപ്പ ഉമ്മയോട് പറഞ്ഞു: “കോവുപ്പുറത്തുനിന്ന് ഒണ്ടന്മാരെ മുഴുവന്‍ പോലീസ് ഒഴിപ്പിച്ചു“ അവരിലെ ആരോ ഒരാള്‍ മോഷണക്കേസില്‍ പിടിക്കപ്പെട്ടുപോലും. നാട്ടുകാരുടെ പരാതി പ്രകാരം വൈകുന്നേരം തന്നെ ഒണ്ടന്മാരെ മുഴുവന്‍ പോലീസുകാര്‍ ഒഴിപ്പിച്ചു.

-ഒണ്ടന്മാരുടെ കഥ ഇവിടെ തീര്‍ന്നു-രാവിലെ ജോലിക്കുപോകാന്‍ ഒരുങ്ങുമ്പോള്‍ ഗള്‍ഫ്ന്യൂസില്‍ കണ്ട ചിത്രമാണിത്. യുദ്ധപ്രഭുക്കള്‍ അരങ്ങുവാഴുന്ന കോംഗോ റിപ്പബ്ലിക്കില്‍ ഇളയവനെ ചുമലിലേറ്റിക്കൊണ്ടുപോകുകയാണ് Protegee എന്ന പെണ്‍കുട്ടി, അവരുടെ അച്ഛനെയും അമ്മയെയും തിരഞ്ഞ്. ഇവന്റെ കരയുന്ന മുഖം ഇന്ന് എന്റെ ഹൃദയത്തില്‍ അലിവ് കൊണ്ടുവന്നു. മനസിനടിയില്‍ കിടക്കുന്ന അഹങ്കാരത്തെ അല്‍പ്പം ശമിപ്പിച്ചു. ഇവന്റെ മുഖവും പണ്ട് കണ്ട ആ നാടോടിക്കുട്ടിയുടെ മുഖവും തമ്മില്‍ എന്തെങ്കിലും സാദൃശ്യമുണ്ടായിരുന്നോ എന്നെനിക്കറിയില്ല. പക്ഷെ അന്ന് എന്റെ മനസില്‍ തോന്നിയ വികാരത്തിന്റെ ഒരു മുതിര്‍ന്ന രൂപം ഇത് കാണുമ്പോള്‍ എന്റെ മനസിലുണ്ട്.

79 അഭിപ്രായങ്ങള്‍:

 1. കുറ്റ്യാടിക്കാരന്‍ said...

  “ഒണ്ടന്മാരുടെ കഥ”

  കുറ്റ്യാടിബ്ലോഗിലെ പുതിയ പോസ്റ്റ്.

 2. അരുണ്‍ കായംകുളം said...

  “മരണബിസ്കറ്റും” “മയ്യത്ത് കെയ്ക്കും“
  ഇതിന്‍റെ മാനുഫാക്ടേഴ്സ്സ് കേള്‍ക്കണ്ടാ.
  :)
  മൊത്തത്തില്‍ നന്നായിരുന്നു.മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിനു ഒരു വിങ്ങല്‍

 3. BS Madai said...

  ഞങ്ങളുടെ നാട്ടിലും തമിഴന്മാരായ നാടോടികള്‍ വന്നു തമ്പടികാറുണ്ട് - കഥയില്‍ ആദ്യം പറഞ്ഞ എല്ലാ പരാതികളും ഉണ്ടാവാറുമുണ്ട്... പക്ഷെ കഥയുടെ അവസാനമായപ്പോഴേകും എവിടെയോ ഒരു നൊമ്പരം... നല്ല കഥ..

 4. salimclt said...

  Good job...

  "മനസിനടിയില്‍ കിടക്കുന്ന അഹങ്കാരത്തെ അല്‍പ്പം ശമിപ്പിച്ചു..."

 5. ഉപാസന || Upasana said...

  പാവങ്ങള്‍
  :-(
  ഉപാസന

 6. രസികന്‍ said...

  കുറ്റ്യാടീ അവതരണം നന്നായി ആശംസകള്‍

 7. കുമാരന്‍ said...

  രസിച്ചു വായിച്ചതാരുന്നു..
  അവസാനം ആ ചിത്രം കൂടി കണ്ടപ്പോ..

 8. keralainside.net said...

  This post is being listed please categorize this post
  www.keralainside.net

 9. പ്രയാസി said...

  കുട്ടാ.. കലക്കീടാ മോനേ..
  ഇങ്ങനെ വേണം എഴുതി ഫലിപ്പിക്കാന്‍
  അടി പൊളി..

  നല്ലോണം ചിരിപ്പിക്കെം ചിന്തിപ്പിക്കെം ചെയ്തൊരു പോസ്റ്റ്

  എല്ലാ വിധ ആശംസകളും

  ഓടോ: നിനക്ക് വേറൊരു കാര്യത്തിന് ഞാന്‍ വെച്ചിട്ടുണ്ട്..;)

 10. ബഷീര്‍ വെള്ളറക്കാട്‌ / pb said...

  ആദ്യം ഒന്നു നീട്ടി വലിച്ചതായി തോന്നി. പിന്നെ രസകരമായി . അവസാനം അഹങ്കാരത്തിന്റെ വേരറുത്ത്‌ മനസ്സില്‍ ഒരു വിങ്ങലുണ്ടാക്കി അവസാനിപ്പിച്ചു. ആര്‍ദ്രമായ ഹൃദയങ്ങളില്ലാതാവുന്നതല്ലേ ഇന്നത്തെ ലോകത്ത്‌.. പാവങ്ങള്‍ . അവരും മനുഷ്യരല്ലേ.. അവരും ജീവിക്കുകയല്ലേ.. ആര്‍ക്കാണിതൊക്കെ ഓര്‍ക്കാന്‍ സമയം.. നന്നായി ഈ പോസ്റ്റ്‌

 11. തോന്ന്യാസി said...

  ആ സാധനത്തിന് നിങ്ങടെ നാട്ടിലും മയ്യത്ത് കേക്ക് എന്നു തന്നെയാണ് പേര് അല്ലേ....ആദ്യം കുറച്ചു ചിരിച്ചു....പിന്നെ .....

  കുറ്റീ അന്നെക്കൊണ്ട് ഞാന്‍ തോറ്റു വലാലേ.....

 12. കാന്താരിക്കുട്ടി said...

  മലബാര്‍ ഭാഷയില്‍ നല്ലൊരു പോസ്റ്റ്.തുടക്കത്തില്‍ നല്ല പോലെ രസിച്ചു.മരണ ബിസ്കറ്റും മയ്യത്ത് കെയ്ക്കും എന്ന് ഞാന്‍ ആദ്യം കേള്‍ക്കുവാ.അല്ല മാഷേ ഈ ടയര്‍ പത്തില്‍ എന്താ ? ടയര്‍ കൊണ്ട് അവിടെ വല്ല പലഹാരവും ഉണ്ടാക്കുമോ..കുമ്പളങ്ങാ പത്തില്‍ ന്നൊക്കെ കേട്ടിട്ടുണ്ട്..?

 13. കൃഷ്‌ണ.തൃഷ്‌ണ said...

  വായിച്ചു...എന്തെങ്കിലും ഒന്നു പറയാതെ പോകാന്‍ തോന്നുന്നില്ല....അതുകൊണ്ടു പറയുകയാ..
  ഉള്ളം നുള്ളിനോവിച്ചപോലൊരു തോന്നല്‍..ആ ചിത്രം അതിലേറെ...വളരെ നന്നായിരിക്കുന്നു...

 14. ബമ്പന്‍!! said...

  വായിച്ചു.. ഒറ്റവാക്കില്‍, നന്നായി.....

  സ്ഥിരം തമാശ നിറഞ്ഞ ഒരു പോസ്റ്റ്‌ എന്ന മുന്‍ വിധിയോടെയാണ്‌ വായിച്ചു തുടങ്ങിയത്‌..തമാശ കാണാന്‍ കഴിയാതെ ഞാന്‍ നിരാശനായി വായന തുടര്‍ന്നു..പക്ഷെ ഒടുവില്‍ മനുഷ്യത്വത്തിണ്റ്റെ ആള്‍ രൂപമാകുന്ന ചിന്തകള്‍ ഒരു കുരുന്നു മനസ്സില്‍ ഉടലെടുത്തത്‌,, ആ പാരഗ്രാഫുകള്‍ എന്നെ കൊണ്ട്‌ വീണ്ടും വായിപ്പിച്ചു..

  അവസാന ഭാഗങ്ങള്‍ ശരിക്കും ടച്ചിംഗ്‌ ആണ്‌.. മൊത്തത്തില്‍ സുഹൈറിണ്റ്റെ പോസ്റ്റുകളില്‍, വ്യത്യസ്ഥവും വേറിട്ടതുമാണ്‌ ..“ഒണ്ടന്മാരുടെ കഥ”
  ..

 15. പാമരന്‍ said...

  കുറ്റ്യേ.. രാവിലെത്തന്നെ സെന്‍റി ആക്കീല്ലോ..

  കോമഡീല്‍ കേറ്റി ആകാശയാത്ര കൊണ്ടോയിട്ട്‌ സെന്‍റിക്കുയ്യിലേയ്ക്ക്‌ തള്ളിട്ട്‌ ല്ലേ പഹയാ!

 16. മുന്നൂറാന്‍ said...

  PATHIVU POLE RASAKARAM

 17. johndaughter: said...

  ഫന്റാസ്റ്റിക്ക് ക്യറ്റാ‍ടി...:)

 18. പ്രശോബ് [Prashob] said...

  ഞമ്മക്ക് ഇതു ഭയന്കരായിട്ടു ഇഷ്ടപ്പെട്ടു ...

 19. മാണിക്യം said...

  എപ്പൊഴും പാറയുന്നത് തമാശയാവില്ല അല്ലെ?
  മനുഷ്യര്‍ ഏതെല്ലാം രീതിയില്‍ ജീവിക്കുന്നു,
  ദൈവമോ അതൊ വിഥിയോ ഈ ചിത്രത്തിന്റെ സംവിധാനം?
  ‘ഒണ്ടന്മാര്‍’തമിഴ് നാടോടികള്‍ ഏറ്റവും പരിമിതമായ സൌകര്യങ്ങള്‍ മതിയവര്‍ക്ക്, ഒരു മരത്തിന്റെ തണല്‍, റെയില്‍‌വേ സ്റ്റേഷന്റെ മതില്‍, ഒരു തോടിന്റെ കര, മലയാളിക്ക് ഏറെ ജോലി ചെയ്തു കൊടുക്കുന്നു കല്ലുകൊത്തും കത്തി രാകലും എന്ന് വേണ്ടാ ഏതിനും അവരെത്തുന്നു . അവരെപറ്റി ഓര്‍ക്കാനും ഈ ഒരു പൊസ്റ്റ് ..
  നന്നായി കുറ്റ്യാടി!

 20. lakshmy said...

  നൊമ്പരപ്പെടുത്തി ഈ പോസ്റ്റ്. വളരേ നന്നായി

 21. Arun Meethale Chirakkal said...

  സുഹൈര്‍, വായിച്ചു ഒന്നും പറയുന്നില്ല...
  കാരണം ഒരു പാടു പറയേണ്ടിവരും
  ഇവരൊടൊകെ നമ്മള്‍ മാന്യന്മാര്‍ കാണിക്കുന്ന ഒരു
  പാടു വൃത്തി കേടുകള്ളുന്ടു, ഉള്ളം പൊള്ളിപ്പോകും അറിഞ്ഞാല്‍...

 22. aata said...

  ee blogile ettavum nalla post...

 23. shahir chennamangallur said...

  nannaayittund...

 24. ജിവി/JiVi said...

  :)

 25. കുറ്റ്യാടിക്കാരന്‍ said...

  അരുണ്‍ കായംകുളം,
  ബി എസ് മാടായി,
  സാലിം,
  ഉപാസന,
  രസികന്‍,
  കുമാരന്‍,
  പ്രയാസി,
  ബഷീര്‍ക്ക,
  തോന്ന്യാസി,
  കൃഷ്ണ തൃഷ്ണ,
  പാമരന്‍,
  മുന്നൂറാന്‍,
  ബമ്പന്‍,
  ജോണ്‍ജിഹേഷ്,
  പ്രശോബേട്ടന്‍,
  മാണിക്യേച്ചി,
  ലക്ഷ്മി,
  അരുണ്‍ മീത്തലേചിറക്കല്‍,
  അസീല്‍,
  ഷഹിര്‍,
  ജിവി,

  ബോറാകുമോ എന്നൊരു പേടിയുണ്ടായിരുന്നു, ഇത് പോസ്റ്റുമ്പോള്‍. നിങ്ങള്‍ക്കൊക്കെ ഇത് അത്രക്ക് ഇഷ്ടമായി എന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷം.

  ആഗോളമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ആരും ഓര്‍ക്കാതെ പോയ ആ കുട്ടികളെ പറ്റി പറയാന്‍ പറ്റിയതിലും ഒരു സന്തോഷം, അവരുടെ അവസ്ഥയോര്‍ത്ത് സങ്കടമുണ്ടെങ്കിലും.


  കാന്താരിച്ചേച്ചീ,

  ആക്ച്വലി ആ ടയര്‍ പത്തിലിന്റെ ജെനെറിക് നെയിം അരിപ്പത്തില്‍/കട്ടിപ്പത്തില്‍ എന്നാണ്. അരി നന്നായി അരച്ച്, കട്ടിയുള്ള വല്യ ഉണ്ടയാക്കി, അത് വാഴയിലയില്‍ പരത്തി, മണ്‍ചട്ടിയില്‍ ചുട്ടെടുക്കുന്ന സാധനം. നല്ല തടിയുണ്ടാകും, ഏതാണ്ടൊരു ലോറി ടയറിന്റെ മിന്യേച്ചര്‍ (നടുവില്‍ ഓട്ടയുണ്ടാവില്ല കേട്ടോ) സാദാ പത്തിരി പോലെ സ്ലിം അല്ല, അതുകൊണ്ട് ഡിഫറെന്‍ഷ്യേറ്റ് ചെയ്യാനുള്ള എളുപ്പത്തില്‍ ടയര്‍ പത്തില്‍ എന്ന് വിളിക്കപ്പെടുന്നു.

  എന്റെ അഭിപ്രായത്തില്‍ ഇതിന് ഏറ്റവും നല്ല കോമ്പിഐറ്റം ബീഫ്കറിയാണ്. (കറിയൊന്നുമില്ലാതെ കഴിക്കാനും പറ്റും, അല്‍പ്പം പഞ്ചസാര ഉണ്ടെങ്കില്‍)

  എല്ലാ ഏരിയകളിലും കാണാറില്ലകേട്ടോ.. എന്തായാലും കുറ്റ്യാടിക്കിട്ടും.
  ഒന്ന് ട്രൈ ചെയ്ത് നോക്കുന്നോ?

 26. ബിനോയ് said...

  വളരെ നന്നായി മാഷേ. നിസ്കാരപ്പായില്‍ വീണ ആ കണ്ണുനീരുണ്ടല്ലോ, അതാണിന്നത്തെ ലോകത്തിനു വേണ്ട മൃതസഞ്ജീവനി.

 27. നിരക്ഷരന്‍ said...

  വര്‍ണ്ണനകള്‍, അല്‍പ്പം വില്ലത്തരം, ബാല്യകാലം ഓര്‍മ്മിപ്പിക്കുന്ന സ്കൂള്‍ യാത്ര, നാട്ടിന്‍പുറത്തെ കാഴ്ച്ചകളുടെ വര്‍ണ്ണനകള്‍, അങ്ങിനെ പോയിപ്പോയി ആനൂകാലികമായ ഒരു വിഷയവുമായി കൂട്ടിയിണക്കി ഉള്ളില് നോവിന്റെ വിത്തെറിഞ്ഞ് .......

  കുറ്റ്യാടി സുല്‍ത്താനേ എനിക്കീ പോസ്റ്റ് ഒരുപാടിഷ്ടമായി.

 28. mysterious said...

  Very gud post... especially the end...I felt guilty somewhere inside me, because even these days I get irritated to see the above mentioned group pf poeple around me.. near to my flat. A gud eye opener...

 29. Vellayani Vijayan/വെള്ളായണിവിജയന്‍ said...

  മനതാരില്‍ ഒരു കള്ളിമുള്ള് കൊണ്ടത് പോലെ ചെറിയ നൊമ്പരം.കഥ വായിച്ചപ്പോള്‍.keep it up.
  വെള്ളായണി

 30. കുറ്റ്യാടിക്കാരന്‍ said...

  ബിനോയ്,
  വെള്ളായണി സര്‍,


  ഈ പ്രാവശ്യം അല്‍പ്പം സീരിയസായിപ്പോയി, പോസ്റ്റ് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും വളരെയേറെ നന്ദി.

  മിസ്റ്റീരിയസ്,
  എന്റെ മനസില്‍ തോന്നിയ, ഇപ്പോഴും ഇടക്ക് തോന്നാറുള്ള ആ കുറ്റബോധം അല്‍പ്പമെങ്കിലും കഴുകിക്കളയാന്‍ എനിക്കും ഈ പോസ്റ്റ് സഹായകമായി.

  മനോജേട്ടാ.. ആ വിളി.. മറ്റു കുറ്റ്യാടിക്കാര്‍ കേള്‍ക്കണ്ട...

 31. ആദര്‍ശ് said...

  വളരെ ഇഷ്ടമായി ഈ പോസ്റ്റ്. ബാല്യത്തിന്റെ ഓര്‍മ്മകള്‍ തിരികെ വന്നു ...
  പണ്ട് എല്‍.പി സ്കൂളില്‍ പോകുന്നവഴിയില്‍ റെയില്‍ പാളത്തിന്റെ അടുത്ത് അണ്ണാച്ചിമാരുടെ ടെന്റുകള്‍ ഉണ്ടായിരുന്നു.അവര് കുട്ടികളെ പിടിച്ചു കൊണ്ടു പോയി കണ്ണ് കുത്തി പൊട്ടിക്കും എന്ന് പറഞ്ഞു കേട്ടതിനാല്‍ ആ വഴി പോകാന്‍ പേടിയായിരുന്നു.അമ്മയുടെ കൈയും പിടിച്ചു പോകുമ്പോള്‍ ,ബാലേട്ടന്റെ പീടികയില്‍ നിന്ന് കളഞ്ഞ ചീഞ്ഞ തക്കാളിയും പച്ചമുളകും അവര് പാറക്കല്ലില്‍ അരച്ച് കറി വെക്കുന്നത് ഒരു കാഴ്ചയായിരുന്നു .നമ്മള്‍ കുട്ടികള്‍ ചോറും കറിയും വെച്ചു കളിക്കുന്നത് പോലെയായിരുന്നു അവരുടെ വിശപ്പടക്കാനുള്ള ആ പാചകം .

 32. മഹിഷ്മതി said...

  കുറ്റ്യാടീ.,

  വിശ്രമത്തിലായിരുന്നു രണ്ടാഴ്ച കണ്ണിന് വൈറസ്സ് ബാധ .കമ്പ്യൂട്ടരില്‍; നിന്ന് വൈറസ്സ് കേറിയതാണെന്ന് ഭാര്യ നല്ല വെവരം അല്ലെ.

  ഇന്നു രാവിലെയാണു പോസ്റ്റ് കണ്ടത് ,ഇന്നത്തെ മാതൃഭൂമിയില്‍ അവസാന പേജില്‍ ഒരു ചിത്രമുണ്ട് കോംഗോ കലാപത്തില്‍ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ ഒരു സംരക്ഷിത സെന്ററില്‍ നിരയായി കിടത്തിയ ഒരു ചിത്രം കണ്ട ഉടനെ ഞാന്‍ എന്റെ മകന്‍ ഉറങ്ങുന്ന മുറിയിലേക്ക് പോയി വല്ലാത്ത ഒരു വിങ്ങലോടെ അവനെ നോക്കിയിരുന്നു രണ്ട് തലങ്ങള്‍ തമ്മിലുള്ള അന്തരം മകന്റെ സുരക്ഷിതത്തെ പറ്റിയുള്ള വേവലാതി എന്തൊക്കെയോ മനസ്സില്‍ കൂടി ഓടിക്കൊണ്ടിരുന്നു .പിന്നെ വന്നു ബ്ലോഗ്ഗ് തുറന്നു കുറ്റ്യാറ്റിയുടെ പോസ്റ്റ് ഇന്നലെ കണ്ടിരുന്നു ഇന്ന് രാവിലെ വായിക്കാമെന്ന് കരുതി മാറ്റി വച്ചതാണ് തുടക്കം കണ്ടപ്പോള്‍ പാവപെട്ട നാടോടികളെ പരിഹസിക്കാന്‍ അതിലൂടെ ചിരിപ്പിക്കാന്‍ എന്തൊക്കെയോ തമാശകള്‍ എഴുതിക്കൂട്ടുകയാണെന്ന് തോന്നി കുറ്റ്യാടിയോട് കുറച്ചു നീരസം തോന്നി തുടങ്ങികൊണ്ടിക്കുമ്പോഴാണ് ആ തലം അങ്ങിനെ മാറി വല്ലാത്തൊരു വൈകാരിക തലത്തിലേക്ക് കൊണ്ടു പോയത്.ഒരു പക്ഷെ ആ ചിത്രം ഇന്നു ഞാന്‍ ശ്രദ്ദിക്കാനും കുറ്റ്യാടിയുടെ പോസ്റ്റ് അപ്പോള്‍ വായിച്ചതും തികച്ചും യാദൃശ്ചികം,കുറ്റ്യാടി ഇതൊരു സഹൃദയന്റെ അഭിനന്ദനമല്ല പറയേണ്ടതെന്തെന്ന് വരുന്നില്ല എങ്കിലും പറയട്ടെ ...ഞാന്‍ നിങ്ങളെ വളരെയേറെ ബഹുമാനിക്കുന്നു..........................

 33. കാപ്പിലാന്‍ said...

  എന്താ എഴുതേണ്ടത് എന്നറിയില്ല ,ആദിയോടന്തം വരെ വായിച്ചപ്പോള്‍ മനസിലൊരു വിഷമം .ഞാനും ധാരാളം ഒട്ടന്മാരെ കണ്ടിട്ടുണ്ട് .ഞങ്ങളുടെ ഗ്രാമത്തില്‍ മിക്കപ്പോഴും ഇവരുടെ ക്യാമ്പ് ഉണ്ടായിരുന്നു .

  ചിരിക്കുകയും ചിന്തിപ്പിക്കുകയും അവസാനം വിഷമിപ്പിക്കുകയും ചെയ്ത ഒരു പോസ്റ്റ് .

  കുറ്റിയെ, ഞാന്‍ ഇവിടുത്തെ സ്ഥിരം കുട്ടിയായി മാറി :)

 34. അനൂപ്‌ കോതനല്ലൂര്‍ said...

  മലബാറിന്റെ തനതായ ഭാഷ ഇതാണ് കുറ്റ്യാടി. കാപ്പു പറഞ്ഞപ്പോലെ ശരിക്കും രസിപ്പിച്ചു പിന്നെ ചിന്തിപ്പിച്ചു അവസാനം കുറച്ചു സങ്കടപെടുത്തി എന്തായാലും നാടിന്റെ മണം വായനകാരനും അറിയുന്നു.

 35. അനൂപ്‌ കോതനല്ലൂര്‍ said...

  ഒരു കമന്റു കൂടി എനിക്കും വല്ലാതെ ഇഷടപെട്ടു.
  ഇനി ഇവിടെ വരാതെ പോകില്ലാട്ടോ

 36. കുറ്റ്യാടിക്കാരന്‍ said...

  ആദര്‍ശ്,
  കാപ്പിലാന്‍,
  അനൂപ് കോതനെല്ലൂര്‍,


  നന്ദി

  മാഹിഷ്മതി,

  വളരെ നന്ദി മാഷേ, ആ കമന്റിന്. തുടക്കത്തില്‍ അല്‍പ്പം വലിച്ചില്‍ ഉണ്ടായി ഈ പോസ്റ്റിന് എന്ന് പലരും പറഞ്ഞു. പിന്നെ അവരെ കളിയാക്കണമെന്ന് ഞാന്‍ വിചാരിച്ചിട്ടേയില്ല. ഒരു പക്ഷെ അല്‍പ്പം വില്ലത്തരം ആദ്യം ഉണ്ടായതുകൊണ്ട അങ്ങനെ തോന്നിയതാവും. പണ്ട് മനുവേട്ടന്റെ ഒരു പോസ്റ്റില്‍ പറഞ്ഞ ഒരു വാചകം ഓര്‍മ്മ വരുന്നു. "നമ്മളൊക്കെ ശരിക്കും ഹിപ്പോക്രാറ്റുകള്‍ ആണല്ലേടാ.. ഉയര്‍ന്നുപോകുന്നവരെ മാത്രം തേടിച്ചെല്ലും. അവരെക്കുറിച്ചു മാത്രം ഓര്‍ക്കും..അവരെക്കുറിച്ച്‌ മാത്രം അഭിമാനിക്കും..... "

  എതാണ്ടിങ്ങനെ തന്നെ... നമ്മളെക്കാളും താഴെയുള്ളവരോട് എന്നും നമുക്ക് പുച്ഛം തന്നെ...

 37. al qasham said...
  This comment has been removed by the author.
 38. Kiran V S said...

  eda kuttiaadi, enne nee enthinna centi aakkunnathu...:-)
  Ugran blog....!

 39. ലുട്ടു said...

  :)

 40. ഹംസ കോയ said...

  മനസ്സിലെവിടെയോ കൊളുത്തിവലിച്ച് കടന്ന് പോവുന്നു ഈ കഥപത്രങ്ങള്‍.

  ആരറിയുന്നു, നാളെയുടെ വിധി.

  ആശംസകള്‍.

 41. മാഹിഷ്മതി said...

  കുറ്റ്യാടി
  രാവിലെ മാതൃഭൂമി ആഴ്ചപതിപ്പു കിട്ടി പതിവു പോലെ ആദ്യം ബ്ലോഗന നോക്കുമ്പോള്‍ ചുവന്ന അക്ഷരങ്ങളില്‍ “ ഒണ്ടന്മാരുടെ കഥ “ താളുകളില്‍ തെളിഞ്ഞതു കണ്ടപ്പോള്‍ വല്ലാത്തൊരു ആഹ്ലാദം തോന്നി . ഹൃദയത്തില്‍ ചേര്‍ത്ത അഭിനന്ദനങ്ങള്‍

 42. വികടശിരോമണി said...

  ഒരു ബ്ലോഗനാഭിനന്ദനം...ഇന്നു രാവിലെ മാതൃഭൂമിയിൽ കണ്ടു.
  പോസ്റ്റ് നന്നായിട്ടുണ്ട്.

 43. എ.ജെ. said...

  വളരെ ചിന്തിപ്പിച്ച കഥ..
  എല്ലാവിധ ഭാവുകങ്ങളും....

 44. കുഞ്ഞന്‍ said...

  കുറ്റ്യാടി മാഷെ..

  ഒണ്ടന്മാരുടെ കഥ വളരെ നന്നായി.

  അഭിനന്ദനങ്ങള്‍..മതൃഭൂമി ബ്ലോഗനയില്‍ പോസ്റ്റ് വന്നതിന്.

 45. മുന്നൂറാന്‍ said...

  kuttyadikkaran entha bloganayil varaathathu ennu vicharichorikkukayayirunnu. ippol kandallo. santhoshamayi. ee bloogil ella postukalum oonnininnu mecham thanne.

 46. Anonymous said...

  മാതൃഭൂമിയിലാണ് ആദ്യം വായിച്ച്ത്.
  ഒണ്ടന്മാരുടെ(ഞങളുടെ നാട്ടിൽ അണ്ണണ്മാർ) കഥ എതായാലും നന്നായി.

 47. Anonymous said...

  നന്നായെടാ മോനേ നന്നായി

 48. കുറ്റ്യാടിക്കാരന്‍ said...

  മാഹിഷ്മതി മാഷ്...
  വികടശിരോമണി,
  എ.ജെ.
  കുഞ്ഞന്‍
  anonymous,
  മുന്നൂറാന്‍...

  വല്യ സന്തോഷമുണ്ട്, ആദ്യമായി മാതൃഭൂമിയില്‍ ഞാനെഴുതിയത് വല്ലതും പ്രിന്റ് ചെയ്യപ്പെട്ടു എന്നറിഞ്ഞതില്‍. രാവിലെ കമന്റ് കണ്ടപ്പോള്‍ തന്നെ എക്സൈറ്റെഡ് ആയിപ്പോയി. ഓഫീസില്‍ പോകുന്ന വഴിക്ക് ഒരു ഗ്രോസറിയില്‍ കേറി മാതൃഭൂമി വീക്ക്‍ലി പുതിയ ലക്കം ഇറങ്ങിയോ എന്ന്ചോദിച്ചു...
  കടക്കാരന്‍ പറഞ്ഞു രണ്ട് ദിവസം മുന്നേ ഇറങ്ങിയിട്ടുണ്ടെന്ന്.
  ചാടിക്കേറി സംഗതി വാങ്ങിച്ചു. വേറെ ഒരു സാധനവും വായിക്കാതെ നേരെ ബ്ലോഗന നോക്കി. അപ്പോള്‍ അതില്‍ പോസ്റ്റുണ്ട്, എന്റ്റെയല്ല, തുറന്നിട്ട വലിപ്പിലെ “മ്യാവൂ” പോസ്റ്റ്... സന്തോഷായിപ്പോയി...

  ആദ്യമായിട്ടാണ് ഞാന്‍ സ്വന്തം പോക്കറ്റിലെ കാശുകൊടുത്ത് മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് വാങ്ങുന്നത്. ഇനി അടുത്ത ആഴ്ച്ചയും വാങ്ങും. കാരണം അതിലല്ലേ സംഗതി കിടക്കുന്നത്...

  റെകഗ്നൈസ് ചെയ്യപ്പെടുമ്പോഴുള്ള സന്തോഷം വളരെ വലുതാണ്. പ്രത്യേകിച്ചും ഇതിനു മുന്‍പ് ഒന്നും അച്ചടിച്ച് വരാതിരുന്ന എന്നെപ്പോലുള്ളവര്‍ക്ക്...

  ഈ ബ്ലോഗ് സഹിച്ചുകൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും വളരെയേറെ നന്ദി.

 49. കുറ്റ്യാടിക്കാരന്‍ said...

  കിരണ്‍,
  ലുട്ടു,
  ഹംസക്കോയ,
  Sabique,


  നന്ദി സഹോദരന്മാരെ..

 50. ഒരു സ്നേഹിതന്‍ said...

  മുമ്പൊരുദിവസം ഇതു വായിക്കാനൊരുമ്പിട്ടതാണ്, അന്ന് എന്തൊ പേജ് എറര്‍ കാണിച്ചു, വായിക്കാന്‍ പറ്റിയില്ല, ഇന്നു വായിച്ചു . സത്യത്തില്‍ ഒരു ചിരിക്ക് മാത്രം വക തേടിയാണിവിടെ വന്നത്,
  പക്ഷെ ചിരിക്കൊടുവില്‍ വല്ലാത്തൊരു നോവ്...
  ഈ കമ്മന്റെഴുതുമ്പോഴും മുമ്പത്തെ ആ എറര്‍ പ്രശ്നം വരുന്നു ഇടക്ക്, പക്ഷെ കമ്മന്റിടാതെ പോകാന്‍ മനസ്സ് സമ്മതിക്കുന്നില്ല.
  വളരെ വളരെ ഇഷ്ടായി, ഒന്നു ചിന്തിപ്പിച്ചു..
  ഇത് വെറുംവാക്കല്ല,ശരിക്കും മനസ്സില്‍ തട്ടി കുട്ട്യാടീ...

 51. ratheesh said...

  Hi ,
  Great show !!. മാതൃഭൂമിയിലാണ് ആദ്യം വായിച്ച്ത് . valare naayittundu ...

 52. Pahayan said...

  കുറ്റിയാടിയിലെ ചേട്ടാ..ഇന്ദുവിന്റെ ഒരു കോള്‍ വര്‍ഷങ്ങള്‍ക്കുശേഷം വന്നതിന്റെ ഭ്രാന്തിലെഴുതിയതാണിത്‌..അതിനിടയില്‍ വിവരിക്കാനാകാത്ത വിധം ഒരു പാട്‌ ജീവിത ചിത്രങ്ങളുണ്ടായിരുന്നു. പലപ്പോഴും വിഷയം കൈ വിട്ടുപോയി..എങ്ങനെയോ കഷ്‌ടപ്പെട്ടാണ്‌ എഴുത്ത്‌ അവസാനിപ്പിച്ചത്‌.അതിലെ കുറേ ഉപകഥകള്‍ പിറകേ വരും.അപ്പോഴേ കഥ പൂര്‍ത്തിയാകൂ..പിന്നെ ചേട്ടന്റെ മാതൃഭൂമിയിലെ അനുഭവക്കുറിപ്പ്‌ വായിച്ചു..ചിരിയുടെയും കരച്ചിലിന്റെയും ഇഴകള്‍ ഒരുമിച്ചുണ്ടാക്കിയ ഒരു എ ക്ലാസ്സ്‌ സാധനം..ഗംഭീരായിട്ട്‌ണ്ട്‌..അഭിനന്ദനങ്ങള്‍

 53. Pahayan said...

  കുറ്റിയാടിയിലെ ചേട്ടാ..ഇന്ദുവിന്റെ ഒരു കോള്‍ വര്‍ഷങ്ങള്‍ക്കുശേഷം വന്നതിന്റെ ഭ്രാന്തിലെഴുതിയതാണിത്‌..അതിനിടയില്‍ വിവരിക്കാനാകാത്ത വിധം ഒരു പാട്‌ ജീവിത ചിത്രങ്ങളുണ്ടായിരുന്നു. പലപ്പോഴും വിഷയം കൈ വിട്ടുപോയി..എങ്ങനെയോ കഷ്‌ടപ്പെട്ടാണ്‌ എഴുത്ത്‌ അവസാനിപ്പിച്ചത്‌.അതിലെ കുറേ ഉപകഥകള്‍ പിറകേ വരും.അപ്പോഴേ കഥ പൂര്‍ത്തിയാകൂ..പിന്നെ ചേട്ടന്റെ മാതൃഭൂമിയിലെ അനുഭവക്കുറിപ്പ്‌ വായിച്ചു..ചിരിയുടെയും കരച്ചിലിന്റെയും ഇഴകള്‍ ഒരുമിച്ചുണ്ടാക്കിയ ഒരു എ ക്ലാസ്സ്‌ സാധനം..ഗംഭീരായിട്ട്‌ണ്ട്‌..അഭിനന്ദനങ്ങള്‍

 54. aji said...

  adipoli moone

 55. jabir said...

  ikka.... enikku ith valareathikam ishtappettu , athpuoole thanne 'ingine yullavare shrathikkunna nalla aalukal (ningalepuoole) undalluoo enna aaswasavum '

 56. [Shaf] said...

  കുറ്റ്യാടി..

  വളരെ നല്ല പോസ്റ്റ്..കുറെ ദിവസമായി വായിക്കാന്‍ വിചാരിച്ചിട്ട് പിന്നെ മാതൃഭൂമി ആഴ്ചപതിപ്പില്‍ കണ്ടപ്പോള്‍ അപ്പോള്‍ തന്നെ വായിച്ചു...
  അന്തംവിട്ട ചിന്തകളിലൂടെ തലകുത്തിമറിഞ്ഞിരുന്നെഴുതി എന്തോക്കെയോ പറയാന്‍ ശ്രമീച്ച് ഒന്നുപറയാന്‍ കഴിയാതെ വരുന്ന ബുജി-എഴുത്തുകാര്‍ക്കിടയി പിറന്നനാടീനോടൂള്ള സ്നേഹത്തില്‍, എഴുത്തുകാര്‍ക്ക് നഷ്ട്പെട്ടുകോണ്ടിരിക്കുന്ന ഭാഷയിലൂടെ തന്നെ വലിയൊരു ജീവിത ചിന്ത രസകര്‍മായി കൂറ്റ്യാടി അവതരിപ്പിച്ചിരിക്കുന്നു...

  ഈ ഭാഷക്ക്..ഈ ചിന്തക്ക്..ഈ പ്രവാ‍ാസജീവിതത്തിന്റെ തിരക്കിനിടയീലും ഞങ്ങള്‍ക്കായ് സമ്മാനിച്ചതിന് നന്ദി...

 57. പരേതന്‍ said...

  വിഷം കൊടുത്ത് കൊല്ലല്‍, കഴുത്തില്‍ കുടുക്കിട്ട് കൊല്ലല്‍, എറിഞ്ഞുകൊല്ലല്‍ തുടങ്ങി പല പദ്ധതികളും ഞങ്ങള്‍ ആലോചിച്ചുനോക്കി.

  കൊള്ളമല്ലോടോ

 58. കുറ്റ്യാടിക്കാരന്‍ said...

  ഒരു സ്നേഹിതന്‍,
  വളരെ നന്ദി സ്നേഹിതാ.
  ആ കമന്റ് പ്രശ്നം പരിഹരിച്ചിട്ടുണ്ട്. പഴയ കമന്റ് ഫോം തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഇട്ടിട്ടുണ്ട്. ലുട്ടുവിന് നന്ദി.

  രതീഷ്,
  അപ്പൊ നീ മാതൃഭൂമിയൊക്കെ വായിക്കാറുണ്ടല്ലേ? നമ്മുടെ പഴയ കോളേജ് മേറ്റ്സില്‍ എന്റെ ബ്ലോഗ് വായിക്കുന്നവര്‍ കുറവാണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. വളരെ നന്ദി അളിയാ..

  പഹയാ, അജീക്കാ, ജാബിര്‍,
  നന്ദി.

  ഷഫ്,
  താങ്ക്സ് ഡിയര്‍, ഈ പറഞ്ഞതില്‍ നോം ബുജിയില്‍ പെട്ടതാണെന്നാണോ അതോ പെടാത്തതാണോ എന്നങ്ങട് മനസിലായില്ലാട്ടോ...

  പരേതന്‍,
  ഇങ്ങളെ കണ്ടിറ്റ് പേട്യാവ്ന്ന്...

 59. ഗോപക്‌ യു ആര്‍ said...

  നിഘ്ണ്ഡൂ വളരെ ബൊധിച്ചു........

 60. മോനൂസ് said...

  നമൂക്ക് താഴെയുള്ളവരിലേക്ക് ചിന്തിക്കാൻ കഴിയുന്നത് കൊന്ഡാണ്
  ഇത്തരത്തിൾ എഴുതാൻ കഴിയുന്നത്. ഭാവുകങ്ങൾ
  പിന്നെ.. ടയര് പത്തൽ നല്ല പേര്, ഞങ്ങൾ മലപ്പുറത്തുകാരുടെ
  “കട്ടിപ്പത്തിരി”

 61. പെണ്‍കൊടി said...

  കുറ്റ്യാടിക്കാരന്‍ ചേട്ടോ..
  മാതൃഭൂമി ആഴ്ച്ചപ്പതിപ്പാണ്‌ ഇങ്ങോട്ടേക്ക് നയിച്ചത്.. ഈ വാക്കുകള്‍ക്ക്‌ നന്മയുടെയും സ്വാദുണ്ട്..... ഈ മനസ്സും ചിന്തകളും കാത്ത് സൂക്ഷിക്കുക..
  ഭാവുകങ്ങള്‍...

  - പെണ്‍കൊടി

 62. Pahayan said...

  പുതിയ പോസ്റ്റിട്ടിട്ടുണ്ടേ പോസ്റ്റ്‌ പോസ്റ്റ്‌..

 63. കുറ്റ്യാടിക്കാരന്‍ said...

  പെണ്‍കൊടി, മോനൂസ്,
  നന്ദി...

  ഗോപക്,
  അപ്പൊ ബാക്കിയൊന്നും ഇഷ്ടായില്ലേ?

 64. 'കല്യാണി' said...

  nalla post mnasil othhiri prayaasam thonni...

 65. ...പകല്‍കിനാവന്‍...daYdreamEr... said...

  ഒരു നല്ല എഴുത്ത് കൂടി.. എത്താന്‍ വൈകി ആശാനെ ....... :)
  ഞങ്ങടെ നാട്ടില്‍ ഇവരെ ഒട്ടന്മാരും ഒട്ടച്ച്ചികലുംഎന്നാ പറയാറ്‌

 66. keerthi said...

  മാതൃഭൂമിയിലാണു ആദ്യം കണ്ടത്...

  വളരെ നന്നായിട്ടുണ്ട് ട്ടോ

  കോഴിക്കോട് വരെ ഒന്നു പോയി വന്ന സുഖം....

  അവസാന ഭാഗവും, ആ ഫോട്ടോയും ശരിക്കും സങ്കടപ്പെടുത്തി

  പഴയ പോസ്റ്റുകളും വായിച്ചു...

  ആ തെങ്ങിന്റെ ചോട്ടിലിരുന്നു കവിത ചൊല്ലിയ മിടുക്കനോടെന്റെ സ്പെഷ്യല്‍ അന്വേഷണം പറയണേ....

  ----

 67. Arun Meethale Chirakkal said...

  സുഹൈര്‍ നാട്ടില്‍ പോയിരുന്നു കുറ്റ്യാടിയില്‍.
  കഴിഞ്ഞ ശനിയാഴ്ചയുടെ നല്ല പങ്കും അവിടുത്തെ വാഴയില്‍ ലോഡ്ജില്‍ ആയിരുന്നു കൂടെ അഞ്ചാറു കശ്മലന്മാരും ഉണ്ടായിരുന്നു, സംഭവം കള്ളുകുടി തന്നെ. പിന്നെ സ്വദേശിയിലെ കോഴിക്കറി ഓഹ് ആലോചിക്കുമ്പോല്‍ തന്നെ...,സുഖമല്ലേ...പോസ്റ്റൊന്നും കാണുന്നില്ലല്ലോ...

 68. ഷമ്മി :) said...

  nannaayitundu..
  language adipoli :)

 69. കുറ്റ്യാടിക്കാരന്‍ said...

  കല്യാണി,
  പകല്‍കിനാവന്‍,
  കീര്‍ത്തി,
  ഷമ്മി,


  വായിച്ചതിനും കമന്റിട്ടതിനും നന്ദി സുഹൃത്തുക്കളെ.

  അരുണ്‍,
  സ്വദേശിയിലെ “കോയിക്കറി” വൌ... നല്ല സുഖമുണ്ട്... ഓര്‍മ്മിപ്പിച്ച് സെന്റ്റിയാക്കല്ലെ കശ്മലാ..

 70. soheb said...

  thudakkam thanne polappanaayi.... sahodara sneham ... he he

 71. കുറ്റ്യാടിക്കാരന്‍ said...

  thank you soheb

 72. കാട്ടിപ്പരുത്തി said...

  ഇഷ്ടായി

 73. anamika said...

  swayam srishticha chithalputtinullil, paadapusthakangalilekkothungiya divasangalilonnil mathrubhumiyil kanda oru blog...surakshithamaaya vazhikal maathram kandu sheelicha njanadakkamulla 'globalised babies' kandittillaatha oru lokam kaanichu thannu...alla...kandittillaathathalla...kandittillennu nadicha oru lokam...innu apratheekshithamaayi mattoru blogle postukalkkidayil peru kandappol...vaikiyaanenkilum aa kurippinu nandi parayanamennu thonni...avasaana varikal kannu nirayikkaan maathram vikaarangal iniyum baakkiyundennoru thiricharivu nalkiyathinu..

 74. Rafeek Patinharayil said...

  ரொம்ப அழகான கத

 75. Anonymous said...

  Kollalo mashee

 76. കുറുമ്പന്‍ said...

  കുറ്റ്യാടിക്കാക്കാ...
  ബെയ്കേങ്കിലും നാനുമിതിലെ പോയീനീ...

 77. കുറ്റ്യാടിക്കാരന്‍|Suhair said...

  കുറുമ്പന്‍,
  റഫീക്,
  അനാമിക,
  കാട്ടിപ്പരുത്തി,
  അനോണി,

  നന്ദി..

 78. Beauty Of Life said...

  Your words have a magical power like Basheer ,its touched my heart .You have a good heart too. Wish you all the very best.

 79. tusker komban said...

  അവസാനത്തെ ആഫ്രോ ചിത്രം വേണ്ടിയിരുന്നില്ല, നൊമ്പരം ഉണര്‍ത്തുന്ന ഒരോര്‍മയായി ഒണ്ടന്മാര്‍..,.മയ്യത് കെയ്ക്ക് ഉസാറായി. കുറ്റ്യാടിച്ചന്തം കുറച്ചുകൂടി ആകാമായിരുന്നു എന്നൊരഭിപ്രായം ഉണ്ട്, അത് കൂടിക്കഴിഞ്ഞാല്‍ പലര്‍ക്കും മനസിലാക്കാന്‍ പ്രയാസം ഉണ്ടാകും എന്നുള്ളത് അറിഞ്ഞു കൊണ്ട് തന്നെയാണ് പറയുന്നത്.

Post Your Comment ( കമന്റ്‌ ഇവിടെയും ഇടാം)

കമന്‍റുകള്‍ കൂമ്പാരമാകുമ്പോള്‍ പോസ്റ്റുകള്‍ ഗംഭീരമാകുന്നു...
ഇവിടൊരു കമന്‍റിട്ടേക്ക്‌...