Tuesday, December 16, 2008

നായര്‍‌സ്രാമ്പി

"ആരാടാ ഈ ക്ലാസിന്റെ ലീഡര്‍?"

ഉച്ച കഴിഞ്ഞ് കണക്കിന്റെ പിരീഡ്. കണാരന്‍ മാഷ് പതിവു പോലെ ലീവ്. അര്‍മാദിക്കാന്‍ ഇനിയെന്തുവേണം? ക്ലാസ്സിലെ അലവലാതികളായി ബ്രാന്റ് ചെയ്യപ്പെട്ടിരിക്കുന്ന ബാക്ക് ബെഞ്ചുകാര്‍ തൊട്ട് പഠിപ്പിസ്റ്റുകളായ ഫ്രണ്ട് ബെഞ്ചുകാര്‍ വരെ ലോക്കല്‍ - ഇന്റെര്‍നാഷനല്‍ വിഷയങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുമ്പോളാണ് മരത്തിന്റെ കര്‍ട്ടന്റെ മേല്‍ "ഠപഠപഠപ്പേ..." എന്ന് അടിച്ചുകൊണ്ട് ഹെഡ്മാസ്റ്റര്‍ ബീരാന്‍ മാഷ് ഈ ചോദ്യം ചോദിച്ചത്.

"ഞാനാ സര്‍..."

"നിനക്കിവിടെ എന്താടാ പണി? ഇത്രയും കുട്ടികള് ഒച്ചയുണ്ടാക്കുമ്പോള്‍ നീ എന്തുചെയ്യുകയായിരുന്നു? ഊം.......?

"ഞാനും വരുടെ കൂടെ സംസാരിക്കുകയായിരുന്നു സര്‍" എന്ന് പറയണമെന്ന് എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷെ വെറുതെ അടി വാങ്ങിക്കണ്ടല്ലോ. ആസ് യൂഷ്വല്‍ ഞാന്‍ തല താഴ്ത്തി നിന്നു.

"വര്‍ത്തമാനം പറഞ്ഞ കുട്ടികളുടെ പേരെഴുതിയിട്ടുണ്ടോ? എവിടെ, കാണട്ടെ?"

എവിടെ കാണാന്‍? സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ആ കാര്യം ഞാന്‍ വിട്ടുപോയി. പക്ഷെ അത് പറഞ്ഞാല്‍ ലീഡറാണെന്നും ബീരാന്‍ മാഷ് നോക്കില്ല, അടിച്ച് തോല് പൊളിച്ചുകളയും.

തിരക്കിട്ട് ഞാന്‍ നോട്ടുബുക്ക് തപ്പി. എന്റെ നല്ലകാലത്തിന് രാവിലത്തെ സാമൂഹ്യശാസ്ത്രം ക്ലാസ്സില്‍ ഒച്ചയുണ്ടാക്കിയവരുടെ ലിസ്റ്റ് കയ്യില്‍ തടഞ്ഞു. നോക്കുമ്പോള്‍ കമ്പ്ലീറ്റ് ബാക്ക് ബെഞ്ചുകാരുടെയും പേരുണ്ട്.

"ഇതാ സര്‍..."

"ശരി, നീ പോയി ഓഫീസ് റൂമില്‍ പോയി ചൂരല്‍ എടുത്തുകൊണ്ടുവാ.."

രക്ഷപ്പെട്ടു. എന്റെ ശ്വാസം നേരെ വീണു. വടിയെടുത്തുകൊണ്ടു വരാന്‍ ഞാന്‍ ഓഫീസ് റൂമിലേക്കോടി.

ഓഫീസിലെത്തിയപ്പോള്‍ എന്റെ കണ്ണുതള്ളിപ്പോയി! ചൂരല്‍ വടികളുടെ ഒരു കമനീയ ശേഖരം ഇതാ എന്റെ മുന്നില്‍. തടിച്ചത്, മെലിഞ്ഞത്, കറുത്തത്, തവിട്ടുനിറമുള്ളത്, ഉരുണ്ടത് എന്നുവേണ്ട എല്ലാം. രണ്ടുമൂന്നെണം എടുത്ത് ഞാന്‍ എന്റെ സ്വന്തം കയ്യില്‍ അടിച്ചു നോക്കി. ഏതിനാ ഏറ്റവും വേദന ഉണ്ടാവുക എന്നറിയണമല്ലോ.... ഏറ്റവും വേദന കൂടിയ വടി തന്നെ സെലക്റ്റ് ചെയ്തു. ഓടി ക്ലാസ് റൂമിലെത്തി.

സംസാരിച്ചവരെല്ലാം എഴുന്നേറ്റു നില്‍ക്കുന്നു. ഓരോരുത്തരായി കൈകള്‍ നീട്ടി അവര്‍ക്ക് കിട്ടാനുള്ളത് ഏറ്റുവാങ്ങി.

കസേരയില്‍ വന്നിരുന്ന് മാഷ് എന്നെ വിളിച്ചു: "ലീഡര്‍ സാര്‍ ഇങ്ങു വാ"

ഓ.. അനുമോദനങ്ങള്‍ അറിയിക്കാനായിരിക്കും. വേണ്ടായിരുന്നു സാര്‍ എന്ന ഭാവവുമായി ഞാന്‍ കസേരക്കരികിലേക്ക് ചെന്നു.

"തിരിഞ്ഞു നില്‍ക്ക്"

ഞാന്‍ കുട്ടികളുടെ നേരെ തിരിഞ്ഞു നിന്നു.

എന്റെ പാന്റ്സിന്റെ വലതുഭാഗം ബീരാന്‍ മാഷ് വലിച്ചു പിടിക്കുന്നത് ഞാനറിഞ്ഞു. അല്‍പ്പം നനഞ്ഞ ഓലപ്പടക്കങ്ങള്‍ പൊട്ടുന്നതു പോലെയുള്ള ശബ്ദത്തിന്റെ അകമ്പടിയോടെ അഞ്ച് അടികള്‍ എന്റെ വലതു ചന്തിയില്‍ പതിച്ചു. ബീരാന്‍ മാഷുടെ സിഗ്നേച്ചര്‍ കലക്ഷനില്‍ നിന്നെടുത്ത അടികള്‍. അടികൊണ്ട ഏരിയ തരിച്ചുപോയതിനാല്‍ ആദ്യത്തെ അടിയുടെ വേദന മാത്രമേ ഞാനറിഞ്ഞുള്ളൂ. പിന്നീടുള്ള അടികളൊക്കെ വെറും പുല്ല്!

"ഇനി പോയി ബെഞ്ചിലിരുന്നോ..."

ഭീകരം... അതി ഭീകരം.. ഭീകരാക്രമണം തന്നെ. കര്‍ത്തവ്യനിരതനായ ഒരു ലീഡറെ ക്ലാസ്സിനു മുന്‍പില്‍ അപമാനിച്ചു വിട്ടിരിക്കുന്നു. ബാക്ക് ബെഞ്ചുകാര്‍ തുടങ്ങിവെച്ച ചിരി പെണ്‍കുട്ടികളടക്കം സകലരും ഏറ്റുപിടിച്ചു. കണ്ണ് നിറഞ്ഞിരുന്ന കാരണം ഏതൊക്കെ പഹയന്മാരാണ് ഇളിക്കുന്നത് എന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല. അവരുടെ ഭാഗ്യം, അല്ലെങ്കില്‍ അടുത്ത ഒഴിവുപിരീഡില്‍ ഒച്ചയുണ്ടാക്കിയവരുടെ ലിസ്റ്റില്‍ ഞാന്‍ അവന്മാരെ മുഴുവന്‍ ഉള്‍പ്പെടുത്തിയേനെ.

ബെഞ്ചിന്റെ ഇടതുവശത്താണെന്റെ സ്ഥാനം. അടികൊണ്ട സ്ഥലം ഡിങ്കോലാപ്പിയായിക്കിടക്കുന്നതിനാല്‍ എനിക്കിരിക്കാന്‍ പറ്റുന്നില്ല. അവസാനം വലതുവശത്തിരിക്കുന്നവോട് അപേക്ഷിച്ച് ഞാന്‍ എന്റെ സ്ഥാനം അങ്ങോട്ട് മാറ്റി. ഇനിയിപ്പോള്‍ ബെഞ്ചില്‍ ഇടതുചന്തി മാത്രം വച്ചാല്‍ മതിയല്ലോ.

അന്നത്തെ ക്ലാസ് കഴിഞ്ഞ് വീട്ടില്‍ പോയി ആദ്യം ചെയ്തത് മുറ്റത്തെ മാവില്‍ പടര്‍ത്തിയ കുരുമുളകു വള്ളിയില്‍ നിന്ന് ഒരു തളിരില പറിച്ച്, അതില്‍ വെളിച്ചണ്ണ പുരട്ടി അടുപ്പില്‍ വച്ച് ചൂടാക്കി കുളിമുറിയില്‍ പോയി അടികൊണ്ട ഏരിയയില്‍ വച്ച് തടവുകയായിരുന്നു. ആരെങ്കിലും വരുന്നതിനു മുന്‍പ് തന്നെ ചെയ്യണം എന്ന തിരക്കില്‍ ഇലയുടെ ചൂടാറാനൊന്നും കാത്തിരിക്കാന്‍ പറ്റിയില്ല. അടികൊണ്ട് തിമിര്‍ത്തിരിക്കുന്ന സ്ഥലത്ത് ഇലയുടെ ചൂട് കൂടെ വന്നപ്പോള്‍ എന്റെ അന്തരാളങ്ങളില്‍ നിന്നുയര്‍ന്ന “എന്റ്യുമ്മോ...” എന്ന ദീനരോദനത്തെ ഞാന്‍ തൊണ്ടയില്‍ വച്ചു തന്നെ ഞെക്കിക്കൊന്നു, ആരെങ്കിലും കേട്ടാലോ?

പിറ്റേന്ന് ക്ലാസ്സിലെത്തിയപ്പോഴല്ലേ സന്തോഷ വാര്‍ത്ത. "ഇനിക്ക് തിരിഞ്ഞിക്കോ? ബീരാന്‍ മാഷെ സര്‍ക്കാറ് പെന്‍ശനാക്കീക്ക്" കൂട്ടുകാര്‍ സന്തോഷം പങ്കിടുന്നു.

കഴിഞ്ഞ വര്‍ഷം ജാനകി ടീച്ചര്‍ പെന്‍ഷനായതാണ്. പക്ഷെ ബീരാന്‍ മാഷ്ക്ക് പെന്‍ഷനാവാനുള്ള പ്രായം ഉള്ളതായി തോന്നുന്നില്ല. കൂടുതല്‍ അന്വേഷിച്ചപ്പൊഴല്ലേ സംഭവം മനസിലായത്. സ്കൂളിന് സര്‍ക്കാറനുവദിച്ച ഏതോ ഫണ്ട് മൂപ്പര്‍ തിരിമറി നടത്തി പോലും. അതിന്റെ പേരില്‍ അങ്ങേര്‍ക്ക് സസ്പെന്‍ഷന്‍ കിട്ടിയിരിക്കുന്നു. ബീരാന്‍ മാഷിനെ സര്‍ക്കാര്‍ നിര്‍ബന്ധിച്ച് പെന്‍ഷനാക്കിയിരിക്കുന്നു എന്നാണ് ഞങ്ങള്‍ക്ക് മനസിലായത്. സന്തോഷം കൊണ്ടെന്റെ കണ്ണുകള്‍ നിറയാന്‍ ശ്രമിച്ചു. പക്ഷെ ആ ആഴ്ച്ചയ്ക്കുള്ള കണ്ണീര് ക്വോട്ട ഇന്നലത്തെ അടിയ്ക്കുവേണ്ടി ഡെഡിക്കേറ്റ് ചെയ്ത് തീര്‍ന്നുപോയതിനാല്‍ കണ്ണീര് വന്നില്ല.

"ബീരാമ്മാശെ ഇങ്ങോട്ട് കൊണ്ട് വെര്ന്ന്ണ്ട് സി ഐ ഡി"

സി ഐ ഡി... സി ഐ ഡി എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ ജനിച്ചിട്ടിന്നേവരെ ഒരു സി ഐ ഡിയെ കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത തനി കണ്ട്രി പിള്ളേരായ ഞങ്ങള്‍ സി ഐ ഡി യെ കാത്ത് സ്കൂളില്‍ നിന്നു.

"പിന്നേണ്ടെല്ലോ, സീഅയ്ഡീന്റെ തോക്ക് കൊണ്ട് ആര കൊന്നാലും കേസ്ണ്ടാവൂല.." രമേശന്റെ വിശദീകരണം, വടകരയുള്ള അവന്റെ അമ്മാവന്റെ ഏതോ ഒരു അളിയന്‍ സി ഐ ഡി ആണുപോലും. അതുകൊണ്ടു തന്നെ സി ഐ ഡി കാര്യങ്ങളില്‍ അവനേക്കാള്‍ ഓതെന്റിക്കായി സംസാരിക്കാനുള്ള റൈറ്റ് വേറാര്‍ക്കുമില്ല. "ഓറ് ഞമ്മള ബെഡിബെക്ക്വോ രമേശാ..?" എന്നചോദ്യത്തിന് അവന്‍ ഉത്തരം നല്‍കിയില്ല. പിന്നെയും പിന്നെയും ചോദിച്ചപ്പോള്‍ ഇല്ല എന്ന അര്‍ത്ഥത്തില്‍ തലയാട്ടുക മാത്രം ചെയ്തു. അല്ലെങ്കിലും ഓന് വല്യ വെയ്റ്റാ...

ഏതൊക്കെയോ ഡോക്യുമെന്റുകള്‍ തപ്പിയെടുക്കാന്‍ വേണ്ടി പോലീസുകാര്‍ ബീരാന്‍ മാഷിനെ ഓഫീസ് റൂമിലേക്ക് കൊണ്ടുവന്നു. കൂടെ മൂപ്പരുടെ ജോലിക്കാരന്‍ കാദര്‍ക്കയുമുണ്ട്. പക്ഷേ എവിടെ സി ഐ ഡി?

“ഏട്ത്തു എഡോ സീഅയ്ഡി?”

രമേശന്റെ നേര്‍ക്ക് ചോദ്യശരങ്ങള്‍ പാഞ്ഞു.

“അത്... പിന്നാ.... ഉം, എഡോ... ബെറൂം പൊട്ടമ്മാറാന്നെല്ലോ ഇങ്ങള്, സീഅയ്ഡീന ഞമ്മക്കൊന്നും കാണ്വേനാവ്വേല... അതെല്ലേ ഓലെ സിഅയ്ഡീന്ന് ബിളിക്ക്ന്നത്..”

തപ്പിത്തപ്പിയുള്ള അവന്റെ മറുപടി... അവന്‍ കള്ളം പറഞ്ഞതാണെന്ന് ഞങ്ങള്‍ക്ക് മനസിലായി. അവന്റെയൊരു വടകര... അവിടത്തെ അമ്മാവന്‍... അയാളുടെ അളിയന്‍... ഹും..

വീട്ടിലെത്തിയപ്പോഴാണ് സംഭവങ്ങളുടെ നിജസ്ഥിതി പിടികിട്ടിയത്. സത്യത്തില്‍ അവിടെ വന്നവരുടെ കൂട്ടത്തില്‍ സി ഐ ഡി ഉണ്ടായിരുന്നു പോലും. ആരാണെന്നറിയോ? കാദര്‍ക്ക... ദ വെരി സെയിം വേലക്കാരന്‍ കാദര്‍ക്ക... തികച്ചും അപ്രതീക്ഷിതമായ വര്‍ത്തമാനം.

സ്കൂളിന്റെ ഉച്ചക്കഞ്ഞി ഫണ്ട് തിരിമറി നടത്തി എന്നൊരു ആരോപണം പണ്ട് ആരൊക്കെയോ ബീരാന്‍ മാഷിനെതിരെ ഉന്നയിച്ചിരുന്നു. പക്ഷെ ഒരു സി ഐ ഡി അന്വേഷണം ബീരാന്‍ മാഷിനെതിരെ നടന്നുവെന്ന് അധികമാര്‍ക്കും അറിയില്ലായിരുന്നു. അല്ലെങ്കിലും നാട്ടുകാരെ മുഴുവന്‍ അറിയിച്ചുകൊണ്ടല്ലല്ലോ രഹസ്യാന്വേഷണം നടക്കുന്നത്.

ഈ കാദര്‍ക്ക ഞങ്ങളുടെ അങ്ങാടിയില്‍ പ്രത്യക്ഷപ്പെട്ടിട്ട് അധികം നാളായിട്ടില്ല. വയനാട്ടില്‍ നിന്നും കൊണ്ടുവരുന്ന, അല്പം ഡാമേജ്ഡ് ആയ സെക്കന്റ്ക്വാളിറ്റി പച്ചവാഴക്കുല, കിലോക്കണക്കിന് കുറഞ്ഞവിലക്ക് തൂക്കി വില്‍ക്കുന്ന ആളായിട്ടായിരുന്നു ഇയാളുടെ രംഗപ്രവേശം. പിന്നീട് പലപ്പോഴും അല്ലറ ചില്ലറ നാടന്‍ പണികള്‍ക്ക് വീടുകളില്‍ വരാന്‍ തുടങ്ങി. അങ്ങിനെയങ്ങിനെ അയാള്‍ ബീരാന്‍ മാഷുടെ വീട്ടില്‍ പുറം‌പണികള്‍ ചെയ്യാനായി നില്‍ക്കാന്‍ തുടങ്ങി. പതുക്കെപ്പതുക്കെ കാദര്‍ക്ക ബീരാന്‍ മാഷുടെ വീട്ടുവേലക്കാരനായി.

ഇതിനിടയില്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കാദര്‍ക്ക പ്രിയപ്പെട്ടവനായി മാറിയിരുന്നു. എന്തിനേറെ പറയണം, കൈതത്തടത്തില്‍ ഹിദ്രോസ്ക്ക തന്റെ മകള്‍ കുഞ്ഞാമിനക്ക് വേണ്ടി കാദര്‍ക്കയെ പുതിയാപ്ലയായി കിട്ടുമോ എന്നുപോലും ആലോചിച്ചിരുന്നു പോലും.

പിന്നീട് മാസങ്ങളോളം കാദര്‍ക്കയായിരുന്നു ബീരാന്‍ മാഷുടെ ശിങ്കിടി. ഉച്ചയാവുമ്പോഴേക്കും ആറ് തട്ടുള്ള, ഏറ്റവും മുകളിലെ തട്ടില്‍ ഒരു സ്പൂണ്‍ വച്ച് ലോക്ക് ചെയ്യുന്ന വലിയ ചോറ്റുപാത്രത്തില്‍ ചോറുമായി കാദര്‍ക്ക സ്കൂളിലെത്തും. മാഷ്ക്ക് സ്പെഷ്യല്‍ ചൂരല്‍ വടികള്‍ കൊണ്ടുകൊടുക്കുന്നതു പോലും കാദര്‍ക്കയാണെന്ന് ഞങ്ങള്‍ കുട്ടികളുടെ ഇടയില്‍ ഒരു സംസാരമുണ്ടായിരുന്നു.

ഇത്രയും സമയത്തിനിടയില്‍ ബീരാന്‍ മാഷ് ചുരുട്ടിയെറിയുന്ന സകല കടലാസുകളും കാദര്‍ക്ക ശേഖരിച്ചിരുന്നു പോലും. അങ്ങനെ ആ കടലാസുകളില്‍ നിന്നാണ് കാദര്‍ക്കാക്ക് ബീരാന്‍ മാഷുടെ തട്ടിപ്പുകള്‍ക്കുള്ള തെളിവ് കിട്ടിയത്.

ഇതിലേറെ ഞെട്ടിപ്പിക്കുന്ന വിവരമാണ് അവസാനം കേട്ടത്. കാദര്‍ക്കായുടെ യഥാര്‍ത്ഥ പേര് ബാലകൃഷ്ണന്‍ നായര്‍ എന്നാണ് പോലും. ഈ വിവരം കേട്ട് ഏറ്റവും കഠിനമായി ഞെട്ടിയത് ഞങ്ങളുടെ സ്രാമ്പിയില്‍ (ചെറിയ നിസ്കാരപ്പള്ളി) നിസ്കരിച്ചിരുന്നവരായിരുന്നു. എന്തെന്നാല്‍ സ്രാമ്പിയില്‍, മുക്രി കുഞ്ഞമ്മദ്മൊയ്‌ല്യാര്‍ ഇല്ലാതിരുന്ന ദിവസങ്ങളില്‍ കാദര്‍ക്കയാണ് ചിലപ്പോഴൊക്കെ നിസ്ക്കാരത്തിന് ഇമാമായി നിന്നിരുന്നത്. തന്റെ മിഷന്‍ കഴിഞ്ഞ് പോകുന്നതിനു മുന്‍പ് സി ഐ ഡി ആ സ്രാമ്പിയില്‍ വന്ന് കുഞ്ഞമ്മദ് മൊയ്‌ല്യാരോടും മറ്റുള്ളവരോടും ക്ഷമ ചോദിച്ചു. പിന്നീട് ആ സ്രാമ്പി ഞങ്ങളുടെ നാട്ടിലെ മതമൈത്രിയുടെ പ്രതീകമായി നായര്‍‌സ്രാമ്പി എന്നറിയപ്പെട്ടു!

എന്റെ അഭിമാനത്തെ വാനോളം ഉയര്‍ത്തിയ ഒരു കാര്യം ഉണ്ടായിരുന്നത്, ഞങ്ങളുടെ വീട്ടിലെ കക്കൂസിന്റെ കുഴിയെടുത്തത് കാദര്‍ക്ക ആണ് എന്നതായിരുന്നു. പിന്നീട് സ്കൂളില്‍ പല കുട്ടികളോടും ഞങ്ങളുടെ “സി ഐ ഡി കക്കൂസിന്റെ“ അതൃപ്പങ്ങള്‍ പറഞ്ഞ് ഞാന്‍ ഊറ്റം കൊള്ളാറുണ്ടായിരുന്നു.

57 അഭിപ്രായങ്ങള്‍:

 1. കുറ്റ്യാടിക്കാരന്‍ said...

  സഹൃദയരെ, കലാസ്നേഹികളെ...
  കുറ്റ്യാടി ബ്ലോഗിലെ ഈ വര്‍ഷത്തെ ഒടുക്കത്തെ പോസ്റ്റ്, ദേ കിടക്കുന്നു.

  കഴിഞ്ഞ ജനുവരി മുതലാണ് ഈബ്ലോഗ് തുടങ്ങിയത്. ഒരു വര്‍ഷം വലിയ എടങ്ങാറുകളൊന്നും കൂടാതെ മാസം ഓരോ പോസ്റ്റ് വെച്ച് പോസ്റ്റാന്‍ പറ്റിയതിന് ദൈവത്തിന് സ്തുതി. വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാ ബൂലോക സുഹൃത്തുകള്‍ക്കും നന്ദി.

  ഇത് എങ്ങനെയുണ്ടെന്ന് പറയൂ...

 2. കാപ്പിലാന്‍ said...

  ഇഷ്ടപ്പെട്ടൂ

  ആശംസകള്‍ :)

 3. ബിന്ദു കെ പി said...

  സിഐഡി കാദർക്കാ അങ്ങനെ നാടിന്റെ അഭിമാനമായി അല്ലേ.?
  പിന്നെ ഒരു കാര്യം, ബീരാൻ മാഷ് എന്തിനാണാവോ ലീഡർക്കിട്ട് പെരുക്കിയത്? അതും ഇത്ര കർമ്മനിരതനായ ഒരു ലീഡർ.. :)

 4. johndaughter said...

  Nice one kuttyadeee..

  Ingalde oru pagyam...CID kuthiyathilalle sadhikkunnathu :)

 5. പാമരന്‍ said...

  “സി ഐ ഡി കക്കൂസിന്റെ“ അതൃപ്പങ്ങള്‍ :)

  കലക്കി കുറ്റ്യേ..

 6. ആദര്‍ശ് said...

  സി .ഐ .ഡി ആള് കൊള്ളാമല്ലോ...അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി ഒരു കക്കൂസും! കലക്കി സുഹൈര്‍ ഭായ്..

 7. ചിത്രകാരന്‍chithrakaran said...

  നല്ല ബാല്യകാലചരിതം.

 8. കൃഷ്‌ണ.തൃഷ്‌ണ said...

  രസകരം. മനോഹരം.
  This post disappointed me because it didn't
  have enough kuttyadi muslim colloquial dialects for which I mainly visit your blog.
  Nice post though!!!!

 9. ശ്രീ said...

  "സന്തോഷം കൊണ്ടെന്റെ കണ്ണുകള്‍ നിറയാന്‍ ശ്രമിച്ചു. പക്ഷെ ആ ആഴ്ച്ചയ്ക്കുള്ള കണ്ണീര് ക്വോട്ട ഇന്നലത്തെ അടിയ്ക്കുവേണ്ടി ഡെഡിക്കേറ്റ് ചെയ്ത് തീര്‍ന്നുപോയതിനാല്‍ കണ്ണീര് വന്നില്ല."

  പോസ്റ്റ് നന്നായി. :)

 10. രസികന്‍ said...

  നന്നായീ കുറ്റ്യാടീ... :) ആശംസകള്‍

 11. ശ്രീലാല്‍ said...

  കുറ്റ്യാടിക്കാരാ, രസികൻ എഴുത്ത് !! എന്നാലും ങ്ങള് ഒരു സീഐഡിക്കാരനെക്കൊണ്ട് കക്കൂസ് കുയിപ്പിച്ചില്ലേ .. :)

  - മിണ്ടിയാളെ പേരെഴുതാതിരിക്കാൻ രണ്ടിലും മൂന്നിലും പഠിക്കുമ്പോ ചങ്ങായിമാര് മഷിച്ചപ്പ് വാഗ്ദാനം ചെയ്യാറുണ്ടായിരുന്നു..

 12. മോനൂസ് said...

  ഓരോ പോസ്റ്റും ഒന്നിനൊന്ന് മെച്ചം
  ക്ലാസ് ലീഡറ്ക്കെന്തിനാ തല്ല് കിട്ടിയതെന്ന്
  ഇപ്പോഴും മനസ്സിലായില്ല.

 13. Prayan said...

  ഞാനും നിങ്ങടെ അങ്ങട്ടേന്നായതോണ്ട് ഒരു വല്ലാത്ത എന്താ പറയ്യാ നൊസ്റ്റാള്‍ജിയ....വീണ്ടും സ്കൂളീ പോയി ബഞ്ചിമ്മലൊന്നിരിയ്ക്കാന്‍ മോഹാവുന്ന്.

 14. Anonymous said...

  usharayitto...! capitalokke CID yude accountilano ippoyum nikshepikkunnath...?

 15. BS Madai said...

  കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം.... നല്ല ഓര്‍മ്മകള്‍...

 16. BS Madai said...

  കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം..... നല്ല ഓര്‍മ്മകള്‍.

 17. ജിവി/JiVi said...
  This comment has been removed by the author.
 18. ജിവി/JiVi said...

  ഇമ്മാതിരി സി ഐ ഡികള്‍ ഒരു വാസ്തവം തന്നെയാണല്ലെ!!

  പണ്ട് ഞങ്ങടെ നാട്ടില്‍ എവിടെനിന്നോ ഒരു പിരാന്തന്‍ വന്നെത്തി. കുളിയും ജപവുമില്ലാതെ കീറന്‍ വസ്ത്രങ്ങളുമായി കാലിലിടേണ്ട ചെരിപ്പ് കൈയ്യില്‍ പിടിച്ച് തെക്കുവടക്ക് നടക്കും. കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അപ്രത്യക്ഷനാവുകയും ചെയ്തു. ഇതുപോലെ ഏതോ ഒരു കേസ് അന്വേഷിക്കാന്‍ വന്ന സി ഐ ഡി ആയിരുന്നു അയാളെന്നും കേസില്‍ ആള്‍ക്കാരെപിടിച്ചെന്നും ഒക്കെ കൂടെ പഠിച്ചിരുന്ന കൂട്ടുകാരാണ് പറഞ്ഞത്. ഇതുവരെയും അത് പൂര്‍ണ്ണമായും വിശ്വസിച്ചിരുന്നില്ല. പ്രൈമറിസ്ക്കൂള്‍ കാലത്തെ ഭീതിജനകമായ ആ രൂപം ഇപ്പൊഴും മനസ്സിലുണ്ട്

 19. മാണിക്യം said...

  കുറ്റ്യാടിയേ! കഥ ഉഷാറായി ട്ടോ....
  ന്നാലും ന്തിനീ മാഷ് തനിക്കിട്ട് പുശീത്?
  എയുതാന്‍ ബിട്ടു പോയീതോ അതോ
  ബെളിക്ക് മുണ്ടാന്‍ പറ്റാത്ത ബര്‍ത്താനോ?
  കൊല്ലം തികച്ചതിന് ഒരു മബ്‌റൂക്ക്!

 20. കുതിരവട്ടന്‍ :: kuthiravattan said...

  :-)

 21. ഹരീഷ് തൊടുപുഴ said...

  കുറ്റ്യാടി ബ്ലോഗിലെ ഈ വര്‍ഷത്തെ ഒടുക്കത്തെ പോസ്റ്റ് അടിപൊളിയായി!!!

 22. മുന്നൂറാന്‍ said...

  sundaramayirikkunnu. Prem Nazirinte pazhaya CID film kaanunna sukham kitty..ushaar..

 23. bilatthipattanam said...

  kalakkeettundu...maashe;
  amittumkutteennu..amittu
  pottene polelle eesaanam
  kuttitherippichu vannathu....

 24. അപ്പു said...

  സി.ഐ.ഡി കളെപ്പറ്റി കുട്ടികള്‍ക്ക് എന്തെല്ലാം കഥകകളാണല്ലേ! അതുപോലെ പണ്ടത്തെ മറ്റൊരു കഥാപാത്രമായിരുന്നു ഡിറ്റക്റ്റീവും..:-)

 25. അരുണ്‍ കായംകുളം said...

  നന്നായിരിക്കുന്നു എന്ന് മാത്രം പറഞ്ഞ് വാക്കുകള്‍ നിര്‍ത്താന്‍ ആഗ്രഹമില്ലാത്തതിനാല്‍,ഒരുപാട് ഇഷ്ടപ്പെട്ട ഈ പോസ്റ്റിനു കമന്‍റ്ന്നതോടൊപ്പം പുതുവത്സര ആശംസകളും നേരുന്നു

 26. Varun said...

  adipoli annu njan paranjal athu oru adhika prasangam ayi pokum annalum njan paranjirikkunnu koodathe hridayam niranja puthuvalsaraashmsakal

 27. Areekkodan | അരീക്കോടന്‍ said...

  അടിപൊളിയായി!!!അടിപൊളിയായി!!!അടിപൊളിയായി!!!അടിപൊളിയായി!!!അടിപൊളിയായി!!!

 28. [Shaf] said...

  നന്നായീ കുറ്റ്യാടീ... :) ആശംസകള്‍

 29. Shravan said...

  good posting. loved the language. first time here..

 30. kamar said...

  thante post enikku nannayi ishttappettu........
  all the best

 31. മഹിഷ്മതി said...

  സ്കൂള്‍ ഫണ്ട് വെട്ടിച്ചാലൊക്കെ സി.ഐ.ഡി ,പിടിക്കുമോ?


  ഞാനൊന്നും വെട്ടിച്ചില്ല എനിക്ക് പേടിയൊന്നും ഇല്ലേ........സത്യമായിട്ടും.

 32. OAB said...

  ക്ലാസിലെ സിഐഡി യായ കുറ്റ്യാടിക്ക് അടിയോടടി. ഹ ഹ ഹാ :}:}

 33. നിരക്ഷരന്‍ said...

  കുറ്റിയാടിക്കാരാ...

  ആദ്യമായി ബ്ലോഗനയിലൊക്കെ വന്നതിനു്‌ അഭിനന്ദനങ്ങള്‍.

  ഇനിയിപ്പോ ഉത്തരവാദിത്ത്വം കൂടുതലാണു്‌ കേട്ടോ ?

  ഇത് വായിച്ചപ്പോള്‍ ഈ കഥ ഒന്നൂടെ വികസിപ്പിച്ചെടുത്തിരുന്നെങ്കില്‍ രണ്ട് കഥയ്ക്കുള്ള സ്കോപ്പ് ഉണ്ടല്ലോ എന്ന് തോന്നി.

  ഭാഗ്യവാന്‍ ... സി.ഐ.ഡി.കുത്തിയ കക്കൂസിലൊക്കെ ഇരിക്കാന്ന് വെച്ചാല്‍ ഒന്നൊന്നര ഭാഗ്യം തന്നെ... :) :)

 34. ഉസ്മാന്‍ said...

  കുട്ടിആടിക്കാരാ, കദ നന്നായിരിക്കുന്നു. ഇങ്ങനെ ഒരു ബ്ലോഗ് ഉള്ള കാരിയം മതൃഉഭൂമിയില് നിന്നാണ്‍ അറിഞതു്. വളരെ സന്തോഷം

 35. മുസാഫിര്‍ said...

  സീ ഐ ഡി കള് വേഷം മാറി സഞ്ചരിക്കുന്നത് സിനിമകളില്‍ കണ്ടിട്ടുണ്ട്.നേരിട്ട് കണ്ട കഥ ഇപ്പോഴാണ് വായിച്ചത്.രസകരമാ‍യി എഴുതിയിട്ടുണ്ട്.

 36. eks said...

  പ്രിയ കുറ്റ്യാടിക്കാരന്‍ താങ്കളുടെ പോസ്റ്റ് മുഴുവനും വായിച്ചു,
  ചിരിയുടെയും ചിന്തയുടെയും ലോകത്ത് ചിലവഴിച്ച കുറെ നല്ല മണിക്കൂറുകള്‍.
  പ്രൊഫൈലിലെ പ്രായം വായിച്ചപ്പോള്‍ ഇത്തിരി അല്‍ഭുതവും.
  ഇനിയും ഒത്തിരി നല്ല പോസ്റ്റുകള്‍ കാത്തിരിക്കുന്നു.
  ആശംസകളോടെ
  സ്നേഹപൂര്‍വ്വം
  eks

 37. കുറ്റ്യാടിക്കാരന്‍ said...

  കാപ്പിലാന്‍ ജീ,
  ജോണ്‍‌ഡോട്ടര്‍,
  ചിത്രകാരന്‍,
  പാമരന്‍,
  ആദര്‍ശ്,
  ശ്രീ,
  രസികന്‍,
  ശ്രീലാല്‍,
  അനോണി,
  ബി.എസ് മാടായി,
  ജിവി,
  കുതിരവട്ടന്‍,
  ഹരീഷ് തൊടുപുഴ,
  മുന്നൂറാന്‍,
  ബിലാത്തിപ്പട്ടണം,
  അപ്പു,
  അരുണ്‍,
  വരുണ്‍,
  പ്രയാണ്‍,
  അരീക്കോടന്‍,
  ഷഫ്,
  ശ്രാവണ്‍,
  കമര്‍,
  ഓഏബി,
  ഉസ്മാന്‍,
  മുസാഫിര്‍,

  വളരെയേറെ നന്ദി, ഇവിടെ വന്ന് വായിച്ചതിന്. മറുകമന്റിടാന്‍ അല്‍പ്പം വൈകിപ്പോയി. വയര്‍ലെസ് ലാന്‍ പണിമുടക്കി. അത് ശരിയാക്കുമ്പൊഴേന്ന് വേറെ നെറ്റ്‌വര്‍ക്ക് പ്രോബ്ലം. അതൊക്കെക്കൊണ്ടാണ്...
  താങ്ക്യൂ സോമച്ച്..

  കൃഷ്ണ തൃഷ്ണ,

  അഭിപ്രായം തുറന്നുപറഞ്ഞതിന് വളരെ നന്ദി. പക്ഷെ ഈ കഥയില്‍ കുറ്റ്യാടി ഡയലക്റ്റ് അധികം കൊണ്ടുവരാന്‍ പറ്റാഞ്ഞത് എന്താണെന്നു വെച്ചാല്‍... എന്തോ, അത്രക്കങ്ങട് കൊണ്ടുവരാന്‍ പറ്റിയില്ല. ഉള്ളത് പറയാല്ലോ, കഥകള്‍ തീര്‍ന്നുതുടങ്ങിയതിന്റെ ബുദ്ധിമുട്ടുകൊണ്ടാണ്..

  ബിന്ദുച്ചേച്ചീ,
  മോനൂസ്,
  പ്രയാണ്‍,
  മാണിക്യം,

  അത് അദ്ദേഹത്തിന്റെ ഒരു സ്റ്റൈലാണ്. ഒന്ന് ലീഡര്‍ക്കും ഇരിക്കട്ടെ എന്ന് കരുതിക്കാണും. സത്യത്തില്‍ ഇതില്‍ ഞാന്‍ ഇന്‍‌വോള്‍വ്ഡല്ല. എന്റെ ഒരു കൂട്ടുകാരന്‍ കിരണ്‍ പറഞ്ഞ കഥ ഞാനൊന്ന് മസാലപുരട്ടിയതാ...‍

  മാഹിഷ്മതി,
  അത് എനിക്ക് മനസിലായി. കള്ളാ..

  നിര‍ക്ഷരേട്ടന്‍,
  മടികൊണ്ടാ മനോജേട്ടാ, ക്ഷമി.. നന്നാക്കാന്‍ നോക്കാം... ഷുവര്‍.

  ഇകെ‌എസ്
  പ്രൊഫൈലില്‍ പറഞ്ഞതെല്ലാം ഉള്ളതു തന്നെയാണ്.. :)

 38. ആചാര്യന്‍... said...

  കു.കാരാ... കല്പന പറയുന്നതുപോലെ അസാധ്യ എഴുത്ത്...അനുപമ ശൈലി, നന്ദി

 39. ...പകല്‍കിനാവന്‍...daYdreamEr... said...

  കിടിലന്‍ എഴുത്ത്,, ഒത്തിരി ഓര്‍മ്മകളും കൂടെ ഓടി വന്നു.
  ഒപ്പം ക്രിസ്തുമസ് ആശംസകള്‍ കൂടി .

 40. മഴക്കിളി said...

  വൈകിപ്പോയല്ലോ വന്നെത്താന്‍...

 41. soheb said...

  nice buddy

 42. കുറ്റ്യാടിക്കാരന്‍ said...

  ആചാര്യന്‍,
  പകല്‍കിനാവന്‍,
  മഴക്കിളി,
  സൊഹേബ്,

  നന്ദി.
  ഒപ്പം പുതുവത്സരാശംസകളും...

 43. വഴിപോക്കന്‍ said...

  നീ ഒടുക്കത്തെ എഴുത്തുകാരനാ പന്നീ...!! (കടപ്പാട്: ലാല്‍)

 44. Anonymous said...

  പ്രിയ നാട്ടുകാരന്,
  ബൂലോഗത്തില്‍ നാട്ടുകാരന്റെ സജീവ പങ്കാളിത്തം കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ജോലിത്തിരക്ക് കാരണം “സസ്നേഹം” ബ്ലോഗ് നിര്‍ത്തിവച്ചതായിരുന്നു. ഇപ്പോള്‍ ലോഗിന്‍ ഐഡി പോലും മറന്നു :( സിബു, പെരിങ്ങോടന്‍ ‍, ഏവൂരാന്‍ , വിശാലമനസ്‌ക്ന്‍ ‍, കുറുമാന്‍ , ഇഞ്ചിപ്പെണ്ണ്, ദേവന്‍, ദില്‍ബാസുരന്‍ , വളയം, ഡ്രിസില്‍, വല്ല്യമ്മായി, വക്കാരി, ഉമേഷ്‌ജി.... തുടങ്ങിയവരൊക്കെ സജീവരായിരുന്ന ഒരു കാലമായിരുന്നു അത്. അവരൊക്കെ ഇപ്പൊഴും ജീവനോടുണ്ടോ ആവോ? ഇന്ന് യാദൃശ്ചികമായി എന്റെ ബ്ലോഗില്‍ എത്തിയതായിരുന്നു. അപ്പോളാണ് താങ്കളുടെ കമന്റ് ശ്രദ്ധയില്‍ പെട്ടത്. സന്തോഷം...

  നന്ദി...

  സസ്നേഹം
  http://sasneham.blogspot.com/

  info@kuttiady.com

 45. കുറ്റ്യാടിക്കാരന്‍ said...

  വഴിപോക്കന്‍ & സസ്നേഹം,

  സന്ദര്‍ശിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദി നാട്ടുകാരേ...

 46. bilatthipattanam said...

  ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ഞാനും ഒരു CID യെ കണ്ടിരുന്നു - കണിമംഗല ത്ത് വെച്ച് ,ഈ ചാരന്‍ ഒരു ജാരനെ പിടിക്കാന്‍ Autoriksha Driver ആയി പ്രത്യക്ഷപ്പെട്ട ,ഭര്‍ത്താവിനാല്‍ നിയമിക്കപ്പെട്ട ഒരു CID മൂസാക്കയായിരുന്നു !!

 47. Anonymous said...

  ishtayishtaa..

 48. പ്രയാസി said...

  താമസിച്ചു പോയീടാ..

  ഉസാര്‍ പെരുത്തുസാര്‍

  അന്റെ എഴുത്ത് ബായിക്കാന്‍ പെരുത്ത് രസാണ് മോനെ..:)

 49. shihab mogral said...

  കുറ്റ്യാടീ,
  ആദ്യമായാണ്‌ താങ്കളുടെ ബ്ളോഗില്‍ കയറുന്നത്‌. തികച്ചും നിഷ്ക്കളങ്കവും രസകരവുമായ അവതരണം. അഭിനന്ദനങ്ങള്‍.. ജനുവരുകളിനിയുമേറെ കടന്നു പോകട്ടെ...

 50. engli said...

  എനിചിഷ്ടയി ട്ടാ ജ്ജ്ജാരാ മോന്‍ കലക്കി ട്ടാ

 51. Santhosh said...

  good one

 52. കുറ്റ്യാടിക്കാരന്‍ said...

  അനോണി,
  പ്രയാസിക്കാക്ക,
  ഷിഹാബ്,
  എങ്ലി,
  സന്തോഷ്...


  നന്ദി... :)

 53. യൂസുഫ്പ said...

  ഉസാറ് ന്‍റെ ചെങ്ങായേ....

 54. വരവൂരാൻ said...

  ഒത്തിരി ഒത്തിരി ഇഷ്ടമായ്‌ ഈ ബാല്യകാല ഓർമ്മകൾ, ആശംസകൾ

 55. തെച്ചിക്കോടന്‍് said...

  Very interesting narration.
  This is my first visit here.

 56. SAMAD IRUMBUZHI said...

  കുറ്റ്യാടി ഭാഷയില്‍ വായിക്കാന്‍ നല്ല സുഖം...... ആശംസകള്‍

 57. കുറ്റ്യാടിക്കാരന്‍|Suhair said...


  യൂസുഫ്പ,
  വരവൂരാന്‍,
  തെച്ചിക്കോടന്‍,
  സമദ്,


  കമന്റുകള്‍ക്ക് നന്ദി..

Post Your Comment ( കമന്റ്‌ ഇവിടെയും ഇടാം)

കമന്‍റുകള്‍ കൂമ്പാരമാകുമ്പോള്‍ പോസ്റ്റുകള്‍ ഗംഭീരമാകുന്നു...
ഇവിടൊരു കമന്‍റിട്ടേക്ക്‌...