Wednesday, January 7, 2009

ചോര പുരണ്ടുപോയ ഒരു കത്ത്..

ആദ്യമായിട്ട് ഞാനൊരു കത്തെഴുതിയത് ആര്‍ക്കാണെന്നറിയോ? എന്റെ സ്വന്തം ഫാദറിനു തന്നെ.

തീരെ ചെറുപ്പത്തിലായതു കൊണ്ട് ശാസ്ത്രീയമായ രീതിയില്‍ കത്തെഴുതുന്നതൊന്നും അന്നെനിക്കറിയില്ലായിരുന്നു. അതൊക്കെ മനസിലാക്കിയ ശേഷം എഴുതണമെന്നു തന്നെയായിരുന്നു മനസില്‍, പക്ഷെ അന്ന് അതിനൊന്നും സമയം കിട്ടിയില്ല.

അന്നൊക്കെ ഉമ്മയുടെ വീട്ടില്‍ താമസിക്കാന്‍ പോകുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു. വെള്ളിയാഴ്ച്ച മദ്രസയും സ്കൂളുമില്ലാത്തതിനാല്‍ വ്യാഴാഴ്ച്ച രാത്രി ഞാന്‍ “ഉമ്മാമാന്റെ പൊരേല് പാര്‍ക്കാന്‍ പോകും”.

അങ്ങനെയൊരു വ്യാഴാഴ്ച്ച വൈകുന്നേരം. സ്കൂള്‍ വിട്ടു വന്നപ്പോള്‍ തന്നെ ഞാന്‍ ഉമ്മയോട് ഉമ്മാമയുടെ വീട്ടില്‍ പോകാന്‍ പെര്‍മിഷന്‍ ചോദിച്ചു. ഒറ്റക്ക് പോകാന്‍ പറ്റുമെങ്കില്‍ പോയിക്കോളാന്‍ പറഞ്ഞു.

ഒറ്റക്ക് പോകാന്‍ പേടിയുണ്ടായിട്ടല്ല, പക്ഷെ ഒരു പ്രശ്നമുണ്ട്. പോകുന്ന വഴിക്ക് മേപ്പാട്ടെ പറമ്പിനരികിലൂടെ നടക്കണം. അവിടെ ഇലഞ്ഞി മരമുണ്ട്. അതുകൊണ്ടുതന്നെ ആ മരത്തിന്റെ ചോട്ടില്‍ ജിന്ന്/പ്രേതം/യക്ഷി/കുട്ടിച്ചാത്തന്മാരുടെ ഒരു കോളനി തന്നെയുണ്ടെന്നാണ് നാട്ടുവര്‍ത്തമാനം. എങ്ങനെയെങ്കിലും ആ പറമ്പൊന്ന് കടന്നുകിട്ടിയാലും പ്രശ്നമുണ്ട്. കുറേക്കൂടി നടന്നുകഴിഞ്ഞാല്‍ പള്ളിപ്പറമ്പു ചുറ്റിയാണ് വഴി. എത്രയെത്ര മരിച്ചുപോയവരാണ് അവിടെ ഉറങ്ങിക്കിടക്കുന്നത്. “മരിച്ച് പോയോല് ഞമ്മളെ പരിചയക്കാറ് ആരെങ്കിലും ഇണ്ടെങ്കില് ഞമ്മളെ മേത്ത് കയരും” എന്നാണ് മറ്റൊരറിവ്. മരിച്ചു പോയവര്‍ ദേഹത്ത് കയറിയാലും ഇല്ലെങ്കിലും ആ വഴി ഒറ്റയ്ക്ക് പോയിക്കഴിഞ്ഞാല്‍ പിന്നെ രാത്രി ഞാന്‍ അവരെയൊക്കെ സ്വപ്നത്തില്‍ കണ്ട് പേടിക്കും. ഉമ്മാമാന്റെ വീട്ടില്‍ പോയില്ലെങ്കില്‍ പോയില്ല എന്നേയുള്ളൂ, പക്ഷെ ഉറക്കത്ത് ഞെട്ടിയെണീക്കുക അല്പം ബുദ്ധിമുട്ടുതന്നെയാണ്. എന്റെയുള്ളില്‍ ഒരിത്തിരിപോലും ധൈര്യമില്ലെന്ന നഗ്നസത്യം പുറത്താകും, ചിലപ്പോള്‍ ഉള്ളില്‍ നിന്ന് ദ്രാവക രൂപത്തിലും ചിലത് പുറത്താകും. പിറ്റേ ദിവസം ഉമ്മാമയ്ക്ക് വിരിപ്പ് കഴുകിയിടല്‍ എന്ന പണികൂടി കൂടും.

അതുകൊണ്ട് ഞാന്‍ അന്ന് ആ പരിപാടി ഉപേക്ഷിച്ചു, കളിക്കാന്‍ പോയി, പിന്നെ പുഴയില്‍ പോയി ഒന്നു തകര്‍ത്തു കുളിച്ച് കയറി വന്നപ്പോഴേക്ക് മഗ്‌രിബ് ബാങ്ക് കൊടുത്തു.

“മയിമ്പ് വരെ പൊയേല്‍ പോയിരിക്കരുത്ന്ന് ഇന്നോട് ഞാന്‍ എത്തിര പ്രാവശ്യം പറഞ്ഞതാ ചെറിയോനെ?”

ഉമ്മയുടെ ക്വൊസ്റ്റ്യനിങ്ങ് സെഷന്‍ സ്റ്റാര്‍ട്ട് ചെയ്തു. രാത്രിയാവുന്നതുവരെ പുഴയില് ‍കിടന്നതിനുള്ള ശകാരം; പതിവുള്ളതാണ്.

സത്യം പറഞ്ഞാല്‍ ഉമ്മാമയുടെ വീട്ടില്‍ പോകാന്‍ എനിക്ക് ടെന്റന്‍സി വരാനുള്ള മെയിന്‍ കാരണങ്ങളില്‍ ഒന്ന് ഇതാണ്. ഉമ്മാമയുടെവീട്ടില്‍ യാതൊരു വിധത്തിലുള്ള ശകാരങ്ങളുമില്ല. മാത്രമല്ല, ഒരു ദിവസമെങ്കില്‍ ഒരു ദിവസം രാത്രിയുള്ള പഠിത്തം ഒഴിവായിക്കിട്ടും. പിന്നെ പലഹാരങ്ങള്‍, ഉമ്മാമയുടെ സ്പെഷല്‍ സ്നേഹം... അങ്ങനെയങ്ങനെ...

അങ്ങനെ അന്ന് മഗ്‌രിബ് നിസ്കാരം കഴിഞ്ഞ് ഇരിക്കുമ്പോളാണ് എന്റെ കാരണോന്‍ (അമ്മാവന്‍) ടൌണില്‍ നിന്ന് വന്നത്. മൂപ്പര്‍ വീട്ടിലേക്കുള്ള വഴിയാണ്. അതുകൊണ്ട് ഉമ്മാമയുടെ വീട്ടിലേക്ക് പോകാന്‍ ആളായി. വീണ്ടും സെയിം ക്വസ്റ്റ്യന്‍: “ഞാന്‍ ഉമ്മാമാന്റ്യാട പാര്‍ക്കാന്‍ പോയിക്കോട്ടേ?”

“എന്നോട് ചോയിച്ചിറ്റ് പോണ്ട, ഉപ്പാനോട് ചോയിച്ചിറ്റ് പോയ്ക്കോ..”

അത് ഡിപ്ലോമാറ്റിക്കായ ഒരു ഉത്തരമാണ്, അതേ സമയം ഐഡിയപരവും. ഉപ്പ ടൌണില്‍ നിന്ന് വരാന്‍ ലേറ്റാവും. അപ്പൊഴേക്ക് കാരണോന്‍ വിടും. ഞാന്‍ വീട്ടില്‍ തന്നെ...

അതിഭയങ്കരമായ ആ ഐഡിയ എന്റെ തലയില്‍ വന്നത് അപ്പോഴാണ്. ഉപ്പാക്ക് ഒരു കത്തെഴുതി വച്ചിട്ട് പോകുക. മലയാളം നോട്ടുബുക്കിന്റെ നടുവിലെ പേജ് കീറിക്കൊണ്ട് ഞാന്‍ പരിപാടി ആരംഭിച്ചു.

“ബിസ്മില്ലാഹി റഹ്മാനി റഹീം..”

ബഹുമാനപ്പെട്ട ഉപ്പ വായിച്ചറിയുവാന്‍ മകന്‍ സുഹൈര്‍ വക എഴുത്ത്...

അസ്സലാമുഅലൈക്കും.

എനിക്ക് ഉമ്മാമവീട്ടില്‍ പോകാന്‍ ആഗ്രഹം തോന്നുന്നു. പക്കേ ഉമ്മാന്റെ സമ്മതം ഇല്ല. ഉപ്പയോട് സമ്മതം ചോദിച്ചതിനു ശേഷം പോകാന്‍ പറയുന്നു. അതുകൊണ്ട് ഞാന്‍ ചോദിക്കുന്നു, ഞാന്‍ പോട്ടേ?”

മുഖദാവില്‍ കാണുന്നതുവരെ അസ്സലാമു അലൈക്കും...

എഴുതിക്കഴിഞ്ഞ് ഇതൊന്ന് വായിച്ചുകഴിഞ്ഞപ്പോഴേക്ക് ഞാനാകെ അഭിമാനവിജൃംഭിതനായിപ്പോയി. “മകന്‍ വക എഴുത്ത്” എന്ന സ്റ്റൈല്‍ ഞാന്‍ ഉപ്പായുടെ ഏതോ മരുമകന്‍ അയച്ച കത്തില്‍ കണ്ടതാണ്. “മുഖദാവില്‍” എന്നത് ഉപ്പയ്ക്ക് ഏതോ മീറ്റിംഗില്‍ പങ്കെടുക്കാന്‍ വേണ്ടി വന്ന പോസ്റ്റ് കാര്‍ഡിലെ വാചകവും. അര്‍ത്ഥം എന്താണെന്നറിയില്ലെങ്കിലും ഞാനതങ്ങെടുത്ത് ഉപയോഗിച്ചു. എന്നിട്ട് ആ കത്ത് ഉപ്പയുടെ കയ്യില്‍ കൊടുക്കുവാന്‍ ഉമ്മയെ ഏല്‍പ്പിച്ച് ഞാന്‍ ഉമ്മാമയുടെ വീടിലേക്ക് യാത്രയായി.

ചെമ്മണ്ണ് പാതയിലെ വലിയ കയറ്റം കയറിവേണം വീട്ടിലെത്താന്‍. ഉമ്മാമയുടെ വീട്ടുമുറ്റത്തേക്കുള്ള പത്തുമുപ്പത്തഞ്ച് ചെങ്കല്ല്പടികള്‍ അന്നൊന്നും ഒരിക്കലും ഞാന്‍ നടന്നുകയറിയിട്ടില്ല. ഉമ്മാമയുടെ വീടടുക്കുന്തോറും മനസില്‍ പൊട്ടിച്ചിതറാന്‍ കാത്തിരിക്കുന്ന സന്തോഷം എന്നെ പടികള്‍ ഓടിച്ചുകയറ്റും. ചുമന്ന കാവിയിട്ട വാതില്‍ക്കല്‍ ഉപ്പാപ്പ കസേരയില്‍ ഇരിക്കുന്നുണ്ടാവും, മരത്തിന്റെ തൂണും ചാരി, കറുത്ത കാവിയിട്ട ചേതി(മെയിന്‍ വരാന്തയുടെ ഒരു എക്സ്റ്റെന്‍ഷന്‍ പോലെ കിടക്കുന്ന കുഞ്ഞുവരാന്ത) യിലേക്ക് കാലും നീട്ടി ഉമ്മാമ ഇരിക്കും. ഉപ്പാപ്പയുടെ കറുത്ത, വെറും പ്ലാവിലക്കട്ടിയുള്ള, ചവിട്ടാന്‍ ഒരു സുഖവുമില്ലാത്ത ചെരുപ്പ്, അതിനു തൊട്ടടുത്ത് ഉമ്മാമയുടെ സ്വര്‍ണക്കളറുള്ള, ബാറ്റയുടെ സോഫിയ എന്ന മോഡല്‍ ചെരുപ്പ്. ഇവര്‍ രണ്ടുപേരും വേറൊരു ചെരുപ്പ് ചവിട്ടുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. പണ്ട്, ഈ പേര് വായില്‍കൊള്ളാത്ത പ്രായത്തില്‍, ചെരുപ്പ് കടയില്‍ പോയി “ഉമ്മാമാന്റെ ചെരുപ്പ്“ എന്ന ഒറ്റ സ്പെസിഫിക്കേഷന്‍ പറഞ്ഞ് ഞാന്‍ ചെരുപ്പ് വാങ്ങിച്ചിട്ടുണ്ട്. കടക്കാരന് മോഡല്‍ ഹൃദിസ്ഥമാണ്. (എന്റെ നാട്ടിലെ എല്ലാ ഉമ്മാമമാരും ഇതേ ടൈപ്പ് ചെരുപ്പാണോ ധരിക്കുന്നത് എന്ന ഒരു ഡൌട്ട് എനിക്കില്ലാതില്ല.)

--------------------------------------------

ഈ പോസ്റ്റ് ഇത്രയും എഴുതിവച്ചിട്ട് ഒരാഴ്ച്ചയില്‍ കൂടുതലായി. ബാക്കി എഴുതണം എന്ന് വിചാരിച്ച് ലാപ്ടോപ്പ് എടുത്തു വയ്ക്കും. സ്ഥിരം പരിപാടിയായ ന്യൂസ് വെബ്സൈറ്റുകള്‍ ബ്രൌസ് ചെയ്ത് കഴിയുമ്പോള്‍ എനിക്കിത് തീര്‍ക്കാന്‍ പറ്റുന്നില്ല. താഴെ കിടക്കുന്ന കുഞ്ഞിന്റെതു പോലുള്ള ചിത്രങ്ങളില്ലാതെ ഇവിടെ ഒരു ലോക്കല്‍ ന്യൂസ്പേപ്പറും ഇറങ്ങുന്നില്ല.അവന്റെ നെഞ്ചിന്റെ താഴെയുള്ള ദ്വാരത്തിലൂടെ കയറിയ ഷെല്ലിന്റെ കഷണം എന്റെ മനസിനകത്താണ് പൊട്ടിത്തെറിക്കുന്നത്. ഇങ്ങനെ മരിക്കാന്‍ ഇവനെന്ത് തെറ്റാണ് ചെയ്തത്? ഫലസ്തീനിനെ പറ്റിയോ ഇസ്രയേലിനെ പറ്റിയോ ഇസ്ലാമിനെ പറ്റിയോ യഹൂദികളെ പറ്റിയോ ഒന്നുമറിയാത്ത ഇതു പോലത്തെ പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കിയാല്‍ വാഗ്ദത്തഭൂമി കിട്ടുമെന്ന് ഒരു ദൈവവും പറയില്ലെന്നെനിക്ക് ഉറപ്പാണ്.

യുദ്ധമില്ലാത്ത, മനുഷ്യന്മാരെല്ലാരും പരസ്പരം സ്നേഹിക്കുന്ന ഒരു ഭൂമിയെ പറ്റി ആഗ്രഹിക്കാന്‍ മാത്രം ഭ്രാന്ത് എനിക്കില്ല. എങ്കിലും ഈ കുഞ്ഞുങ്ങളെയെങ്കിലും വെറുതെവിട്ടുകൂടേ?

ഈ കുഞ്ഞുശവപ്പെട്ടികള്‍ കൊണ്ട് വെട്ടിപ്പിടിച്ച ഭൂമിയില്‍ നിങ്ങളെങ്ങനെ ജീവിക്കും?

ഗാസയില്‍, തലക്കുമുകളിലൂടെ മിസൈലുകളും പോര്‍വിമാനങ്ങളും ചീറിപ്പറക്കുമ്പോഴും, കൂസലില്ലാതെ ബ്ലോഗെഴുതുതുന്ന പെണ്‍കുട്ടികള്‍ ഉള്ള ഈ ബ്ലോഗോസ്ഫിയറില്‍ വെറും തമാശക്കഥകള്‍ എഴുതിവിടാന്‍ എനിക്ക് പറ്റില്ല. ഏറ്റവും കുറഞ്ഞത് നരനായാട്ട് തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ സമയത്തെങ്കിലും.

സോറി...

81 അഭിപ്രായങ്ങള്‍:

 1. കുറ്റ്യാടിക്കാരന്‍ said...

  കുറ്റ്യാടി ബ്ലോഗില്‍ പുതുവര്‍ഷത്തിലെ ആദ്യ പോസ്റ്റ്...

  നിങ്ങളുടെ അഭിപ്രായത്തിന് ഇത്രയേറെ കാത്തിരിക്കുന്ന ഒരു പോസ്റ്റ് ഞാന്‍ ഇട്ടിട്ടില്ല.

 2. മാണിക്യം said...

  കുറ്റ്യാടിക്കരന്റെ പോസ്റ്റ് :വായീക്കാന്‍ ഓടി വന്നതാ വായിച്ചു ...
  കുറച്ചു നേരത്തേക്ക് ശ്വാസം നിലച്ചു.
  ഏത് തത്വത്തിന്റെ പേരിലായാലും ,
  ഏത് മതത്തിന്റെ ദൈവത്തിന്റെ ,
  ഏത് രാജ്യത്തിന്റെ ഒത്താശയോടെ
  ആണെങ്കിലും ഈ ചെയ്യുന്നത് ക്രൂരതയാണ്.
  എത്രവട്ടം നടിക്കാനാവും ഈ ക്രൂരത കണ്ടില്ലന്ന്?
  എത്രനാള്‍ ഇങ്ങനെ ഒരു കൂട്ടം നില നില്‍ക്കുന്നില്ലന്ന് നടിക്കും?
  എത്ര ജീവന്‍ ഒടുക്കിയാല്‍ നീ അറിയും
  എത്രപേര്‍ ഇവിടെ മരിച്ചു വീണുയെന്ന്..
  മലാഖപോലുള്ള ഈ പിഞ്ചു ബാല്യങ്ങളെ
  കൊന്ന പാപം ഏതു ദൈവം പൊറുത്ത് മാപ്പാക്കും?

 3. ആദര്‍ശ് said...

  ശരിയാണ്...ഇതൊക്കെ കാണുമ്പോള്‍ എങ്ങനെ എഴുതാന്‍ പറ്റും ?എന്താണ് പറയേണ്ടത് എന്ന് അറിയില്ല.. ഇത് വായിച്ച് ,ആ ചിത്രം കണ്ട് ...ഒരു നിമിഷം തരിച്ചു നിന്നു പോയി..

 4. കുമാരന്‍ said...

  '''മുഖദാവില്‍ കാണുന്നതുവരെ അസ്സലാമു അലൈക്കും...'''
  അതു രസിപ്പിച്ചു.
  ചിത്രം ...
  വേണ്ടായിരുന്നു ഒന്നും കാണാന്‍ വയ്യ.

 5. പാമരന്‍ said...

  ശെരിയാ കുറ്റീ. ആ ശവപ്പറമ്പില്‍ ശവംതീനികളായി ജീവിക്കട്ടെ!

  (ആ പടങ്ങള്‍ കാണിക്കണ്ടായിരുന്നു.)

 6. തോന്ന്യാസി said...

  കുറ്റീ,
  ആ കത്ത് വായിച്ച് ചിരിച്ചൊരൂ പരുവമായിരിയ്ക്കുമ്പോഴാ ഫോട്ടോകള്‍ കണ്ടത്....

  രാവിലെത്തന്നെ വിഷമിപ്പിച്ചല്ലോ ദുഷ്ടാ...

  സമാധാനം പുലരുന്ന ഒരു നല്ല നാളേക്കായി നമുക്ക് പ്രാര്‍ത്ഥിയ്ക്കാം

 7. ശ്രീ said...

  പതിവു ശൈലി പ്രതീക്ഷിച്ച് സന്തോഷത്തോടെയാണ് വായന തുടങ്ങിയത്.

  പക്ഷേ.... അവസാനത്തെ ആ ചിത്രങ്ങള്‍... ഇതു വേണ്ടായിരുന്നു, കുറ്റ്‌യാടിക്കാരാ... മനസ്സു വേദനിപ്പിച്ചു, ഇതൊരു മുന്നറിയിപ്പാണെങ്കിലും... ഈ വര്‍ഷമെങ്കിലും ഇത്തരം കാഴ്ചകള്‍ കാണാതിരിയ്ക്കട്ടേ എന്നാശിയ്ക്കാം.

 8. കാസിം തങ്ങള്‍ said...

  ഒന്നും പറയാനില്ല, ആ ചിത്രങ്ങള്‍ തന്നെ ധാരാളം.

 9. [Shaf] said...
  This comment has been removed by the author.
 10. [Shaf] said...

  കുറ്റ്യാടീ,
  കുറ്റ്യാടിയുടെ വായനാക്കാര്‍ക്കിടയില്‍ കുറ്റ്യാടിയെ കുറിച്ചൊരു ചിത്രമുണ്ട്.കുറ്റ്യാടി ഭാഷയിലൂടെയുള്ള നര്‍മ്മം വിതറുന്ന ഗ്രമീണതയില്‍ അലിഞ്ഞു ചേര്‍ന്ന ചിത്രം. വായനാക്കാര്‍ക്കാവശ്യമുള്ള പോസ്റ്റിടാന്‍(?)
  അവര്‍ക്കിഷടപെടുത്തുന്നത് മാത്രമെഴുതാന്‍ എഴുത്തുകാര്‍ ശ്രമിക്കുന്നു എന്നൊരു കാര്യമുള്ള ആരോപണം നിലനില്‍ക്കുന്നു..അതിനുകഴിയാത്തതുകൊണ്ട് പലരും ബ്ലോഗിങ് വരെ നിര്‍ത്തീന്ന്നും കേള്‍ക്കാറുണ്ട്..!
  എഴുത്തും സാഹിത്യവൂം കലയും മെല്ലാം എന്തിനാണ്..?മനുഷയ്നെ മാനുഷികതയിലേക്കും സ്നേഹത്തിലേക്കും നയിക്കുക എന്ന ശ്രമകരമായ ദൌത്യത്തിനപ്പുറം..
  ഏറ്റവും നല്ല കല എന്നത് ഏറ്റവും നന്നായി ജീവിക്കുക എന്നതല്ലെ..

  എഴുത്തുകാരനെന്ന നിലയില്‍ നിങ്ങളുടെ ധാര്‍മികപരമായ ചുമതല നിറവേറ്റി എന്നു തോന്നുന്നു,,
  ആദ്യം ഭാഗം ഒഴിവാക്കിയാല്‍ പോലും :)

  അടുത്ത സുഹൃത്ത് എന്നനിലയില്‍ ഒത്തിരി അഭിമാനവും ..

  -ഷഫ്

 11. ശ്രദ്ധേയന്‍ said...

  റോം കത്തിയെരിമ്പോള്‍ വീണ വായിക്കുന്ന അഭിനവ നാറോമാര്‍ക്ക് കവിളത്ത് തന്നെ ഒന്നു പൊട്ടിച്ചതിനു അഭിനന്ദനങ്ങള്‍...

  കുഞ്ഞുമക്കളുടെ നെഞ്ഞുതുളഞ്ഞ ഫോട്ടോ കാണാന്‍ പറ്റാതെ കണ്ണ് പൊത്തുന്നത് ന്യായീകരിക്കാം; പക്ഷെ, അവയൊക്കെ കണ്ടിട്ടും കണ്ടില്ലെന്നു ധരിക്കുന്ന ഇസ്രായേല്‍-അമേരിക്കന്‍ കുഴലൂത്തുകാരായ മാധ്യമ പ്രഭുക്കന്മാര്‍ ഇനിയെങ്കിലും കണ്ണ് തുറക്കണം. 'ഹമാസ്' അവര്‍ക്കിന്നും ഭീകരസംഘടനയാണ്‌, ജീവന് നേരെ തീതുപ്പുന്ന സയണിസ്റ്റ് ടാങ്കുകള്‍ക്കു നേരെ കല്ലിനെ ആയുധമാക്കുന്ന 'ഇന്‍തിഫാദ' ഭീകരപ്രവര്‍ത്തനമാണ്, ക്ലസ്റര്‍ ബോംബിനാല്‍ ചിന്നിചിതറുന്ന ചെറുബാല്യവും അമ്മമാരും ലോകഭീകരരാണ്..!!!

  സയണിസ്റ്റ് ഭീകരതക്കെതിരെ നടപടികളെടുക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഇനിയും തയ്യാറായില്ലെങ്കില്‍, ട്രേഡ് സെന്റെറുകള്‍ ഇനിയും തകര്ന്നു വീഴും, പെന്‍റെഗണുകള്‍ ഇനിയും കത്തിയെരിയും, ബുഷുമാരുടെ മുഖത്തിനു നേരെ ചെരിപ്പുകള്‍ പാഞ്ഞുവരും;
  കാരണം, നിങ്ങളവരെ ഭീകരരാക്കുകയാണ്.

 12. ::: VM ::: said...
  This comment has been removed by the author.
 13. ...പകല്‍കിനാവന്‍...daYdreamEr... said...

  എന്റെ സുഹൈറെ.. നമ്മളെന്തു ചെയ്യാന്‍ ... കരയുകയല്ലാതെ... ഈ പിഞ്ചു കുട്ടികളുടെ പരിശുദ്ധമായ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ............

 14. shihab mogral said...

  കത്തിന്റെ കഥ പറഞ്ഞ്‌ ഒത്തിരി സന്തോഷിപ്പിക്കുകയും കുരുന്നുകളെ കാട്ടി വേദനിപ്പിക്കുകയും ചെയ്തുവല്ലോ കുറ്റ്യാടീ...
  കുരുന്നുകളും അമ്മമാരുമടക്കം അഭയം തേടിയെത്തിയ കെട്ടിടം ലക്ഷ്യമാക്കി ഇസ്രയേല്‍ മിസൈല്‍ തൊടുത്തുവിട്ട വാര്‍ത്തയാണ്‌ ഇന്നലെ രാത്രി കിടന്നപ്പോള്‍ കേട്ടത്‌. അസ്വസ്ഥമായ മനസില്‍ നിറയെ പ്രാര്‍ത്ഥനകളായിരുന്നു.
  ദൈവം അറിയാതെ പോവില്ലല്ലോ ഈ കുഞ്ഞുമക്കളുടെ കരച്ചിലുകള്‍...

 15. OAB said...

  ചെറിയോനെ, വല്ലാത്തൊരവസ്ഥയിലാണല്ലൊ പോസ്റ്റവസാനിപ്പിച്ചത്....
  ഛെ...ഇവിടെ വരേണ്ടിയിരുന്നില്ല!.

 16. ഉമ്പാച്ചി said...

  മുഖദാവില്‍ കാണും വരെ
  എങ്ങനെ കൊണ്ട് നടക്കും ഞാനിത്.
  ഉമ്മാമ തേക്കുന്ന എണ്ണ എന്ന് ചോദിച്ച് ഞാനും
  സംഘടിപ്പിച്ചു കുറച്ചു മുമ്പ് പേരറിയാത്ത ഒരു കാച്ചുവെളിച്ചണ്ണ.
  കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ മരണപ്പെട്ടതറിഞ്ഞപ്പോ ഉമ്മാമ അന്നാകെ ബേജാറായത് ഇനിയെനിക്കെങ്ങനെ ആ എണ്ണ കിട്ടും എന്നായിരുന്നു.
  മറ്റാര്‍ക്കുമറിയില്ല ആ എണ്ണ ഏതാണെന്ന്,
  വൈദ്യര്‍ മരിച്ചും പോയി, അത് കിട്ടീല്ലെങ്കില്‍ തല കനത്ത് പോകുമല്ലോ എന്നുമ്മാമ. ഞാന്‍ വൈദ്യരുടെ പീടികയില്‍ പോയി അപ്പോള്‍ അവിടെ ഇന്‍ ചാര്‍ജിലുള്ള മരുന്നു തറിക്കാരനോട് പറഞ്ഞു:ഉമ്മാമാന്‍റെ എണ്ണ. അയാള്‍ കൂളായി എടുത്തു തന്നു, മൂക്കിനു പിടിച്ച് മണപ്പിച്ചിട്ട് ഉമ്മാമ പറഞ്ഞു ഇത് തന്ന്യാക്കളേ..

 17. smitha adharsh said...

  ശ്രീ പറഞ്ഞ പോലെ..പുതിയ പോസ്റ്റ് സന്തോഷത്തില്‍ വായിച്ചു തുടങ്ങിയതായിരുന്നു..പക്ഷെ,ആ കുഞ്ഞിന്റെ കിടപ്പ്...
  വാക്കുകളില്ല,ഉള്ളിലെ വിഷമം എടുത്തു കാണിക്കാന്‍..

 18. ലതി said...

  കുറ്റ്യാടിക്കാരാ,

  നിങ്ങളെയൊക്കെക്കാണാനും
  നിങ്ങളൊക്കെ എഴുതുന്നതു വായിക്കാനുമാണ്
  ബൂലോകത്തു വരുന്നത്.
  വായിച്ച് രസിച്ച് വന്നപ്പോള്‍..
  കുട്ടികള്‍...ദൈവമേ..........
  ഇതെല്ലാം നിറഞ്ഞതാണ് ജീവിതം.
  ഇനി എന്തൊക്കെ കാണേണ്ടിയും കേള്‍ക്കേണ്ടിയും വരുമെന്നാര്‍ക്കറിയാം.

 19. നിരക്ഷരന്‍ said...

  ഞാനീ‍ വഴി വന്നിട്ടേയില്ല.
  വയ്യ...... :( :(

 20. Typist | എഴുത്തുകാരി said...

  എന്തു പറയണമെന്നെനിക്കറിയില്ല. സങ്കടം തോന്നുന്നു.

 21. മഴയുടെ മകള്‍ said...

  kashatam...... adyamyi vannatha.. kandatho...

 22. അപ്പു said...

  കുറ്റ്യാടീ ശരിയാണ് ഗള്‍ഫ് ന്യൂസിലെ ചിത്രങ്ങള്‍ കണ്ടിട്ട് മനസ് വല്ലാതെയാകുന്നു. പ്രത്യേകിച്ചും അതേപ്രായത്തിലുള്ള കുട്ടികളുള്ള എന്നെപ്പോലെയുള്ളവര്‍ക്ക്. ഈ മൃഗീയത എത്രയും വേഗം അവസാനിക്കട്ടെ എന്ന് നമുക്ക് ആശിക്കാം, പ്രാര്‍ത്ഥിക്കാം.

 23. പ്രയാസി said...

  നമുക്കു പ്രാര്‍ത്ഥിക്കാം..:(

 24. തലശ്ശേരിക്കാരന്‍ said...

  കുറ്റിയാടി കാരന്റെ പോസ്റ്റ് കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി, വായിച്ചപ്പോള്‍ വേണ്ടായിരുന്നു എന്ന് മനസ് പറഞു. ഖാവയും, ഖബ്സയും കായിച്ചു ടീവിയും കണ്ടിരിക്കുന്ന അറബ് സമൂഹത്തോട് പുച്ഛം തോനുന്നു. മരിച്ചവര്കുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. ഇന്ന ലില്ലഹി വാ ഇന്നാ ................

 25. Prayan said...

  നന്നായിട്ടുണ്ട്... സന്ദര്‍ഭവും സാഹചര്യവും മനുഷ്യന്റെ ഏതു പ്രവ്ര്‍ത്തിയേയും എത്രകണ്ട് സ്വാധീനിക്കുന്നു എന്നതിന് ഉദാഹരണമാണ് ഈ പോസ്റ്റ്...കുറ്റിയാടിക്കാരന്റെ വേറൊരു മുഖം...

 26. നരിക്കുന്നൻ said...

  ഈ കുഞ്ഞുശവപ്പെട്ടികള്‍ കൊണ്ട് വെട്ടിപ്പിടിച്ച ഭൂമിയില്‍ നിങ്ങളെങ്ങനെ ജീവിക്കും?

  വാക്കുകളില്ല കുറ്റിയാടീ. കണ്ണുകൾക്ക് കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു. എനിക്കൊന്ന് കരഞ്ഞ് തീർക്കണം... എന്റെ മനസ്സാക്ഷിയെ സമാധാനിപ്പിക്കാനെങ്കിലും....

 27. മാഹിഷ്മതി said...

  കുറ്റ്യാടീ,

  ബ്ലോഗ്ഗര്‍ മാരുടെ മനസ്സെല്ലാം ഒരു പോലെ തന്നെയാണെന്നു തോന്നുന്നു.എഴുതാന്‍ മാത്രമല്ല ..ഒന്നിനും മനസ്സില്ല .......
  ഒരങ്ങുമ്പോഴും ....പഠിപ്പിക്കുമ്പോഴും...എല്ലാം കുറെ നിഷ്കളങ്കമായ കുഞ്ഞു മുഖങ്ങള്‍ മനസ്സില്‍ കേറി വരുന്നു കുറച്ചു നേരമെങ്കിലും കരയിക്കാനാണെങ്കിലും......
  നമുക്കു പ്രാര്‍ത്ഥിക്കാം......ഇപ്പോഴല്ലേ പ്രാര്‍ത്ഥനയുടെ വില നമ്മള്‍ അറിയുന്നത്...ഈ നിസ്സഹായവസ്ഥയില്‍.

 28. ശിവ said...

  ഹോ! ആ ആദ്യ ചിത്രം വല്ലാത്ത വേദന തോന്നുന്നു....ടി.വി. യില്‍ ഇതൊക്കെ കാണുമ്പോഴും വിഷമം ആകും...

 29. ജിവി/JiVi said...

  രസം പിടിച്ചു വായിച്ചു പോകവെ പെട്ടെന്നൊരു ടേണ്‍. ഓ ഇങ്ങനെ വേണ്ടായിരുന്നു എന്ന് ആദ്യം തോന്നി. പിന്നെ തോന്നി, ഇതും ബ്ലോഗിങ്ങിന്റെ ഒരു സാധ്യതയാണെന്ന്. എത്ര സന്തോഷമായി എല്ലാവര്‍ക്കും ജീവിക്കേണ്ട ഈ ലോകം എത്ര കലുഷിതമാക്കാന്‍ എത്ര പെട്ടെന്ന് ചിലര്‍ക്ക് കഴിയുന്നു!!

 30. salimclt said...

  hi kuttiadikakraaa..
  GREAT.

  "മഴയുടെ മകള്‍"
  actually this is not our Kuttiadikkaran.
  we all readers are expecting something else from him. read his old posts.

  Mr.Kuttiadikkaran you have done your way of protest. you have done a great job.
  we all have to do something against Israel.

 31. achayan said...

  God........please forgive them for they not know what they do.............

 32. EKS said...

  ശക്തിയുള്ള മനുഷ്യന്‍ ദൈവമായി ചമഞ്ഞു ഇതര മനുഷ്യരെ ചൂഷണം ചെയുന്നിടത് നിന്നാണ് അക്രമങ്ങളും, യുദ്ധങ്ങളും, കൊലപാതകങ്ങളും അരങ്ങേറുന്നത് ...പണ്ടൊക്കെ 'ഞാന്‍ ആണ് ദൈവം ' എന്ന് നേര്‍ക്ക് നേരെ പറഞ്ഞിട്ടാണ് മറ്റുള്ളവരെ അടിമകളാക്കിയിരുന്നത് .!ഇന്നു ജനാതിപത്യം - ജനാതിപത്യം എന്ന് നുണ പറഞ്ഞു പണാതിപത്യം മനുഷ്യനെ ചങ്ങലക്കിടുകയാണ് ..ആരെങ്കിലും മുതലാളിക്കെതിരെ തിരിഞ്ഞു നിന്നാല്‍ താങ്കളുടെ ബ്ലോഗില്‍ കണ്ടതുപോലുള്ള പടങ്ങള്‍ സ്വന്തം വീട്ടു മുറ്റത്തും വരാം ....

 33. കുറ്റ്യാടിക്കാരന്‍ said...

  മാണിക്യേച്ചി,
  ആദര്‍ശ്,
  കുമാരന്‍,
  പാമരന്‍,
  തോന്ന്യാസി,
  ശ്രീ,
  കാസിം തങ്ങള്‍,
  ശ്രദ്ധേയന്‍,
  പകല്‍കിനാവന്‍,
  ഷിഹാബ്,
  ഓഏബി,
  ഉമ്പാച്ചി,
  സ്മിതച്ചേച്ചി,
  ലതിച്ചേച്ചി,
  നിരക്ഷരന്‍,
  മഴയുടെ മകള്‍,
  അപ്പു,
  പ്രയാസി,
  തലശ്ശേരിക്കാരന്‍,
  പ്രയാണ്‍,
  നരിക്കുന്നന്‍,
  മാഹിഷ്മതി,
  ശിവ,
  സാലിം,
  സജിത്തച്ചായന്‍,
  ഇകെ‌എസ്,
  ഷഫ്,


  ഈ കുഞ്ഞുങ്ങളെ സഹായിക്കാന്‍ നമുക്ക് പലതും ചെയ്യാന്‍ കഴിയും സുഹൃത്തുക്കളേ. ഏറ്റവും എളുപ്പത്തില്‍ നമുക്ക് പാലസ്റ്റീന്‍ റെഡ്ക്രസന്റുമായി കോണ്ടാക്റ്റ് ചെയ്യാന്‍ പറ്റും. ആ കുട്ടികള്‍ക്ക് സാമ്പത്തികമായെങ്കിലും നമുക്ക് സഹായം ചെയ്യാന്‍ പറ്റും.
  http://www.palestinercs.org/
  ഇതാണ് അവരുടെ അഡ്ഡ്രസ്. അവര്‍ക്ക് എങ്ങിനെ ഡോണേറ്റ് ചെയ്യാന്‍ പറ്റും എന്ന് ഇതില്‍ വിശദീകരിച്ചിട്ടുണ്ട്. നമ്മുടെ ഒരു സഹായവും മതിയാവില്ല അവര്‍ക്ക്. എങ്കിലും നമുക്ക് കഴിയുന്നത് ചെയ്തേ പറ്റൂ. അല്ലെങ്കില്‍ നമ്മളീ വാര്‍ത്ത കണ്ണീരെല്ലാം വെറും മുതലക്കണ്ണിരായിപ്പോകുമെന്ന് ഞാന്‍ ഭയക്കുന്നു.

  ഈ കമന്റ് എഴുതുമ്പോള്‍ കേട്ട ഏറ്റവും ക്രൂരമായ ഫലിതം: മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ഇസ്രയേല്‍ സീസ്ഫയര്‍ പ്രഖ്യാപിച്ചിരിക്കുന്നു. അവര്‍ക്കിത് കളിക്കിടയിലെ “സുല്ല്”, ഇടവേള.....

  ജിവി,
  ബ്ലോഗിന്റെ ഒരു സാധ്യത ഇതു തന്നെയാണ് ജിവി. എനിക്ക് പറ്റില്ലെങ്കില്‍ അത് തുറന്ന് പറഞ്ഞ് നിര്‍ത്താനുള്ള സൌകര്യം.

  ഇടി,
  നിങ്ങള്‍ ഈ വിക്കി ലിങ്കുകളുടെ ഡീലറാണോ?

 34. കുറ്റ്യാടിക്കാരന്‍ said...

  ആ ചിത്രം ബ്ലോഗിലിട്ടതില്‍ നിങ്ങള്‍ക്ക് വിഷമമായോ? ഗൂഗിളില്‍ പാലതീന്‍ ചില്‍ഡ്രണ്‍ എന്ന് സര്‍ച്ച് ചെയ്താല്‍ വരുന്ന ഇമേജുകള്‍ എന്തൊക്കെയാണെന്ന് നോക്കിയിട്ടുണ്ടോ? നെഞ്ച് തകര്‍ന്നുപോകും സുഹൃത്തുക്കളേ.
  എത്രകാലം ഇത് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയും നമുക്ക്? അതവിടെ തന്നെ കിടക്കട്ടെ. ഈ ബ്ലോഗ് കൊച്ചുകുഞ്ഞുങ്ങളാരും വായിക്കില്ലെന്നാണ് എന്റെ ധാരണ...

 35. യൂസുഫ്പ said...

  മനസ്സില്‍ അല്‍പം ദയ ബാക്കിയുള്ളവര്‍ക്ക് ആര്‍ക്കും ഇത്തരം കാഴ്ചകള്‍ കണ്ട് നില്‍ക്കാനാകില്ല.

 36. Free As In Freedom - Not Like Free Beer said...

  വിഷമം ഉണ്ട് സുഹൃത്തേ,
  പ്രതികരിക്കാനാവാതെ എത്ര കാലം ഇരിക്കേണ്ടിവരും നാം?

 37. മാറുന്ന മലയാളി said...

  ഒന്നും പറയാന്‍ വാക്കുകള്‍ ഇല്ല എനിക്ക്............

  ഈ ഭീകരമായ ചിത്രം കണ്ട് ലജ്ജതോന്നുന്നു എനിക്ക്.എന്തിനോ വേണ്ടി കടിപിടികൂടുകയും കൊന്നുതള്ളുകയും ചെയ്യുന്ന വെറും നിസ്സാരന്മാരായ മനുഷ്യഗണത്തില്‍ പെടുമല്ലോ ഞാനും എന്നോര്ത്ത്

 38. ഉണ്ടാപ്രി said...

  കുറ്റ്യാടീടെ പോസ്റ്റ് വായിക്കാന്‍ ഓടിപ്പാഞ്ഞു വന്നതാ...
  ആ ഫോട്ടോ കണ്ടതോടെ നെഞ്ചിലെന്തോ ഒരു വിഷമം...
  ..കാണേണ്ടിയിരുന്നില്ല...
  ഇനിയിന്നൊരു മൂഡും കിട്ടില്ല...
  യുദ്ധപ്പിശാചുകളേ നശിപ്പിക്കണേ തമ്പുരാനേ..

 39. ബിന്ദു കെ പി said...
  This comment has been removed by the author.
 40. ബിന്ദു കെ പി said...

  അതെ, നമ്മുടെ ഒരു സഹായവും മതിയാവില്ല അവര്‍ക്ക്. എങ്കിലും, പലതുള്ളി പെരുവെള്ളം എന്നല്ല്ലേ...
  ആ ലിങ്ക് തന്നതിന് ഒരുപാട് നന്ദി....

 41. engli said...

  സാലിംക പറഞ്ത്തില്‍ കൂടുതല്‍ എനികൊന്നും പറയാനില്ല

 42. ബഷീര്‍ വെള്ളറക്കാട്‌ / pb said...

  i will read it later :(

 43. Anonymous said...

  ഡിയര്‍ കുറ്റ്യാടിക്കാരാ....

  ഇപ്പൊള്‍ ഞാനും എല്ലാ സമയത്തും നമ്മുടെ ഫലസ്ത്തീന്‍ സഹോദരന്മാരെക്ച്ച്ചാണു ആലോചിക്കാരുല്ലത്. ആകെ അസ്വസ്ത്ത്നായി ഒരു മനസ്സമാധാനത്തിനു ബ്ലൊഗ് വായിക്കാന്‍ ഇരുന്നതായിരുന്നു. അപ്പോയാണു നിന്റെ വക വീണ്ടും ....... എതായാലും ഈ ബ്ലൊഗ് വഴി നീ എല്ലാവരെയും ഒരു പാട് ചിന്തിപ്പിച്ചു.

 44. രസികന്‍ said...

  എന്തു കമന്റണം എന്നെനിക്കറിയില്ല.... :(

 45. പ്രിയ said...

  ഇനി വായിക്കാനാവില്ല എന്ന് പറഞ്ഞു മനസ് തിരിച്ചു പോയി.അടക്കാനാകാതെ അടക്കാന്‍ ആഗ്രഹിക്കുന്ന കണ്ണുകള്‍. ഒരു ഞെട്ടല്‍.

  അതാണീ പോസ്റ്റിനുള്ള കമന്റ്.

 46. ലുട്ടു said...

  ഹോ....
  ആ ഫോട്ടോകള്‍ എല്ലാ മൂഡും പോയി

 47. johndaughter said...

  റിയലി സാഡ് :(

 48. കുറ്റ്യാടിക്കാരന്‍ said...

  യൂസുഫ്പ,
  മാറുന്ന മലയാളി,
  ഉണ്ടാപ്രി,
  engli
  Anonymous,
  പ്രിയ,
  ബഷീര്‍ക്ക,
  രസികന്‍,
  ലുട്ടു,
  ജോണ്‍ ഡോട്ടര്‍,


  ഇത് കണ്ടിട്ട് സങ്കടപ്പെടുകയോ? http://gaza1.wordpress.com/ ഇത് നോക്കിയോ? മനുഷ്യരായി ജനിച്ചവര്‍ക്ക് കരയാതിരിക്കാനാവില്ല.

  Free as freedom...
  വിഷമം മനസിനകത്ത് അടച്ചുവച്ച് മിണ്ടാതിരിക്കണം സുഹൃത്തേ, പ്രതികരിച്ചാല്‍ നിങ്ങള്‍ തീവ്രവാദിയായേക്കും..

  ബിന്ദു കെ.പി,
  ആ ലിങ്ക് ഉപകാരപ്രദമായെന്ന് പ്രതീക്ഷിക്കുന്നു. ഇനി എന്തെങ്കിലും ഡീറ്റെയിത്സ് വേണമെങ്കില്‍ തീര്‍ച്ചയായും ഞാന്‍ കണ്ടുപിടിച്ചു തരാം.

 49. bilatthipattanam said...

  വിസ്മയാന്ത്യത്തിലേക്ക് ഒഴുകിയെത്തിയ കഥാന്ത്യത്തില്‍ ,സ്മരണയില്‍ നിന്നും മായാത്തയീ ലോക ദു:ഖത്തിലേക്ക് വിരല്‍ ചൂണ്ടികൊണ്ടാണ് ;ഒരു കലാകാരെനെന്ന നിലയില്‍ താങ്കള്‍ മാസ്മരികത സൃഷ്ടിച്ചത് -മനസ്സില്‍ വളരെ ആഴ്തില്‍ തറച്ച മുറിവുകള്മായിട്ടായിരിക്കാം ,ഓരോ വായനക്കാരനും ഈ നിണമണിഞ്ഞ കാഴ്ചകള്‍ കണ്ടത്....

 50. najma said...

  u done ur job.. it is ur responsibility as a human being.as colege student, i can only aware my frds abt this...after reading ur blog,i discussed with my frds to form a manusript magazine...i know it wil not bring anything...but for our relief...i do not know what i doooooooooooooooooooooooooooooooooooooooooooooooooooooooo..............alas.........................................................................................................................................................................when we cannot react...this is d one and only way........................................

 51. mysterious said...

  Its so sad to see the photos... But the fact is that we are helpless. We can pray for them... but can not go and fight against their enemies..

 52. ബഷീര്‍ വെള്ളറക്കാട്‌ / pb said...

  കുറ്റ്യാടീ. ഞാന്‍ വീണ്ടും വന്നു. ദിനം പ്രതി ഇത്തരം കാഴ്ചകള്‍ കണ്ട്‌ മനസ്സും ശരീരവും മരവിച്ച അവസ്ഥയിലാണു മനുഷ്യസ്നേഹികള്‍. പ്രാര്‍ത്ഥിക്കാം ..

 53. ഉസ്മാന്‍ said...

  കുട്ടിആടിക്കാഅരാ
  ബ്ളോഗ് നന്നായിരിക്കുന്നു. കത്തിന്റെ താഴെയുള്ള ഭാഗം വേറെ കൊടുക്കാമായിരുന്നു.

 54. വിജയലക്ഷ്മി said...

  mone , ee post vaayichhu thudakkam rasihhupovukayaayirunnu..pettanna manushya mnasaakshiye njettippikkunna photosum athinte vivaranavum....enthha parayendathennariyilla...vakkukalilla...aapinjjukunjungalenthu pizhachhu..??

 55. Anonymous said...

  UPPAPPANTE CHERUPPINEPPATTI VAYICHAPPOZHE SANKADATHINTE ALAYOLI MANASSIL KUMIYAN THUDANGIYIRUNNU.. THAZHOTT VAYICHAPPO MANASSIL SANKADAM KUNNUKOODI.

 56. കുറ്റ്യാടിക്കാരന്‍ said...

  ബിലാത്തിപ്പട്ടണം,
  നജ്മ,
  മിസ്റ്റീരിയസ്,
  ഉസ്മാന്‍,
  വിജയലക്ഷ്മിച്ചേച്ചീ,
  അനോണിമസ്,

  വായിച്ചതിന് നന്ദി. ബഷീര്‍ക്ക പറഞ്ഞതുപോലെ ഈ കാഴ്ചകള്‍ കണ്ട് നമ്മുടെ മനസ് മരവിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ ഒരു മരവിപ്പ് തന്നെയാണ് വേട്ടക്കാരുടെയും ലക്ഷ്യം. കുറേനാളുകള്‍ ഇതുകണ്ടുകൊണ്ടിരിക്കുമ്പോള്‍ അതിന്റെ റിയാലിറ്റി നമ്മുടെ മനസ് തള്ളിക്കളയുന്നു.അതുകൊണ്ടുതന്നെ ഈ അനീതിയോട് പ്രതികരിക്കാനുള്ള താല്പര്യവും കുറയുന്നു. അവര്‍ക്കുവേണ്ടിയുള്ള റിലീഫ് പ്രവര്‍ത്തനങ്ങളെ വരെ ഇത് ബാധിച്ചേക്കാം. അത് സംഭവിക്കരുത്.

 57. salimclt said...

  suhair...
  postinte baki...
  please complete the POST...
  iniyum vechondirunnal...

 58. നെന്മേനി said...

  Good..really striking photos..

 59. കുറ്റ്യാടിക്കാരന്‍ said...

  നെന്മേനി,
  നന്ദി
  സാലിം,
  ഈ കഥക്ക് ബാക്കിയില്ല. ഇനി ഉണ്ടെങ്കില്‍ തന്നെ നാട്ടില്‍ പോയി വന്നിട്ട് നോക്കാം..

 60. B Shihab said...

  Ho ,really shocking

 61. അരുണ്‍ കായംകുളം said...

  രസിച്ച് വായിച്ച് വന്നതാ മാഷേ,ആ ചിത്രം കണ്ടതോടെ ഞാന്‍ തകര്‍ന്ന് പോയി.പിന്നെ കലങ്ങിയ മനസ്സോടാണ്` ബാക്കി വായിച്ചത്.ഈ അടുത്തിടയ്ക്ക് വായിച്ചതില്‍ വച്ച് ഒരു നല്ല പോസ്റ്റ്

 62. മോനൂസ് said...

  മനുഷ്യത്വമുള്ളവനാണ് യഥാറ്ത്ത കലാകാരൻ.
  കുറ്റ്യാടി എന്ന കലാകാരന്റെ പൂർണ്ണതയുള്ള പൊസ്റ്റ്.

 63. hAnLLaLaTh said...

  വായിക്കാന്‍ വന്നത് സുഹൈര്‍ ഭായിടെ തമാശയാണ്...
  കുറച്ചു നാളുകളായി പത്രം തന്നെ വായിക്കാറില്ല..
  ഇതൊന്നും കാണാന്‍ കെല്‍പ്പില്ല എന്നല്ല..
  കണ്ടാല്‍ പ്രതികരിക്കാതെ ഇരിക്കുന്നതിന്റെ നിസ്സഹായത മനസ്സിലാകും.
  പിന്നെ എന്തുണ്ടാകുമെന്ന് എനിക്ക് തന്നെ അറിയില്ല...

  "...........ഞങ്ങളുടെ പെണ്ണുങ്ങള്‍ കണ്ണീര്‍ തരുക്കളില്‍
  ഫലസ്തീന്റെ സങ്കടങ്ങള്‍ ഉല്ലേഖനം ചെയ്യുന്നു
  ഫലസ്തീന്‍ കുരുന്നുകളെ
  മനുഷ്യന്‍റെ ഉണ്മയില്‍ അവര്‍ ഖബറടക്കുന്നു
  ഫലസ്തീന്‍റെ ശിലകള്‍ ചന്ദ്രോപരിതലത്തിലേക്ക്
  അവര്‍ വഹിച്ചു കൊണ്ടു പോകുന്നു

  നമുക്കിടയിലെ വൈരം
  ഒരു കൊല്ലം കൊണ്ടു
  അഞ്ച് കൊല്ലം കൊണ്ട്
  പത്തു കൊല്ലം കൊണ്ട്
  ആയിരം കൊല്ലം കൊണ്ടും ഇല്ലാതാവുകയില്ല
  സ്വാത ന്ത്ര്യ ത്തിനു വേണ്ടിയുള്ള കലാപം
  വ്രതം പോലെ നീണ്ടതാണ്
  നിങ്ങള്‍ നിങ്ങളുടെ മാറില്‍
  മാര്‍ബിളില്‍ കൊത്തിയ മുദ്രകള്‍ പോലെ അവ ശേഷിക്കുന്നു............."

  (നിസാര്‍ ഖബ്ബാനിയെന്ന വിശ്രുത ഫലസ്തീന്‍ കവിയുടെ വരികള്‍....)

  ഉള്ളില്‍ വല്ലാത്ത തികട്ടല്‍...

 64. Jaffer Ali said...
  This comment has been removed by the author.
 65. Jaffer Ali said...

  എന്ത് അഭിപ്രമാ എഴുകാ എന്ന് പോലും അറിയുന്നിലാ

 66. ശ്രീഇടമൺ said...

  യുദ്ധമില്ലാത്ത, മനുഷ്യന്മാരെല്ലാരും പരസ്പരം സ്നേഹിക്കുന്ന ഒരു ഭൂമിയെ പറ്റി ആഗ്രഹിക്കാന്‍ മാത്രം ഭ്രാന്ത് എനിക്കുമില്ല. എങ്കിലും ഈ കുഞ്ഞുങ്ങളെയെങ്കിലും വെറുതെവിട്ടുകൂടേ?

 67. കുറ്റ്യാടിക്കാരന്‍ said...

  ബി. ഷിഹാബ്;
  അരുണ്‍‌ ;
  മോനൂസ്;
  ഹന്‍ലല;
  ജാഫര്‍ ;
  ശ്രീ‌ഇടമണ്‍ ;

  കുറച്ചു ദിവസം നാട്ടിലായിരുന്നു. തിരിച്ചു വന്ന് ഇന്നേക്ക് ഒരാഴ്ചയാവുന്നേയുള്ളൂ.മറുപടിയിടാനുള്ള ഒരു മൂഡ് വന്നില്ല. അതുകൊണ്ടാണ് റെസ്പോണ്ട് ചെയ്യാന്‍ ലേറ്റായത്.


  വായിച്ച് അഭിപ്രായം അറിയിച്ചതിന് വളരെയേറെ നന്ദി.

 68. ഗൗരിനാഥന്‍ said...

  ഇതൊക്കെ കാണാനും കേള്‍ക്കാനുമായി നമ്മളും, ഇതൊക്കെ അനുഭവിക്കാനായി കുറെ പാവാങ്ങളും..വയ്യ വായിക്കാന്‍...അത്രകുണ്ട് വിഷമം

 69. ഗൗരി നന്ദന said...

  "ഗാസയില്‍, തലക്കുമുകളിലൂടെ മിസൈലുകളും പോര്‍വിമാനങ്ങളും ചീറിപ്പറക്കുമ്പോഴും, കൂസലില്ലാതെ ബ്ലോഗെഴുതുതുന്ന പെണ്‍കുട്ടികള്‍ ഉള്ള ഈ ബ്ലോഗോസ്ഫിയറില്‍"

  അതെന്താ അങ്ങനെ പറഞ്ഞത്??ഇതൊക്കെ പെണ്‍ കുട്ടികള്‍ക്ക് അന്യമായ കാഴ്ചകള്‍ ആണെന്നോ? അതോ ഇത് കണ്ടാല്‍ വേദനിക്കില്ലെന്നോ??

  ആദ്യമായാണ്‌ ഈ വഴി....നന്ദി....

 70. വള്ളിക്കുന്ന് Vallikkunnu said...

  എന്റെ ബസ് കുറ്റ്യാടിയില്‍ എത്തിയത് വളരെ വൈകിയാണ്.. കയറിയത് മറ്റെങ്ങോട്ടോ ആണ് .. ന്നാലും ഇറങ്ങുന്നു, ഒന്ന് കാണാലോ..

 71. Kunjipenne - കുഞ്ഞിപെണ്ണ് said...

  എന്താ പറയുക
  എന്റെ നിസ്സഹായത...............

 72. മാഹിഷ്‌മതി said...

  അല്ല ആൾ എവിടെ ഒരു വിവരവും ഇല്ലല്ലൊ?

 73. കുറ്റ്യാടിക്കാരന്‍|Suhair said...

  ഗൌരിനാഥന്‍,
  വള്ളിക്കുന്ന്,
  കുഞ്ഞിപ്പെണ്ണ്,
  ഗൌരി നന്ദന,

  വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

  മാഹിഷ്മതി മാഷേ.. അല്പം തിരക്കിലാണ്. (സത്യായിട്ടും...)പിന്നെ ഒരു കഥയില്ലാത്ത കളിയും. അതുകൊണ്ടാ പുതിയ പോസ്റ്റിനൊരു കാലതാമസം.

  ആരെങ്കിലുമൊക്കെ അന്വേഷിക്കാനുണ്ട് എന്നറിയുമ്പോഴുള്ള ആ സുഖം ഒന്ന് വേറേ തന്ന്യാ മാഷേ.. താങ്ക്സ്...

 74. kadathanadan said...

  മെയ്‌ 3 ന്‌ വടകര ശിൽപ ശാലയിൽ പങ്കെടു
  ക്കാനും ശിൽപശാല വിജയിപ്പിക്കാനും താങ്കളെ താൽപര്യപൂർവ്വം ക്ഷണിക്കുകയാണ്. തീർച്ചയായും പങ്കെടുക്കുമല്ലോ.

 75. u said...

  Hi Suhair,

  First of all...sorry for leaving a comment in English. Wanted give it in Malayalam itself but i didn't install the font... but i 'll do that soon.

  I really wanted to visit your blog long back once i read the post "Ondanmarude Katha" in 'Blogana' in Mathrubhoomi weekly.

  As usual this one also was going through your normal track.... which brought me to that nostalgic feeling about our natives which even i miss a lot......

  And you are right... these barbarians won't leave even the innocent children, who don't even know the meaning of the words 'War and Peace'. The pics were really touching and i was really moved. Don worry as u were not able to complete the blog... atleast you have a good heart. That is more than enuf. The only thing wot we can do is pray for them and their bros and sisters who still are in this hell faced far front....

  Luv to read more....
  Wishing u all de best....

  pRavil
  B'lore.

 76. സൂത്രന്‍..!! said...

  കഷ്ടം തന്നെ ....
  ഈ കുഞ്ഞുങ്ങളെ കൊന്നിട്ട് ഇവർക്ക് എന്തുകിട്ടാൻ,....

 77. SAMAD IRUMBUZHI said...

  കുറ്റ്യാടിക്കാരന്റെ പുതുവര്‍ഷത്തിലെ ആദ്യ ബ്ലോഗ് കണ്ടു. മനസ്സ് മരവിച്ചു പോയി

 78. Randeep said...

  Oh Com'n. Why u did that. I was very happy that even me felt like going to ur umma's house. u disappointed me. More than anyone ever did.

  But forgiven. At least u shared a few words for the wounded.

  Anyway liked your blog. Carry on.

  Cheers
  Randeep

 79. മാര്‍...ജാരന്‍ said...

  touching

 80. കുറ്റ്യാടിക്കാരന്‍|Suhair said...

  യു,
  സൂത്രന്‍,
  സമദ്,
  രണ്‍ദീപ്,
  മാര്‍ജാരന്‍,

  വായനക്കും കമന്റുകള്‍ക്കും നന്ദി...

 81. Anonymous said...

  ഇതാണ് സമൂഹം ...മനുഷ്യര്‍ കൂട്ടം ചേരുമ്പോള്‍ ഉണ്ടാകുന്ന സമുഹം ...അവരുടെ തെറ്റിധാരണകള്‍ ...തോന്നിവാസങ്ങള്‍ ...മനുഷ്യര്‍ സ്വയം നെയ്യുന്ന ക്രൂരത വിനോദങ്ങള്‍ ...ഒരിക്കലും കിട്ടല്ല അവര്‍ക്ക് സ്വസ്ഥത ...മതംമോ രാഷ്ട്രീയംമോ ആവട്ടെ ലക്‌ഷ്യം ...എല്ലാം വ്യര്‍ത്ഥം മെന്നവര്‍ അറിയും ഒരുനാള്‍ ...അവസ്ഥമാക്കുന്ന ഫോട്ടോകള്‍ ....സത്യത്തിന്റെ മുഖം എന്നും വികൃതം ആണ്

Post Your Comment ( കമന്റ്‌ ഇവിടെയും ഇടാം)

കമന്‍റുകള്‍ കൂമ്പാരമാകുമ്പോള്‍ പോസ്റ്റുകള്‍ ഗംഭീരമാകുന്നു...
ഇവിടൊരു കമന്‍റിട്ടേക്ക്‌...