Wednesday, September 17, 2008

നോമ്പിന്റെ നാമ്പുകള്‍

നോമ്പിന്റെ സായന്തനത്തിലെ ചെറിയ മയക്കത്തിലായിരുന്നു ഞാന്‍. ഫോണ്‍ റിംഗ് ചെയ്തു. സഹോദരിയുടെ കോള്‍. അറ്റന്റ് ചെയ്തപ്പോള്‍ അപ്പുറത്ത് അവളുടെ മകള്‍, ആറുവയസുകാരി റിദ.

“മോള്‍ക്ക് ഇന്ന് ശെരിക്കും നോമ്പാണ് ട്ടോ..”

“അതെയോ? മോള്‍ക്ക് ക്ഷീണണ്ടോ?”

“ക്ഷീണൊന്നുഇല്ല, പശ്ശേ, ചെറ്ങ്ങനെ വെശക്ക്ന്ന്ണ്ട്”

“അത് കൊഴപ്പമില്ല, നോമ്പ് തീര്‍ക്കണംട്ടോ?”

“ഉം.. ഉമ്മാക്ക് കൊട്ക്കാ” അവള്‍ ഫോണ്‍ കൈമാറി.

പെങ്ങള്‍ പറഞ്ഞു, അവള്‍ സുബ്‌ഹിക്ക് എഴുന്നേറ്റ് നോമ്പിന് തയ്യാറെടുപ്പ് തുടങ്ങിയിരുന്നവത്രേ. ഇന്ന് “ശരിക്കും“ നോമ്പാണെന്ന് എന്നെ അറിയിക്കാനാണത്രെ അവള്‍ വിളിച്ചത്. അവളുടെ ആദ്യത്തെ നോമ്പ്.

“സുയൂ..”

ഫോണില്‍ അവളുടെ സഹോദരന്‍, മിന്നു. റിദയേക്കാളും മൂന്ന് വയസിന് ഇളയത്.

“എന്താ മോനേ”

“മിന്നൂക്ക് ഇന്ന് കൊറേ കൊറേ ചെറ്യേ നോമ്പ്ണ്ട് ട്ടോ..”

“ആഹാ, കൊറേ കൊറേ നോമ്പോ? ഇന്ന് എത്ര നോമ്പെട്‌ത്തൂ?”

“രാവിലെ വണ്‍ നോമ്പെടുത്തു, ചായ കുടിച്ചപ്പോ തൊറന്നു, പിന്നെ വണ്‍ നോമ്പെടുത്തു, ചോറ് വെയ്ച്ചപ്പൊ തൊറന്നു, ഇപ്പൊ പിന്നേം വണ്‍ നോമ്പുണ്ട്”

“ഇനി നാളെ എല്ലംകൂടെ ഒറ്റ നോമ്പെടുക്ക്വോ?“

“ഓ..ശരി, ഓക്കേ... ബബായ്”

അവന്റെ വാക്കുകളില്‍ ആത്മവിശ്വാസം സ്ഫുരിക്കുന്നു!

റിദ ഫോണ്‍ വാങ്ങിച്ചു എനിക്ക് വിശദീകരിച്ചു തന്നു. മിന്നു അങ്ങനെ ചെറിയ ചെറിയ നോമ്പുകള്‍ എടുത്തിട്ട് കാര്യമില്ലത്രേ. എടുക്കുകയാണെങ്കില്‍ ദിവസം മുഴുവനും നോമ്പെടുക്കണം, അവളെ പോലെ.


“ഓന്‍ ചെറിയ മോനല്ലേ, മോളുടെ അത്രേം വലുതാവുമ്പോള്‍ മുഴുവനും എടുക്കും, കേട്ടോ?”

ഞാന്‍ അവളെ സമാധാനിപ്പിച്ചു.

ഞങ്ങള്‍ കുട്ടികള്‍ക്ക് നോമ്പെടുക്കുക എന്നത് ഒരു അഭിമാനപ്രശ്നമായിരുന്നു. റമദാനില്‍ മദ്രസ ഒഴിവാണ്. ചെറിയ പെരുന്നാളും കഴിഞ്ഞ് തിരിച്ചുചെല്ലുമ്പോള്‍ ക്ലാസ്സിലെ മറ്റു കുട്ടികളേക്കാളും നോമ്പ് കൂടുതല്‍ എടുത്തു എന്ന് പറയുമ്പോള്‍ ഉണ്ടായിരുന്ന ആ അഭിമാനം, അതൊന്ന് വേറെ തന്നെ. ആറേഴു വയസുള്ളവര്‍ക്ക് അന്ന് ദൈവചിന്തയോളം തന്നെ വലുതായിരുന്നല്ലോ അഭിമാനവും.

നോമ്പെടുക്കാന്‍ മെയിന്‍ കാരണങ്ങളില്‍ ഒന്ന് ഈ കിട്ടുന്ന റെകഗ്നിഷന്‍ തന്നെയായിരുന്നു, മറ്റൊന്ന് അന്നൊക്കെ വീട്ടില്‍ ഗ്രാന്‍ഡായി നടന്നിരുന്ന നോമ്പുതുറകളും. കോഴിയട, സമൂസ, പഴം പൊരി, പഴം നിറച്ചത്, കട്ട്‌ലെറ്റ്, മുട്ടമാല, കുഞ്ഞിപ്പത്തില്, വലിയപത്തില്, ഇറച്ചിപ്പത്തില്‍, മീന്‍പത്തില്‍, കോഴിക്കറി, ഈത്തപ്പഴം പൊരിച്ചത്, ഉന്നക്കായ, ഉള്ളിവട, ബ്രെഡ്പൊരിച്ചത്, അട, കല്ലുമ്മക്കായനിറച്ചത്, പലതരം പഴങ്ങള്‍ തുടങ്ങി എന്തൊക്കെ വിഭവങ്ങളായിരുന്നു. പക്ഷെ വീട്ടിലെ അംഗ സംഖ്യ കുറഞ്ഞപ്പോള്‍ വിഭവങ്ങളുടെ എണ്ണവും കുറഞ്ഞു, ഇതൊക്കെ റമദാനില്‍ ഒരിക്കല്‍ മാത്രം കുടുംബക്കാരെയും സുഹൃത്തുക്കളെയും വിളിച്ച് നോമ്പ് തുറപ്പിക്കുമ്പോള്‍ മാത്രം കാണാന്‍ കിട്ടാന്‍ തുടങ്ങി. ഇന്നെന്റെ നോമ്പുതുറകള്‍ ഏതെങ്കിലും ഹോട്ടല്‍ ഭക്ഷണത്തില്‍ ഒതുങ്ങിയിരിക്കുന്നു.

ആത്മ നിയന്ത്രണം കൈവരിക്കാനുള്ള ആരാധനയാണ് വ്രതം. കൂടുതല്‍ കൂടുതല്‍ നന്മകള്‍ ചെയ്യാനും കഴിവതും തിന്മകളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനും നോമ്പെടുക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്. ശരീരവും മനസും ദൈവത്തിന്റെ മാര്‍ഗത്തില്‍ ശുദ്ധീകരിക്കാനുള്ള അവസരം.


“നോമ്പുകാരന്‍ കുട്ടിക്ക്” ഉമ്മയും ഉപ്പയും ഒരിത്തിരി കൂടുതലായി നല്‍കിയിരുന്ന ആ സ്നേഹം, സുബ്‌ഹിക്കെഴുന്നേല്‍പ്പിച്ച് മുഖം കഴുകിച്ച് അത്താഴമൂട്ടിത്തന്നത്‍... ആ നനുത്ത ഓര്‍മകളുടെ മധുരം ഹൃദയത്തില്‍ എന്നും തങ്ങിനില്‍ക്കുന്നു. മഗ്‌രിബ് ബാങ്ക് കൊടുത്താല്‍ അരികിലിരുത്തി നോമ്പ് തുറപ്പിച്ചു തരുമ്പോള്‍ അവരുടെ നോമ്പ് തുറക്കുന്നതിനെ പറ്റി പലപ്പോഴും അവര്‍ മറന്നുപോകുമായിരുന്നു ...

ആ ഓര്‍മ്മകള്‍ക്കൊപ്പം വ്രതത്തിന്റെ വിശുദ്ധിയെ പറ്റി അന്ന് കിട്ടിയിരുന്ന ഉപദേശങ്ങളും ഇന്നും മനസില്‍ നിലാവ് പെയ്യിക്കുന്നു. വിശപ്പിന്റെ വിഷമങ്ങളെയും ഭക്ഷണത്തിന്റെ വിലയെയും പറ്റിയുള്ള വലിയ പാഠങ്ങളായിരുന്നു അവ. ഭക്ഷണം കിട്ടാത്തവരുടെ അവസ്ഥയെപറ്റി അന്നല്ലെങ്കിലും പിന്നീട് നോമ്പുകാലം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു, ഇപ്പോഴും ഓര്‍മ്മിപ്പിക്കുന്നു.

നോമ്പുതുറക്കാന്‍ വിഭവങ്ങള്‍ മുന്നില്‍ നിറയുമ്പോഴും ഒരു നേരം പോലും കഴിക്കാന്‍ ഭക്ഷണമില്ലാത്തവരുടെ ഓര്‍മ്മകള്‍ അമിതമായി ഭക്ഷിക്കുന്നതിനെ തീര്‍ച്ചയായും തടയും. ഭക്ഷണം നല്‍കിയ ദൈവത്തെ സ്തുതിക്കാന്‍ മനസ് എന്നും ഓര്‍ക്കും.

നോമ്പിന്റെ അവസാനമണിക്കൂറുകള്‍ കഴിഞ്ഞുകിട്ടാന്‍ തുടക്കക്കാര്‍ക്ക് പാടുതന്നെയാണ്. രാത്രി ഞാന്‍ റിദയെ വിളിച്ചു. നോമ്പ് കമ്പ്ലീറ്റ് ചെയ്തോ എന്നറിയണമല്ലോ..

“ഉം.. മോള് നോമ്പ് തീര്‍ത്ത് നൊയറ്റ്ക്ക്”

നോമ്പ് മുഴുവനാക്കാന്‍ പറ്റിയതിന്റെ അഭിമാനം അവളുടെ വാക്കുകളില്‍ നിറഞ്ഞു നിന്നിരുന്നു.

വലിയ ബുദ്ധിമുട്ടായിരുന്നു എന്ന് അവളുടെ ഉമ്മ പറഞ്ഞു. “നോമ്പ് മുറിച്ചാലോ...“ എന്ന് പലപ്പോഴും അവള്‍ ചോദിച്ചിരുന്നത്രേ. ജ്യൂസടിക്കുമ്പോള്‍ “മധുരം ഞാന്‍ നോക്കാം” എന്ന ഓഫര്‍ പലപ്പോഴും അവള്‍ മുന്നോട്ട് വച്ചിരുന്നു. അവസാനം അവളുടെ പരവേശം തീര്‍ക്കാനായി നല്‍കിയ ആപ്പിള്‍ പലപ്പോഴും അവള്‍ വായിലേക്ക് കൊണ്ടുപോയി. കടിച്ചു.. കടിച്ചില്ല എന്ന നിലയില്‍ പിന്‍‌വലിക്കുകയായിരുന്നു എന്ന്...

ഒരു വിധത്തില്‍ അവള്‍ നോമ്പ് മുഴുമിപ്പിച്ചു.

“നാളേം മോള് നോമ്പെടുക്ക്വോ?”

“ഇല്ല” ഒന്നു ചിന്തിക്കേണ്ട ആവശ്യം പോലും അവള്‍ക്കുണ്ടായിരുന്നില്ല.

പക്ഷേ എനിക്കറിയാം, നാളെ നോമ്പെടുത്തില്ലെങ്കിലും മറ്റന്നാള്‍ പുലര്‍ച്ച സുബ്‌ഹി ബാങ്കിനു മുന്‍പ് ആരും വിളിക്കാതെ തന്നെ അവള്‍ എഴുന്നേല്‍ക്കും. ഉപ്പയുടേയും ഉമ്മയുടേയും കൂടെ ഭക്ഷണം കഴിക്കും. എന്നിട്ട് വീണ്ടും അവള്‍ നോമ്പ് തീര്‍ക്കാന്‍ വേണ്ടി ശ്രമിക്കും.

നോമ്പിന്റെ രുചിയറിഞ്ഞാല്‍ പിന്നെ നോമ്പെടുക്കാതിരിക്കാനാവില്ല, തീര്‍ച്ച.



ഇനിയും കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ പെരുന്നാള്‍. നോമ്പെടുത്തവരുടെ ആഘോഷം. ദാനത്തിന്റെ ദിനവും. ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന് നാഥന് നിര്‍ബന്ധമുണ്ട്. അത് നിറവേറ്റാന്‍ വിശ്വാസികള്‍ക്ക് ബാധ്യതയും.

എല്ലാ ബൂലോകര്‍ക്കും റംസാന്‍ - പെരുന്നാള്‍ ആശംസകള്‍.

ദൈവത്തിന്റെ രക്ഷയും സമാധാനവും നമ്മുടെ മേല്‍ എന്നുമുണ്ടാകട്ടെ...

60 അഭിപ്രായങ്ങള്‍:

  1. കുറ്റ്യാടിക്കാരന്‍|Suhair said...

    വ്രതത്തെ പറ്റി ഒരു പോസ്റ്റ്.

    ഇതെഴുതിക്കഴിഞ്ഞപ്പോള്‍ ചെറിയൊരു സംതൃപ്തിയുണ്ട് മനസില്‍...

  2. Anonymous said...

    Thanks a lot for the post.. Almost the similar experiences what I too had in my childhood.The recognition was that all mattered and motivated to do fasting those days. You can read my Ramdan special posts in my blog.

  3. Anonymous said...

    നോമ്പിന്റെ രുചിയറിഞ്ഞാല്‍ പിന്നെ നോമ്പെടുക്കാതിരിക്കാനാവില്ല, തീര്‍ച്ച.
    I agree completely...

  4. Anonymous said...

    നന്നായി ഈ കുറിപ്പ്‌..പലതും ഓര്‍മ്മിപ്പിച്ചു

    ആരാ ഈ കൊച്ചു മിടുക്കി...

    റമദാന്‍ ആശംസകള്‍ നേരുന്നു

  5. കുഞ്ഞന്‍ said...

    അതെ ആ വരികള്‍ അതാണ് ഈ പോസ്റ്റിന്റെ ഏറ്റവും തിളക്കമുള്ളത് “നോമ്പിന്റെ രുചിയറിഞ്ഞാല്‍ പിന്നെ നോമ്പെടുക്കാതിരിക്കാന്‍ കഴിയില്ല“.

    റിദ മോളാണൊ ഈ നിസ്കരിക്കുന്നത്..?

    എന്നാലും നോമ്പ് എടുക്കുന്നത്...രാത്രി പകലാക്കിയാല്‍ കിം ഫലം..? നോമ്പെടുക്കുമ്പോഴുള്ള മാനസീകവാസ്ഥയും നന്മയും അടുത്ത നോമ്പ് കാലം വരെ നിലനിര്‍ത്തിയിരുന്നെങ്കില്‍..! അല്ല..ചിലര്‍ പറയുന്നതു കേട്ടിട്ടുണ്ട് ഞാന്‍ നോമ്പിലായിപ്പോയി അല്ലെങ്കില്‍ കാണാമായിരുന്നു..അങ്ങിനെ പറയുന്നവരാണ് ചുമ്മാ രാത്രിയെ പകലാക്കി മാറ്റുന്നവര്‍, നെറ്റിയില്‍ നിസ്കാരത്തഴുമ്പ് വന്നതുകൊണ്ടും കാര്യമില്ല. നോമ്പിന്റെ മഹാത്മ്യം അറിയണം അങ്ങിനെ അറിഞ്ഞവരാണെങ്കില്‍ നോമ്പിന്റെ ഒരു മാസമല്ല ജീവിതം മുഴുവനും അവര്‍ പ്രവര്‍ത്തിയിലൂടെ ലോകത്ത് പ്രകാശം പരത്തും..!

    എല്ലാവര്‍ക്കും എന്റെ റംസാന്‍ ആശംസകള്‍.

  6. സാജന്‍| SAJAN said...

    കുറിപ്പ് മനോഹരമായി, റിദയുടെ പടമാണോ ഇത്?
    റംസാന്‍ ആശംസകള്‍!

  7. KV Noushad said...

    പ്രിയപ്പെട്ട് സുഹൈര്‍,
    ഒരു പിടി നനുത്ത റംസാന്‍ ഓര്‍മമകള്‍ പങ്കു വെച്ചതിന് നന്ദി!!
    കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

    സ്നേഹത്തോടെ,
    കെ.വി.നൗഷാദ് വാണിമേല്‍.
    kvnoushad@uaeu.ac.ae

  8. രസികന്‍ said...

    നന്നായിരുന്നു
    കൊച്ചുനാളിൽ തന്നെ ഇങ്ങനെ നോമ്പെടുക്കാൻ പരിശീലിപ്പിച്ചാം മുതിർന്നാൽ നോമ്പൊരു ഭാരമാവില്ല
    റിദക്കുട്ടിക്കും സുഹൈറിനും കുടുംബത്തിനും എല്ലാ ബൂലോകർക്കും റംസാൻ, ഈദ് ( അഡ്വാൻസായി) ആശംസകൾ

  9. G.MANU said...

    റംസാന്‍ ആശംസകള്‍ (നോമ്പ് പോസ്റ്റ് ഒരു കുളിര്‍ സ്പര്‍ശമായി))

  10. നിരക്ഷരൻ said...

    “നോമ്പിന്റെ രുചിയറിഞ്ഞാല്‍ പിന്നെ നോമ്പെടുക്കാതിരിക്കാനാവില്ല, തീര്‍ച്ച“

    എനിക്കറിയാം, ആ രുചി.അബുദാബീലുള്ളപ്പോളൊക്കെ നോമ്പ് എടുക്കാറുണ്ടായിരുന്നു. 10 വര്‍ഷത്തിനിടയില്‍ നാല് നോമ്പ് മാസങ്ങളില്‍ ഞാനാ രുചി അറിഞ്ഞിട്ടുണ്ട്.

  11. ജിജ സുബ്രഹ്മണ്യൻ said...

    റംസാന്‍ ആശംസകള്‍..

  12. ഷിജു said...

    കുറ്റ്യാടീക്കാരാ,,,
    നോമ്പിനെ പറ്റിയുള്ള ഈ പോസ്റ്റ് നന്നായിരുന്നു,
    എന്റെ എല്ലാ നോമ്പ് ആശംസകളും നേരുന്നു.

  13. Shaf said...

    രാവിലെ ജി-ടാക്കില്‍ കണ്ടപ്പോള്‍ തന്നെ ചോദിക്കണമെന്ന് കരുതിയതാ പോസ്റ്റോന്നും കാണാറില്ലല്ലോ എന്ന്..
    വളരെ നന്ദായി ഈ പരിശുദ്ധമാസത്തില്‍ വ്രതത്തെ കുറിച്ചുള്ളോരു കുറീപ്പ്..
    ആദ്യം എഴുതിയ ആ വിഭവങ്ങളൊക്കെയുണ്ടല്ലോ ഞാന്‍ ഇവിടെ വന്നതിനുശേഷമുള്ള ആദ്യ റമദാന്‍ തലശ്ശേരിക്കാരുടെ ഒപ്പമായിരുന്നു അന്ന് കഴിച്ചതാ അതെല്ലാം അതിനുശേഷം ഇപ്പോളാ ഓര്‍മവന്നത്..
    പോസ്റ്റിന്റെ മധുരം പോലെ തന്നെ അതും
    പിന്നെ റിദമോളോട് പ്രത്യാക അന്വേഷണം..

    നോമ്പിന്റെ രുചിയറിഞ്ഞാല്‍ പിന്നെ നോമ്പെടുക്കാതിരിക്കാനാവില്ല, തീര്‍ച്ച..

  14. കനല്‍ said...

    നല്ല പോസ്റ്റ്

    എടുത്ത നോമ്പുകളുടെ എണ്ണത്തില്‍ ഇനിയും അക്കങ്ങള്‍ എഴുതി കൂട്ടാന്‍ റിദ്ദ മോള്‍ക്ക് ആശംസകള്‍!
    റമദാന്‍ ആശംസകള്‍

  15. പാമരന്‍ said...

    “രാവിലെ വണ്‍ നോമ്പെടുത്തു, ചായ കുടിച്ചപ്പോ തൊറന്നു, പിന്നെ വണ്‍ നോമ്പെടുത്തു, ചോറ് വെയ്ച്ചപ്പൊ തൊറന്നു, ഇപ്പൊ പിന്നേം വണ്‍ നോമ്പുണ്ട്”

    കുറ്റീ നിങ്ങടെ വില്‍പത്രത്തില്‍ ഈ ബ്ളോഗ്‌ ആ അനന്തരവനു തന്നെ എഴുതി വെച്ചേക്കണേ.. :)

    ആശംസകള്‍..!

  16. siva // ശിവ said...

    വ്രതത്തെ കുറിച്ചുള്ള ഈ കുറിപ്പ് എനിക്ക് ഒരു പാഠമാണ്...നന്ദി...ഹൃദയത്തില്‍ നിന്നും സ്നേഹം നിറഞ്ഞ കുറെ റമദാന്‍ ആശംസകള്‍...

  17. ജിവി/JiVi said...

    റംദാന്‍ ആശംസകള്‍

  18. smitha adharsh said...

    എന്ത് പറയാന്‍..ഈ പോസ്റ്നെ പറ്റി? എന്തെങ്കിലും പറഞ്ഞു പോയാല്‍ അത് വളരെ കുറഞ്ഞു പോകും....നന്മ നിറഞ്ഞ മനസ്സുകളുടെ നോമ്പ്..ത്യാഗം..അതിനെ പറ്റി..നന്നായറിയാം..കുഞ്ഞു മനസ്സിന്റെ നോമ്പും,നോമ്പ് മുറിക്കലും..എല്ലാം മനസ്സിലൂടെ കണ്ടു..
    റംസാന്‍ ആശംസകള്‍..

  19. സുമയ്യ said...

    നോമ്പിന്റെ ആത്മസത്ത ഉള്‍കൊണ്ട് ആരുണ്ട് ഇന്ന് നോമ്പ് എടുക്കാന്‍ .....?

  20. DD said...

    രാവിലെ വണ്‍ നോമ്പെടുത്തു, ചായ കുടിച്ചപ്പോ തൊറന്നു, പിന്നെ വണ്‍ നോമ്പെടുത്തു, ചോറ് വെയ്ച്ചപ്പൊ തൊറന്നു, ഇപ്പൊ പിന്നേം വണ്‍ നോമ്പുണ്ട്”

    ishtapettu...

  21. കുറ്റ്യാടിക്കാരന്‍|Suhair said...

    Nishana,
    Thanks for your visit and comments.

    ബഷീര്‍ക്ക,
    കുഞ്ഞന്‍,
    സാജന്‍,

    നന്ദി. അത് റിദയുടെ പടം തന്നെ, പക്ഷെ അല്‍പ്പം മുന്‍പ് എടുത്തതാണ്, ഒരു രണ്ട് രണ്ടര വര്‍ഷം മുന്‍പ്.
    കുഞ്ഞന്‍ പറഞ്ഞ കമന്റിന് താഴെ എന്റെ വക ഒരു ഒപ്പ്.

    നൌഷാദ്ഭായ്,
    വളരെയേറെ നന്ദി.

    രസികന്‍,
    മനു ജി,
    നിരക്ഷരന്‍,
    കാന്താരിച്ചേച്ചി,
    ഷഫ്,
    ഷിജു,
    കനല്‍,

    ആശംസകള്‍ക്ക് നന്ദി. അന്വേഷണങ്ങള്‍ റിദക്ക് കൈമാറിയേക്കാം.

    പാമരന്‍,
    ഈ ബ്ലോഗിലെ ആദ്യത്തെ പോസ്റ്റ് തന്നെ അവനെ പറ്റിയായിരുന്നു. ചില നേരത്ത് അവന്റെ ഡയലോഗുകള്‍ കേള്‍ക്കുമ്പോള്‍ അവന്‍ എന്റെ അനന്തിരവനാണോ അതോ ഞാനാണോ അവന്റെ അനന്തിരവന്‍ എന്ന് വരെ തോന്നാറുണ്ട്.
    അവന് മൂന്ന് മാസമുള്ളപ്പോള്‍ കണ്ടതാണ്. പിന്നെ അവര്‍ നാട്ടില്‍ പോകുമ്പോള്‍ ഞാന്‍ ഇവിടെ, ഞാന്‍ നാട്ടില്‍ പോകുമ്പോള്‍ അവര്‍ ഗള്‍ഫില്‍...
    എന്ത് പറയാന്‍... :(

    ശിവ,
    ജിവി,
    സ്മിതടീച്ചര്‍,
    ദേവിദാസ്,

    വളരെയേറെ നന്ദി.

    സുമയ്യ,
    പലരുമുണ്ട് സുമയ്യ, എനിക്കറിയാം.

  22. Vellayani Vijayan/വെള്ളായണിവിജയന്‍ said...

    “റംസാന്‍ ആശംസകള്‍”.....
    വെള്ളായണി വിജയന്‍

  23. Kichu $ Chinnu | കിച്ചു $ ചിന്നു said...

    കുറെ ചെറ്യ്യേ ചെറ്യേ നോമ്പെടുത്തു എന്ന് പറഞ്ഞത് കലക്കി... :) നല്ല പോസ്റ്റ്.. പിന്നെ ആ കൊചു സുന്ദരിക്കുട്ടീടെ പടവും നന്നായി

  24. TATA said...

    എന്നും പുഴക്കടവില്‍ നിന്നോടൊപ്പം കുളിക്കാന്‍ ഞാനും ഉണ്ടായിരുന്നു. സോപ്പ്‌ നീ മാത്രമായിരുന്നു കൊണ്ടുവന്നിരുന്നത്‌. കാരണം, നിന്റെ ശരീരത്തിലല്ലേ ചെളിയുണ്ടാവൂ! നമ്മുടെ പുഴയുടെ ഒരു ഫോട്ടോ കൂടി ഇതില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
    -അടുക്കത്തുള്ള ഒരു കൂട്ടുകാരി

  25. കുറ്റ്യാടിക്കാരന്‍|Suhair said...

    വിജയന്‍ സര്‍,
    ആദ്യമായിട്ടാണിവിടെ... വളരെയേറെ നന്ദി.

    കിച്ചു$ചിന്നു,
    ആ സുന്ദരിക്കുട്ടിയോടും കുസൃതിക്കുട്ടനോടും കമന്റുകള്‍ വന്ന കാര്യം പറഞ്ഞിട്ടുണ്ട്. രണ്ടും വലിയ ഹാപ്പിയാ!

  26. കുറ്റ്യാടിക്കാരന്‍|Suhair said...

    റ്റാറ്റാ, ഇത് ഷബിക്ക് വേണ്ടി...

    എന്നും പുഴക്കടവില്‍ കുളിക്കുമ്പോള്‍ എന്റെ ശരീരത്തില്‍ ചെളിയുണ്ടായിരുന്നെങ്കിലും സോപ്പ് കൊണ്ട് കഴുകാറുണ്ടായിരുന്നു എന്ന് പറഞ്ഞ് ഇവിടെ എന്റെ മാനം കാത്തല്ലോ കൂട്ടുകാരീ... വളരെയേറെ നന്ദി.

    നിനക്കും ഭര്‍ത്താവിനും മോള്‍ക്കും എല്ലാ പ്രാര്‍ത്ഥനകളും...
    qw_er_ty

  27. Arun Meethale Chirakkal said...

    നോമ്പുതുറകളും. കോഴിയട, സമൂസ, പഴം പൊരി, പഴം നിറച്ചത്, കട്ട്‌ലെറ്റ്, മുട്ടമാല, കുഞ്ഞിപ്പത്തില്, വലിയപത്തില്, ഇറച്ചിപ്പത്തില്‍, മീന്‍പത്തില്‍, കോഴിക്കറി, ഈത്തപ്പഴം പൊരിച്ചത്, ഉന്നക്കായ, ഉള്ളിവട, ബ്രെഡ്പൊരിച്ചത്, അട, കല്ലുമ്മക്കായനിറച്ചത്, പലതരം പഴങ്ങള്‍ തുടങ്ങി എന്തൊക്കെ വിഭവങ്ങളായിരുന്നു...ho sahikkan vayya aalochikkumbol trhanne naavil...ithavanna naattil poyappol nombu thurannu...pinne ningall kuttiadikkarananenkil njaan kallachikkaranaa....Ramzaan aaasamsakall...

  28. പിള്ളേച്ചന്‍ said...

    റംസാന എന്താ കുറ്റ്യാടി സ്പെഷ്യാല്
    ഞാന് ബർദുബായിക്ക് വരണുണ്ട്

  29. Typist | എഴുത്തുകാരി said...

    റംസാന്‍ ആശംസകള്‍. റിദമോള്‍ക്കും മിന്നുക്കുട്ടനും കൂടി കൊടുക്കണേ.

  30. കുറ്റ്യാടിക്കാരന്‍|Suhair said...

    അരുണ്‍,
    സന്തോഷം നാട്ടുകാരാ, ഇവിടം വരെ ഒന്ന് വന്നതില്‍...

    പിള്ളേച്ചന്‍,
    കുറേ നാളുകള്‍ക്ക് ശേഷം കാണാന്‍ കഴിഞ്ഞതില്‍ വളരെയേറെ സന്തോഷം. തോന്ന്യാശ്രമത്തില്‍ ഇതിനുള്ള മറുപറ്റി ഞാന്‍ ഇട്ടിട്ടുണ്ട്.

    എഴുത്തുകാരി,
    ആദ്യമായുള്ള ഈ സന്ദര്‍ശനത്തിന് നന്ദി. ആശംസകള്‍ അവരെ അറിയിച്ചേക്കാം..

  31. Sherlock said...

    kuttyadi, nice writing..

    റംസാന്‍ - പെരുന്നാള്‍ ആശംസകള്‍.

  32. അരുണ്‍ കരിമുട്ടം said...

    റംസാന്‍ ആശംസകള്‍

  33. Anonymous said...

    കമന്റ് ഇടാന്‍ ബയങ്കര വെശമം

  34. Anonymous said...

    നോമ്പിനെ പറ്റി അറിയുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം എത്തുക പുനത്തില്‍ കുഞബ്ദുള്ളയുടെ സ്മാരകശിലകളില്‍ ആണ് .ക്വാലിയാരുടെ നോമ്പ് അറിയിപ്പും മലബാര്‍ നോമ്പിന്റെ വിഭവ സമ്രുദ്ധിയും ....വല്ലത്തൊരു nolstalgia. എന്റെ ഏതൊരു റമളാന്‍ മാസവും സ്മാരകശിലയിലൂടെയെ കടന്നു പോകാറുള്ളൂ.കുറ്റ്യാടിക്കരന്റെ പോസ്റ്റ് കണ്ടപ്പോള്‍ പൂക്കുഞ്ഞീബിയെയും കുഞ്ഞാലിയെയും ഓര്‍ത്തുപോയി(സ്മാരകശിലകള്‍) വീണ്ടും ഒരു നോമ്പു കാലം

  35. rumana | റുമാന said...

    ഒരു നോമ്പെടുത്ത ആനന്ദം.. മോള് നന്നായിട്ടോ...

  36. ശ്രീ said...

    വായിയ്ക്കാന്‍ സ്വല്പം വൈകി.
    ഇതു വായിച്ചപ്പോഴും ഒരു സംതൃപ്തിയുണ്ട് മാഷേ...

    സ്ക്കൂളില്‍ പഠിച്ചിരുന്ന കാലത്ത് മുടങ്ങാതെ നോമ്പെടുത്തിരുന്ന ചില സുഹൃത്തുക്കളെ പറ്റി ഓര്‍ത്തു.

  37. കുറ്റ്യാടിക്കാരന്‍|Suhair said...


    ജിഹേഷ്,
    അരുണ്‍ കായംകുളം,
    മാഹിഷ്മതി,
    റുമാന,
    ശ്രീ

    വളരെയേറെ നന്ദി സുഹൃത്തുക്കളേ..

  38. Anonymous said...

    ഞാന്‍, റിദ മോള്‍ക്ക് അവളെ കുറിച്ചെഴുതിയ ഈ പോസ്റ്റിന്റെ ഒരു പ്രിന്റെടുത്ത് അവളുടെ കയ്യില്‍ കൊടുത്തു..അവള്‍ നിറഞ്ഞ ഒരു പുഞ്ചിരി തിരികെ തന്നു..
    അവള്‍ ഭയങ്കര ഹാപ്പി.. ഞാനും.,
    നീ ഹാപ്പിയല്ലേ...?

  39. ബമ്പന്‍!! said...

    ഞാന്‍, റിദ മോള്‍ക്ക് അവളെ കുറിച്ചെഴുതിയ ഈ പോസ്റ്റിന്റെ ഒരു പ്രിന്റെടുത്ത് അവളുടെ കയ്യില്‍ കൊടുത്തു..അവള്‍ നിറഞ്ഞ ഒരു പുഞ്ചിരി തിരികെ തന്നു..
    അവള്‍ ഭയങ്കര ഹാപ്പി.. ഞാനും.,
    നീ ഹാപ്പിയല്ലേ...?

  40. കുറ്റ്യാടിക്കാരന്‍|Suhair said...

    ബമ്പാ!...
    ഞാന്‍ വളരേ ഹാപ്പി. ഇതിന്റെ ഒരു പ്രിന്റെടുത്ത് കൊടുക്കാന്‍ ഞാന്‍ റിദയുടെ ഉപ്പയോട് പറഞ്ഞിരുന്നു. നീ തന്നെ അത് ചെയ്തതില്‍ വളരെയേറെ നന്ദി.

    ഇഞ്ഞ് ആളൊരു ബമ്പന്‍ തന്നെ!!

  41. നരിക്കുന്നൻ said...

    നോമ്പിന്റെ രുചിയറിഞ്ഞാല്‍ പിന്നെ നോമ്പെടുക്കാതിരിക്കാനാവില്ല, തീര്‍ച്ച.

    റിദമോൾക്കും കുറ്റിയടിക്കാരനും കുടുംബത്തിനും പെരുന്നാൾ ആശംസകൾ.

  42. umbachy said...

    കുറ്റ്യാടീ...
    കണ്ടു ഇപ്പോള്‍, ഇനി എന്നും വരാം ട്ടോ.
    ദുബായീല്‍ ആണോ, ഒന്നു വിളിക്കാമോ.
    0557296727

  43. ഹന്‍ല്ലലത്ത് Hanllalath said...

    സ്വന്തം അനുഭവം എന്ന നിലയില്‍ വിവരണം നന്ന് ......
    വായനാ സുഖം ഉണ്ട്,....മനോഹരം ആണെന്നും ഞാന്‍ പറയാം .....
    പറയാം എന്നല്ല മനോഹരം തന്നെയാണ് ....

    പക്ഷെ .......
    നമ്മളൊക്കെ വിഭവ സമൃദ്ധമായി തുറക്കുന്ന നോമ്പ് തന്നെ
    ചോറും എന്തെങ്കിലും കറി ഉണ്ടെങ്കില്‍ അതുമായി തീര്‍ക്കുന്ന ആളുകളെ എനിക്കറിയാം ....

    പണക്കാരുടെ അടുക്കള മണം പിടിച്ചു നടക്കുന്ന പുരോഹിതരും ,
    തറവാട്ടു മഹിമ പണത്തില്‍ തീക്കുന്ന സമുദായ പ്രമാണികളും സ്രഷ്ടിക്കുന്ന സമുദായ 'നന്മകള്‍ ' എത്രയാണെന്ന് ആലോചിച്ചിട്ടുണ്ടോ ...?

    റമളാന്‍ ഇരുപത്തിയേഴിനു പണക്കാരുടെ വീട്ടു മുറ്റത്ത്‌ നീണ്ട നിരകളില്‍
    മുഷിഞ്ഞ തട്ടങ്ങള്‍ കാണാമല്ലോ...
    ചില്ലറത്തുട്ടുകള്‍ നല്കി അഭിമാനിക്കനാണോ മതം പഠിപ്പിക്കുന്നത്‌...?
    മതം സ്വന്തം ജീവിതത്തിനായി പാകപ്പെടുത്തുന്നവരാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം

    നമ്മളെന്നാണ് നമ്മില്‍ നിന്നും മാറി
    മറ്റുളളവരിലേക്ക് കൂടി ചിന്തിച്ചു തുടങ്ങുന്നത്...?

    എന്നിട്ടും നമ്മള്‍ ആഘോഷിക്കുകയാണ് നോമ്പ്.........!!
    എന്നാണ് ഈ പായാരം പറച്ചിലും ആത്മ രതിയും നിറുത്തുക...?!

    ( എന്‍റെ അഭിപ്രായം വൈയക്തികമായി എടുക്കാതിരിക്കുക...)

  44. കുറ്റ്യാടിക്കാരന്‍|Suhair said...

    നരിക്കുന്നന്‍,
    ഉമ്പാച്ചി,

    നന്ദി. :)

  45. കുറ്റ്യാടിക്കാരന്‍|Suhair said...

    പ്രിയപ്പെട്ട ഹന്‍ല്ലലത്ത്,

    താങ്കളെക്കൊണ്ട് ഇങ്ങനെയൊരു കമന്റ് എഴുതിപ്പിക്കാന്‍ ഈ പോസ്റ്റ് പ്രേരിപ്പിച്ചതിന് ക്ഷമ ചോദിക്കുന്നു.

    ഞാന്‍ ഈ പോസ്റ്റ് എഴുതിയത് ഒരു “നോമ്പാശംസയില്‍“ ഇത് നിര്‍ത്തണമെന്ന് കരുതിയോ, നോമ്പിന്റെ വിഭവസ‌മൃദ്ധിയെപറ്റി എന്തെങ്കിലും പറയണമെന്ന് കരുതിയോ അല്ല.

    കുട്ടിയായിരിക്കുമ്പോള്‍ നോമ്പിനെ പറ്റി മനസിലാകാതിരുന്ന പലതും വലുതാകുംതോറും ഞാന്‍ മനസിലാക്കിയിട്ടുണ്ട്. പണക്കാരുടെ അടുക്കള മണം പിടിച്ചു നടക്കുന്ന പുരോഹിതന്മാരെ പറ്റിയും,തറവാട്ടു മഹിമ പണത്തില്‍ തീക്കുന്ന സമുദായ പ്രമാണികളെ പറ്റിയും എനിക്കറിയാം.

    ചോറും കറിയും പോലുമില്ലാതെ നോമ്പ് തുറക്കുന്നവരെ പറ്റിയും എനിക്ക് മനസിലാക്കാന്‍ കഴിയുന്നുണ്ട്.

    നോമ്പ് നോല്‍ക്കാന്‍ വലിയ സൌകര്യമില്ലാത്ത രീതിയില്‍ കേരളത്തിന് പുറത്ത് പഠിക്കുമ്പോഴും, പിന്നീട് ജോലി ചെയ്യുമ്പോഴും ഞാന്‍ ഇത് പലപ്പോഴും അനുഭവിച്ചിട്ടുമുണ്ട്. (നോമ്പ് തുറക്കാനുള്ള സൌകര്യമില്ലാത്തത് കൊണ്ട് മാത്രം, ദൈവം സഹായിച്ച് നോമ്പ് തുറക്കാനുള്ള വക ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടായിട്ടില്ല. ദൈവത്തിന് സ്തുതി.) അന്നൊക്കെ ഒരു നേന്ത്രപ്പഴം കൊണ്ട് നോമ്പ് നോല്‍ക്കുകയും ഒരു പാക്ക് ബ്രെഡ് കൊണ്ട് തുറക്കുകയും ചെയ്തിട്ടുമുണ്ട്. ജോലി സംബന്ധമായ യാത്രകളില്‍ പലപ്പോഴും ഒന്നും കഴിക്കാതെ നോമ്പ് നോറ്റിട്ടുണ്ട്, വെറും പച്ചവെള്ളം കുടിച്ച് അത് തീര്‍ത്തിട്ടുമുണ്ട്.

    പക്ഷെ ഈ പോസ്റ്റ് എഴുതിയതിന് കാരണം അതൊന്നുമല്ല. എന്റെ കൊച്ചുമരുമകള്‍ ആദ്യമായൊരു നോമ്പെടുത്തു എന്ന് എന്നെ വിളിച്ചു പറഞ്ഞതിന്റെ സന്തോഷത്തില്‍ ഞാന്‍ ബാല്യകാലത്തെ ഓര്‍ത്തു. അന്നത്തെ നോമ്പുതുറകള്‍ എന്റെ മനസില്‍ വരച്ചിരുന്ന ചിത്രം ഞാന്‍ ഇവിടെ പകര്‍ത്തി. അതുകൊണ്ട് ഇതില്‍ അല്‍പ്പം പായ്യാരമുണ്ടായിപ്പോയി, ക്ഷമിച്ചു കളയൂ...

    ഞാന്‍ കൊടുക്കേണ്ട സക്കാത്ത് വാങ്ങാന്‍ ആരും എന്റെ വീട്ടുമുറ്റത്ത് വരേണ്ടി വന്നിട്ടില്ല, ഇന്‍ശാ അല്ലാഹ് ഇനി വരികയുമില്ല. സക്കാത്ത് എന്റെ ഔദാര്യമല്ലെന്നും അത് അതിനര്‍ഹതയുള്ളവരുടെ അവകാശമാണെന്നും അവര്‍ക്ക് അത് ഉപയോഗപ്രദമായ രീതിയില്‍ എത്തിച്ചുകൊടുക്കേണ്ട ബാധ്യത എനിക്കുണ്ടെണ്ടെന്നും എനിക്കറിയാം. അത് കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കുന്നുണ്ട്. റമദാന്‍ ഇരുപത്തിയേഴിന് എന്റെ നാട്ടിലെ പണക്കാരുടെ വീട്ടുമുറ്റങ്ങളില്‍ നിങ്ങള്‍ക്ക് ആ വലിയ ക്യൂ കാണാന്‍ കഴിയില്ല. ഹന്‍ല പറഞ്ഞ ആ അവസ്ഥ മാറാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരെ സഹായിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.

    ഞാനിവിടെ അവരുടെ വിഷമങ്ങളെ പറ്റി ഒരു പോസ്റ്റെഴുതുന്നതില്‍ വലിയ കാര്യമൊന്നുമില്ലെന്നാണെന്റെ വിശ്വാസം, അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയാണ് ഞാന്‍ ചെയ്യേണ്ടത്. പക്ഷെ ഞാന്‍ എന്തൊക്കെ ചെയ്യുന്നു എന്ന് വിളിച്ചുപറയാന്‍ എനിക്ക് ഇഷ്ടമല്ല.

    ഇങ്ങനെയൊരു കമന്റിടാന്‍ വഴിവച്ച ഹന്‍ലക്ക് വളരെയേറെ നന്ദി. എന്റെ ഈ പോസ്റ്റിനേക്കാളും പ്രസക്തി താങ്കളുടെ ആ കമന്റിനുണ്ട്. ഇനിയും താങ്കളുടെ അഭിപ്രായങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുന്നു...

  46. Appu Adyakshari said...

    നല്ല പോസ്റ്റ്. വായിച്ചപ്പോഴേക്കും പെരുനാളിങ്ങെത്തി. അതിനാല്‍ ഈദ് മുബാറക് നേരട്ടെ !!

  47. കുറ്റ്യാടിക്കാരന്‍|Suhair said...

    അപ്പുവേട്ടാ,
    മറുപടിക്കമന്റിടുമ്പോഴേക്ക് പെരുന്നാള്‍ കഴിഞ്ഞു പോയി. അതിനാല്‍ ബിലേറ്റഡ് ഈദ് മുബാറക്ക്!

  48. K C G said...

    റിദക്കുട്ടി മിടുമിടുക്കി
    അടുത്ത വര്‍ഷം മോള് കൂടുതല്‍ നോമ്പെടുക്കും.

  49. ഭൂമിപുത്രി said...

    ഇതു വായിയ്ക്കാൻ വൈകിയല്ലൊ.
    നൊയമ്പിന്റെ സന്തോഷവും സംതൃപ്തിയും വരികളിലൂടെ നന്നായി പകർന്നുകിട്ടി കേട്ടൊ

  50. ഉപ ബുദ്ധന്‍ said...

    ബുദ്ധിമുട്ടി നോമ്പ് അനുഷ്ടിക്കുന്നത് കൊണ്ട് വല്ല ഫലവുമുണ്ടാകുമോ?
    എന്‍റെ സംശയമാണ്...ഒന്നും വിചാരിക്കരുത്.

  51. കുറ്റ്യാടിക്കാരന്‍|Suhair said...

    ഗീതേച്ചീ, ഭൂമിപുത്രീ,
    വളരെയേറെ നന്ദി.

    ഉപബുദ്ധന്‍,
    പ്രായപൂര്‍ത്തിയായവരെല്ലാം നോമ്പ് നോല്‍ക്കണമെന്നാണ്. നോമ്പ് എന്നാല്‍ വെറും പട്ടിണി കിടക്കലല്ല. അരാധനകള്‍ വര്‍ദ്ധിപ്പിക്കലും പാപങ്ങളില്‍ നിന്നും ദുഷ്പ്രവൃത്തികളില്‍ നിന്നും അകന്നു നില്‍ക്കലും നോമ്പിന്റെ ഭാഗമാണ്. ഇതൊന്നുമില്ലാതെ വിശന്നിരിക്കുന്നതില്‍ കാര്യമൊന്നുമില്ല.

    പിന്നെ ഏത് ആരാധനയായാലും ആളെകാണിക്കാന്‍ വേണ്ടി ചെയ്യുന്നത് വെറുതെയാണ്. നോമ്പിന്റെ കാര്യവുമതേ..

    യാത്രക്കാര്‍ക്കും രോഗികള്‍ക്കും നോമ്പ് നിര്‍ബന്ധമില്ല. അവര്‍ പിന്നീടൊരിക്കല്‍ അത് നോറ്റാല്‍ മതി. അതിനും കഴിയാത്തവര്‍ ഒരു പാവപ്പെട്ടവന് ഒരു ദിവസത്തെ ഭക്ഷണം നല്‍കിയാലും മതി. അപ്പോള്‍ നോമ്പുകാരണം ബുദ്ധിമുട്ടുണ്ടാവാന്‍ സാധ്യത കുറവാണ്.

    കുട്ടികള്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല. പക്ഷെ നോമ്പ് ശീലമാകാന്‍ ചെറുപ്പത്തിലേ നോമ്പെടുക്കുന്നതാണ് നല്ലത്. അതുകൊണ്ട് തന്നെ മിക്കവരും ചെറുപ്പത്തില്‍ തന്നെ നോമ്പെടുക്കാറുണ്ട്. തുടക്കത്തിലെ ബുദ്ധിമുട്ടുകള്‍, അത് ഏത് കാര്യത്തിലായാലും സാധാരണമല്ലേ? ആ ബുദ്ധിമുട്ടുകള്‍ക്ക് ദൈവം പ്രതിഫലം നല്‍കുമെന്ന വിശ്വാസത്തിലല്ലേ നമ്മുടെയൊക്കെ ജീവിതം...

    ഇതിലും ആധികാരികമായ വിവരങ്ങള്‍ വേണമെങ്കില്‍ പറയൂ, ഞാന്‍ സംഘടിപ്പിച്ചു തരാം. സംശയം ചോദിച്ചതില്‍ വളരെയേറെ സന്തോഷം.
    ഇനിയും ഇവിടെക്കാണുമല്ലോ, അല്ലേ?

  52. രമ്യ said...

    നോമ്പുതുറക്കാന്‍ വിഭവങ്ങള്‍ മുന്നില്‍ നിറയുമ്പോഴും ഒരു നേരം പോലും കഴിക്കാന്‍ ഭക്ഷണമില്ലാത്തവരുടെ ഓര്‍മ്മകള്‍ അമിതമായി ഭക്ഷിക്കുന്നതിനെ തീര്‍ച്ചയായും തടയും. ഭക്ഷണം നല്‍കിയ ദൈവത്തെ സ്തുതിക്കാന്‍ മനസ് എന്നും ഓര്‍ക്കും

  53. മുസാഫിര്‍ said...

    കാണാന്‍ കുറച്ചു വൈകി.നന്നായിരീക്കുന്നു ഈകുറിപ്പ്.

  54. കുറ്റ്യാടിക്കാരന്‍|Suhair said...

    രമ്യ,
    മുസാഫിര്‍,
    താങ്ക്സ്..

  55. എ.ജെ. said...

    കാണാന്‍ കുറെ വൈകി ...
    നല്ല പോസ്റ്റ് ..

  56. കുറ്റ്യാടിക്കാരന്‍|Suhair said...

    എ.ജെ,

    Thank you dear...

  57. Unknown said...

    നല്ല പോസ്റ്റ് കൂട്ടുകാരാ ഇപ്പഴാ ശരിക്കും വായിച്ചെ

  58. കുറ്റ്യാടിക്കാരന്‍|Suhair said...

    വളരെയേറെ നന്ദി, അനൂപ് കോതനല്ലൂര്‍

  59. Rejoy Poomala said...

    ഗംഭീരം ! അത്രതന്നെ ..

  60. ഒരു നുറുങ്ങ് said...

    കുറ്റ്യാടിക്കാരാ...

    വായിക്കാന്‍ വൈകിപ്പോയി..അതു കൊണ്ട് കമന്‍റ് ഈ
    വരുന്ന റമദാനില്‍ മതി...
    വൊ കാഗ്സ് കി കശ്തി ..യെ വാരിഷ് കി പാനീ...
    ...നോമ്പിന്‍റെ നൊസ്റ്റാള്‍ജി പിറകോട്ട് വലിച്ചുകൊണ്ട്
    പോയതിന്‍ ന്ന്ദിയുണ്ട് കുറ്റ്യാടിക്കാരാ..മബ്റൂക്...

Post Your Comment ( കമന്റ്‌ ഇവിടെയും ഇടാം)

കമന്‍റുകള്‍ കൂമ്പാരമാകുമ്പോള്‍ പോസ്റ്റുകള്‍ ഗംഭീരമാകുന്നു...
ഇവിടൊരു കമന്‍റിട്ടേക്ക്‌...