Friday, October 17, 2008

തേങ്ങാക്കൊല - The Bunch Of Coconut

“ധും... പ്ദും... പ്ഠും... പ്ഡും.... ഹ്ശ്‌ശ്‌ശ്‌പ്ലും.....“

ഉറക്കത്തിലും എനിക്ക് കത്തി, സംഭവം അതു തന്നെ; കണാരേട്ടന്‍ തെങ്ങുമ്മല്‍കേറാന്‍ എത്തിയിരിക്കുന്നു. എത്തിയിരിക്കുന്നു എന്നുമാത്രമല്ല, മൂപ്പര്‍ പണിയും തുടങ്ങിയിരിക്കുന്നു, എനിക്ക് പണി തരാനും...

ഇനിയിപ്പോള്‍ എന്തൊക്കെയാണ് സംഭവിക്കുക എന്നുവച്ചാല്‍...

അടുക്കളയില്‍ ദോശ ഉണ്ടാക്കുന്നതിന്റെ തിരക്കിനിടയിലും ഉമ്മ എന്റെ മുറിയിലെത്തും. എന്നിട്ട് എന്നെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങും: “നോക്ക്... ഇഞ്ഞ് ഇണീക്ക്... കണാരനതാ തെങ്ങ്മ്മല് കയര്വേന്‍ ബന്ന്ക്ക്... ഇണീക്ക് ചെറിയോനേ... ഇണി‌ഇണി....”

“മ്... ഓറ് തേങ്ങ പറിച്ച് തീരട്ടെ... എന്നിറ്റ് ഇണീക്കാ ഉമ്മാ... ഞാന്‍ കൊറച്ചുംകൂടി ഒറങ്ങട്ടെ...”

വെള്ളിയാഴ്ച്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും രാവിലെ 8 മണിയാവുമ്പോഴേക്ക് മദ്രസയില്‍ എത്തണം. ആകെക്കൂടെ ആഴ്ച്ചയില്‍ ഒരിക്കല്‍ അല്‍പ്പം ഉറങ്ങാന്‍ സമയം കിട്ടുന്ന ഈ ദിവസം കണക്കാക്കിയാണ് കണാരേട്ടന്‍ തെങ്ങുമ്മല്‍കേറാന്‍ വന്നിരിക്കുന്നത്.

“ഇഞ്ഞ് ഇണീക്ക്, ഉപ്പ ഇപ്പം വെരും.. ഉപ്പാനെ വെറ്പ്പ് പിടിപ്പിക്കാണ്ട് വന്ന് തേങ്ങ പെറുക്കിയിട്ട് കൊടുക്ക്... ചെല്ല്... ചെല്ല്....” ഉമ്മ എന്നെ എഴുന്നേല്‍പ്പിക്കാനുള്ള അനുപല്ലവി തുടങ്ങും, പക്ഷെ അത് മുഴുവനാക്കാന്‍ ഉമ്മയ്ക്ക് മിക്കവാറും പറ്റാറില്ല, അപ്പോഴേക്കും അടുക്കളയില്‍ ഏതെങ്കിലും കുരുത്തംകെട്ട പൂച്ച എന്തെങ്കിലും അക്രമം കാണിച്ചിരിക്കും, അല്ലെങ്കില്‍ ദോശകരിയാന്‍ തുടങ്ങിയിരിക്കും... എന്നെ വിട്ട് ഉമ്മ സ്വന്തം കാര്യം നോക്കിപ്പോവും.

പക്ഷെ അധികനേരം കഴിയും മുന്‍പുതന്നെ ജനാലയ്ക്ക് മുട്ടാന്‍ തുടങ്ങും ഉപ്പ. മുട്ടുക എന്ന് പറഞ്ഞാല്‍ അതൊരു കുറച്ചിലാണ്. സത്യത്തില്‍ ജനലിന്റെ ഫ്രെയിം ഇരൂള്‍ മരം കൊണ്ട് ഉണ്ടാക്കിയതായത് കൊണ്ട് പൊട്ടിപ്പോവുന്നില്ല എന്നേയുള്ളൂ... ആ ജാതി തട്ടലാണ്. വീടിന്റെ ഡിസൈനില്‍ മക്കളുടെ ശീലങ്ങള്‍ക്കും പങ്കുണ്ട് എന്ന കാര്യം അദ്ദേഹത്തിന് പണ്ടേ അറിയാമായിരുന്നു.

ഇനിയും എഴുന്നേല്‍ക്കാതിരിക്കണമെങ്കില്‍ ചെവിക്ക് വല്ല പ്രശ്നവുമുണ്ടാവണം. ഒരു വിധപ്പെട്ട ഉറക്കമെല്ലാം ആ ഒച്ചകേള്‍ക്കുന്നതോടെ പോകും.

ഈ മേലെ ഉദ്ധരിച്ച ശബ്ദങ്ങള്‍ ഞാന്‍ വിശദീകരിക്കാം. ധും എന്നത് വളരെ നാച്ചുറലായ ശബ്ദമാണ്. കണാരേട്ടന്‍ തെങ്ങിന്റെ തലയില്‍ കയറി തന്റെ മൂര്‍ച്ചയേറിയ വാക്കത്തികൊണ്ട് വീശുമ്പോള്‍ ഒറ്റയായി വീഴുന്ന തേങ്ങകള്‍ മഴയും മഞ്ഞും കൊണ്ട് നനഞ്ഞ മണ്ണില്‍ തങ്ങളുടെ അറൈവല്‍ അക്ക്നോളജ്മെന്റായി പുറപ്പെടുവിക്കുന്ന ശബ്ദമാണത്; ധും!

കണാരേട്ടന്‍ ഏതെങ്കിലും തെങ്ങിന്റെ മുകളില്‍ കയറിയാല്‍ അതിന്റെ തൊട്ടുതാഴെ തന്നെ നിന്ന്, മൂപ്പര്‍ തേങ്ങ പറിച്ച് തീര്‍ക്കുന്നതിനു മുന്‍പ് തന്നെ ഇതൊക്കെയൊന്ന് പെറുക്കിയിട്ട് തീര്‍ത്തുകളഞ്ഞാല്‍ കളിക്കാന്‍ പോവാല്ലോ എന്നോര്‍ത്ത് തലയും ചൊറിഞ്ഞ്, അല്ലെങ്കില്‍ ചിലപ്പോള്‍ കൈലി/ട്രൌസറ് കയറ്റി കാലും ചൊറിഞ്ഞ് (പറമ്പില്‍ ആവശ്യത്തിന് തൂവ/ചൊറിയണംസ് ഉണ്ടേ...) ഇരിക്കുമ്പോഴാണ് മുകളിലിരുന്ന് കണാരേട്ടന്‍ താഴെ മാറി നില്‍ക്കുന്ന ഉപ്പ വഴി എന്നെ ചീത്ത പറയുന്നത്: “ആടന്നങ്ങോട്ട് മാറി നിന്നൊ ചെറിയോനേ... തേങ്ങ തലേല് വീണിറ്റ് ഇന്ന വെലിച്ച്പായ്യേന്‍ ഇബ്ഡ ആരിക്കും ആവ്വൂല...”

തേങ്ങ എടുത്തിട്ട് കൊടുത്താലും പോര, “വായിക്കേടും“ (കുറ്റ്യാടി നിഘണ്ടു പ്രകാരം വായിക്കേട് = ചീത്തവിളി. വഴക്ക് എന്ന ഒറിജിനല്‍ വാക്കില്‍ നിന്ന് വന്നതായിരിക്കാം) കേള്‍ക്കണം. എന്തൊരു ഗതികേട്...

സോറി, റൂട്ട് മാറിപ്പോയി, ഇനി അടുത്ത സ്വരത്തെ ഡിഫൈന്‍ ചെയ്യാം.

പ്ഠും എന്ന ശബ്ദത്തിന്റെ സ്വരസ്ഥാനം അല്‍പ്പം മാറിയാണ് കിടക്കുന്നത്. കൃത്യമായി പറയുകയാണെങ്കില്‍ അടുക്കളമുറ്റത്ത് നിന്ന് അല്‍പ്പം മാറി, തേങ്ങാക്കൂടയുടെ മേല്‍ക്കൂരയില്‍. അവിടെ തേങ്ങവീണ് ഓട് പൊട്ടിയ ശബ്ദമാണത്. മിക്കവാറും ഇതിന് ഒരു അറ്റാച്ച്മെന്റായി ഉമ്മാമയുടെ വക ഒരു ദീനരോദനവും കേള്‍ക്കാം; “ഹത, പടച്ചോനേ... പഹയന്‍ ഓടിന്റെ മോള്ള്ത്തെന്നെ തേങ്ങ പറിച്ചിട്ട്... കണാരാ, ശൈത്താനെ, ഇഞ്ഞ് കയിഞ്ഞകുറി തെങ്ങ്മ്മെ കയരിയ നേരവും നാല് ഓട് പൊട്ടിച്ചതാ... എന്തായാലും ഇത് ഇഞ്ഞ് തന്നെ മാറ്റി ഇട്ട് തന്നിക്കില്ലേങ്കില് ചായേന്റെ ബെള്ളം തെരുവേല ഞാന്... ങാ...”

അവിടേം പണി എനിക്ക് തന്നെ, കണാരേട്ടന്‍ തെങ്ങ്കയറിത്തീരുന്നതിനു മുന്‍പ് പുതിയ ഓട് വാങ്ങിക്കൊണ്ടുവരണം; അങ്ങാടിയില്‍ പോയായാലും അടുത്ത വീട്ടില്‍ നിന്നായാലും.

അടുത്ത ശബ്ദം; പ്ഡും. ഇതും ഉമ്മാമ്മയുടെ നെഞ്ചിടിപ്പുകൂട്ടുന്ന ഒരു സ്വരമാണ്. ഇവിടെ തേങ്ങ വീണിരിക്കുന്നത് ഓടിന്റെ പുറത്തല്ല, “ബയ്യാപ്പൊറത്ത്” (പുറകുവശം/അടുക്കളമുറ്റം)കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ഏതോ കുടുക്ക/ചട്ടിയുടെ മൂര്‍ത്തിയിലാണ് (ഏയ്.. ആ മൂര്‍ത്തിയല്ല, “ഞമ്മളെ“ വീടുകളില്‍ മൂര്‍ത്തികള്‍ ഇല്ല; മൂര്‍ത്തി എന്നുവച്ചാല്‍ മൂര്‍ദ്ധാവ് എന്ന്). സാധാരണഗതിയില്‍ കണാരേട്ടന്‍ തന്റെ ഓപ്പറേഷന്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ ഉമ്മാമ ഒരുവിധപ്പെട്ട ഫ്രാജെല്‍ മെറ്റീരിയത്സ് എല്ലാംതന്നെ ബയ്യാപ്പൊറത്തുനിന്ന് മാറ്റിവെക്കാറുള്ളതാണ്. പാവം ഉമ്മാമ, അന്ന് ആ വക സാധനങ്ങളില്‍ ഏതോ ഒന്ന് മാറ്റിവയ്ക്കാന്‍ മറന്നു, കണാരേട്ടന്‍ ഹിറ്റ് ദ ടാര്‍ഗെറ്റ് വിത്തൌട്ട് ഫെയില്‍. ഉമ്മാമയുടെ സമ്പാദ്യത്തില്‍ നിന്ന് ഒരു കുടുക്ക കൂടെ നഷ്ടമായി. കണാരേട്ടന്റെ അക്കൌണ്ടിലേക്ക് ഉമ്മാമ വക പഴിപറച്ചിലിന്റെ ക്രെഡിറ്റ് ഒന്ന്കൂടി. എനിക്കും പണി കൂടി. അങ്ങാടിയിലേക്ക് അടുത്ത പാച്ചില്‍. ഈ പ്രാവശ്യത്തെ ആവശ്യം കുടുക്ക.

ഹ്ശ്ശ്ശ്ശ്ശ്പ്ലും എന്ന ശബ്ദം ഉണ്ടാക്കിയത് ഒരു കോറസാണ്. കുലയിലെ തേങ്ങകളെല്ലാം മൂത്തതാണെങ്കില്‍ കണാരേട്ടന്‍ എല്ലാത്തിനെയും കൂടെ ഒരുമിച്ച് ഭൂമിയിലേക്ക് പറഞ്ഞയക്കും. അതുകാരണമാണ് കാറ്റിന്റെ ശബ്ദം പൈലറ്റായി വരുന്നത്. ഇത് മൊത്തം താഴെ ചെളിയില്‍ വീണ് ആ വെള്ളം ചുമരിന്മേല്‍ തെറിക്കും. അതിനും ഉമ്മാമ കണാരേട്ടനെ സ്നേഹപൂര്‍വം ശാസിക്കും.

ഇതിലൊന്നും പെടാത്ത ഒരു ശബ്ദം ഒരിക്കല്‍ കേട്ടു.അബ്ദുസ്സമദ് ഏലിയാസ് സമദ് ഏലിയാസ് ചന്ദ് ഏലിയാസ് ചന്ദ്ക്ക ഏലിയാസ് ചന്ദ്ക്കാള ഏലിയാസ് കാള എന്ന എന്റെ കൊച്ചുകസിനാണ് കഥാനായകന്‍. അന്ന് ചന്ദിന്റെ പ്രായം വെറും തുച്ഛം. എങ്ങിനെ വന്നാലും അഞ്ചില്‍ കൂടില്ല. പക്ഷെ ഡയലോഗുകള്‍ക്ക് ഒരു പഞ്ഞവുമില്ല, കുരുത്തക്കേടുകള്‍ക്കും.

ആ കുഞ്ഞുപ്രായത്തിലും അവന് മലയാളഭാഷയില്‍ നല്ല പ്രാവീണ്യമുണ്ടായിരുന്നു. സിനിമാഗാനങ്ങള്‍ പോലും ലഘു - ഗുരു തിരിച്ച് വൃത്തം മനസിലാക്കി മാത്രമേ അവന്‍ ചൊല്ലാറുള്ളൂ. “രാമായണക്കാറ്റേ.. എന്‍ നീലാംബരിക്കാറ്റേ..” എന്ന ഗാനം അവന്‍ പാടിയിരുന്നത് ഇങ്ങനെയായിരുന്നു:

”രാമായെ... എണക്കാറ്റേ....
എന്‍നീലാമ്പേ... എരിക്കാറ്റേ...”

ഈ ചന്ദിന് ഒരു ചെറിയ അസുഖമുണ്ട്, ഈ കവിതയുടെ അസുഖേ... ഇടക്കിടക്ക് അവന്‍ കവിതകള്‍ ചൊല്ലും. തന്റെ ജീവിത സാഹചര്യങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന കല്‍പ്പനകളില്‍ അഭിരമിക്കുന്ന അവന്റെ ഹൃദയസ്പൃക്കായ വരികള്‍ കേട്ട് ഞാന്‍ പലപ്പോഴും ഖിന്നനായിപ്പോയിട്ടുണ്ട്!

കുടുംബത്തിലെ ആരുടെയോ കല്യാണദിവസം. വീട്ടില്‍ പെണ്ണുങ്ങളെല്ലാം കല്യാണത്തിന് ഇറങ്ങാനുള്ള ഒരുക്കങ്ങളില്‍. “എടവലത്തെ“ (അയല്‍‌വക്കത്തെ) “ബമ്പത്തി“ക്കോഴിയും “ബഡ്കൂസ്“കോഴിയും മുറ്റത്ത് ചിക്കിച്ചികയുന്നു. മുറ്റത്ത് സൈക്കിളില്‍ ചാരി‌ ഞാനിരിക്കുന്നു. എന്ത് കുരുത്തക്കേടൊപ്പിക്കണം എന്ന് ചിന്തിച്ച് തെങ്ങില്‍ കയ്യും കൊടുത്ത് ചന്ദ് നില്‍ക്കുന്നു. പുതുതായി മനസില്‍ വന്ന ഒരു കവിതയും അവന്‍ ചൊല്ലുന്നുണ്ട്.

“ചേരട്ട ബന്ന്....
പണിക്കാറ് ബന്ന്...

ചേരട്ടേനെ കണ്ട്...
ബടി കൊണ്ട് തോ‍ണ്ടീ...

കണ്ടത്തില് ചാടീ....”

കോലായില്‍ കണ്ട തേരട്ടയെ ഏതോ പണിക്കാരന്‍ തോണ്ടിയെടുത്ത് പറമ്പിലേക്ക് കളഞ്ഞുവത്രേ... പാവം തേരട്ട...

പെട്ടെന്നൊരു ശബ്ദം!

തേങ്ങവീണ ശബ്ദം തന്നെ, പക്ഷെ ഒരു സൈലന്‍സര്‍ പിടിപ്പിച്ച എഫക്റ്റുണ്ട് ശബ്ദത്തിന്. തിരിഞ്ഞുനോക്കുമ്പോള്‍ ബമ്പത്തിക്കോഴിയുടെയും ബഡ്ക്കൂസ് കോഴിയുടെയും തൂവല്പോലും കാണാനില്ല. ചന്ദ് തെങ്ങും ചാരി കവിതചൊല്ലിക്കൊണ്ട് നില്‍ക്കുകയല്ല, ഇരിക്കുകയാണ് തെങ്ങിന്റെ ചോട്ടില്‍, തെങ്ങിന് കൊടുത്തിരുന്ന കൈ അങ്ങനെത്തന്നെ വച്ചിട്ടുണ്ട്. അവന്റെ മുഖത്ത് ഒരു തരം “എറിഞ്ഞോനെ തിരിയാത്ത” ഭാവം. തൊട്ടപ്പുറത്ത് കുറ്റ്യാടിത്തേങ്ങകളുടെ സൈസിന് മകുടോദാഹരണമായി ഒരു കൊയ്യായിത്തേങ്ങ കിടക്കുന്നു.

“സുവേര്‍ക്കാ, എന്ത്ന്നാ ഒരു കൂറ്റ് കേട്ടേ... എനക്കൊന്നും തിരീന്നില്ലാലോ? ഈ തേങ്ങ എപ്പാ ഇബ്‌ഡ വീണേ?”

അവനാകെ ഒരു “ബ്ലിങ്കസ്യ“ ലുക്ക്. മുഖത്ത് വലിയൊരു ക്വസ്റ്റ്യന്‍ മാര്‍ക്ക്!

എനിക്ക് ചിരിപൊട്ടി. തലയില്‍ തേങ്ങ വീണിട്ടും അവന് സംഗതി മനസിലായിട്ടില്ല. ഈ ബ്രേക്കിംഗ് ന്യൂസ് ഉടന്‍ തന്നെ ഞാന്‍ അകത്തെത്തിച്ചു.

നെഞ്ചത്തടിച്ചു നിലവിളിച്ചുകൊണ്ട് അവന്റെ ഉമ്മ മുറ്റത്തേക്ക് വന്നു. അവരുടെ ഒക്കത്തിരുന്ന ചന്ദിന്റെ അനിയത്തിയും സൌണ്ട്ബോക്സ് ഫുള്‍ വോള്യത്തില്‍ ഓണ്‍ ചെയ്തു. പുറകെ എന്റെ ഉമ്മ, മറ്റുള്ളവര്‍. വണ്‍ ബൈ വണ്ണായി എല്ലാവരും അവരുടെ വക കരച്ചില്‍ തുടങ്ങി.

അതുവരെ വാ പൊളിച്ചു നിന്നിരുന്ന ചന്ദും ഇതു കണ്ട് ദര്‍ബാര്‍ രാഗത്തില്‍ കരയാന്‍ തുടങ്ങി. മൊത്തം ബഹളം. ഒരു റിയാലിറ്റിഷോയിലെ എലിമിനേഷന്‍ റൌണ്ടിന്റെ സെറ്റപ്പ്!

“ഇനിക്കെന്തെങ്കിലും പറ്റ്യോ മോനേ?”

“എനക്കറിഞ്ഞൂടാ..”

“വേദനണ്ടോ?”

“തിരീന്നില്ല”

“ഡോട്ടറ്യേര്ത്ത് പോണോ”

"മാണ്ടാ.... എന്ന ലോട്ടറ്യേര്ത്ത് കൊണ്ട്വോണ്ടാ.... എന്ന പിന്നേം മാര്‍ക്കം ചെയ്യണ്ടാ... എനക്ക് ലോട്ടറ്യേര്ത്ത് പോണ്ടാ”

അതുവരെയുണ്ടായിരുന്ന സകല ശബ്ദങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട് അവന്‍ വലിയ വായില്‍ കരഞ്ഞു. ഈ സംഭവത്തിന് അല്‍പ്പം മുന്‍പാണ് അവന്റെ സുന്നത്ത് ചെയ്തത്. ബാക്കിയുള്ളതും സുന്നത്ത് ചെയ്തുകളയുമോ എന്ന ടെന്‍ഷനിലാണവന്‍ ആര്‍ത്തുകരയുന്നത്.

അവന്റെ തലയില്‍ മുഴയൊന്നും വന്നില്ലെങ്കിലും, വേദന ഒട്ടുമുണ്ടായിരുന്നില്ലെങ്കിലും തെങ്ങിന്റെ ഉയരവും തേങ്ങയുടെ വലിപ്പവും പരിഗണിച്ച് എന്തായാലും ഡോക്ടറെ കാണിക്കാന്‍ തീരുമാനമായി. നിമിഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ അങ്ങാടിയില്‍ നിന്ന് ഓട്ടോറിക്ഷയുമായെത്തി. ഉമ്മര്‍ഡോക്റ്ററുടെ ക്ലിനിക്കിലേക്ക് ഞങ്ങളെയും വഹിച്ച് ആ ചെറിയവാഹനം ചീറിപ്പാഞ്ഞു.

കുഴപ്പമൊന്നുമില്ല, ഛര്‍ദ്ദിക്കുകയോമറ്റോ ചെയ്താല്‍ മാത്രം കൊണ്ടുവന്നാല്‍ മതി എന്ന് പറഞ്ഞ് ഡോക്ടര്‍ അവന്റെ കേസ്ഫയല്‍ മടക്കി.

തിരിച്ചുവരുമ്പോള്‍ ഞങ്ങള്‍ ടൌണിലെ അണ്ണാച്ചിയുടെ കടയുടെ മുന്നിലെത്തി. ആഗോളവല്‍ക്കരണമൊന്നും കുറ്റ്യാടിയില്‍ കാല്‍കുത്തിയിട്ടില്ലാത്ത സമയമാണ്. അങ്ങാടിയില്‍ സകലമാന “കുടിശത്തൊഴില്‍“ മിഠായികളും വില്‍ക്കുന്ന ഹോള്‍സെയില്‍ ഡീലറാണീ അണ്ണാച്ചി. അന്നൊക്കെ മരുന്നുകഴിക്കാന്‍ മടികാണിക്കുന്ന കുറ്റ്യാടിയിലെ കുട്ടികള്‍ക്ക് വയറിളക്കാനുള്ള മരുന്നെഴുതുന്നതിന് പകരം ഡോക്ടര്‍മാര്‍ പ്രിസ്ക്രൈബ് ചെയ്തിരുന്നത് “അണ്ണാച്ചിപ്പീട്യേലെ മൂട്ടായി” ആയിരുന്നു.

“അണ്ണാച്ചിപ്പീട്യ” കണ്ടപ്പോള്‍ ചന്ദ് അവന്റെ തനിക്കൊണം പുറത്തുകൊണ്ടുവന്നു:

“എനക്ക് തേന്മൂട്ടായി മാണം............”

“എന്ത് ചെറിയോനേ?” അവന്റെ ഉമ്മ.

“അല്ല, എനക്ക് പുളിയച്ചാറ് മാണം”

“ഹേ...”

“അല്ലേങ്കില് അരുള്‍ ജ്യോതി മാണം”

“അതും മാണ്ട, എനക്ക് കുറുക്കന്‍ തീട്ടം മാണം” (തെറ്റിദ്ധരിക്കാതീങ്കെ, ഇത് അന്ത സാധനമല്ലൈ! ഏതാണ്ട് ഒരു നായിക്കാട്ടം ഷെയിപ്പിലുള്ള അണ്ണാച്ചി മിഠായി. ഒരു പകുതിയിക്ക് മഞ്ഞ നിറം, മറ്റേപ്പകുതിക്ക് പച്ച നിറം. കടിച്ചാല്‍ പല്ലിന്മേല്‍ പറ്റുന്ന ഒരു തരം ഞെക്കിത്തുറുത്തിച്ച മധുരമുള്ള “മുട്ടായി”. ചന്ദിന്റെ ഫേവറിറ്റ്.)

ഇതും പറഞ്ഞ് അവന്‍ ഒരൊറ്റക്കരച്ചില്‍. അവന് മാത്രമായി വാങ്ങിക്കൊടുക്കുന്നതെങ്ങിനെ? അതുകൊണ്ട് എനിക്കും കിട്ടി, ഒരു കുറുക്കന്‍ തീട്ടം!

പിന്നീട് കല്യാണത്തിന്റെ തിരക്കായതിനാല്‍ പൈസക്കണക്ക് ചോദിക്കാനും പറയാനും ആര്‍ക്കും സമയം കിട്ടിയില്ല. അതുകൊണ്ട് അന്നത്തെ ഓട്ടോറിക്ഷച്ചിലവ് കഴിച്ച് ബാക്കിയുള്ള പൈസ എന്റെ കീശയിലായി. ആ പൈസകൊണ്ട് ഞാനും മറ്റു ഫ്രണ്ട്സും കല്യാണം അടിച്ചുപൊളിച്ചു.

ഇത്രേം നേരം കിടന്നാലോചിച്ചിട്ടും ഉമ്മ വന്ന് എന്നെ വിളിക്കുന്നില്ല, എന്തു പറ്റിയോ ആവോ? എന്തായാലും കുറച്ചുനേരം കൂടെ ഉറങ്ങാം, ഉപ്പ വന്ന് വിളിക്കുമ്പോള്‍ എഴുന്നേല്‍ക്കാം എന്ന് കരുതി.

കുറേ നേരം കഴിഞ്ഞിട്ടും വിളിയൊന്നും വരാത്തതിനാല്‍ ഞാന്‍ എഴുന്നേറ്റു.

ഷിറ്റ്! ഫോക്സ് ഷിറ്റ്!.... ഇത്രേം നേരം കിടന്നാലോചിച്ചത് വേസ്റ്റായി. ഞാന്‍ കിടന്നുറങ്ങിയത് നാട്ടില്‍ വീടിനകത്തല്ല, ദുബായിലെ ഫ്ലാറ്റില്‍...... ഛെ!

ബാല്‍ക്കണിയില്‍ ചെന്നുനോക്കുമ്പോള്‍ അപ്പുറത്ത് കണ്‍സ്ട്രക്ഷന്‍ തുടരുന്ന ബില്‍ഡിങിനു വേണ്ടി ലോറിയില്‍ നിന്ന് കമ്പിയും കട്ടയും മറ്റും ഇറക്കുന്നു. പഹയന്മാരുടെ ഈ പണി കാരണം കുറേ നാളായി രാവിലെ ഉറങ്ങാന്‍ പറ്റാറില്ല. ആ ശബ്ദം കേട്ട് തെറ്റിദ്ധരിച്ചാണ് ഞാന്‍ ഇത്രയും നേരം അനാവശ്യമായി ബ്രെയ്ന്‍ വര്‍ക്ക് ചെയ്യിപ്പിച്ചത്.

പിന്നേ... ആഴ്ച്ചയില്‍ ആകെ കിട്ടുന്ന ഒരു ഓഫ്ഡേയില്‍ രാവിലെ തന്നെ എണീക്കാന്‍ എനിക്ക് നട്ടപ്പെരാന്തല്ലേ, മുറിയിലേക്ക് വെളിച്ച വരാനുള്ള എല്ലാ പഴുതുമടച്ച്, ഏസിയുടെ തണുപ്പ് അല്‍പ്പം കൂടി കൂട്ടിവച്ച് പുതപ്പ് തലവഴി പുതച്ച് ഞാന്‍ പിന്നേം കിടന്നുറങ്ങി.

“ങുര്‍.. ങുര്‍...”

Wednesday, September 17, 2008

നോമ്പിന്റെ നാമ്പുകള്‍

നോമ്പിന്റെ സായന്തനത്തിലെ ചെറിയ മയക്കത്തിലായിരുന്നു ഞാന്‍. ഫോണ്‍ റിംഗ് ചെയ്തു. സഹോദരിയുടെ കോള്‍. അറ്റന്റ് ചെയ്തപ്പോള്‍ അപ്പുറത്ത് അവളുടെ മകള്‍, ആറുവയസുകാരി റിദ.

“മോള്‍ക്ക് ഇന്ന് ശെരിക്കും നോമ്പാണ് ട്ടോ..”

“അതെയോ? മോള്‍ക്ക് ക്ഷീണണ്ടോ?”

“ക്ഷീണൊന്നുഇല്ല, പശ്ശേ, ചെറ്ങ്ങനെ വെശക്ക്ന്ന്ണ്ട്”

“അത് കൊഴപ്പമില്ല, നോമ്പ് തീര്‍ക്കണംട്ടോ?”

“ഉം.. ഉമ്മാക്ക് കൊട്ക്കാ” അവള്‍ ഫോണ്‍ കൈമാറി.

പെങ്ങള്‍ പറഞ്ഞു, അവള്‍ സുബ്‌ഹിക്ക് എഴുന്നേറ്റ് നോമ്പിന് തയ്യാറെടുപ്പ് തുടങ്ങിയിരുന്നവത്രേ. ഇന്ന് “ശരിക്കും“ നോമ്പാണെന്ന് എന്നെ അറിയിക്കാനാണത്രെ അവള്‍ വിളിച്ചത്. അവളുടെ ആദ്യത്തെ നോമ്പ്.

“സുയൂ..”

ഫോണില്‍ അവളുടെ സഹോദരന്‍, മിന്നു. റിദയേക്കാളും മൂന്ന് വയസിന് ഇളയത്.

“എന്താ മോനേ”

“മിന്നൂക്ക് ഇന്ന് കൊറേ കൊറേ ചെറ്യേ നോമ്പ്ണ്ട് ട്ടോ..”

“ആഹാ, കൊറേ കൊറേ നോമ്പോ? ഇന്ന് എത്ര നോമ്പെട്‌ത്തൂ?”

“രാവിലെ വണ്‍ നോമ്പെടുത്തു, ചായ കുടിച്ചപ്പോ തൊറന്നു, പിന്നെ വണ്‍ നോമ്പെടുത്തു, ചോറ് വെയ്ച്ചപ്പൊ തൊറന്നു, ഇപ്പൊ പിന്നേം വണ്‍ നോമ്പുണ്ട്”

“ഇനി നാളെ എല്ലംകൂടെ ഒറ്റ നോമ്പെടുക്ക്വോ?“

“ഓ..ശരി, ഓക്കേ... ബബായ്”

അവന്റെ വാക്കുകളില്‍ ആത്മവിശ്വാസം സ്ഫുരിക്കുന്നു!

റിദ ഫോണ്‍ വാങ്ങിച്ചു എനിക്ക് വിശദീകരിച്ചു തന്നു. മിന്നു അങ്ങനെ ചെറിയ ചെറിയ നോമ്പുകള്‍ എടുത്തിട്ട് കാര്യമില്ലത്രേ. എടുക്കുകയാണെങ്കില്‍ ദിവസം മുഴുവനും നോമ്പെടുക്കണം, അവളെ പോലെ.


“ഓന്‍ ചെറിയ മോനല്ലേ, മോളുടെ അത്രേം വലുതാവുമ്പോള്‍ മുഴുവനും എടുക്കും, കേട്ടോ?”

ഞാന്‍ അവളെ സമാധാനിപ്പിച്ചു.

ഞങ്ങള്‍ കുട്ടികള്‍ക്ക് നോമ്പെടുക്കുക എന്നത് ഒരു അഭിമാനപ്രശ്നമായിരുന്നു. റമദാനില്‍ മദ്രസ ഒഴിവാണ്. ചെറിയ പെരുന്നാളും കഴിഞ്ഞ് തിരിച്ചുചെല്ലുമ്പോള്‍ ക്ലാസ്സിലെ മറ്റു കുട്ടികളേക്കാളും നോമ്പ് കൂടുതല്‍ എടുത്തു എന്ന് പറയുമ്പോള്‍ ഉണ്ടായിരുന്ന ആ അഭിമാനം, അതൊന്ന് വേറെ തന്നെ. ആറേഴു വയസുള്ളവര്‍ക്ക് അന്ന് ദൈവചിന്തയോളം തന്നെ വലുതായിരുന്നല്ലോ അഭിമാനവും.

നോമ്പെടുക്കാന്‍ മെയിന്‍ കാരണങ്ങളില്‍ ഒന്ന് ഈ കിട്ടുന്ന റെകഗ്നിഷന്‍ തന്നെയായിരുന്നു, മറ്റൊന്ന് അന്നൊക്കെ വീട്ടില്‍ ഗ്രാന്‍ഡായി നടന്നിരുന്ന നോമ്പുതുറകളും. കോഴിയട, സമൂസ, പഴം പൊരി, പഴം നിറച്ചത്, കട്ട്‌ലെറ്റ്, മുട്ടമാല, കുഞ്ഞിപ്പത്തില്, വലിയപത്തില്, ഇറച്ചിപ്പത്തില്‍, മീന്‍പത്തില്‍, കോഴിക്കറി, ഈത്തപ്പഴം പൊരിച്ചത്, ഉന്നക്കായ, ഉള്ളിവട, ബ്രെഡ്പൊരിച്ചത്, അട, കല്ലുമ്മക്കായനിറച്ചത്, പലതരം പഴങ്ങള്‍ തുടങ്ങി എന്തൊക്കെ വിഭവങ്ങളായിരുന്നു. പക്ഷെ വീട്ടിലെ അംഗ സംഖ്യ കുറഞ്ഞപ്പോള്‍ വിഭവങ്ങളുടെ എണ്ണവും കുറഞ്ഞു, ഇതൊക്കെ റമദാനില്‍ ഒരിക്കല്‍ മാത്രം കുടുംബക്കാരെയും സുഹൃത്തുക്കളെയും വിളിച്ച് നോമ്പ് തുറപ്പിക്കുമ്പോള്‍ മാത്രം കാണാന്‍ കിട്ടാന്‍ തുടങ്ങി. ഇന്നെന്റെ നോമ്പുതുറകള്‍ ഏതെങ്കിലും ഹോട്ടല്‍ ഭക്ഷണത്തില്‍ ഒതുങ്ങിയിരിക്കുന്നു.

ആത്മ നിയന്ത്രണം കൈവരിക്കാനുള്ള ആരാധനയാണ് വ്രതം. കൂടുതല്‍ കൂടുതല്‍ നന്മകള്‍ ചെയ്യാനും കഴിവതും തിന്മകളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനും നോമ്പെടുക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്. ശരീരവും മനസും ദൈവത്തിന്റെ മാര്‍ഗത്തില്‍ ശുദ്ധീകരിക്കാനുള്ള അവസരം.


“നോമ്പുകാരന്‍ കുട്ടിക്ക്” ഉമ്മയും ഉപ്പയും ഒരിത്തിരി കൂടുതലായി നല്‍കിയിരുന്ന ആ സ്നേഹം, സുബ്‌ഹിക്കെഴുന്നേല്‍പ്പിച്ച് മുഖം കഴുകിച്ച് അത്താഴമൂട്ടിത്തന്നത്‍... ആ നനുത്ത ഓര്‍മകളുടെ മധുരം ഹൃദയത്തില്‍ എന്നും തങ്ങിനില്‍ക്കുന്നു. മഗ്‌രിബ് ബാങ്ക് കൊടുത്താല്‍ അരികിലിരുത്തി നോമ്പ് തുറപ്പിച്ചു തരുമ്പോള്‍ അവരുടെ നോമ്പ് തുറക്കുന്നതിനെ പറ്റി പലപ്പോഴും അവര്‍ മറന്നുപോകുമായിരുന്നു ...

ആ ഓര്‍മ്മകള്‍ക്കൊപ്പം വ്രതത്തിന്റെ വിശുദ്ധിയെ പറ്റി അന്ന് കിട്ടിയിരുന്ന ഉപദേശങ്ങളും ഇന്നും മനസില്‍ നിലാവ് പെയ്യിക്കുന്നു. വിശപ്പിന്റെ വിഷമങ്ങളെയും ഭക്ഷണത്തിന്റെ വിലയെയും പറ്റിയുള്ള വലിയ പാഠങ്ങളായിരുന്നു അവ. ഭക്ഷണം കിട്ടാത്തവരുടെ അവസ്ഥയെപറ്റി അന്നല്ലെങ്കിലും പിന്നീട് നോമ്പുകാലം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു, ഇപ്പോഴും ഓര്‍മ്മിപ്പിക്കുന്നു.

നോമ്പുതുറക്കാന്‍ വിഭവങ്ങള്‍ മുന്നില്‍ നിറയുമ്പോഴും ഒരു നേരം പോലും കഴിക്കാന്‍ ഭക്ഷണമില്ലാത്തവരുടെ ഓര്‍മ്മകള്‍ അമിതമായി ഭക്ഷിക്കുന്നതിനെ തീര്‍ച്ചയായും തടയും. ഭക്ഷണം നല്‍കിയ ദൈവത്തെ സ്തുതിക്കാന്‍ മനസ് എന്നും ഓര്‍ക്കും.

നോമ്പിന്റെ അവസാനമണിക്കൂറുകള്‍ കഴിഞ്ഞുകിട്ടാന്‍ തുടക്കക്കാര്‍ക്ക് പാടുതന്നെയാണ്. രാത്രി ഞാന്‍ റിദയെ വിളിച്ചു. നോമ്പ് കമ്പ്ലീറ്റ് ചെയ്തോ എന്നറിയണമല്ലോ..

“ഉം.. മോള് നോമ്പ് തീര്‍ത്ത് നൊയറ്റ്ക്ക്”

നോമ്പ് മുഴുവനാക്കാന്‍ പറ്റിയതിന്റെ അഭിമാനം അവളുടെ വാക്കുകളില്‍ നിറഞ്ഞു നിന്നിരുന്നു.

വലിയ ബുദ്ധിമുട്ടായിരുന്നു എന്ന് അവളുടെ ഉമ്മ പറഞ്ഞു. “നോമ്പ് മുറിച്ചാലോ...“ എന്ന് പലപ്പോഴും അവള്‍ ചോദിച്ചിരുന്നത്രേ. ജ്യൂസടിക്കുമ്പോള്‍ “മധുരം ഞാന്‍ നോക്കാം” എന്ന ഓഫര്‍ പലപ്പോഴും അവള്‍ മുന്നോട്ട് വച്ചിരുന്നു. അവസാനം അവളുടെ പരവേശം തീര്‍ക്കാനായി നല്‍കിയ ആപ്പിള്‍ പലപ്പോഴും അവള്‍ വായിലേക്ക് കൊണ്ടുപോയി. കടിച്ചു.. കടിച്ചില്ല എന്ന നിലയില്‍ പിന്‍‌വലിക്കുകയായിരുന്നു എന്ന്...

ഒരു വിധത്തില്‍ അവള്‍ നോമ്പ് മുഴുമിപ്പിച്ചു.

“നാളേം മോള് നോമ്പെടുക്ക്വോ?”

“ഇല്ല” ഒന്നു ചിന്തിക്കേണ്ട ആവശ്യം പോലും അവള്‍ക്കുണ്ടായിരുന്നില്ല.

പക്ഷേ എനിക്കറിയാം, നാളെ നോമ്പെടുത്തില്ലെങ്കിലും മറ്റന്നാള്‍ പുലര്‍ച്ച സുബ്‌ഹി ബാങ്കിനു മുന്‍പ് ആരും വിളിക്കാതെ തന്നെ അവള്‍ എഴുന്നേല്‍ക്കും. ഉപ്പയുടേയും ഉമ്മയുടേയും കൂടെ ഭക്ഷണം കഴിക്കും. എന്നിട്ട് വീണ്ടും അവള്‍ നോമ്പ് തീര്‍ക്കാന്‍ വേണ്ടി ശ്രമിക്കും.

നോമ്പിന്റെ രുചിയറിഞ്ഞാല്‍ പിന്നെ നോമ്പെടുക്കാതിരിക്കാനാവില്ല, തീര്‍ച്ച.



ഇനിയും കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ പെരുന്നാള്‍. നോമ്പെടുത്തവരുടെ ആഘോഷം. ദാനത്തിന്റെ ദിനവും. ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന് നാഥന് നിര്‍ബന്ധമുണ്ട്. അത് നിറവേറ്റാന്‍ വിശ്വാസികള്‍ക്ക് ബാധ്യതയും.

എല്ലാ ബൂലോകര്‍ക്കും റംസാന്‍ - പെരുന്നാള്‍ ആശംസകള്‍.

ദൈവത്തിന്റെ രക്ഷയും സമാധാനവും നമ്മുടെ മേല്‍ എന്നുമുണ്ടാകട്ടെ...

Wednesday, September 3, 2008

വല്ലാത്ത വിഷമം വന്നപ്പോള്‍ എഴുതിപ്പോയത്

ഭ്രാന്തുപിടിച്ച ഈ നഗരത്തിന്റെ അന്തമില്ലാത്ത തിരക്ക് എന്നാണാവോ അവസാനിക്കുന്നത്...
നക്ഷത്രങ്ങളില്ലാത്ത ഈ നഗരത്തിന്റെ ആകാശം ജീവിതത്തിന്റെ തന്നെ ഭംഗി കെടുത്തിക്കളയുന്നു.
സുബ്‌ഹി നമസ്കാരത്തിന് ഉപ്പയുടെ കൂടെ പള്ളിയിലേക്ക് നടക്കുമ്പോള്‍ നാട്ടിലെ ആകാശം മുഴുവന്‍ നക്ഷത്രങ്ങളായിരുന്നു, അരികു പറ്റി അമ്പിളിയും....
ഇവിടെ ഏത് പാതിരാവിലും വെളിച്ചമുണ്ട്.
ഇരുട്ടിന്റെ ഭംഗി എനിക്ക് അന്യമാകുന്നു...
ചീവീടിന്റെ ശബ്ദമാണ് നഗരത്തിന്റെ ഇരമ്പലിനേക്കാളും എനിക്ക് പ്രിയം.
ചെളിപറ്റുമെങ്കിലും നാട്ടിലെ നടപ്പാത തന്നെയായിരുന്നു എനിക്കിഷ്ടം.
മേപ്പാട്ടെ ഇലഞ്ഞിമരത്തിന്റെ ചോട്ടില്‍ ജിന്നുണ്ടെങ്കിലും എനിക്ക് പുലര്‍ച്ചെ പോണം, ഇലഞ്ഞി പെറുക്കി മാലയുണ്ടാക്കണം.
പുഴക്കരയിലെ നാട്ടുമാവിന്റെ ചോട്ടില്‍നിന്ന് ഒരിക്കലെങ്കിലും ഒരു മാങ്ങ കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ എത്ര പ്രാര്‍ത്ഥിച്ചിരുന്നു...
ജാനുവേടത്തിയുടെ വീട്ടിലെ പട്ടിക്കിട്ട് ഒരു ഏറ് കൊടുക്കണം.
പുഴയില്‍ വേലിയേറ്റത്തിന് മുങ്ങിക്കുളിക്കണം, മഗ്‌രിബായിട്ടും തിരിച്ചു കേറാഞ്ഞതിന് ഉമ്മയുടെ ചീത്തകേള്‍ക്കണം.
പെങ്ങളോട് ഇനിയും വഴക്കിടണം.
അനിയനോട് ഇനിയും പിണങ്ങണം.
ഉപ്പയുടെ അടിയുടെ വേദന ഇനിയും നുകരണം.
ഉമ്മാമയെ ശുണ്ഠിപിടിപ്പിക്കണം.
എനിക്കെന്റെ ബാല്യം തിരികെ വേണം.
വളരേണ്ടായിരുന്നു...

Saturday, August 2, 2008

“ഞാനിനി തൊപ്പിക്കല്ല്മ്മെല് പാത്തൂലാ...”

“ഇല്ലെഡോ... കുട്ടിച്ചാത്തനൊന്നും കണിയാങ്കണ്ടീല് ഉണ്ടാവൂല... അദെല്ലം ആള്‍ക്കാറ് ബെറ്തെ പറേന്നതല്ലേ...”

“പറഞ്ഞൂട മോനേ... ചെലപ്പം ഇള്ളതാന്നെങ്കിലോ?”

“എനക്ക് നല്ല ദൈര്യണ്ട്... ഇന്ന് ഞാന്‍ പോവും, ഇഞ്ഞ് ബെര്വോ എന്റോടെ”?

“നോക്കാ,,, ഇനിക്ക് നിര്‍ബന്ധാന്നെങ്കില് ഞാന്‍ ബെരാ..” കൂട്ടുകാരന്‍ സമ്മതിച്ചു.

അങ്ങനെ അന്ന് മദ്രസ വിട്ടതിന് ശേഷം, കുഞ്ഞാമിച്ചാന്റ്റെ വീട്ടിലെ നേര്‍ച്ചക്കഞ്ഞിയും കുടിച്ചതിനു ശേഷം കണിയാങ്കണ്ടി കാണാന്‍ പോവാം എന്ന് തീരുമാനമായി.

കണിയാങ്കണ്ടിയെ കുറിച്ച് കുറേയേറെ ഐതിഹ്യങ്ങളുണ്ട്. പണ്ട് അവിടെ ഏതോ നമ്പൂതിരിയുടെ ഇല്ലമായിരുന്നു പോലും. കുറേയേറെ ആളുകളും നിലങ്ങളും പൊന്നും പണവും അധികാരവും ഉണ്ടായിരുന്ന നമ്പൂതിരി ഇല്ലം. താവഴിയില്‍ പെട്ട ഏതോ തിരുമേനിയുടെ മനസിന്റെ വലുപ്പം കൊണ്ടായിരുന്നോ അതോ കൈയിലിരിപ്പുകൊണ്ടായിരുന്നോ എന്നറിയില്ല, ഇല്ലം മുടിഞ്ഞു. കാലത്തിന്റെ ഒഴുക്കില്‍ ഇല്ലവും നമ്പൂതിരിമാരും ഒക്കെ മണ്ണിനടിയിലായി.അവിടത്തെ അളവില്ലാത്ത സ്വര്‍ണവും, വെള്ളിയും, ആടയും, ആമാടപ്പെട്ടിയും, എന്തിന് അടുക്കളയിലെ ചെമ്പുരുളിയും ഉറിയും കിണ്ടിയും കോളാമ്പിയുമടക്കം മണ്ണടിഞ്ഞു പോയി. ഒന്നു പോലും ആര്‍ക്കും എടുക്കാന്‍ പറ്റാതെ...

ഇന്ന് കണിയാങ്കണ്ടി നട്ടുച്ചനേരത്തു പോലും ആരും ഒന്നു തിരിഞ്ഞുനോക്കാതെ മുഴുവന്‍ കാടുപിടിച്ചു കിടക്കുന്നു. മനുഷ്യന്‍മാര്‍ പോട്ടെ, മൃഗങ്ങള്‍ പോലും കണിയാങ്കണ്ടിയില്‍ കയറില്ല എന്നാണ് പറയപ്പെടുന്നത്. ഒരിക്കല്‍ ആമിനത്താത്തയുടെ, കഴുത്തില്‍ കിങ്ങിണിയുള്ള കറുത്ത ആട് കണിയാങ്കണ്ടിയില്‍ പോയതിനു ശേഷം പിന്നെ അതിനെ കണ്ടിട്ടേയില്ല. ആമിനത്താത്തയുടെ കാലക്കേടിന് അന്ന് ആടിനെ കെട്ടിയിരുന്നത് കണിയാങ്കണ്ടി പറമ്പിനെ മൂലയിലായിരുന്നു. തെങ്ങ്കയറ്റക്കാരന്‍ കണ്ണേട്ടന്‍ തൊട്ടടുത്ത ഒന്തത്തെ പറമ്പിലെ തെങ്ങില്‍ കയറുമ്പോള്‍ അഴിഞ്ഞ കയറുമായി ആട് കണിയാങ്കണ്ടിയിലേക്ക് കയറുന്നത് കണ്ടിട്ടുണ്ട്... പിന്നെ ആടിന്റെ കാര്യം “ഇതി വാര്‍ത്താഹ:”

കണിയാങ്കണ്ടിക്ക് ഈ ഭീകരാന്തരീക്ഷം ഉണ്ടാക്കിത്തീര്‍ത്തതിന് കാരണം “വരവ്” ആണ്. പ്രദേശത്തിന്റെ അക്ഷാംശ-രേഖാംശങ്ങള്‍ കൃത്യമായി അറിയുന്ന, നാട്ടിലെ ഏക ജിയോളജിസ്റ്റ് കം അണ്ടര്‍ഗ്രൌണ്ട് വാട്ടര്‍ ഫൈന്റര്‍ മി. ചാത്തുവാശാരിയാണ് ഈ കണ്ടുപിടിത്തം നടത്തിയത്. ഞങ്ങളുടെ നാട്ടില്‍ നിന്ന് മാറി തെക്കോട്ടുള്ള ഏതോ പുരാതനക്ഷേത്രത്തിന്റെ നടയും ഇപ്പോഴത്തെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ നടയും തമ്മില്‍ ഒരു നേര്‍‌രേഖ വരച്ചാല്‍ ആ രേഖയുടെ മധ്യഭാഗം കൃത്യമായി കണിയാങ്കണ്ടിയിലാണത്രേ. ഈ രണ്ട് ക്ഷേത്രങ്ങളിലെയും പ്രതിഷ്ടകള്‍ തമ്മിലുള്ള ഒരു കമ്യൂണിക്കേഷന്‍ മെത്തേഡാണ് “വരവ്” എന്നറിയപ്പെടുന്നത്. കണിയാങ്കണ്ടിയില്‍ ആരെങ്കിലും വരവിന്റെ സമയത്ത് കയറി തടസമുണ്ടാകാതിരിക്കാന്‍ ചാത്തന്മാരും ഉണ്ട്. അവര്‍ കാരണമാണ് അവിടെ പല അനിഷ്ടസംഭവങ്ങളും നടക്കുന്നത്. വെറുതെ എന്തിന് വരവിനെ എടങ്ങാറാക്കണം എന്ന് കരുതി ഇപ്പോള്‍ ആരും അങ്ങോട്ട് കയറാറില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും കുട്ടികളെ സംബന്ധിച്ചിടത്തോളം കണിയാങ്കണ്ടിയുടെ പരിസരപ്രദേശങ്ങള്‍ എന്നും ഒരു സ്വപ്നഭൂമിയായിരുന്നു. അവിടെയുള്ള പൂക്കളും കായ്കളും നാട്ടില്‍ വേറെങ്ങുമില്ല. അരിപ്പൂവ് മുതല്‍ ആമ്പല്‍ പൂവ് വരെ, തെച്ചി മുതല്‍ താമരവരെ എല്ലാം അവിടെ ലഭ്യം. നാട്ടുമാങ്ങ, കണ്ണിമാങ്ങ,കുറുക്കന്‍ മാങ്ങ, ഒളോര്‍മാങ്ങ മുതലായ എല്ലാതരം മാങ്ങകളുമുണ്ട്. ചാമ്പക്ക, പുളി, ബിലുമ്പി എന്ന ഇരുമ്പന്‍ പുളി, ചതുരനെല്ലിക്ക, സാദാനെല്ലിക്ക, മള്‍ബെറി, പേരക്ക മുതലായ പലവക സാധനങ്ങള്‍ വേറെയും. രാവിലെ മദ്രസ വിട്ട് സ്കൂളിലെത്തുന്നതിനിടയിലെ അല്‍പ്പനേരം കൊണ്ട് ധൈര്യവാന്മാരും സാഹസികരുമായ കുട്ടികളെല്ലാം കണിയാങ്കണ്ടിയുടെ ചുറ്റുപാടുകളില്‍ നിന്ന് ഇത്തരം നാട്ടുവിഭവങ്ങള്‍ ശേഖരിച്ചിരുന്നു.

കണിയാങ്കണ്ടിയിലെ കുളത്തിന്റെ നടുവില്‍ അതിശയിപ്പിക്കുന്ന വര്‍ണങ്ങളുള്ള ഒരു പ്രത്യേകതരം ആമ്പല്‍പൂവ് ഉണ്ട് പോലും. ഹാരിസാണ് ഈ വിവരം ഞങ്ങള്‍ക്ക് കൈമാറിയത്. പക്ഷെ അവന്റെ കയ്യില്‍ അതിനുള്ള തെളിവൊന്നുമില്ല. കാരണം അവനും അത് കണ്ടിട്ടില്ല. തൊപ്പിക്കല്ല് എന്നറിയപ്പെടുന്ന ഒരു പ്രത്യേകതരം കല്ലും കണിയാങ്കണിയിലുണ്ട്. ആ കല്ലില്‍ സൂക്ഷിച്ചുനോക്കിയാല്‍ തൊപ്പിവച്ചിരിക്കുന്ന ഏതോ ഒരു ഔലിയായെ കാണാമത്രെ. (ഔലിയ - വിശുദ്ധന്‍). “അയിന് നമ്പൂര്യേള് ഇന്തുക്കളല്ലേ? ഓലെ ഇല്ലത്ത് എങ്ങനെയാ ഔലിയയുടെ കല്ലുണ്ടാവുക? ഔലിയ മാപ്പിളയെല്ലേ?” എന്ന ചോദ്യത്തിന് പക്ഷെ പ്രസക്തിയില്ലായിരുന്നു. ഈ വിവരം ഐ.എസ്.ഒ സര്‍ട്ടിഫൈഡാണ്. കാരണം ഇത് പറഞ്ഞത് ഉമ്മാമ്മയാണ്. സംശയിക്കേണ്ട കാര്യമില്ല!

മറ്റാരും കാണുന്നതിനു മുന്‍പ് ആ ആമ്പല്‍ കാണുക, പറ്റുമെങ്കില്‍ ഒരെണ്ണം പറിച്ചെടുക്കുക. പിന്നെ പഴയ കാവിനകത്തെ തൊപ്പിക്കല്ല് ഒന്ന് കാണുക. ഇത്രയുമായിരുന്നു ഞങ്ങളുടെ കണിയാങ്കണ്ടി മിഷന്റെ ഉദ്ദേശ്യം.

അങ്ങനെ മദ്രസ കഴിഞ്ഞ്, കുഞ്ഞാമിച്ചാന്റെ വീട്ടില്‍ നിന്ന് ചക്കരക്കഞ്ഞിയും കുടിച്ച് ഞങ്ങള്‍ കണിയാങ്കണ്ടിയിലേക്ക് യാത്രയായി.

ഒന്തത്തെ പറമ്പിലെത്തിയപ്പോള്‍ ഒരു ചെറിയ പ്രശ്നം. കമ്പോണ്ടര്‍ രാജേട്ടന്‍ തെങ്ങിന് തടം കോരുന്നു. കൂടെ വേറെ പണിക്കാരുമുണ്ട്. അവര്‍ കണ്ടാല്‍പിന്നെ കണിയാങ്കണ്ടിയിലേക്ക് കയറാന്‍ സമ്മതിക്കില്ല. അതുകൊണ്ട് അല്‍പ്പം മാറിയുള്ള തെയ്യമ്പാടിയിലെ ഇടവഴിയിലൂടെ ഞങ്ങള്‍ നടന്നു. ഒടുവില്‍ കൈതച്ചക്കകൊണ്ട് അതിരിട്ട തെയ്യമ്പാടിപ്പറമ്പ് ചാടിക്കടന്ന് കണിയാങ്കണ്ടിയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. കൈതയില്‍ ചാടിക്കയറിയപ്പോള്‍ മുള്ളുകൊണ്ട് കാലുമുഴുവന്‍ മുറിഞ്ഞെങ്കിലും ആമ്പലിനെ ഓര്‍ത്തപ്പോള്‍ ആ വേദനയെല്ലാം എങ്ങോ മറഞ്ഞു.

കൈതയില്‍ നിന്ന് ആദ്യം പുറത്തുചാടിയത് കൂട്ടുകാരനായിരുന്നു. “ഹെന്റുമ്മോ........ പാമ്പ്” എന്ന് നിലവിളിച്ചുകൊണ്ട് കൂട്ടുകാരന്‍ അതിലും വേഗത്തില്‍ തിരിച്ച് ചാടിയെത്തി. നേര് തന്നെ, നല്ല ഘടാഘടിയനൊരു ചേര. പക്ഷേ അത് ചേരയാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടും, ഞങ്ങളെകണ്ട് പേടിച്ച് ചേര ഉടന്‍ തന്നെ സ്ഥലം കാലിയാക്കിയതുകൊണ്ടും ഞങ്ങള്‍ വീണ്ടും മുന്നോട്ട് നീങ്ങി.

പക്ഷേ ആ ഒരൊറ്റ സംഭവം കൊണ്ട് തന്നെ എന്റെ മനസിലുണ്ടായിരുന്ന നല്ലൊരു ഭാഗം ധൈര്യവും ചോര്‍ന്നുപോയിരുന്നു. കുട്ടിച്ചാത്തന്മാര്‍ അവിടെയെങ്ങാനും ഉണ്ടായാലോ?ഇപ്പൊഴെങ്ങാനും “വരവ്” വന്നാലോ? ഇനി ഞങ്ങളെ പേടിപ്പിക്കാന്‍ കുട്ടിച്ചാത്തന്മാരാണോ ആ പാമ്പിനെ അയച്ചത്? അത് ചേരതന്നെയായിരുന്നോ? ശംഘുവരയനല്ലായിരുന്നോ?സംശയങ്ങള്‍ എന്റെ മനസിലേക്ക് പാഞ്ഞുവരാന്‍ തുടങ്ങി. കയ്യും കാലും ഞാനറിയാതെ തന്നെ വിറക്കാന്‍ തുടങ്ങി.

പക്ഷേ കൂട്ടുകാരന്റെ മുന്‍പില്‍ പേടിയാണെന്ന് സമ്മതിക്കാന്‍ ഒരു മടി. അതുകൊണ്ട് മാത്രം ഞാന്‍ ആമ്പല്‍ തേടി മുന്നോട്ട് നടന്നുതുടങ്ങി.

തെച്ചിയുണ്ട്, ചെമ്പരത്തിയുണ്ട്, കാക്കപ്പൂവുണ്ട്, അരിപ്പൂവുണ്ട്, പിന്നെ പേരറിയാത്ത പലപൂക്കളുമുണ്ട്. കുളത്തില്‍ താമരയും ആമ്പലുമുണ്ട്. പക്ഷെ അത് വെറും സാധാരണ ആമ്പല്‍. പലനിറത്തിലുള്ള ആമ്പല്‍ എന്തായാലും അവിടെ കണ്ടില്ല. ഹാരിസ് പറ്റിച്ചതാണോ?

കല്ലുമുണ്ട് പല തരത്തില്‍, പക്ഷേ ഒന്നിന്റെ മേലും ഔലിയ പോയിട്ട് ഒരു മൊയ്ലാര് കുട്ടിയുടെ പോലും ചിത്രം കാണുന്നില്ല.

അധികനേരം അവിടെ നില്‍ക്കാനുള്ള ഒരു മാനസികാവസ്ഥ അല്ലാത്തതിനാല്‍ എന്തായാലും തിരിച്ചുപോയേക്കാം എന്നുതന്നെ തീരുമാനിച്ചു.

“എനക്ക് മൂത്രൊയിക്കണം” കൂട്ടുകാരന്‍.

“എന്നാ പിന്ന ഞാനും ഒയിക്കാ...” അവന് ഞാന്‍ കമ്പനി നല്‍കി. വെറുതേ..

അങ്ങനെ ഞങ്ങള്‍ രണ്ടും കരയില്‍ നിന്ന് കുളത്തിലേക്ക് സംഗതി പാസാക്കി.

“കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കരുത്” രാവിലെ മദ്രസയില്‍ പഠിപ്പിച്ചത് പെട്ടെന്നെനിക്ക് ഓര്‍മ്മ വന്നു. പടച്ചോനേ, ഇതിപ്പൊ ഒഴിച്ചു തുടങ്ങിയല്ലോ. നില്‍പ്പിക്കാനും പറ്റുന്നില്ല. ഇനിയെന്ത് ചെയ്യും?

ഞാന്‍ നോക്കിനില്‍ക്കെ മൂത്രം ഒഴുകിയൊഴുകി കുളത്തിലേക്കിറങ്ങാന്‍ തുടങ്ങി. കുളത്തിന്റെ കരയിലിരിക്കുന്ന കല്ലിനെ ഞാന്‍ അപ്പോഴാണ് ശ്രദ്ധിച്ചത്.‍ കല്ലിന്റെ മേലെ അതാ ഒരു ഔലിയയുടെ ചിത്രം. അത് തൊപ്പിക്കല്ല് തന്നെ. മൂത്രം ഒലിച്ചൊലിച്ച് തൊപ്പിക്കല്ലിന്റെ മേലെ തൊട്ടതും....

മൂത്രം ഒരു മലവെള്ളപ്പാച്ചിലായി മാറി. ഞാന്‍ ആ ഒഴുക്കില്‍‌പെട്ട് കുതിക്കുകയാണ്. വെള്ളത്തില്‍ ഞാന്‍ മുങ്ങിപ്പോകുന്നു. നിലം മുഴുവന്‍ സ്വര്‍ണം, സ്വര്‍ണ മത്സ്യങ്ങള്‍, സ്വര്‍ണത്തിന്റെ ആമ്പല്‍പ്പൂവ്, സ്വര്‍ണം കൊണ്ടുണ്ടാക്കിയ ഉരുളി, ഉറി, കോളാമ്പി... പുഴയുടെ അടിയില്‍ മുങ്ങാംകുഴിയിട്ടു കളിക്കുന്ന കുട്ടിച്ചാത്തന്മാര്‍. അവര്‍ എന്റെ കാലുപിടിച്ച് മുക്കാന്‍ ശ്രമിക്കുന്നു....

ഒഴുക്കില്‍ ഒരു വിധത്തില്‍ തലപൊക്കി നോക്കുമ്പോള്‍, ദൈവമേ.... ഞാന്‍ എങ്ങോട്ടാണീ ഒഴുകുന്നത്? മുക്കണ്ണാം കുഴിയിലേക്കോ?

മൂന്ന് ആനകള്‍ മുങ്ങിച്ചത്ത കയം, കുറ്റ്യാടിപ്പുഴയിലെ മുക്കണ്ണാം കുഴി. എന്നെ ചുഴികള്‍ അതിലേക്ക് മുക്കാന്‍ തുടങ്ങുന്നു. വായിലും മൂക്കിലും ആകെ വെള്ളം കയറി. എനിക്ക് ശ്വാസം മുട്ടി. എന്റെ നെഞ്ചിന് മുകളില്‍ ആരാണീ ഭാരമെല്ലാം കൊണ്ടുവച്ചത്?ശ്വാസമെടുക്കാന്‍ പറ്റുന്നില്ല...

കയത്തില്‍ ഞാന്‍ മുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അതാ അമ്മദ് മുസല്യാര്‍... നെരിയാണിക്ക് മുകളില്‍ വച്ചുടുത്ത മുണ്ട്, വെളുത്ത ജുബ്ബ, തലയില്‍ ഒറുമാല്‍, കയ്യില്‍ വടി. “ഇഞ്ഞ് ഞാന്‍ ഇന്ന് പഠിപ്പിച്ച ഫിക്‍ഹ് പാഠം മറന്നോ?”

“ഇല്ല മൊയ്‌ല്യാരേ... ഞാനെനി ഒരിക്കലും വെള്ളത്തില് മൂത്രൊയിക്കൂലാ.... എന്നെ രെശ്ശിക്കീന്‍...”

അമ്മദ് മൊയ്‌ല്യാര്‍ സഹായിച്ചില്ല.... അദ്ദേഹം അപ്രത്യക്ഷനായി.

പിന്നീട് ഒരു ഔലിയ.... “മോനെന്തിനാ എന്റെ തൊപ്പിക്കല്ല്മ്മെല് പാത്ത്യേ?”

“ഞാനെനി ഒരിക്കലും തൊപ്പിക്കല്ലുമ്മല് പാത്തൂലാ... ഞാനെനി തൊപ്പിക്കല്ല്മ്മല് മൂത്രൊയ്ക്കൂലാ... എന്ന മുക്കിക്കൊല്ലല്ല്യോ.... എനക്ക് ഉപ്പാനെ കാണണം...
ഉമ്മാനെ കാണണം... എന്നെ രശ്ശിക്കൂ.... ഉമ്മാ...”

ഔലിയയും എങ്ങോ മറഞ്ഞു.

ഞാന്‍ മുക്കണ്ണാം കുഴിയുടെ അഗാധതയില്‍ മുങ്ങിപ്പോവുന്നു...

എന്റെ ബോധം മറഞ്ഞു.

എത്രനേരം ഞാന്‍ വെള്ളത്തില്‍ മുങ്ങിയോ ആവോ... ഒടുവില്‍ ഞാന്‍ കണ്ണുതുറന്നു.

കട്ടിലിനു ചുറ്റും ആളുകള്‍. കണ്ണീര് വറ്റിയ കണ്ണുകളുമായി ഉമ്മ. ഏങ്ങലടിച്ചുകൊണ്ട് ഉമ്മാമ... പെങ്ങള്‍ തട്ടം കൊണ്ട് മുഖം തുടക്കുന്നു. തീരെ ചെറിയവനായ അനിയന്‍ താഴെ നിലത്ത് കളിക്കുന്നു.

എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് ഉമ്മ കരഞ്ഞു. കണ്ണീര്‍ എന്റെ മുതികിലൂടെ ഒഴുകി. ഉമ്മാമ ഞങ്ങളെ രണ്ടുപേരെയും കെട്ടിപ്പിടിച്ചു.

“എന്റെ മോന്‍ എന്തിനാ കണിയാങ്കണ്ടീല് പോയത്? മോനോട് അങ്ങോട്ട് പോണ്ടാന്ന് ഞാന്‍ എത്തിര പ്രാവെശ്യം പറഞ്ഞതാ...” മുഖമുയര്‍ത്തി ഉമ്മ ചോദിച്ചു.

“ഇഞ്ഞ് ഇനി പറഞ്ഞ് പറഞ്ഞ് ഓനെ കരേപ്പിക്കണ്ട, ഓന് ഒന്ന് ഒറങ്ങിക്കോട്ടെ....” ഉമ്മാമ്മ മൊഴിഞ്ഞു.

“എനക്ക് ഒറങ്ങണ്ട, എനക്ക് ഇണീക്കണം”

എഴുന്നേറ്റപ്പോള്‍ വിരിപ്പില്‍ വിയര്‍പ്പ് എന്റെ ചിത്രം വരച്ചിരിക്കുന്നു.

പതുക്കെ ഞങ്ങളെല്ലാരും മുറിയില്‍ നിന്ന് പുറത്തുവന്നു. കൂട്ടുകാരന്‍ മുറ്റത്തുണ്ട്. കൂടെ കമ്പോണ്ടര്‍ രാജേട്ടനും പണിക്കാരും.

കണിയാങ്കണ്ടിയില്‍ ബോധം കെട്ട് വീണ എന്നെ അവരെല്ലാരുമാണ് വീട്ടിലെത്തിച്ചിരിക്കുന്നത്...

“എന്നാ ഞാള് പോട്ടെ ഉമ്മെയ്റ്റ്യാറേ... പണി ബാക്കിയാ പറമ്പില്”

“അതെന്ത് പോക്കാ രാജാ, ഒര് ചായ കുടിച്ചിറ്റ് പോകാ...“

“മാണ്ട, കൊറേ പണി ബാക്കിള്ളതല്ലേ, എന്തായാലും കുഞ്ഞനൊന്നും പറ്റീക്കില്ലാലോ, അത് മതി... ഞാള് പോന്നാ...” അവര്‍ പോയി.

ഞാന്‍ വീണ്ടും ഉമ്മാമയുടെ കരവലയത്തില്‍ ചുരുണ്ടുകൂടി...

“ഞാനെനി തൊപ്പിക്കല്ല്മ്മെല് പാത്തൂലാ...” എന്ന്‍ ഉറക്കെ കരഞ്ഞു കൊണ്ട് പിന്നീടെത്ര രാത്രികളില്‍ ഞാന്‍ ഞെട്ടിയെണീറ്റിരിക്കുന്നു...

Saturday, July 5, 2008

കുട്ടിക്കുട്ടി മര്യാദകള്‍

ഉച്ചക്ക് ഓഫീസിലെ അധ്വാനം കഴിഞ്ഞ് റസ്റ്റോറന്റില്‍ കഠിനാധ്വാനം. അത് കഴിഞ്ഞപ്പോഴേക്കും ദുബായ്ച്ചൂടില്‍ ആകെ ഉരുകി ഒലിക്കാന്‍ തുടങ്ങി. ഒരു വിധത്തിലാണ് ഫ്ലാറ്റിലേക്ക് ഓടിയെത്തിയത്.

ലിഫ്റ്റ് വരാന്‍ വേണ്ടി നില്‍ക്കുമ്പോള്‍ മൂന്നാമത്തെ ഫ്ലോറിലെ സിന്ധി കുടുംബത്തിലെ കുട്ടി കരഞ്ഞുകൊണ്ട് വരുന്നു. വെറുതേ ഒരാവേശത്തിന് ഞാന്‍ അവന്‍ കരയുന്നതിന്റെ കാരണം തിരക്കി.

വലിയ കഷ്ടം തന്നെ; അവര്‍‌ഓണ്‍ സ്കൂളില്‍ പഠിക്കുന്ന അവന്റെ പെന്‍സില്‍, ക്ലാസ്മേറ്റായ ഏതോ ഒരു അഭിനവ് റോയ് ജനലിലൂടെ താഴെ കളഞ്ഞു പോലും. ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവന്‍ വിങ്ങിപ്പൊട്ടുകയാണ്, ഇന്ന് വാങ്ങിയ പുതിയ പെന്‍സിലാണ് കൂട്ടുകാരന്‍‍ കളഞ്ഞതെന്നും പറഞ്ഞ്...

അതിനെന്താ, വേറൊരു പെന്‍സില്‍ വാങ്ങിയാല്‍ പ്രശ്നം തീര്‍ന്നല്ലോ, അമ്മയോട് മോന്‍ ഇതങ്ങോട്ട് പറഞ്ഞാല്‍ പോരേ എന്ന എന്റെ ചോദ്യത്തിനുത്തരമായി അവന്‍ ഏങ്ങലടിയുടെ ഡെപ്ത്ത് കൂട്ടി. എനിക്കാകെ വിഷമമായി.

മോന് ഞാന്‍ പെന്‍സില്‍ വാങ്ങിച്ചു തരട്ടേ? അവന്റെ കരച്ചിലടക്കാന്‍ ഞാന്‍ ഒരു ഫോര്‍മാലിറ്റിക്കുവേണ്ടി ചോദിച്ചു.

“താങ്ക്യൂ അങ്ക്‍ള്‍, നമുക്ക് ഇപ്പൊ തന്നെ പെന്‍സില്‍ വാങ്ങാം?”

ഠിം!

അവന്‍ പണി തന്നു. ഇങ്ങനെ ഒരു മറുപടി കുട്ടി പറയുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഒരു അയല്‍‌പക്കബന്ധത്തിന്റെ പേരില്‍ ചോദിച്ചുവെന്നേയുള്ളൂ. ഇനി പറഞ്ഞിട്ടെന്തുകാര്യം...

വലിയ പാരയായിപ്പോയല്ലോ ചെക്കന്‍ വച്ചത്? ഈ ചൂടിന് ഇനിയും തിരിച്ച് പുറത്തിറങ്ങാനോ? ആരെങ്കിലും എന്തെങ്കിലും ഓഫര്‍ ചെയ്താല്‍ വേണ്ട എന്ന് പറയാന്‍ ഇവന്റെ അമ്മ ഇവനെ പഠിപ്പിച്ചിട്ടില്ലേ? ഛായ്, ലജ്ജാവഹം....

അങ്ങനെ ആ പൊരിയുന്ന വെയിലത്ത് അപ്പുറത്തെ ഗ്രോസറിയില്‍ പോയി കുട്ടിക്ക് പെന്‍സില്‍ വാങ്ങിച്ചുകൊടുത്ത് തിരിച്ച് നടക്കുമ്പോള്‍ എന്റെ ഓര്‍മകള്‍ ഒരു പതിനഞ്ചുവര്‍ഷം പുറകിലോട്ട് പോയി...

സ്കൂളില്‍ പോയിത്തുടങ്ങുന്ന കാലം. ആരെന്ത് തന്നാലും വാങ്ങരുത് എന്ന് എനിക്കും നാലുവയസിന് മൂത്ത പെങ്ങള്‍ക്കും ഉപ്പയുടെ സ്റ്റാന്റിംഗ് ഇന്‍സ്ട്രക്ഷനുണ്ട്. സ്കൂളില്‍ പോകുന്ന കുട്ടികളുടെ അവകാശമായ പോക്കറ്റ്മണിപോലും ഞങ്ങള്‍ക്ക് നിഷിദ്ധം. സ്കൂളിന് പുറത്തെ കുംട്ടിപ്പീടികയില്‍ (പെട്ടിപ്പീടിക എന്ന് ഔദ്യോഗികനാമം) നിന്ന് കുട്ടികള്‍, പുളിക്കുന്ന നാരങ്ങ പകുതിക്ക് മുറിച്ച് ഉപ്പും മുളകും പുരട്ടിയത് 25 പൈസക്ക് വാങ്ങിത്തിന്നുമ്പോള്‍ അത് നോക്കിനില്‍ക്കാന്‍ മാത്രമേ ഞങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. ആരെങ്കിലും വെച്ചുനീട്ടിയാല്‍ പോലും അത് വാങ്ങിപ്പോകരുതെന്നാണ് വീട്ടില്‍ നിന്നുള്ള നിര്‍ദ്ദേശം. അങ്ങനെ ആരുടെയെങ്കിലും കയ്യില്‍ നിന്ന് വാങ്ങിത്തിന്നുന്നത് മോശമാണത്രേ. അതിനി വിരുന്നിന് പോയ വീട്ടിലാണെങ്കിലും അവിടെനിന്ന് കിട്ടുന്ന സല്‍ക്കാരത്തിന്റെ കാര്യമാണെങ്കിലും..

ഒരിക്കല്‍ “ചെറിയകുമ്പള“ത്തുള്ള ഉമ്മയുടെ സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു ഉമ്മയും ഞാനും സഹോദരിയും. എന്തെങ്കിലും വഴിയുണ്ടെങ്കില്‍ ടൌണിലൂടെ പോകുക എന്ന കാര്യം ഉമ്മ കഴിയും വിധം ഒഴിവാക്കാറുണ്ട്. അതുകൊണ്ട് തന്നെ അങ്ങാടി ഒഴിവാക്കി പാലം കടന്ന് പുഴയരികിലൂടെ പോകാമെന്ന് ഉമ്മ തീരുമാനിച്ചു. ആ വഴിപോയാല്‍ ടൌണിലെ കാഴ്ച്ചകളും അമ്മദ്ക്ക തരാറുള്ള കടലയും മിസ്സാവുമെങ്കിലും ആളുകള്‍ മീന്‍പിടിക്കുന്നത് കാണാമെന്നതിനാലും, പറ്റുമെങ്കില്‍ ഉമ്മയുടെ കണ്ണുവെട്ടിച്ച് പുഴയിലേക്ക് ഞാന്നു കിടക്കുന്ന പേരക്കമരത്തില്‍ കയറാമെന്നതിനാലും ആ തീരുമാനത്തിന് എന്റെ എല്ലാതരത്തിലുള്ള അംഗീകാരവും ഞാന്‍ നല്‍കി. കിട്ടാന്‍ പോകുന്ന പേരക്കയില്‍ ഒരു ഭാഗം കൊടുക്കാമെന്ന എന്റെ ഓഫര്‍ സഹോദരിയേയും ആനന്ദതന്തുലിതയാക്കി.

അങ്ങനെ ഉമ്മയും പെങ്ങളും മുന്നിലും, ഞാന്‍ അല്‍പ്പം പിന്നിലുമായി പുഴവക്കിലൂടെ ആ യാത്ര തുടരുമ്പോള്‍ പേരക്കമരത്തില്‍ എന്റെ കണ്ണുകള്‍ ഉടക്കുകയും ഞാന്‍ പേരക്കപറിക്കല്‍ പ്രോസസ് ആരംഭിക്കുകയും ചെയ്തു. പക്ഷേ ഒരു ദുര്‍ബലനിമിഷത്തില്‍ എന്റെ കാലുകള്‍ ആ മരത്തിന്റെ ഏതോ ഒരു ദുര്‍ബലമായ കമ്പില്‍ ചവിട്ടുകയും ഒട്ടും സമയം വേസ്റ്റാക്കാതെ ഞാന്‍ താഴെ, ചില്ലുണ്ടി മഹമൂദ്ക്ക വെള്ളിയാഴ്ച്ച അറക്കാന്‍ വേണ്ടി കൊണ്ടുവന്ന ഏതോ ഒരു വയനാടന്‍ പോത്ത് നിക്ഷേപിച്ച ചാണകത്തില്‍ ചന്തികുത്തി നിലംപതിക്കുകയും ചെയ്തു.

ഹും.. വെറും പാറ്റക്കനം മാത്രമുള്ള ഞാന്‍ ചവിട്ടുമ്പോഴേക്കും ഒടിഞ്ഞുപോകുന്ന കൊമ്പ്. പേരക്ക കൊമ്പാണത്രേ, പേരക്കക്കൊമ്പ്! എനിക്ക് ആ കിടന്നകിടപ്പിലും ദേഷ്യം വന്നു.

“ഹള്ളാ, ചെറിയോന്‍ ബീണിറ്റ് എന്തോ പറ്റി ഉമ്മാ“ എന്ന്‍ സഹോദരി മുന്‍പില്‍ നടക്കുന്ന ഉമ്മയെ അറിയിക്കുമ്പോഴേക്കും ഞാന്‍ ഒരു ബ്ലിങ്കിയ ചിരിയോടെ ഉമ്മയുടെ അടുത്തെത്തിയിരുന്നു. “ഇല്ലില്ല, ഒന്നും പറ്റീക്കില്ല, ഓള് ബെറ്തേ പറഞ്ഞതാ” എന്ന് വീഴ്ച്ചയില്‍ മുകളിലേക്ക് കയറിപ്പോയ ട്രൌസര്‍ അല്‍പ്പം പുറകിലേക്ക് വലിച്ചിട്ടുകൊണ്ട്, വേദന കടിച്ചുപിടിച്ചുകൊണ്ട് ഞാന്‍ ഉമ്മയെ ബോധ്യപ്പെടുത്തി. നിനക്ക് ഞാന്‍ വീട്ടിലെത്തിയിട്ട് കാണിച്ചുതരാം എന്നായിരുന്നു ഉമ്മയുടെ ഉള്ളിലിരിപ്പ് എന്ന് ഉമ്മയുടെ മുഖഭാവത്തില്‍ നിന്ന് ഞാന്‍ മനസിലാക്കി. അല്ലെങ്കിലും ഉമ്മ എന്നെ പബ്ലിക്കായിട്ട് തല്ലാറില്ല, വീടിനു പുറത്ത് എന്ത് കുറ്റം ചെയ്താലും വീട്ടിലെത്തിയാലാണ് ശിക്ഷ നടപ്പാക്കാറുള്ളത്.

അങ്ങനെ നടക്കുമ്പോള്‍ എന്റെ അശ്രദ്ധ കാരണം ഒരു നിമിഷം ഞാന്‍ ഉമ്മയെ ഓവര്‍ടെയ്ക്ക് ചെയ്തു. എന്റെ ഞൊണ്ടിഞൊണ്ടിയുള്ള നടപ്പും പുറകില്‍ പറ്റിയ ചാണകവും ഉമ്മയുടെ ശ്രദ്ധയില്‍ പെട്ടു. അത് കഴുകി ക്ലീനാക്കാന്‍ വേണ്ടി ഞങ്ങള്‍ വഴിയരികിലെ മഞ്ചാന്‍മാഷുടെ വീട്ടിലേക്ക് കയറി. മഞ്ചാന്‍ മാഷുടെ മകള്‍ ഉമ്മയുടെ പഴയ കൂട്ടുകാരിയാണ്. ഉമ്മ എന്റെ ട്രൌസര്‍ വൃത്തിയാക്കിത്തന്നതിനു ശേഷം അവരോട് സംസാരം തുടങ്ങി. ഞങ്ങള്‍ കുട്ടികള്‍ക്കായി അവര്‍ ഒരു ബസ്സി (പ്ലേറ്റ്) നിറയെ “ബര്‍ത്തായി“ അഥവാ വറുത്തകായ അഥവാ ബനാന ചിപ്സും രണ്ട് ഗ്ലാസ് ഹോര്‍ലിക്സും കൊണ്ടു വന്നു. അത് വേണ്ടാ എന്ന് പറയാന്‍ ഉമ്മ ആംഗ്യം കാട്ടിയെങ്കിലും
ഞങ്ങള്‍ കണ്ട ഭാവം നടിക്കാതെ ഹോര്‍ലിക്സ് കാലിയാക്കി ബര്‍ത്തായിയെ അറ്റാക്ക് ചെയ്യാന്‍ തുടങ്ങി. ഉമ്മയും കൂട്ടുകാരിയും അവരുടെ ചര്‍ച്ചകളില്‍ മുഴുകി.

അങ്ങനെ പറഞ്ഞ്പറഞ്ഞ് അസര്‍ ബാങ്ക് കൊടുത്തപ്പോള്‍ ഉമ്മയ്ക്ക് വീട്ടില്‍ അലക്കാനുള്ള തുണികളെകുറിച്ചും മറ്റ് ഹൌസ്ഹോള്‍ഡ് ചൊറെകളെ പറ്റിയും ഓര്‍മ്മവരികയും “എന്നാപ്പിന്ന ഞാള് പോട്ടെ, പിന്നെ ബെരാ” എന്ന് ഉപസംഹരിക്കുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും സംഭവിക്കേണ്ടത് സംഭവിച്ചിരുന്നു. പൊടിപോലുമില്ല കണ്ടുപിടിക്കാന്‍, ബര്‍ത്തായിന്റെ ബസ്സിയില്‍...

ഉമ്മയുടെ മുഖം ദേഷ്യവും നാണക്കേടും കൊണ്ട് ചുവന്നു. പക്ഷേ അവിടെവച്ച് ഒരു സീനുണ്ടാക്കാതെ ഉമ്മ ഞങ്ങളെയും കൂട്ടി വീട്ടിലേക്ക് നടന്നു.

വീട്ടിലെത്തിയിട്ടും ഉമ്മയൊന്നും മിണ്ടുന്നില്ല. രക്ഷപ്പെട്ട സന്തോഷത്തില്‍ ഞാന്‍ കൂട്ടുകാരുടെ കൂടെ കളിക്കാന്‍ പോയി. മഗ്‌രിബ് ബാങ്കിന്റെ സമയത്ത് വീട്ടിലെത്തിയപ്പോള്‍...

ഇറയത്ത് അഴിച്ചു വച്ചിരിക്കുന്ന ഉപ്പയുടെ ചെരുപ്പ്. കോലായില്‍ മുഖം വീര്‍പ്പിച്ചിരിക്കുന്ന പെങ്ങള്‍. എനിക്ക് കാര്യം മനസിലായി. ഉപ്പയുടെ കയ്യില്‍ നിന്നും അവള്‍ക്ക് കിട്ടേണ്ടത് കിട്ടിയിരിക്കുന്നു. ഇനി എന്റെ ഊഴം.

ഉമ്മയും ഉപ്പയും തമ്മില്‍ എപ്പോഴും നല്ല അണ്ടര്‍സ്റ്റാന്റിംഗാണ്. കുഞ്ഞുങ്ങളെ തല്ലി വളര്‍ത്തണമെന്ന കാര്യത്തില്‍ പ്രത്യേകിച്ചും.

അന്ന് കാണിച്ച കുരുത്തക്കേടുകള്‍ക്ക് മുഴുവനുമായി ഞാന്‍ തല്ലുകൊണ്ടു. ഏറ്റവും പ്രധാനപ്പെട്ട തല്ലുകൊള്ളിത്തരം തീര്‍ച്ചയായും മറ്റേത് തന്നെ; പ്ലേറ്റ് കാലിയാക്കിയത്. കളിക്കാന്‍ പോയിട്ട് വൈകിവന്നതിന് പ്രത്യേകഓഫര്‍ വേറെയും.

അന്നത്തെ അടിയുടെ ഗുണപാഠം ഇതായിരുന്നു: ഇനി എന്തൊക്കെയായാലും, ആരുടെ വീട്ടില്‍ വിരുന്നിന് പോയാലും പ്ലേറ്റ് മുഴുവന്‍ കാലിയാക്കരുത്.

ആ അടിയുടെ ഓര്‍മ്മകള്‍ ഇന്നും എന്നിലുള്ളതുകൊണ്ട് ആരുടെ വീട്ടില്‍ പോയാലും, എത്ര രുചിയുള്ള വിഭവമായാലും എന്റെ തൊണ്ടയിലൂടെ അധികമങ്ങിറങ്ങില്ല, സത്യം.

Friday, June 6, 2008

പക്കര്‍ സമരം

ഒരു തനിനാടന്‍ മാപ്പിളയാണ് പക്കര്‍. പത്തറുപത് വയസുണ്ട്. നിലവില്‍ ഒരു ഭാര്യയുണ്ട്. ആകെ മൊത്തം 5 മക്കളുണ്ട്.

ഈ നിലവിലെ ഭാര്യ കുഞ്ഞിക്കദീശയെ മൂപ്പര്‍ മുമ്പൊരിക്കല്‍ കെട്ടി പിന്നീട് എന്തോ നിറ്റിഗ്രിറ്റി റീസണിന്റെ പുറത്ത് മൊഴിചൊല്ലിയതാണ്. അതിനു ശേഷം അദ്ദേഹം സ്ഥലത്തെ പ്രധാന മീന്‍ കച്ചവടക്കാരിയും, ഇറച്ചിവെട്ടുകാരന്‍ നെയ്യുള്ളതില്‍ “വെണ്ണെയ് മൂസ”യുടെ
എക്സ്-കെട്ടിയവളുമായിരുന്ന കുന്നിയുള്ളപുരയില്‍ ബീപാത്തുമ്മയെ നിക്കാഹ് കഴിച്ചു. പക്ഷേ എന്ത് അന്യായം കണ്ടാലും കമ്മീഷണറിലെ സുരേഷ്ഗോപിയെപ്പോലെ രണ്ട് A4 പേജ് തെറി ഒരുമിച്ചുപറയാനും, വേണമെങ്കില്‍ ഒന്നു കൈവെക്കാനും കപ്പാസിറ്റിയുള്ള ബീപാത്തുമ്മയെവിടെക്കിടക്കുന്നു, എത്ര ചീത്തവിളിച്ചാലും തല്ലിയാലും മിണ്ടാതിരിക്കുന്ന പാവം കുഞ്ഞിക്കദീശ എവിടെക്കിടക്കുന്നു. എന്തായാലും അധികകാലം പക്കര്‍Vsബീപാത്തുമ്മ അങ്കങ്ങള്‍ കാണാന്‍ അയല്‍‌വക്കക്കാര്‍ക്ക് വക നല്‍കാതെ പക്കര്‍ ബീപാത്തു ദമ്പതികള്‍ വഴിപിരിഞ്ഞു.

പിന്നീട് ഒരു തരിപോലും സ്ത്രീധനം വാങ്ങാതെ പക്കര്‍ സാഹിബ് കുഞ്ഞിക്കദീശയെ റീമാംഗല്യം ചെയ്തു. പ്രീ-ഡിവോഴ്സ് 2, പോസ്റ്റ്-ഡിവോഴ്സ്3 എന്ന കണക്കില്‍ മൊത്തം 5 കുസുമങ്ങള്‍ ആവരുടെ ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞുനിന്നു.

സ്ഥലത്തെ കര്‍ഷകപ്രമാണിയും, പൈസക്കാരനും, ഭൂവുടമയും, മലഞ്ചരക്ക് വ്യാപാരിയും, നാട്ടില്‍ അന്നുണ്ടായിരുന്ന അപൂര്‍വ്വം ഹാജിമാരില്‍ ഒരാളും, വിപ്ലവകാരികളാല്‍ പെറ്റിബൂര്‍ഷ്വാ എന്നു വിളിക്കപ്പെടുന്ന ആളുമായ അമ്മദാജിയുടെ തൊഴിലാളിയും, മന:സാക്ഷി സൂക്ഷിപ്പുകാരനും, അതിലുപരി റോയല്‍മെസ്സഞ്ചറുമാണ് പക്കര്‍ക്ക. റോയല്‍മെസ്സഞ്ചര്‍ എന്നുവച്ചാല്‍ അമ്മദാജിയുടെ രണ്ടാം കെട്ടായ വയനാട്ടിലെ കദിയ ഉമ്മയ്ക്ക് അങ്ങേര് കൊടുത്തുവിടുന്ന ഉരുപ്പടികള്‍, ഹലുവ, “മണ്ട“, വറുത്തകായ,
ചെലവിനുള്ള തുക തുടങ്ങി എന്തുതന്നെയായാലും വിശ്വസ്തതയോടെ കാല്‍നടയായി പത്തിരുപത്തഞ്ച് മൈല്‍ സഞ്ചരിച്ച് കൈമാറുക, അവിടെനിന്ന് തേങ്ങ അരച്ചിടാത്ത നല്ല മുതിരക്കറിയും, താന്‍ നേരത്തെ കൊണ്ടുവന്ന ഉണക്കമുള്ളന്‍ ചുട്ടതും കൂട്ടി പച്ചരിച്ചോറും തട്ടി തിരിച്ചുപോരുക എന്ന ഭാരിച്ച ഉത്തരവാദിത്വം കടുകിട തെറ്റാതെ ചെയ്യുന്ന ആളാണ് പക്കര്‍ക്ക. ഈ പണിയില്ലാത്ത നേരങ്ങളില്‍ അമ്മദാജിയുടെ തെങ്ങുകളുടെ തടം കോരിയും, വളമിട്ടും പറമ്പ്കിളച്ചും, മറ്റു ഫെലോനാട്ടുകാരുടെ കപ്പത്തണ്ട് നട്ടുകൊടുത്തും അന്നന്നത്തെ ആവശ്യങ്ങള്‍ക്കുള്ള വക അദ്ദേഹം കണ്ടെത്തി.

പക്കറിന്റെ താമസം, വിത്ത് ഫാമിലി, നമ്മുടെ അമ്മദാജിയുടെ വിശാലമായ തെങ്ങിന്‍‌തോപ്പിന്റെ ബാക്ക്‌യാര്‍ഡിലുള്ള കൊച്ചുകുടിലിലാണ്. കുടികിടപ്പ് എന്ന് വേണമെങ്കില്‍ പറയാം. എന്തായാലും പട്ടയം, ആധാരം തുടങ്ങി യാതൊരു സംഭവങ്ങളും ഇല്ല. ഇങ്ങനെയുള്ള അലമ്പ് സംഗതികള്‍ വേണമെന്ന് പക്കറിന് ഒരു നിര്‍ബന്ധവും ഇല്ല. പക്കറിന് ഇനി വല്ല കപ്പ, വാഴ തുടങ്ങി എന്തുതന്നെ വെക്കണമെന്നു തോന്നിയാലും തന്റെ സ്വന്തം പറമ്പില്‍ എവിടെ വേണമെങ്കിലും വെക്കാന്‍ അമ്മദാജിക്ക് പൂര്‍ണ സമ്മതം. അതിന്റെ പേരില്‍ പണ്ട് മലയപ്പുലയനോട് ജന്മി ചെയ്തതു പോലെയുള്ള ഒരു
തോന്ന്യാസവും അമ്മദാജി ചെയ്യില്ല എന്ന് രണ്ടുപേര്‍ക്കും അറിയാം...

പണിയില്ലാത്ത ദിവസങ്ങളില്‍ പൈസക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ പറമ്പിലെ തേങ്ങയോ മാങ്ങയോ എന്താണെന്നു വച്ചാല്‍ എടുത്ത് വിറ്റ് ചിലവ് ചെയ്യാം. എന്തിനധികം പറയാന്‍, പക്കര്‍ക്കയുടെ ആദ്യത്തെ രണ്ട് പെണ്‍കുട്ടികളുടെ കല്യാണവും ഹാജിയാരുടെ ചിലവിലല്ലേ കഴിഞ്ഞത്..

പക്ഷേ പക്കര്‍ക്കായെ കുറിച്ചുള്ള അമ്മദാജിയുടെയും, അമ്മദാജിയെക്കുറിച്ചുള്ള പക്കര്‍ക്കായുടെയും കാഴ്ച്ചപ്പാടുകളില്‍ വന്‍ മാറ്റങ്ങള്‍ വരുത്തിയ ഒരു സംഭവം നടന്നു.

പക്കര്‍ക്കായുടെ അഞ്ചാമത്തെ മകളുടെ കല്യാണാലോചനകള്‍ നടന്നുകൊണ്ടിരിക്കുന്നു. വരനായി കണ്ടുപിടിച്ചിരിക്കുന്നത് പുതുതായി ഗള്‍ഫില്‍പോയി വന്ന മൂസക്കായുടെ മകന്‍ സലാം. പെണ്ണിനെ ചെക്കന്‍ കണ്ടുബോധിച്ചെങ്കിലും സ്ത്രീധനത്തുകയുടെയുടെയും സ്വര്‍ണത്തിന്റെയും കണക്കുകളില്‍ പെട്ട് ആ കല്യാണം തെറ്റിപ്പോയി. അത് ആദ്യം തന്നെ പക്കര്‍ക്ക പ്രതീക്ഷിച്ചിരുന്നതായിരുന്നെങ്കിലും പറഞ്ഞുപിരിയുന്ന നേരത്ത് പയ്യന്റെ ബാപ്പ പറഞ്ഞ വാക്കുകള്‍ പക്കര്‍ക്കയുടെ നെഞ്ചില്‍ തറച്ചു. ഈ വീടിരിക്കുന്ന സ്ഥലം പോലും തന്റേതല്ലെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ പക്കര്‍ക്കയെ ചിന്താവിഷ്ടനാക്കി.

തനിക്ക് കുടികിടപ്പവകാശം കിട്ടണം. തന്റെ വീടിരിക്കുന്ന സ്ഥലം സ്വന്തം പേരില്‍ എഴുതിക്കണം. ഈ പ്രശ്നപരിഹാരത്തിന് വേണ്ടി പക്കര്‍ക്ക എത്തിപ്പെട്ടത് സ്ഥലത്തെ “ഞമ്മളെ പാര്‍ട്ടി“ നേതാവ് ആലിക്കയുടെ അടുത്താണ്. “ അയിന് ഇഞ്ഞ് മൂപ്പറോട് പ്രത്യേകിച്ച് പറയൊന്നും മാണ്ട പക്കറേ, ഇഞ്ഞ് ചോയിച്ചിക്കില്ലെങ്കിലും ഹാജ്യാര് ഇനിക്ക് ഒര് ഇരുപത് സെന്റെങ്കിലും തെരാണ്ടിരിക്കൂല... എന്നാലും ഞാന്‍ അമ്മദാജീനോട് ഒന്ന് സംസാരിക്കാ..“ എന്ന ആലീക്കയുടെ മറുപടി പക്കര്‍ക്കാക്ക് വലിയ ആശ്വാസം നല്‍കിയില്ല. മാത്രമല്ല, ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും ഈ കാര്യത്തില്‍ ഒരു പുരോഗമനവും ഉണ്ടാവാതിരുന്നത് പാര്‍ട്ടിയിലുണ്ടായിരുന്ന പക്കര്‍ക്കായുടെ വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്തു.

പിന്നീട് പക്കര്‍ക്ക നാട്ടില്‍ വിപ്ലവം ഹോള്‍സെയിലായി ഇം‌പോര്‍ട്ട് ചെയ്യാന്‍ പാര്‍ട്ടിയാല്‍ നിയോഗിക്കപ്പെട്ട “സഖാവ് ഹമീദിനെ” ചെന്ന് കണ്ട് തന്റെ സങ്കടം ബോധിപ്പിച്ചു. തനിക്ക് നാട്ടില്‍ എന്തെങ്കിലും നിലയും വിലയും ഉണ്ടാവാനും, നാടിനെ വിപ്ലവീകരിക്കാനും എന്തെങ്കിലും ഒരു കാരണം നോക്കി നടക്കുകയായിരുന്ന ഹമീദിന് പക്കര്‍ക്കാഇഷ്യൂ ഒരു ലോട്ടറിയായി മാറി. ഒഫീഷ്യലായിത്തന്നെ പക്കര്‍പ്രശ്നം ഹമീദ് ഏറ്റെടുത്തു. പാര്‍ട്ടി മേല്‍ഘടകത്തിന് അദ്ദേഹം കത്തെഴുതി. ഏത് രീതിയിലും സംഗതി നേടിയെടുക്കാനുള്ള സമരപരിപാടിയുമായി മുന്‍പോട്ടുപോകാനുള്ള അനുമതിയും കിട്ടി.

ഈ കാര്യങ്ങളെല്ലാം നാട്ടുകാരില്‍ നിന്ന് കേട്ടറിയേണ്ടിവന്ന അമ്മദാജിക്ക് ഇത് അത്ര ഇഷ്ടപ്പെട്ടില്ല. എന്നുമാത്രമല്ല, തന്നോട് കളിക്കാന്‍ മാത്രം പക്കര്‍ വളര്‍ന്നോ എന്ന ചിന്ത അമ്മദാജിയെ രോഷാകുലനാക്കി. എന്തുവന്നാലും ഈ പ്രശ്നം നേരിടാന്‍ തന്നെ അമ്മദാജി ഉറച്ചു.

നാടിനെ മൊത്തം ഇളക്കിമറിച്ച സംഭവപരമ്പരകളായിരുന്നു പിന്നെ അരങ്ങേറിയത്. അയല്‍‌പ്രദേശങ്ങളിലെ സഖാക്കളും സഖികളും കൊച്ചുസഖാക്കളുമെല്ലാം രംഗത്തെത്തി. പക്കറിനെ മുന്‍പില്‍ നിര്‍ത്തി അവര്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ജാഥകള്‍ നടന്നു. ജില്ലാ നേതൃത്വം വരെ ഇടപെട്ടു. ഒരു പാവപ്പെട്ട കര്‍ഷകത്തൊഴിലാളിയെ ഇത്രയും കാലം കഠിനമായി ജോലി ചെയ്യിപ്പിച്ചിട്ട് ഇപ്പോള്‍ കുടികിടപ്പവകാശം പോലും കൊടുക്കാത്ത അമ്മദാജിയെപറ്റി നാട്ടിലെങ്ങും വാള്‍പോസ്റ്ററുകള്‍ പതിഞ്ഞു. അമ്മദാജിയുടെ എല്ലാ ജോലികളും ബഹിഷ്കരിക്കപ്പെട്ടു. മൂപ്പരുടെ നോക്കെത്താദൂരം പരന്നു കിടക്കുന്ന തെങ്ങിന്‍ തോപ്പില്‍ തേങ്ങകള്‍ വരണ്ടുണങ്ങി വീഴാന്‍ തുടങ്ങി. നാലു ദിവസം മുന്‍പുവരെ അമ്മദാജിയുടെ അപദാനങ്ങള്‍ പാടിനടന്ന തെങ്ങുകയറ്റക്കാരന്‍ കണാരന്‍, മൊയ്തീനിക്കായുടെ ചായക്കടയില്‍ ഹാജ്യാരെപ്പറ്റി പുലഭ്യം പറയാന്‍ തുടങ്ങി. നാട്ടുമ്പുറത്തുനിന്ന് നഗരത്തിലേക്കുള്ള അമ്മദാജിയുടെ ബസ്സുകളുടെ ചില്ലുകള്‍ ഉടഞ്ഞു. ബസ് സര്‍വീസ് നിന്നു.

ദിവസങ്ങള്‍ ആഴ്ച്ചകളായിമാറി.

അമ്മദാജിക്ക് യാതൊരു കുലുക്കവുമില്ല. ഉണങ്ങിവീഴുന്ന തേങ്ങകള്‍ പെറുക്കിയെടുക്കാന്‍ കക്ഷി പുറത്തു നിന്ന് ആളെക്കൊണ്ടുവന്നു. തെങ്ങുകയറുന്ന യന്ത്രം വാങ്ങിച്ചു. പക്ഷേ അതുപയോഗിക്കാന്‍ പാര്‍ട്ടിക്കാര്‍ അദ്ദേഹത്തെ സമ്മതിച്ചില്ല. ആകെക്കൂടെ പ്രശ്നങ്ങളുടെ പെരുമഴ...

പക്ഷേ പക്കര്‍ക്കായുടെ സ്ഥിതിയോ?

സ്ഥിരവരുമാനമുണ്ടായിരുന്ന ജോലി ഏതായാലും നഷ്ടമായി. അമ്മദാജിയുടെ പണിചെയ്യുന്നത് പോയിട്ട്, ആ വീടിന്റെ മുറ്റത്തുപോലും കയറാന്‍ പറ്റാത്ത അവസ്ഥ. ഇനിയിപ്പൊ എവിടെയെങ്കിലും ജോലിയുണ്ടെങ്കില്‍ തന്നെ അത് ചെയ്യാന്‍ എവിടെസമയം? സഖാക്കള്‍ നയിക്കുന്ന സമരത്തിനു മുമ്പില്‍ ഒരക്ഷരം മിണ്ടാതെ, ഒരു ഇങ്കിലാബ് പോലും വിളിക്കാതെ മുന്നില്‍ നടക്കേണ്ട അവസ്ഥയിലായി ആ വൃദ്ധന്‍. പണ്ട് പണിയില്ലാത്ത ദിവസങ്ങളില്‍ ഹാജ്യാരുടെ പറമ്പിലെ തേങ്ങ പെറുക്കി വിറ്റ് അതുകൊണ്ട് കിട്ടുന്ന പൈസകൊണ്ട് ചിലവ് കഴിക്കാമായിരുന്നു. ഇപ്പോള്‍ അങ്ങനെയൊരു കാര്യം ചിന്തിക്കാന്‍ പോലും പറ്റില്ലല്ലോ? പക്കര്‍ക്കായുടെ ഭാര്യ കുഞ്ഞിക്കദീശ വീണ്ടും അയല്‍‌പക്കങ്ങളിലെ വീട്ടുജോലികള്‍ ചെയ്യാന്‍ തുടങ്ങി. കൂടെ മകളും. പട്ടിണിയില്ലാതെ ജീവിക്കണ്ടേ?

തനിക്കെന്താണ് പറ്റിയതെന്ന് പക്കര്‍ക്കാക്ക് തന്നെ സംശയം തോന്നി.. പ്രശ്നങ്ങള്‍ ഇങ്ങനെയൊക്കെയായി മാറുമെന്ന് ആ സാധു വിചാരിച്ചോ? ഇനി ഇതെങ്ങിനെ അവസാനിക്കും? പാര്‍ട്ടിക്കാരെ കാണുന്നതിനു മുമ്പ് അമ്മദാജിയോട് നേരിട്ട് ഈ കാര്യം ചോദിച്ചാല്‍ എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നോ? ഇതുവരെ താന്‍ ചോദിച്ചതൊന്നും തരാതിരുന്നയാളല്ലോ ഹാജ്യാര്‍. പക്ഷേ ഇനിയെന്തു ചെയ്യും?

സമരത്തിന്റെ ദിനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഹാജ്യാര്‍ക്ക് മുട്ടുമടക്കേണ്ട അവസ്ഥ വന്നു എന്ന് പറയാന്‍ പറ്റില്ല. പണ്ട് പൊക്രാനില്‍ അണുപരീക്ഷണം നടത്തിയപ്പോള്‍ അമേരിക്ക ഇന്ത്യക്ക് ഉപരോധം ഏര്‍പ്പെടുത്തിയ പോലൊരു ചെറിയ ബുദ്ധിമുട്ടേ ഹാജ്യാര്‍ക്ക് സമരത്തെ കുറിച്ച് തോന്നിയുള്ളൂ. മറുവശത്ത് സമരക്കാരുടെ ആവേശവും കുറഞ്ഞുകൊണ്ടിരുന്നു. പ്രവര്‍ത്തകരുടെ കുറവ് സമരത്തെ ബാധിച്ചുതുടങ്ങി.

അധികം നീട്ടാതെ ഈ സമരം ഒത്തുതീര്‍പ്പാക്കുക എന്നത് പാര്‍ട്ടിക്കാരുടെയും ഹാജ്യാരുടെയും ആവശ്യമായി മാറി. ഒരു ഒത്തുതീര്‍പ്പിന് മുഖാമുഖമിരിക്കാന്‍ രണ്ടുപേര്‍ക്കും മടി. അങ്ങനെ സമാധാനചര്‍ച്ചക്ക് നേതൃത്വം വഹിക്കാനുള്ള ആളെ പാര്‍ട്ടിക്കാര്‍ കണ്ടുപിടിച്ചു. ഞമ്മളെപാര്‍ട്ടി നേതാവ് ആലീക്കയുടെ മധ്യസ്ഥതയില്‍ പ്രശ്നം ഒത്തുതീര്‍പ്പായി.

ഒത്തുതീര്‍പ്പ് ഫോര്‍മുല ഇതായിരുന്നു; പക്കര്‍ക്കാക്ക് കുടികിടപ്പ് നല്‍കുക. സമരം വകയില്‍ പാര്‍ട്ടിക്കുണ്ടായ ചിലവ് ഹാജ്യാരും പക്കര്‍ക്കയും കൂടി വഹിക്കണം. ഈ തീരുമാനത്തോട് ഹാജ്യാര്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ സമരത്തിന്റെ ചിലവും പക്കര്‍ക്ക തനിച്ച് വഹിക്കേണ്ട സ്ഥിതിയായി. എങ്ങനെയെങ്കിലും പ്രശ്നം തീര്‍ക്കേണ്ടത് പക്കര്‍ക്കയുടെ ആവശ്യമായതിനാല്‍ കിട്ടിയ 9 സെന്റില്‍ ഒരു സെന്റിനു പകരം ഹാജ്യാര്‍ കൊടുത്ത പൈസ സമരക്കാര്‍ക്ക് കൊടുക്കാന്‍ പക്കര്‍ക്ക സമ്മതിച്ചു.

പ്രശ്നം പരിഹരിക്കപ്പെട്ടു. പത്തോ ഇരുപതോ സെന്റ് പാവം പക്കറിന് കൊടുക്കണം എന്ന് വിചാരിച്ച അമ്മദാജി ഒന്‍പത് സെന്റില്‍ പ്രശ്നം തീര്‍ത്തു. പക്ഷേ അതോടൊപ്പം തന്റെ വിശ്വസ്തനായ ഒരു കാര്യസ്ഥനെ അദ്ദേഹത്തിന് നഷ്ടമായി.

സഖാവ് ഹമീദ് പിന്നീട് നാട്ടിലെ പലപ്രശ്നങ്ങളിലും മധ്യസ്ഥം വഹിക്കാന്‍ തുടങ്ങി. പാര്‍ട്ടി വളര്‍ന്നു. അടുത്ത പ്രാവശ്യം തിരഞ്ഞെടുപ്പ് വന്നപ്പോള്‍ പഞ്ചായത്ത് മെമ്പറുമായി അദ്ദേഹം.

പക്കര്‍ക്കയ്ക്ക് എന്തുപറ്റി?

ചോദിക്കാതെ കിട്ടുമായിരുന്ന 20 സെന്റിനു പകരം ചോദിച്ചുവാങ്ങിയ 8 സെന്റുമായി ജീവിക്കേണ്ട സ്ഥിതിയായി അദ്ദേഹത്തിന്. ഹാജ്യാരുടെ കുടുംബത്തില്‍ നിന്ന് കിട്ടിയിരുന്ന സഹായവും അവസാനിച്ചു. ഇതൊന്നും പോരാഞ്ഞിട്ട് താന്‍ കൊടുത്ത ആ 8 സെന്റ് സ്ഥലത്ത് പക്കര്‍ക്കായുടെ വീടിന് രണ്ടടി അകലത്തില്‍ അമ്മദാജി ഒരു കല്‍മതില്‍ പണിയിച്ചു, ഒന്നര ആള്‍ പൊക്കത്തില്‍. ആ മതില്‍കെട്ടില്‍ പക്കര്‍ക്കായുടെ വീടിന് ശ്വാസം മുട്ടി. പക്കര്‍ക്കായുടെ വീട്ടിലെ ഏത് ജനല്‍ തുറന്നാലും ആ മതിലിനെ തൊട്ടുനില്‍ക്കും. വഴിക്ക് വേണ്ടി ഒരു ഒറ്റയടിപ്പാതയ്ക്കുള്ള സ്ഥലം ഹാജ്യാര്‍ പറമ്പില്‍ മാറ്റി വച്ചു, വെറും രണ്ട് മീറ്ററുള്ള ആ വഴി ചെന്ന് നില്‍ക്കുന്നത് പറമ്പിന്റെ തെക്കേ മൂലയില്‍ അതിരിനായി വെട്ടിയ ഇടവഴിയിലേക്ക്. ആ ഇടവഴിയില്‍ ചാടി പത്തിരുപത് ഏക്കര്‍ വലിപ്പമുള്ള ആ പറമ്പ് ചുറ്റി പക്കര്‍ക്ക എന്നും നടക്കും, ജോലിതേടി അങ്ങാടിയിലേക്ക്...

Thursday, May 8, 2008

“പൊറോട്ടയടിക്കാന്‍ ആളെ ആവശ്യമുണ്ട്...“

12 മണിക്ക് ചക്കപ്പുഴുക്കും ചായയും കഴിച്ച്, ഒന്നരയ്ക്ക് ചെമ്മീന്‍ കറിയും ചോറും കഴിച്ച്,
ഇനിയിപ്പോള്‍ എന്ത് കഴിക്കും എന്നോര്‍ത്തിരിക്കുമ്പോള്‍ ഉമ്മ പ്രഖ്യാപിച്ചു; ഇനി ഇന്ന് 5മണിക്കുള്ള ചായയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടെന്ന്. അത്രയും സമയം എന്തു ചെയ്യും? ഒരു യാത്രപോയാലോ?

കക്കയം ഡാം ഇതുവരെ സന്ദര്‍ശിച്ചിട്ടില്ല. കസിന്‍ ജസ്മലിനെ വിളിച്ചപ്പോള്‍ അവന്‍ റെഡി. അങ്ങനെ ഞങ്ങള്‍ കക്കയം ഡാമിലേക്ക് പുറപ്പെട്ടു.

കുറ്റ്യാടിയില്‍ നിന്ന് ഏതാണ്ട് 50 കിലോമീറ്റര്‍ ദൂരമുണ്ട് കക്കയത്തേക്ക്. ജാനകിക്കാട് കടന്ന് ഞങ്ങള്‍ പെരുവണ്ണാമൂഴിഡാം സൈറ്റിലെത്തി. ഇത് ഞങ്ങളുടെ സ്ഥിരം വിനോദസഞ്ചാര കേന്ദ്രമായതിനാലും, ഇതിലും നല്ലത് അങ്ങ് കക്കയത്ത് കാണാനിരിക്കുന്നുണ്ടെന്ന് ജസ്മല്‍ പറഞ്ഞതിനാലും അവിടെ നിര്‍ത്താതെ വണ്ടി മുന്നോട്ട് നീങ്ങി.

പോകുന്നവഴിക്ക് റെഗുലര്‍ വഴിയില്‍നിന്ന് അല്‍പ്പം ഡൈവേര്‍ട്ട് ചെയ്യാന്‍ ജസ്മല്‍ നിര്‍ദ്ദേശിച്ചു. കരിയാത്തുംപാറ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ കണ്ട ചില കാഴ്ച്ചകള്‍ നോക്കൂ...




ഈ സ്ഥലത്തിന് ഞാനടക്കമുള്ള ലോക്കല്‍ പിള്ളേര്‍സ് വിളിക്കുന്ന പേരെന്താന്നറിയോ? നാടന്‍ സ്വിറ്റ്സര്‍ലാന്റ്. ആ വിളി കുറച്ച് കൂടിപ്പോയി എന്നാര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ വേറെന്തെങ്കിലും വിളിച്ചോളൂ...


സ്വിറ്റ്സര്‍ലാന്റില്‍ മാന്‍പേടകള്‍ (സോറി, ജേഴ്സിപ്പശുക്കള്‍) മേയുന്നത് കണ്ടോ?


ഇതും “സ്വിറ്റ്സര്‍ലന്റിന്റെ“ ഭാഗം.

എവിടെ നിന്നാണ് ഇത്രയും “വെള്ളങ്ങള്‍” എന്നാണോ?

ഇത് നേരത്തെ പറഞ്ഞ പെരുവണ്ണാമൂഴി റിസര്‍വോയറിന്റെ ഭാഗമാണ്. ഈ കൂരാച്ചുണ്ട് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം പെരുവണ്ണാമൂഴി ഡാം അങ്ങനെ നിറഞ്ഞു നില്‍ക്കുകയാണ്, മനോഹര ദൃശ്യങ്ങളും ഒരുക്കിക്കൊണ്ട്.

പെരുവണ്ണാമൂഴി ഡാമിന്റെ ഔദ്യോഗികനാമം കുറ്റ്യാടി ഇറിഗേഷന്‍ പ്രൊജെക്റ്റ് എന്നാണ്. കക്കയത്തിന്റേത് കുറ്റ്യാടി ഹൈഡ്രോഇലക്ട്രിക് പ്രൊജെക്റ്റ് എന്നും...

കുറച്ചുനേരം ആ പ്രകൃതിഭംഗി ആസ്വദിച്ചു ഞങ്ങള്‍ നിന്നു. എന്നിട്ട് വീണ്ടും കക്കയം വഴിക്ക് പ്രയാണം തുടര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ റോഡ് സൈഡില്‍ കക്കയത്തേക്ക് സ്വാഗതം ചെയ്യുന്ന ബോര്‍ഡ്.

“കക്കയം; മലബാറിന്റെ ഊട്ടി“.

കക്കയം ടൌണില്‍ നിന്ന് ഒരു ചെറിയ ചുരം കയറി വേണം ഡാം സൈറ്റില്‍ എത്താന്‍. ആ വഴിയുടെ ഒരു പടം...


അല്‍പ്പനേരം ആ ചുരത്തില്‍ നിര്‍ത്തി. എവിടെത്തിരിഞ്ഞു നോക്കിയാലും, അവിടെല്ലാം മനോഹരദൃശ്യങ്ങള്‍...


ഈ ചിത്രത്തില്‍‍ കാണുന്നത് നമ്മള്‍ നേരത്തെ പറഞ്ഞ പെരുവണ്ണാമൂഴി ഡാമിന്റെ ഭാഗങ്ങളാണ്.


വീണ്ടും ഒരു പടം.


ഒന്നു കൂടെ...

കുറേ നേരത്തെ യാത്രക്ക് ശേഷം ഞങ്ങള്‍ ഡാം സൈറ്റില്‍ എത്തി. ആ യാത്രയില്‍ ഒരു വാഹനം പോലും ഞങ്ങളുടെ എതിരെ വന്നില്ല, ഒന്നു പോലും ഞങ്ങളെ കടന്നുപോയുമില്ല. മലബാറിന്റെ ഊട്ടിയായിട്ടുപോലും കക്കയം അധികമാരും സന്ദര്‍ശിക്കുന്നില്ല എന്നു തോന്നുന്നു.

വൈകുന്നേരം 4 മണിയായിട്ടേയുള്ളൂവെങ്കിലും ആ വഴി മുഴുവന്‍ ഇരുള്‍ മൂടിയിരുന്നു. പശ്ചാത്തല സംഗീതമായി ചീവീടുകളുടെയും, കിളികളുടെയും ശബ്ദം മാത്രം. ഒരിക്കലും മറക്കാന്‍ കഴിയാത്ത യാത്ര.

ഡാമില്‍ അധികം വെള്ളമില്ല. എങ്ങനെ വെള്ളമുണ്ടാവും? അവിടെ എത്തുന്ന വെള്ളം മുഴുവന്‍ പെന്‍സ്റ്റോക്ക് വഴി താഴെ പവര്‍ ഹൌസിലേക്ക് കൊണ്ടുപോവുകയല്ലേ കെഎസ്ഇബിക്കാര്‍?


അതുകൊണ്ടുതന്നെ ഡാം കാണാന്‍ വലിയ ഭംഗിയില്ല.

ഇനി ഈ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് പെയ്യുന്ന മഴയെങ്ങാനും കുറഞ്ഞ് ഡാമിലെ വെള്ളം കുറഞ്ഞുപോയാല്‍ അത് വൈദ്യുതോദ്പാദനത്തെ ബാധിക്കാതിരിക്കാന്‍ വയനാട്ടിലെ ബാണാസുര സാഗറില്‍ നിന്നും തുരങ്കം വഴി വെള്ളം കൊണ്ടുവരുന്നുണ്ടത്രേ കക്കയത്തേക്ക്...

ഡാമിന്റെ സൈഡിലൂടെ ഒരു വഴിയുണ്ട്, കാട്ടിലേക്ക്. ആ വഴി കുറച്ചു മുന്നോട്ട് പോയി.
നല്ല വിശപ്പുണ്ട്. രണ്ട് മൂന്ന് പേരക്ക പറിച്ചു തിന്നു. കുറച്ചു മുന്നോട്ട് പോയപ്പോള്‍ ആനപ്പിണ്ടം. ഓ, ഇത് ഡാമിന്റെ പണിക്കുവേണ്ടി കൊണ്ടുവന്ന വല്ല ആനയും മറന്നു വച്ചതായിരിക്കും എന്നുകരുതി മുന്നോട്ട് പോയപ്പോള്‍ നല്ല ഫ്രെഷ് സാധനം വേറെയും. കാട്ടില്‍ ബോറടിച്ചിരിക്കുന്ന ആനകള്‍ക്ക് ഞങ്ങളായിട്ട് വെറുതെ പണിയുണ്ടാക്കണ്ട എന്നു കരുതി ആ വഴി ഒഴിവാക്കി വേറെ വഴിക്ക് പിടിച്ചു.


ഒരു കൊച്ചു കുളം കണ്ടോ?


ഈ കുളത്തില്‍ നാളത്തെ ഭാരതത്തിന്റെ പ്രതീക്ഷകളായ കുറച്ച് മീനുകള്‍....

ഇവിടെ ഉരക്കുഴി എന്ന ഒരു വെള്ളച്ചാട്ടമുണ്ടെന്ന് കേട്ടിട്ടുണ്ട്. അത് അന്വേഷിച്ചുള്ള യാത്രയായിരുന്നു പിന്നെ. കുറച്ച് ബുദ്ധിമുട്ടി അല്‍പ്പദൂരം നടന്നപ്പോള്‍ സംഗതി കണ്ടുപിടിച്ചു.

പാറകള്‍ക്ക് മുകളിലൂടെ ഒരു കൊച്ചരുവി താഴോട്ടൊഴുകുന്നു. വെള്ളം കുറവാണ്. പണ്ട് വെള്ളമുണ്ടായിരുന്ന സ്ഥലം ഉണങ്ങിയിരിക്കുന്നു. അപ്പുറത്തെ പാറക്കൂട്ടത്തിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ ജസ്മല്‍ ഒന്ന് വഴുതി വീണു. ഒരു പാറ ചാടിക്കടന്ന്, അടുത്ത പാറയിലേക്ക് ചാടാന്‍ തയ്യാറെടുത്തിരുന്ന ഞാന്‍ ആ വീഴ്ച്ച കണ്ടതോടെ മുട്ടുവിറച്ച്, നിന്ന നിലയില്‍ നില്‍പ്പായി.

ഭാഗ്യം, അവനൊന്നും പറ്റിയില്ല. എണീറ്റ് വന്ന്, ആ സന്ദിഗ്ധ എന്നെ അവന്‍ കൈ തന്ന് സഹായിച്ചു. അങ്ങനെ ഞങ്ങള്‍ വെള്ളച്ചാട്ടത്തിന്റെ അരികിലെത്തി.


ജസ്മലിന്റെ ഫോട്ടോ കണ്ടോ? അവന്‍ വെള്ളച്ചാട്ടത്തിന്റെ നേരെ മുകളിലാണ് നില്‍ക്കുന്നത്.

ആ പാറയുടെ താഴേക്ക് ഏതാണ്ട് പത്തെണ്‍പത് മീറ്റര്‍ താഴ്ച്ചയുണ്ടെന്ന് തോന്നുന്നു. (കറക്റ്റായി മെഷര്‍ ചെയ്യാന്‍ സാധിച്ചില്ല. അവിടെ നിന്ന് താഴോട്ട് നോക്കിയപ്പോള്‍ ഫീല്‍ ചെയ്ത ആ ഇക്കിളി, ഇത് ടൈപ്പ് ചെയ്യുമ്പോഴും എന്റെ കാലിന്റെ തള്ള വിരല് വഴി, സുഷുംനാ നാഡി വഴി, വയറ്റില്‍ ഒരു പൂമ്പാറ്റയെ പറത്തിക്കൊണ്ട് തലച്ചോറിലെത്തി നില്‍ക്കുന്നു.)


രണ്ട് വലിയ പാറകള്‍ക്കിടയിലൂടെ അധികം വലുപ്പമൊന്നുമില്ലാത്ത ഒരരുവി താഴേക്ക് പതിക്കുന്നു..

വേനല്‍ക്കാലം ആയതു കൊണ്ടാവാം വെള്ളം കുറഞ്ഞുപോയത്. പക്ഷേ ഈ വെള്ളച്ചാട്ടത്തിന്റെ ഭംഗി താഴേക്ക് പതിക്കുന്ന വെള്ളത്തിലല്ല, ആ ഉയരത്തിലും അതിന്റെ പശ്ചാത്തലത്തിലുമാണെന്ന് എനിക്ക് തോന്നുന്നു.


ഒരു ഫോട്ടോ കൂടെ....

വെയില്‍ താണുതുടങ്ങിയപ്പോള്‍ ഞങ്ങള്‍ തിരിച്ചു പോയി. ഗ്രാമസന്ധ്യയുടെ ഭംഗി നുകര്‍ന്നു കൊണ്ടുള്ള മടക്കയാത്ര.

ചുരമിറങ്ങി താഴെ കക്കയം അങ്ങാടിയില്‍ എത്തിയപ്പോഴേക്കും കഠിനമായ വിശപ്പിന് ഒരു സമാധാനം നല്‍കാനായി ഒരു ചായക്കടയില്‍ കയറി.

അധികമാരുമില്ലാത്ത ചായക്കട. അപ്പുറത്ത് മറ്റൊരു നാട്ടുകാരന്‍ പൊറോട്ടയും ബീഫും തട്ടി വിടുന്നു. അങ്ങേര്‍ക്ക് പൊറോട്ട അത്രക്ക് പിടിച്ചമട്ടില്ല. തന്റെ ഇഷ്ടക്കേട് പ്രകടിപ്പിച്ചുകൊണ്ട് കടക്കാരനോട് ആദ്ദേഹത്തിന്റെ ചോദ്യം: “അല്ല, ഇബ്ഡ ഇപ്പം ആരാ പൊറാട്ട അടിക്ക്ന്നത്? ആദ്യത്തെ ആള് പോയോ? ബല്ലാത്ത കട്ടിയാന്നല്ലൊ മോനേ”

ചായകുടിക്കാനായി മാത്രം തുറന്നിരുന്ന എന്റെ വായ പോലും കടക്കാരന്‍ പറഞ്ഞ ഉത്തരം കേട്ട് അടഞ്ഞുപോയി..

“ഒര് കാര്യം ചെയ്തോളീ, നാള മുതല് ഇങ്ങള് ബന്ന് പൊറാട്ട അടിച്ചോളീ, ഇരുന്നൂറ് ഉറുപ്പ്യ തെരാ, ചെലവും തെരാ, എന്താ പറ്റ്വോ?”

ഡാമിന്റെ ചുറ്റുവട്ടത്തെങ്ങാനുമായിരുന്നു ആ ചായക്കടയെങ്കില്‍ ഈ ഞാന്‍ വന്ന് പൊറോട്ടയടിച്ചേനേ, ആ പ്രകൃതിഭംഗി നുകരാന്‍ വേണ്ടി മാത്രം..